UPDATES

ട്രെന്‍ഡിങ്ങ്

വീരേന്ദ്ര കുമാര്‍ വലിയ മൗനത്തിലാണ്

പാര്‍ട്ടി വേണോ രാജ്യസഭ അംഗത്വം വേണോ എന്നു വീരേന്ദ്ര കുമാറിന് തീരുമാനിക്കേണ്ടിയിരിക്കുന്നു

കെ എ ആന്റണി

കെ എ ആന്റണി

ബിഹാറിലെ മഹാസഖ്യം പിളര്‍ത്തി എന്‍ഡിഎക്കൊപ്പം പോയ നിതീഷ് കുമാറിനെതിരേ ആദ്യം ശബ്ദമുയര്‍ത്തിയത് എം പി വീരേന്ദ്ര കുമാര്‍ ആയിരുന്നു. എന്നാല്‍ നിതീഷ് കുമാര്‍ അനുദിനം കരുത്താനാവുകയും ജനതാദള്‍(യു) വിനെ ഒരു പിളര്‍പ്പിന്റെ വക്കിലേക്ക് നയിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ഈ സോഷ്യലിസ്റ്റ് സിംഹം എന്തുകൊണ്ടോ പെട്ടെന്ന് മൗനിയായിരിക്കുന്നു. നയ വഞ്ചകനായ നിതീഷ് കുമാറിനെതിരെ പട നയിക്കുന്ന ശരത് യാദവിന് തുടക്കത്തില്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ച വീരന്റെ ഇപ്പോഴത്തെ ഈ മൗനം കേരള ജെഡിയു ഘടകത്തെ വല്ലാത്തൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. രാജ്യസഭ അംഗത്വം രാജി വെക്കേണ്ടി വന്നാലും നിതീഷിനെതിരെ പാറപോലെ ഉറച്ചു നില്‍ക്കും എന്ന് പ്രഖ്യാപിച്ച ഈ ആദര്‍ശധീരന്റെ ഇപ്പോഴത്തെ ഈ മൗനത്തിനു പിന്നിലെ അര്‍ഥം തിരയുകയാണ് കേരളത്തിലെ ജെ ഡി യു നേതാക്കളും പ്രവര്‍ത്തകരും.

ആറ്റു നോറ്റിരുന്നു ലഭിച്ച രാജ്യസഭ അംഗത്വം സംരക്ഷിക്കാനുള്ള തന്ത്രമാണ് ഈ മൗനത്തിനു പിന്നിലെന്ന് വരെ ചിലരെങ്കിലും ഇതിനകം അടക്കം പറഞ്ഞു തുടങ്ങിയിട്ടുമുണ്ട്. തന്നെ പരസ്യമായി എതിര്‍ക്കാതിരുന്നാല്‍ രാജ്യസഭ അംഗത്വം നിലനിര്‍ത്താന്‍ സഹായിക്കാമെന്ന് നിതീഷ് കുമാര്‍ വീരന് ഉറപ്പു നല്‍കിയതായും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരള ഘടകം ഭാരവാഹികള്‍ ഇക്കഴിഞ്ഞ ദിവസം ശരത് യാദവ് പട്‌നയില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്ന വ്യാഖ്യാനവും ഇതിനകം തന്നെ ഉണ്ടായിക്കഴിഞ്ഞു.

"</p

എന്നാല്‍ വീരേന്ദ്രകുമാര്‍ നിതീഷ് കുമാറുമായി അത്തരത്തില്‍ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നു അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ തറപ്പിച്ചു പറയുന്നു. ബിജെ പി നേതൃത്വം നല്‍കുന്ന എന്‍ഡിയുടെ ഭാഗമാകാന്‍ മാത്രം വീരേന്ദ്രകുമാര്‍ തരം താഴ്ന്നിട്ടില്ലെന്നും അങ്ങനെ ചെയ്യുന്നത് രാഷ്ട്രീയ ആത്മഹത്യയായി കാണുന്ന ആളാണ് തങ്ങളുടെ നേതാവ് എന്നുമാണ് അവര്‍ നല്‍കുന്ന വിശദീകരണം. ഈ വിശദീകരണത്തെ കണ്ണുമടച്ചങ്ങു തള്ളിക്കളയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എല്‍ഡി എഫ് വിട്ടു യുഡിഎഫില്‍ ചേര്‍ന്നത് തന്നെ പാര്‍ട്ടിയിലെ യുവതുര്‍ക്കികളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു. അതാവട്ടെ കേരളത്തില്‍ പാര്‍ട്ടിയെ നെടുകെ പിളര്‍ത്തുകയും ചെയ്തു. മുന്നണി മാറ്റത്തിന് തൊട്ടു പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടു എംഎല്‍എ മാറി കിട്ടിയെങ്കിലും പിന്നീട് അങ്ങോട്ട് പാര്‍ട്ടിക്കും വീരനും ശനിദശയായിരുന്നു. ലോക്‌സഭ സീറ്റില്‍ മത്സരിക്കാന്‍ ചോദിച്ചത് വടകര , കോഴിക്കോട് സീറ്റുകള്‍. കിട്ടിയത് പാലക്കാട്. അവിടെ തോറ്റു തുന്നം പാടാനായിരുന്നു വീരന് വിധി. ഇക്കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന രണ്ടു സിറ്റിംഗ് സീറ്റുകള്‍ കൂടി നഷ്ട്ടപ്പെട്ടു. ഏറെ ഗുസ്തികള്‍ക്കും ഭീഷണികള്‍ക്കുമൊടുവില്‍ ഒരു രാജ്യസഭ അംഗത്വം തരപ്പെട്ടു എന്നതൊഴിച്ചാല്‍ നഷ്ടത്തിന്റെ കണക്കുകളെ കേരളത്തില്‍ വീരന്റെ പാര്‍ട്ടിക്ക് പറയാനുള്ളു.

ഇങ്ങനൊയൊരു സാഹചര്യത്തിലാണ് യുഡിഎഫ് വിട്ടു പഴയ ലാവണമായ എല്‍ഡിഎഫിലേക്കു മടങ്ങിയാല്‍ എന്തെന്ന ചോദ്യം പാര്‍ട്ടിയില്‍ ചിലര്‍ ഉന്നയിച്ചത്. ആ ആശയത്തോട് വീരന് നൂറു ശതമാനം യോജിപ്പായിരുന്നെങ്കിലും എതിര്‍പ്പിന്റെ സ്വരവുമായി കെ പി മോഹനനും മനയത്ത് ചന്ദ്രനുമൊക്കെ രംഗത്ത് വന്നതോടുകൂടി പാര്‍ട്ടി വീണ്ടും ഒരു പിളര്‍പ്പിന്റെ വക്കിലായി.

ഇപ്പോള്‍ ശരത് യാദവിനൊപ്പം നില്‍ക്കുക എന്ന് പറഞ്ഞാല്‍ കേന്ദ്രത്തില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുക എന്നാണ് അര്‍ഥം. ആ ബന്ധം തന്നെ കേരളത്തിലും വേണം എന്ന ആവശ്യമാണ് വര്ഗീസ് ജോര്‍ജ്, ഷെയ്ഖ് പി ഹാരിസ് തുടങ്ങിയ നേതാക്കള്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ കെ പി മോഹനന്‍ നയിക്കുന്ന എതിര്‍ചേരി ഇത് അംഗീകരിക്കുന്നില്ല. പാര്‍ട്ടി പിളര്‍ത്താന്‍ ഒരുങ്ങി നില്‍ക്കുകയാണവര്‍. മാത്യു ടി തോമസ്, ജോസ് തെറ്റയില്‍, നീല ലോഹിതദാസ് തുടങ്ങിയവര്‍ പോയപ്പോള്‍ തന്നെ വീരന്‍ പാര്‍ട്ടി ഏതാണ്ട് പൂര്‍ണമായും മലബാര്‍ മേഖലയിലേക്ക് ഒതുക്കപ്പെട്ടു. കെ കൃഷ്ണകുട്ടി പോയപ്പോള്‍ പാലക്കാടും നഷ്ടമായി. മനയത്ത് ചന്ദ്രന്റെ വടകരയും കെ പി മോഹനന്റെ പാനൂരും ജെ ഡി യു വിനു നല്ല വേരോട്ടമുള്ള പ്രദേശങ്ങളാണ്. അതുകൊണ്ടു തന്നെ അവരെ പിണക്കിയാല്‍ വീരന്‍ പാര്‍ട്ടി തീര്‍ത്തും ശുഷ്‌കമാകും. ഇതാണ് നമ്മുടെ സോഷ്യലിസ്റ്റ് സിംഹത്തെ ഇപ്പോള്‍ മൗനിയാകുന്നത് എന്നുവേണം കരുതാന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍