UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

അയ്യപ്പ സ്വാമി, കി ജയ്; ഒരു കണ്ണൂര്‍ കാഴ്ച

അമ്മക്ക് കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് ഭക്തർ ഉണ്ടെന്നും ഇവരിൽ നല്ലൊരു വിഭാഗം ആളുകളും സിസ്റ്റർ ജെസ്മി ക്രൈസ്തവ സഭയെക്കുറിച്ചു പറയുന്നതുപോലെ അടിമ വിശ്വാസികളാണെന്നും ആർക്കാണ് അറിയാത്തത്

കെ എ ആന്റണി

ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയും അത് നടപ്പിലാക്കാൻ കേരളം ഭരിക്കുന്ന പിണറായി സർക്കാർ കാണിച്ച തിടുക്കവുമൊക്കെ വെച്ച് വീണു കിട്ടിയ അവസരമാണെന്നു പറഞ്ഞപ്പോഴും പിന്നീട് മാതാ അമൃതാന്ദമയിയെ പോലുള്ള ഒരു ആൾദൈവത്തെ സംസ്‌ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത്‌ ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ആർ എസ് എസ് സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിൽ കണ്ടപ്പോഴും, ഈ ആൾ ദൈവം തന്നെയാണ് കേരളത്തിൽ താമര വിരിയിക്കാൻ മോദി-അമിത്ഷാ ദ്വന്ദം തിരഞ്ഞെടുത്ത പുതിയ അവതാരം എന്ന് ആരും സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാകാനിടയില്ല. ആരും എന്ന് പറയുമ്പോൾ ദീർഘദർശനം നടത്തുന്നതിൽ താൻ ഒട്ടും പിന്നിലല്ലെന്നു ബി ജെ പി കേരളം ഘടകത്തിന്റെ മുഴുവൻ സമയ നടത്തിപ്പുകാരൻ ആയതിനു ശേഷം ഊണിലും ഉറക്കത്തിലും ഉരുവിട്ടുകൊണ്ടിരിക്കുന്ന ശ്രീധരൻ പിള്ളയെയും ബുദ്ധിശ്രീമാന്മാരായ ടി പി സെൻ കുമാറിനെയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തേയും ഒഴിച്ച് നിര്‍ത്തേണ്ടാതായുണ്ടെന്നു തോന്നുന്നു. കൂർമ്മബുദ്ധിക്കാരായ അവരെ സാധാ കേരളീയരുടെ കൂട്ടത്തിൽ പെടുത്തി കുറച്ചു കാണുന്നത് അവർ ഒരുപക്ഷെ വിനയം കൊണ്ട് സഹിച്ചാലും അങ്ങനെ ചെയ്യുന്നത് ഒട്ടും ഉചിതമല്ലല്ലോ.

ശ്രീധരൻപിള്ളയുടെ ദീർഘവീക്ഷണത്തിനും മോദിജിയുടെയും കൂർമ്മ ബുദ്ധിമാൻ അമിത്‌ജിയുടെയും അടുത്തിടെ നടന്ന കേരള സന്ദർശനത്തിനും ശേഷം ഇതാ ഇപ്പോൾ വള്ളിക്കാവ് അമ്മയും ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയും നിറപുഞ്ചിരി പൊഴിക്കുന്ന നല്ല സ്റ്റൈലൻ കളർ പോസ്റ്ററുകൾ കണ്ണൂർ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കണ്ണൂർ പനങ്കാവിലുള്ള മാതാ അമൃതാന്ദമയി മഠത്തിൽ ഈ മാസം 11, 12 തിയ്യതികളിൽ നടക്കുന്ന ബ്രഹ്മസ്ഥാന മഹോത്സവത്തിന്റെ ഭാഗമായാണ് പോസ്റ്ററെങ്കിലും ‘അമ്മ’യ്ക്കുള്ള അതേ പ്രാധാന്യം പോസ്റ്ററിലെ താമരക്കുണ്ടെന്നു മാത്രമല്ല, “അമ്മ”യുടെ കണ്മുൻപിൽ ഒരു നിറ ദീപം പോലെ ശോഭ ചൊരിഞ്ഞു തന്നെ നില്‍ക്കുന്നു താമര എന്നതിനാൽ പോസ്റ്ററിന് പിന്നിലെ രാഷ്ട്രീയ ലക്‌ഷ്യം ഒറ്റ നോട്ടത്തിൽ ആർക്കും ബോധ്യപ്പെടാവുന്നതേയുള്ളു.

‘നിങ്ങൾ ചില അളവുകോലുകൾ വെച്ചാണ് ഇതൊക്കെ കാണുന്നത്’ എന്ന് പറഞ്ഞ സംഘാടക സമിതിക്കാരിലൊരാൾ ‘അമ്മ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ല’ എന്നുകൂടി സ്വരം അൽപ്പം കടുപ്പിച്ചു തന്നെ പറഞ്ഞതിൽ നിന്നും പോസ്റ്ററിലെ താമരപ്പൂവിന്റെ പ്രസക്തിയെക്കുറിച്ചുള്ള അവരുടെ ഉളിലിരുപ്പു വ്യക്തമായി. അമ്മക്ക് കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് ഭക്തർ ഉണ്ടെന്നും ഇവരിൽ നല്ലൊരു വിഭാഗം ആളുകളും സിസ്റ്റർ ജെസ്മി ക്രൈസ്തവ സഭയെക്കുറിച്ചു പറയുന്നതുപോലെ അടിമ വിശ്വാസികളാണെന്നും ആർക്കാണ് അറിയാത്തത്. ഇവരോട് ഭക്തിപൂണ്ടു നടക്കുന്നവർ മുഴുവൻ സംഘപരിവാറുകാർ മാത്രമല്ലെന്നതും കോൺഗ്രസ് പാർട്ടിയിലും കമ്മ്യൂണിസ്റ്റ് പാർട്ടികളിലും പെടുന്നവർ കൂടി ഉണ്ടെന്നതുമാണ് ഒരു പക്ഷെ ലോക് സഭ തിരെഞ്ഞെടുപ്പ് പടിവാതുക്കൽ വന്നു നിൽക്കുന്ന ഈ വേളയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ പോസ്റ്ററിന്റെ പിന്നിലെ രാഷ്ട്രീയ കണക്കുകൂട്ടൽ.

അല്ലെങ്കിലും ഇത്തരം ആൾ ദൈവങ്ങളെ വളർന്നു പന്തലിക്കാൻ അനുവദിച്ച കോൺഗ്രസ് – കമ്മ്യൂണിസ്റ്റ് സർക്കാരുകളെ പറഞ്ഞാൽ മാറിയല്ലോ. ഇത്തരം ആളുകൾക്കെതിരെ ഉയർന്നു വന്ന എത്രയെത്ര കേസുകളാണ് ഇവരൊക്കെ ചേര്‍ന്ന് തേച്ചുമായ്ച്ചു കളഞ്ഞത്. സത്‌നാം സിംഗിന്റെ മാത്രമല്ല ഒരു പഴയ ആൾ ദൈവത്തിന്റെ ഡി വൈ എഫ് കാരനായിരുന്ന സഹോദര പുത്രന്റെ ദുരൂഹമരണം പോലും പണ്ടൊരിക്കൽ വെറും ആത്മഹത്യ ആക്കി മാറ്റിയില്ലേ. ഇനിയിപ്പോൾ പറഞ്ഞിട്ടെന്തു കാര്യം.

അല്ലെങ്കിലും ഈ ആൾ ദൈവങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ്. പ്രോത്സാഹിപ്പിക്കുന്നവരെ തിരിച്ചും ‘വരം’ നൽകി പ്രോത്സാഹിപ്പിക്കും. വരവും അനുഗ്രഹവും ചൊരിയാനായില്ലെങ്കിൽ പിന്നെന്തു ദൈവം എന്ന് ഭക്തർ ചോദിക്കില്ലേ. ഇനിയിപ്പോൾ അവർ അങ്ങനെയൊന്നും ചോദിക്കുന്നില്ലെന്നു തന്നെ വെക്കുക. അപ്പോഴും സ്വന്തം വയറ്റിൽപിഴപ്പിന്റെ പ്രശ്നം അല്ലെങ്കിൽ കൂടി കോടാനുകോടി എന്ന് ഭക്തി വിലാസം പി ആർ ഓ മാർ പറഞ്ഞു നടക്കുന്ന എത്രയെത്ര ഭക്തരുടെ വയറും മനസ്സും നിറയ്ക്കണം. അങ്ങനെ ചെയ്‌താൽ സാധ്യമാകുന്ന കോടി പുണ്യം എന്തിനു വെറുതെ വേണ്ടെന്നു വെക്കണം. നേരെ ചൊവ്വേ പിടിച്ചു നിറുത്തി ചോദ്യം ചെയ്‌താൽ ഏതു ആൾ ദൈവവും ഉന്നയിക്കാനിടയുള്ള മറുചോദ്യങ്ങളുടെ സാമ്പിളുകൾ മാത്രമാണിത്. കാര്യങ്ങൾ കുറച്ചുകൂടി ഗൗരവതരമാവുകയും കോടതി കയറി ജയിലിൽ പോകേണ്ടിവന്നാൽ എല്ലാം എട്ടിൽ പൊട്ടും, ചിലർ വിതുമ്പിപ്പോകും. ചിലർ മൂത്രമൊഴിക്കും, ചിലർ അറിയാതെ രണ്ടും ചെയ്തുപോകും. ഇതൊക്കെ പല ആൾ ദൈവ ചരിത്രത്തിലും രേഖപ്പെടുത്തപ്പെട്ട യാഥാർഥ്യം മാത്രമാകുന്നു.

തമിഴ്നാട്ടിലെ ആണ്ടവർ ആയാലും ദൈവത്തിന്റെ വിനീത ദാസൻ എന്ന് സ്വയം പ്രഖ്യാപിച്ചു നടന്നിരുന്ന ഗയാനയിലെ പീപ്പിൾസ് ടൗണിന്റെ സ്ഥാപകനായ റെവറന്റ് ജിം ജോൺസ് ആയാലും അടുത്തിടെ ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും പേരിൽ ജയിലിടക്കപ്പെട്ട ഗുർമീത് രാം സിങ് ബാബയാലും ഔലിയ വേഷം കെട്ടി ഒടുവിൽ മലപ്പുറത്തുനിന്നും ആട്ടിയോടിക്കപ്പെട്ട ഔലിയ ആയാലും ആൾ ദൈവങ്ങൾക്ക് ജാതിയോ മതമോ ഇല്ലെന്നതാണ് വാസ്തവം. എങ്കിലും ഈ പരിഷ്ക്കൃത സമൂഹത്തിലും ഇത്തരം കള്ള ദൈവങ്ങളും ദൈവത്തിന്റെ ദൂതരും വാണരുളുന്നുവെന്നത് അജ്ഞത എത്രകണ്ട് മനുഷ്യനെ വിഴുങ്ങുന്നുവെന്നതിനു നേർസാക്ഷ്യം തന്നെയാണ്.

ഔലിയ ആയാലും റവറന്റ് ആയാലും സന്യാസി ആയാലും ചിലർ സ്വയം ദൈവ പരിവേഷം നേടുമ്പോൾ ചിലരിൽ ഇത്തരമൊരു പരിവേഷം അടിച്ചേല്പിക്കപ്പെടുന്നതുമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മലപ്പുറത്തെ പിരാന്തൻ ഔലിയയുടെയും കോഴിക്കോട് കൊയിലാണ്ടിക്കടുത്ത ചെങ്ങോട്ടുകാവിൽ നാട്ടുകാരിൽ ചിലർ കുടിയിരുത്തിയ അച്ചാറ് സ്വാമിയുടെയും ഒക്കെ പരിണാമങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. മനോനില തെറ്റിയവരായിരുന്നു ഔലിയായും അച്ചാറ് സ്വാമിയും. ഔലിയ ഒരു പാവം വായനാടുകാരൻ. അച്ചാറ് സ്വാമി തലയ്ക്കു വെളിവില്ലാതെ കൊയിലാണ്ടിയിൽ ട്രെയിൻ ഇറങ്ങി ഒറ്റപ്പെട്ടുപോയ ഒരു പാവം ഉത്തർപ്രദേശുകാരൻ. പക്ഷെ ആണ്ടവർ എല്ലാം കണ്ടു തന്നെ ആത്മീയ വ്യാപാരത്തിന് ഇറങ്ങിയ ആൾ തന്നെയായിരുന്നു. ഒടുവിൽ മരണ ശേഷം രണ്ടു ഭാര്യമാർക്കൊപ്പം സുഖവാസം നടത്തിയിരുന്ന ഗുഹ, ഇരു ഭാര്യമാരിലും പിറന്ന മക്കൾക്കിടയിലുണ്ടായ സ്വത്തു തർക്കത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ കണ്ടെടുത്തത് കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും ലക്ഷക്കണക്കിന് ഇന്ത്യൻ കറൻസിയുമായിരുന്നു. റവറന്റിന്റെ കഥ കുറച്ചുകൂടി സങ്കീർണം തന്നെ. ഗയാനയിലെ ജോൺസ് ടൗണിൽ 1978 ൽ അരങ്ങേറിയ കൂട്ടക്കുരുതിക്ക്‌ ഒരു ആത്മീയ വ്യാപാരിയുടെ ഭീതിയും ഭ്രാന്തും എങ്ങനെ കളമൊരുക്കി എന്നത് അന്ന് കൊല്ലപ്പെട്ട അമേരിക്കൻ സെനറ്റർ പോൾ റയാന്റെയും പത്രപ്രവർത്തകർ ഉൾപ്പെട്ട സംഘത്തിന്റെയും മരണവൃത്താന്തം ലോകത്തെ അറിയിച്ച ഗയാനയിലെ അന്നത്തെ വെടിവെയ്പ്പിൽ നിന്നും രക്ഷപെട്ട ഏക ആളും പത്ര പ്രവർത്തകനായിരുന്ന ചാൾസ് ക്രോസ്സിന്റെ ‘Guyana Massacre- The Eyewitness Account’ വായിച്ചാൽ മതിയാകും. ആൾ ദൈവങ്ങളെ പരിപോഷിപ്പിക്കുന്നവർക്കു ഇതൊക്കെ ഒരു നല്ല പാഠം ആയിരുന്നാൽ നന്ന് എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളു.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍