UPDATES

സോമി സോളമന്‍

കാഴ്ചപ്പാട്

My Africa

സോമി സോളമന്‍

വിദേശം

സുഡാനിൽ നിന്നും കേരളത്തിലേക്കുള്ള ദൂരം; സ്ത്രീകളവിടെ അധികാരത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ആർത്തവത്തെ കുറിച്ച് സംസാരിക്കുന്നു

ഡിസംബറിൽ നിന്നും ഏപ്രിൽ എത്തുമ്പോൾ നീണ്ട 5 മാസത്തെ പ്രതിഷേധങ്ങള്‍ക്ക് അന്തരാഷ്ട്ര ശ്രദ്ധ കിട്ടാൻ-വെസ്റ്റേൺ മാധ്യമങ്ങളുടെ-അലാ സലഹയുടെ ഐകോണിക് ഫോട്ടോയ്ക്ക് കഴിഞ്ഞു

1989ൽ അധികാരത്തിൽ എത്തിയ ഒമർ-അൽ-ബാഷിര്‍ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അധികാര ഭ്രഷ്ടനാകുമ്പോൾ, വംശഹത്യകളുടെയും അധികാര ദുർമത്തതയുടെയും പക്ഷപാതിത്വത്തിന്റെയും കെടുതികളുടെയും ദുരിതങ്ങളുടെയും 30 വര്‍ഷങ്ങളുടെ ചരിത്രം ബാക്കിനില്‍ക്കുമ്പോഴും, കണ്ടക്കകൾ കയ്യടക്കിയ ഖാർത്തൂമിന്റെ തെരുവുകൾക്ക് തങ്ങളുടെ ബഹുഭൂരിപക്ഷം വരുന്ന യുവജനങ്ങളുടെ ജനാധിപത്യ ബോധത്തിൽ വിശ്വാസമുണ്ട്.

2019 ഏപ്രിൽ 11നു സുഡാൻ ജനതയെ അഭിസംബോധന ചെയ്ത് മൂന്ന് മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് രണ്ട് വർഷത്തെ മിലിറ്ററി കൗൺസിൽ സമാധാനപൂര്‍വ്വമായ അധികാര കൈമാറ്റത്തിന് നേതൃത്വം നൽകുമെന്ന് ഉറപ്പു നൽകി സുഡാൻ ഭരണം ഏറ്റെടുത്തു കഴിഞ്ഞു. എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുമ്പോഴും എത്രയും വേഗം ജനാധിപത്യ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് ഖാർത്തോമിലെ തെരുവിൽ നിന്ന് ഇനിയും മടങ്ങിയിട്ടില്ലാത്ത പ്രതിഷേധക്കാർ അൽ ബാഷിറിന്റെ സ്ഥാനചലനവും അറസ്റ്റും ആഘോഷിച്ചു കൊണ്ട് വിളിച്ചു പറയുന്നുണ്ട്.

ഏറ്റവും നിർണായകമായ സമയങ്ങളിലൂടെയാണ് സുഡാൻ കടന്നുപോകുന്നത്. ഇപ്പോഴും ജനാധിപത്യ സംവിധാനങ്ങളുടെ പുനഃസ്ഥാപനത്തിനു വേണ്ടി തെരുവിൽ നിൽക്കുന്ന പ്രതിഷേധക്കാരെ പട്ടാള ഭരണകൂടം എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതാണ് സുഡാന്റെ ഭാവി നിർണയിക്കുന്ന പ്രധാന ഘടകം. സുഡാന്റെ ജനകീയ പ്രതിരോധത്തെ അംഗീകരിച്ചു കൊണ്ട് ഈജിപ്ത് ആ രാജ്യത്തിന് എല്ലാവിധ പിന്തുണയും നൽകികഴിഞ്ഞു.

ഇപ്പോൾ (ഏപ്രില് 12) കിട്ടിയ വിവരം അനുസരിച്ചു ഖാർത്തോമിലെ തെരുവുകൾ വീണ്ടും നിറയുകയാണ്. പട്ടാളത്തിൽ നിന്നും സമാധാനപൂര്‍ണ്ണമായ അധികാര കൈമാറ്റം നടക്കുന്നതുവരെ തെരുവുകൾ ശാന്തമാകില്ല എന്ന് തന്നെയാണ് ഖാർത്തോമിലെ ജനങ്ങള്‍ പറയുന്നത്. സുഡാനിലെ അടിയന്തിര പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഐക്യ രാഷ്ട്ര സംഘടന സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണം, ആരോഗ്യം എന്നിവ ഉറപ്പു വരുത്താൻ ഐക്യ രാഷ്ട്ര സംഘടന ശ്രമിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി വംശഹത്യക്കു നേതൃത്വം നൽകിയതിന് അൽ-ബാഷിറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നുണ്ട്.

അലാ സലഹയുടെ ചിത്രം സുഡാൻ പ്രതിരോധത്തിന്‍റെ നാഴികക്കല്ലായ വിധം

ഏപ്രിൽ 10നു ഖാർത്തോമിലെ സൈനിക ആസ്ഥാനത്ത് കാറിന്റെ മുകളിൽ കയറി നിന്നുകൊണ്ട് ഖാര്‍ത്തോമ് യൂണിവേഴ്സിറ്റിയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥിനിയായ 22 കാരി അലാ സലഹ, കടൽ പോലെ വന്നു നിറഞ്ഞ മനുഷ്യരെ അഭിസംബോധന ചെയ്തു. എൺപതുകളിലെയും തൊണ്ണൂറുകളിലെയും സുഡാൻ ജനകീയ പ്രതിരോധത്തിന് നേതൃത്വം വഹിച്ച സ്ത്രീകൾ അണിഞ്ഞിരുന്ന വെളുത്ത വസ്ത്രം (തോബ- തൊഴിലാളിവർഗ സ്ത്രീകളെയും, അധ്വാന വർഗസ്ത്രീകളെയും വെള്ള വസ്ത്രം പ്രതിനിധികരിക്കുന്നു. 1940 കളിലും 1950 കളിലും സുഡാൻ സ്ത്രീ ആക്ടിവിസ്റ്റുകൾ സ്ഥിരമായി ഉടുത്തിരുന്നു) ഉടുത്തു കൊണ്ട്, സുഡാൻ സ്ത്രീകളുടെ പരമ്പരാഗത അധികാരത്തിന്റെ പ്രതീകമായ “ഗോൾഡൻ മൂൺ ഇയർ റിങ്” അണിഞ്ഞു കൊണ്ട്, ആകാശത്തേക്ക് കയ്യുയർത്തി, 30 വർഷത്തെ അധികാര ദുരുപയോഗത്തിനെതിരെയുള്ള വിപ്ലവഗാനത്തിനു (thwara) നേതൃത്വം നൽകുന്ന യുവതിയുടെ ചിത്രം സുഡാനീസ് ഫോട്ടോഗ്രാഫറായ ലാന ഹാരോം സോഷ്യൽ മീഡിയയിൽ എത്തിച്ചപ്പോൾ സുഡാന്റെ പ്രതിരോധങ്ങളുടെ മുഖം അന്തരാഷ്ട്ര സമൂഹം ശ്രദ്ധിച്ചു.

ഡിസംബർ മുതൽ സുഡാന്റെ തെരുവുകളിൽ നീതിക്കു വേണ്ടി ഒപ്പത്തിനൊപ്പം പൊരുതിക്കൊണ്ടിരുന്ന കണ്ടക്ക (നുബിയൻ രാജ്ഞി – അവകാശങ്ങളും, അധികാരവും പൊരുതി നേടിയ സ്ത്രീകളുടെ ചരിത്രമുള്ള സുഡാന്റെ, അധികാര ബിംബമാണ് കണ്ടക്ക എന്ന നുബിയൻ രാജ്ഞി) പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയതിലും പങ്കെടുത്തതിലും 60 -70 % സുഡാൻ സ്ത്രീകളായിരുന്നു. സുഡാൻ പ്രതിരോധത്തിന് നേതൃത്വം നൽകിയ, പങ്കെടുത്ത സ്ത്രീകളെ കണ്ടക്ക എന്നാണ് അഭിസംബോധന ചെയ്യുന്നത്. സുഡാന്റെ ചരിത്രം തിരുത്തി എഴുതിയവരാണ് കണ്ടക്കകൾ.

ഡിസംബറിൽ നിന്നും ഏപ്രിൽ എത്തുമ്പോൾ നീണ്ട 5 മാസത്തെ പ്രതിഷേധങ്ങള്‍ക്ക് അന്തരാഷ്ട്ര ശ്രദ്ധ കിട്ടാൻ-വെസ്റ്റേൺ മാധ്യമങ്ങളുടെ-അലാ സലഹയുടെ ഐകോണിക് ഫോട്ടോയ്ക്ക് കഴിഞ്ഞു. 5 മാസത്തെ ജനകീയ പ്രതിരോധങ്ങളുടെ ആത്മാവിനെ ആവാഹിച്ച ചിത്രമായിരുന്നു ആകാശത്തേയ്ക്ക് കയ്യുയർത്തി നില്‍ക്കുന്ന അലാ സലഹ.

ഖാർത്തോമിലെ പട്ടാള വാഹനങ്ങളിലും തെരുവുകളിലും ഇപ്പോഴും ജനങ്ങൾ നിറഞ്ഞിരിക്കുകയാണ്. രക്തരഹിതമായി സിംബാവെയിൽ മുഗാബേ അധികാരം ഒഴിഞ്ഞതുപോലെ സമാധാനപരമായ അധികാര കൈമാറ്റം സുഡാനും ആഗ്രഹിക്കുന്നുണ്ട്. പ്രതീക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം അതിനായി കാത്തിരിക്കുന്നുണ്ട്..

Read More: മറ്റൊരു മുല്ലപ്പൂ വിപ്ലവമോ? ഭരണം പിടിച്ചെടുത്ത് പിറ്റേന്ന് പ്രതിരോധമന്ത്രിയെ പുറത്താക്കി സുഡാൻ പൗരന്മാർ

ദൃശ്യതയുടെ, വിസിബിലിറ്റിയുടെ രാഷ്ട്രീയം അലാ സലഹിന്റെ ചിത്രം ലോകത്തോട് സംവദിക്കുന്നുണ്ട്. റുവാണ്ടയിലും എത്യോപ്യയിലും അധികാര സ്ഥാനങ്ങളിൽ 70 ശതമാനം സ്ത്രീകളാണ്. ഈ രാജ്യങ്ങൾ സുസ്ഥിരമായ വികസനത്തിലേക്ക് നടന്നു കയറുന്ന വഴി ലോക രാജ്യങ്ങൾക്കു മാതൃകയാണ്. ഏറ്റവും ശ്രദ്ധിക്കേണ്ടത് ആഫ്രിക്കയിൽ നടക്കുന്ന രാഷ്ട്രീയ പരിണാമങ്ങളാണ്. അതിൽ സ്ത്രീകളുടെ ഇടപെടലുകളാണ്. അടിമക്കപ്പലുകളിൽ നിന്നും കടലിലേക്ക് വലിച്ചെറിയപ്പെട്ട ഗർഭിണികളും, ചങ്ങലകളിൽ ക്രൂര പീഡനങ്ങൾക്കു ഇരയാക്കപ്പെട്ട അടിമകളാക്കപ്പെട്ട സ്ത്രീകളുടെയും ചരിത്രം നൽകുന്ന അതിജീവനത്തിന്‍റെ ആത്മവിശ്വാസത്തിന്റെ വേരുറപ്പുള്ള മണ്ണിൽ നിന്നുകൊണ്ടാണ് ആഫ്രിക്ക നടന്നു കയറുന്നത്. ആഫ്രിക്കൻ ഡയസ്പോറ ആഫ്രിക്കൻ രാഷ്ട്രീയത്തെ തിരുത്തി എഴുതുന്ന വിധം ഇനിയുള്ള രാഷ്ട്ര തന്ത്ര ക്ലാസ്സുകളിൽ പഠിക്കാനുണ്ടാകണം. വേട്ടക്കാരന്റെ ചരിത്രമല്ല ഇരയുടെ ചരിത്രം തിരുത്തപ്പെടുകയാണ് ആഫ്രിക്കയിൽ.

ആഫ്രിക്കയുടെ രാഷ്ട്രീയ മാറ്റങ്ങളെ കേരളത്തിന്റെ രാഷ്ട്രീയ പരിസരങ്ങളായിൽ നിന്ന് നോക്കി കാണുമ്പോഴാണ് നമ്മൾ എത്ര മാത്രം പിറകോട്ടാണ് നടക്കുന്നത് എന്ന് മനസിലാവുക. അവർ അവിടെ അധികാരത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ആർത്തവത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുന്നതേയുള്ളൂ.

അതിർത്തികൾ ഇല്ലാത്ത കാലമാണ്, അലാ സലഹിന്‍റെ വിപ്ലവ ഗാനത്തിന്റെ താളം നമുക്കും പരിചയമുള്ളതാണ്. സുഡാനിലും , കേരളത്തിലും അധികാരവും, ആർത്തവും സംസാരിക്കപ്പെടുന്നുണ്ട് എന്നത് തന്നെയാണ് ഏറ്റവും പ്രതീക്ഷ നൽകുന്നതും.

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍