UPDATES

ട്രെന്‍ഡിങ്ങ്

രമേശ് ചെന്നിത്തലയുടെ പെടലുകളും പറശ്ശിനിക്കടവില്‍ ഉയരേണ്ട വനിത മതിലും

സമരമായും പ്രതിഷേധമായും വിവാദമായും സഭയ്ക്കകത്തും പുറത്തും ഒട്ടേറെ പൊറാട്ടു നാടകങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് നവോഥാന മൂല്യങ്ങള്‍ തിരിച്ചു പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തില്‍ ഒരു വനിത മതില്‍ ഉയരാന്‍ പോകുന്നത്

കെ എ ആന്റണി

കെ എ ആന്റണി

ഇത്തവണത്തെ നിയമസഭാ സമ്മേളനം നിയമനിര്‍മാണം ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നിട്ടും ശബരിമല വിഷയത്തില്‍ പിടിച്ചു പ്രതിപക്ഷം സഭ നടപടികള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു. മലയിറങ്ങിയ ബിജെപിക്കാര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ ശബരിമല വിഷയവും തങ്ങളുടെ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റുമൊക്കെ ഉയര്‍ത്തിക്കാട്ടി നിരാഹാര സമരം തുടങ്ങിയതോടെ മൂന്നു പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ കുത്തിയിരിപ്പു സമരവും ആരംഭിച്ചു. ആവശ്യം ഇത്രയേയുള്ളൂ; ശബരിമലയിലെ 144 പിന്‍വലിക്കണം.

കുത്തിയിരുപ്പ് സമരം മൂന്നാം ദിനം പിന്നിട്ടതോടെ പ്രതിപക്ഷവും അവരുടെ നേതാവ് രമേശ് ചെന്നിത്തലയും പുതിയൊരു ആവശ്യവുമായി രംഗത്തെത്തി. സ്പീക്കര്‍ ഇടപെട്ട് ഒരു സമവായമുണ്ടാക്കി തങ്ങളുടെ എംഎല്‍എമാര്‍ നടത്തിവരുന്ന കുത്തിയിരുപ്പ് സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു തരണം. കേട്ടാല്‍ തോന്നും സ്പീക്കര്‍ പറഞ്ഞിട്ടാണ് കുത്തിയിരിപ്പു സമരവുമായി പ്രതിപക്ഷം ഇറങ്ങിതിരിച്ചതെന്ന്. ശബരിമലയിലെ സ്ഥിതി വിലയിരുത്തുന്നതിനുവേണ്ടി ഹൈക്കോടതി നിയമിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഹൈക്കോടതി പറഞ്ഞത് ശബരിമലയില്‍ ദര്ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ അവിടെയുണ്ടെന്നും നിലവില്‍ ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ കഴിയുന്ന അവസ്ഥയുണ്ടെങ്കിലും നിരോധനാജ്ഞ തുടരുന്നതില്‍ കുഴപ്പമില്ലെന്നാണ്. കോടതി ഇങ്ങനെ പറയുമ്പോഴും നിരോധനാജ്ഞയുടെ പേരുപറഞ്ഞു കുത്തിയിരിപ്പു സമരം തുടരുന്നതില്‍ സത്യത്തില്‍ എന്ത് അര്‍ഥമാണുള്ളത്? ഇനിയെങ്കിലും സ്വന്തം നിലക്ക് തുടങ്ങിയ സമരം സ്വന്തം നിലക്ക് അവസാനിപ്പിക്കുന്നതല്ലേ നല്ലത്?

ശബരിമല മാത്രമായിരുന്നില്ല സഭയെ പ്രക്ഷുബ്ധമാക്കാന്‍ വേണ്ടി പ്രതിപക്ഷം ആയുധമാക്കിയത്. മന്ത്രി കെ ടി ജലീലിനെതിരെയുള്ള ബന്ധു നിയമന ആരോപണവുമുണ്ടായിരുന്നു. ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആകയാലും, തന്റെ കന്നി മത്സരത്തില്‍ തങ്ങളുടെ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയെന്നു കരുതിപ്പോന്നിരുന്ന കുറ്റിപ്പുറം മണ്ഡലത്തില്‍ അടിയറവു പറയിച്ച ജലീലാണ് പ്രതി സ്ഥാനെത്തെന്നതിനാലും ശബരിമല വിഷയത്തേക്കാള്‍ ബന്ധു നിയമന വിഷയത്തിന് ഊന്നല്‍ നല്‍കണമെന്ന അഭിപ്രായമായിരുന്നു മുസ്ലിം ലീഗിന് ഉണ്ടായിരുന്നത്. പക്ഷെ ജലീല്‍ വിഷയം സഭയില്‍ ഉന്നയിക്കപ്പെടാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവന്നു.

ഒടുവില്‍ ബന്ധുനിയമന വിഷയം അവതരിപ്പിച്ചപ്പോഴാകട്ടെ, പ്രതിപക്ഷ നേതാവും ഒരു സംഘം കോണ്‍ഗ്രസ് എംഎല്‍എമാരും സഭയ്ക്ക് വെളിയിലായിരുന്നുതാനും. യുഡിഎഫിനകത്തെ ആശയക്കുഴപ്പം ഇതില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. ജലീലിനെതിരെ ഗോളടിച്ചുവെന്നു വീമ്പു പറഞ്ഞുനടക്കുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവിനെ മാത്രമല്ല ഘടക കക്ഷിയായ മുസ്ലിം ലീഗിനെക്കൂടി വെട്ടിലാക്കിയ ഒരു വാര്‍ത്ത ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡിഷണല്‍ െ്രെപവറ്റ് സെക്രട്ടറി കോഴിക്കോട്ടെ മുസ്ലിം ലീഗ് ഓഫിസിന്റെ നടത്തിപ്പുകാരന്‍ ആണെന്നാണ് പ്രസ്തുത വാര്‍ത്ത. സ്‌കൂള്‍ അധ്യാപകനായ ഇദ്ദേഹം ഡെപ്യൂട്ടേഷനിലാണ് ചെന്നിത്തലയുടെ ഓഫിസില്‍ നിയമനം നേടിയത്. കൃത്യമായി ശമ്പളം വാങ്ങുന്നുണ്ടെങ്കിലും ജോലി ചെയ്യുന്നത് ലീഗ് ഓഫിസില്‍ ആണത്രെ!

എന്നാല്‍ ഇതൊന്നും അത്ര വലിയ കാര്യമില്ലെന്നാണ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചുകണ്ടത്. സമരമായും പ്രതിഷേധമായും വിവാദമായും സഭയ്ക്കകത്തും പുറത്തും ഒട്ടേറെ പൊറാട്ടു നാടകങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് കേരളത്തിന്റെ നവോഥാന മൂല്യങ്ങള്‍ തിരിച്ചു പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് കേരളത്തില്‍ ഒരു വനിത മതില്‍ ഉയരാന്‍ പോകുന്നത്. നല്ലതുതന്നെ. പ്രത്യേകിച്ചും പ്രളയം ഒന്നിപ്പിച്ച കേരള ജനതയെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള സംഘടിത ശ്രമം നടക്കുന്ന ഈ വേളയില്‍ ഇത്തരം ചില സര്‍ക്കസ്സുകളൊക്കെ നല്ലതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിലെ പറശ്ശിനിക്കടവില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്ത വല്ലാത്ത നടുക്കം സൃഷ്ടിക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്വന്തം പിതാവടക്കമുള്ള ഒരു വലിയ സംഘം കാമവെറിയന്മാര്‍ കുറേക്കാലമായി നിരന്തരം കൊത്തിവലിക്കുകയും പിച്ചിച്ചീന്തുകയും ചെയ്യുന്നു. ഇത്തരം കാമവെറിയന്മാര്‍ക്കെതിരെയാണ് സത്യത്തില്‍ ഇവിടെ വനിത മതിലുകള്‍ ഉയരേണ്ടതെന്നു തോന്നുന്നു.

ബാലികാ പീഡനങ്ങളുടെ(ലൈംഗികമായി) ഒട്ടേറെ സംഭവങ്ങള്‍ അരങ്ങേറിയ ഒരു നാടുകൂടിയാണ് സംസ്‌കാര സമ്പന്നന്‍ എന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികളുടെ ഈ കൊച്ചു കേരളം. ദൈവത്തിന്റെ നാടെന്നു പരസ്യ പ്രക്ഷേപണം നടത്തുമ്പോഴും ലൈംഗിക ദാരിത്രം വല്ലാതെ അലട്ടുന്ന നാടുകൂടിയാണ് നമ്മുടേതെന്നു പറയാതെ വയ്യ. പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗം ഈ ജനുസ്സില്‍ പെട്ട ആദ്യ സംഭവമൊന്നുമല്ല. സൂര്യനെല്ലിയും കിളിരൂര്‍/കവിയൂര്‍ സംഭവങ്ങളും മലയാളിയുടെ സദാചാര ബോധത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള പറശ്ശിനിക്കടവ് പീഡനവും വ്യക്തമാകുന്ന ഒരു വലിയ സത്യമുണ്ട്. ഒരു പെണ്‍കുട്ടിയും സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയല്ലെന്ന സത്യം. ഒന്നുകില്‍ അച്ഛന്‍, അല്ലെങ്കില്‍ സഹോദരന്‍ അതുമല്ലെങ്കില്‍ അമ്മാവനോ രക്തബന്ധത്തില്‍ പെട്ട ബന്ധുവോ ആ പെണ്‍കുഞ്ഞുങ്ങളുടെ ജീവിതത്തെ നിറം കെട്ടതാക്കുന്നു. ഇത്തരം പല സംഭവങ്ങളും മൂടി വെക്കപ്പെടുത്തിനിന്നാണ് പലപ്പോഴും പെണ്‍കുട്ടികള്‍ കൂടുതല്‍ കെണികളെകളിലേക്കു പുറപ്പെട്ടു പോകുന്നതെന്ന് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഇങ്ങനെ പോയാല്‍ സാക്ഷര കേരളത്തിലും ഇനിയങ്ങോട്ട് പെണ്‍ ഭ്രുണ ഹത്യകള്‍ പെരുകിക്കൂടെന്നില്ല. കാര്യങ്ങള്‍ ഏതാണ്ട് അവിടം വരെ എത്തിയ സ്ഥിതിയാണ്. വീടുകളില്‍, വിദ്യാസ സ്ഥാപങ്ങളില്‍, തൊഴിലിടങ്ങളില്‍, എന്തിനേറെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പോലും സ്ത്രീ സുരക്ഷയില്ലെന്ന ഒരു പൊതു സ്ഥിതി സംജാതമായിരിക്കുന്നു. പി കെ ശശി സംഭവം പോലും ഉത്തരവാദപെട്ട ഒരു പുരോഗമന പാര്‍ട്ടി കൈകാര്യം ചെയ്ത രീതി തന്നെ എത്ര ദയനീയമായിരുന്നു.ഇതില്‍ നിന്നും മനസ്സിലാകുന്ന കാര്യം, എത്രകണ്ട് പുരോഗമനവും ലിംഗ സമത്വവും പറഞ്ഞാലും പെണ്‍ നീതി എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുപോലും എത്ര അകലെയാണെന്നത് തന്നെയാണ്.

പറഞ്ഞുവന്നത് ഇത്ര മാത്രമാണ്; ഇപ്പോള്‍ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടാണല്ലോ നവോഥാന മൂല്യത്തെ തിരിച്ചുപിടിക്കാനുള്ള ഈ പെടപ്പുറപ്പാട്. അങ്ങിനെയെങ്കില്‍ ജനുവരി ഒന്നിന് തീര്‍ക്കുന്ന ആ വനിതാ മതില്‍ കേരളത്തിലെ പെണ്ണിന്റെ മാനം സംരക്ഷിക്കാനുള്ള ഒരു മതില്‍ കൂടിയാവട്ടെ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍