UPDATES

ട്രെന്‍ഡിങ്ങ്

ഒരു നസ്രാണിയെ കേന്ദ്രമന്ത്രിയാക്കുക വഴി മോദി-ഷാ കാണുന്ന ഇരട്ടസ്വപ്നങ്ങള്‍

‘ഡെമോളിഷന്‍ മാന്‍’ മോദി സര്‍ക്കാരിന്റെ യശസ്സ് ഉയര്‍ത്താന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് മാത്രമേ ഇനിയിപ്പോള്‍ അറിയേണ്ടതുള്ളൂ.

കെ എ ആന്റണി

കെ എ ആന്റണി

ഒടുവില്‍ നരേന്ദ്ര മോദിയും അമിത്ഷായും കേരളത്തിലെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രാര്‍ത്ഥന കേട്ടു. അതുപക്ഷെ ശരിയാംവണ്ണം ആയിരുന്നില്ലെന്ന് മാത്രം. കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ടു നടന്നിരുന്ന കുമ്മനം രാജശേഖരനും വി മുരളീധരനും പി കെ കൃഷ്ണദാസിനും ഒക്കെ ഒട്ടും സുഖകരമല്ലാത്ത ഓണം സമ്മാനിക്കുന്നതായി അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കാനുള്ള ആ തീരുമാനം. കേന്ദ്രത്തിലേക്ക് കണ്ണു നട്ടു കാത്തിരുന്ന ഇവര്‍ക്ക് മാത്രമല്ല, കേരള ആര്‍എസ്എസ് നേതൃത്വത്തിനും ഈ തീരുമാനം സമ്മാനിക്കുന്നത് ഇതേ ഓണം തന്നെ. എന്നാല്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് വിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങി എല്‍ഡിഎഫിലൂടെ കന്നി എംഎല്‍എ ആയി പിന്നീട് ബിജെപിയില്‍ ചേക്കേറിയ കണ്ണന്താനത്തിന് ഇത് ആഹ്ളാദ പൂത്തിരി കത്തുന്ന ഓണം തന്നെ.

മെഡിക്കല്‍ കോഴ ആരോപണമാണ് കുമ്മനത്തിനു വിനയായതെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ ഈ വാദം അത്ര ശരിയാണെന്ന് ഇതെഴുതുന്നയാള്‍ കരുതുന്നില്ല. മുരളീധരനും കൃഷ്ണദാസിനുമൊക്കെ പാരായത് കേരളത്തിലെ വിഭാഗീയത തന്നെയാവാം. എന്നാല്‍ കുമ്മനത്തിന്റെ കാര്യത്തില്‍ സ്ഥിതി അങ്ങനെയല്ല. കുമ്മനത്തെ പിടിച്ചു കേന്ദ്ര മന്ത്രിയാക്കിയാല്‍ കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ പിന്നെ ആര് എന്ന ചിന്ത തന്നെയാവണം മോദിയെയും അമിത്ഷായെയും നയിച്ചത്. തന്നെയുമല്ല, മുഖം മിനുക്കലിന്റെ ഭാഗമായി ഒരു പുന:സംഘടന നടത്തുമ്പോള്‍ കേരളത്തില്‍ നിന്നും പരിഗണിക്കാന്‍ കണ്ണന്താനത്തേക്കാള്‍ മെച്ചപ്പെട്ട ഒരാള്‍ ബിജെപിയില്‍ ഇല്ലെന്ന കാര്യവും അവര്‍ കാണാതിരുന്നിട്ടുണ്ടാവാന്‍ ഇടയില്ല.

എന്തായാലും തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ കണ്ണന്താനത്തിന് ഈ അംഗീകാരം ഒരു ഓണസമ്മാനം തന്നെയാണ്. ഏറെ മധുരിക്കുന്ന ഒരു ഓണസമ്മാനം. ഡല്‍ഹി വികസന അതോറിറ്റി കമ്മീഷണര്‍ ആയിരുന്ന കാലത്തു വധഭീഷണിയെപ്പോലും തൃണവല്‍ക്കരിച്ച് ഡല്‍ഹിയിലെ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരപ്പാക്കിയ ഈ ‘ഡെമോളിഷന്‍ മാന്‍’ മോദി സര്‍ക്കാരിന്റെ യശസ്സ് ഉയര്‍ത്താന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് മാത്രമേ ഇനിയിപ്പോള്‍ അറിയേണ്ടതുള്ളൂ.

കോട്ടയം മണിമലയില്‍ ജനിച്ച് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഒരിക്കലും തന്റെ കണക്കു കൂട്ടലുകള്‍ പിഴച്ചിട്ടില്ല. കാഞ്ഞിരപ്പള്ളിയില്‍ നിന്നും എല്‍ഡിഎഫ് സ്വാതന്ത്രനായി മത്സരിച്ചു ജയിച്ച കണ്ണന്താനം 2011-ലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരിഗണ ലിസ്റ്റില്‍ ഉണ്ടായിരുന്നിട്ടും മത്സരിക്കാന്‍ കൂട്ടാക്കാതെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത് . അതും കേന്ദ്രത്തില്‍ ബിജെപി പ്രതിപക്ഷത്തായിരുന്ന വേളയില്‍. കണ്ണന്താനത്തിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ മന്ത്രിസഭാ പ്രവേശം.

കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാകുക വഴി മോദിയും അമിത് ഷായും ഒരു ഇരട്ട സ്വപ്നം കാണുന്നുണ്ടെന്ന് വേണം കരുതാന്‍. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന നേതാക്കള്‍ക്ക് ഒരു കടുത്ത മുന്നറിയിപ്പ് നല്‍കുക എന്നത് ഒന്ന്. രണ്ടാമത്തേത് കുറച്ചുകൂടി പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ഒരു നസ്രാണിയെ കേന്ദ്രമന്ത്രിയാക്കുക വഴി കൈസ്തവരുടെ പ്രീതി പിടിച്ചു പറ്റുക. അതുവഴി കേരളത്തില്‍, അതും മധ്യകേരളത്തില്‍ നിന്നും അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു ബിജെപിക്കാരനെ പാര്‍ലമെന്റില്‍ എത്തിച്ച് ഇവിടുത്തെ ഇടതു, വലതു മുന്നണികളെ ഞെട്ടിക്കുക. വോട്ടു ചെയ്യുന്നത് മെത്രാന്മാര്‍ മാത്രമല്ലെന്ന് മോദിക്കും ഷായ്ക്കും അറിയായ്കയല്ല. കുഞ്ഞാടുകളില്‍ നിന്നും മോശമല്ലാത്ത പിന്തുണ ലഭിക്കാന്‍ കണ്ണന്താനത്തിന്റെ മന്ത്രിപദവി ഉപകരിക്കും എന്ന നല്ല പ്രതീക്ഷയില്‍ തന്നെയാണവര്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍