UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

ട്രെന്‍ഡിങ്ങ്

മോദിയുടെ പ്രിയപ്പെട്ട ‘കുട്ടി’ കേരളത്തില്‍ നിന്നുള്ള മുസ്ലീം മന്ത്രിയാകുമോ? അത് തല്‍ക്കാലം സസ്പെന്‍സ്

ബി ജെ പി ലേബലിൽ അത്ര എളുപ്പത്തിലൊന്നും കേരളത്തിൽ നിന്നും ജയിച്ചു കയറാമെന്നു കരുതാൻ മാത്രം ബുദ്ധിശൂന്യനല്ല അബ്ദുള്ളക്കുട്ടി

കെ എ ആന്റണി

അനന്തകാലം കാത്തിരിക്കാനൊന്നും അബ്ദുള്ളക്കുട്ടിയെ കിട്ടില്ല. അതിന് അരുവാൻപള്ളി പുതിയപുരയിൽ അബ്ദുള്ളക്കുട്ടി എന്ന എ പി അബ്ദുള്ളക്കുട്ടി രണ്ടാമതൊന്നു കൂടി ജനിക്കണം. അല്ലെങ്കിൽ തന്നെ എത്രകാലം എന്ന് കരുതിയാ കാത്തിരിക്കുക? ഉള്ളിലുള്ള പ്രിയം പരസ്യമാക്കിയതിന്റെ പേരിൽ കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടിട്ട് മാസം ഒന്നാകാനായില്ലേ. പ്രിയനോ അയാളുടെ ആൾക്കാരോ ഇങ്ങോട്ടു വന്നു ക്ഷണിച്ചു കൂട്ടികൊണ്ടുപോയില്ലെങ്കിൽ നേരെ അങ്ങോട്ട് കയറി ചെല്ലുന്നതാണല്ലോ ബുദ്ധി. അങ്ങനെ രണ്ടും കൽപ്പിച്ചാണ് അബ്ദുള്ളക്കുട്ടി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടത്.

താൻ മനസ്സിൽ പൂവിട്ടു പൂജിക്കുന്ന വികസന നായകൻ നരേന്ദ്ര ദാമോദർദാസ് മോദി എന്ന മോദിജി ഇക്കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയത്തിന് അദ്ദേഹത്തെ നേരിൽ കണ്ടു അനുമോദിക്കാനാണത്രെ അബ്ദുള്ളക്കുട്ടി ഡൽഹിയിലെത്തിയത്. ഈ മാസം 21നു ദുബായിൽ ലോക യോഗ ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പങ്കെടുത്ത ശേഷമായിരുന്നു കുട്ടി ഡൽഹിയിൽ പറന്നിറങ്ങിയത്. ‘കുട്ടി ഭായ് ആവോ’ എന്ന അഭിസംബോധനയോടെ ഊഷ്മളമായാണ് മോദിജി വരവേറ്റതെന്നാണ് കുട്ടിയുടെ ഭാഷ്യം.

കൂടിക്കാഴ്ചയിൽ ഒരു കാര്യം കൂടി അബ്ദുള്ളക്കുട്ടിക്കു മനസ്സിലായി. ഇന്ത്യയിലെ മുസ്ലിം ജനസാമാന്യം മോദിജിയെ എത്രകണ്ട് തെറ്റിദ്ധരിച്ചിരിക്കുന്നുവെന്നും അത് അദ്ദേഹത്തെ എന്തുമാത്രം വേദനിപ്പിക്കുന്നുണ്ടെന്നതുമാണത്. തെറ്റിദ്ധാരണ അകറ്റാൻ വേണ്ടി മോദിജി എന്തൊക്കെ ത്യാഗങ്ങൾ സഹിക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി അദ്ദേഹത്തിന്റെ മുഖദാവിൽ നിന്നും കേട്ട് മനസ്സിലാക്കുകയും ചെയ്തു. രാജ്യത്തു ആറുകോടി ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ പാചക വാതക ഗ്യാസ് കണക്ഷൻ അനുവദിച്ചപ്പോൾ അതിൽ ആദ്യത്തേത് പദ്ധതി ഉത്ഘാടനം ചെയ്ത വെങ്കയ്യ നായിഡു ഒരു മുസ്ലിം കുടുംബത്തിനാണത്രെ നൽകിയത്. ഇത്രയും മഹാമനസ്കനായ ഒരു പ്രധാനമന്ത്രിയെയല്ലേ കടുത്ത മുസ്ലിം വിരോധിയായി ആളുകൾ ചിത്രീകരിക്കുന്നതെന്ന് പരസ്യമായി ചോദിച്ചില്ലെങ്കിലും അങ്ങനെയൊരു ചോദ്യം കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അബ്ദുള്ളക്കുട്ടിയുടെ ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ടായിരുന്നു.

എന്തായാലും കൂടിക്കാഴ്ച വെറുതെ ആയില്ല. ഉടനെ ബി ജെ പി യിൽ ചേരണമെന്നും, അമിത് ഷായെ പോയി കാണാനും മോദി ഉപദേശിച്ചു. പോയി, കണ്ടു. അദ്ദേഹവും ഉടനെ ബി ജെ പി യിൽ ചേരാൻ കുട്ടിയോട് ആവശ്യപ്പെട്ടത്രെ. എല്ലാ കാര്യങ്ങളും താൻ കേരള നേതാക്കളുമായി സംസാരിച്ചുകൊള്ളാമെന്ന ഉറപ്പും ഷാ നല്കിയത്രെ. എന്തായാലും റൂട്ട് ക്ലിയർ ആയതിന്റെ ത്രില്ലിലാണ് അബ്ദുള്ളക്കുട്ടി. എന്നാലും ബി ജെ പി പ്രവേശനം എന്ന് എപ്പോൾ എന്ന് തീർത്തു പറയാൻ കുട്ടി ഒരുക്കമല്ല. ഇത് ബി ജെ പി കേരള നേതാക്കളിൽ നിന്നും പാര ഭയന്നിട്ടാവണമെന്നില്ല സി പി എമ്മിന്റെ മുൻ എം പി യും കോൺഗ്രസിന്റെ മുൻ എം എൽ എ യുമൊക്കെ ആയിരുന്ന താൻ രണ്ടും കൽപ്പിച്ചു ബി ജെ പി യിലേക്ക് എടുത്തുചാടുമ്പോൾ എന്ത് കിട്ടും എന്നറിയാനുള്ള കാത്തിരിപ്പാകാനാണ് കൂടുതൽ സാധ്യത. ഈ അടവ് പയറ്റിയാണ് കുട്ടി കോൺഗ്രസിൽ എത്തിയത്. ജീവന് ഭീഷണി എന്നൊക്കെ പറഞ്ഞു തന്നെ പറ്റിച്ചാണ് കുട്ടി നിയമസഭ സീറ്റു തരപ്പെടുത്തിയതെന്നു മോദി സ്തുതിയുടെ പേരിൽ 2009 ൽ സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട കുട്ടിയെ അങ്ങോട്ട് ചെന്ന് ഇരുകൈയ്യും നീട്ടി സ്വീകരിച്ച കെ സുധാകരൻ തന്നെ പറഞ്ഞിട്ടുണ്ട്.

ബി ജെ പി ലേബലിൽ അത്ര എളുപ്പത്തിലൊന്നും കേരളത്തിൽ നിന്നും ജയിച്ചു കയറാമെന്നു കരുതാൻ മാത്രം ബുദ്ധിശൂന്യനല്ല അബ്ദുള്ളക്കുട്ടി. മോദി സ്തുതിയുടെ പേരിൽ ആദ്യം സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ ഒപ്പം നിന്ന മത ന്യൂനപക്ഷം അതേ കാരണത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട തന്നെ തുണക്കില്ലെന്നു കുട്ടിക്ക് നന്നായിട്ടറിയാം. അപ്പോൾ പിന്നെ ബി ജെ പി യിൽ ചേരുമ്പോൾ രാജ്യസഭയിൽ അംഗത്വവും അധികം വൈകാതെ തന്നെ ഒരു സഹമന്ത്രി സ്ഥാനവും കുട്ടി കാംഷിക്കുന്നുണ്ടെന്നാണ് അയാളെ അടുത്തറിയുന്നവർ പറയുന്നത്. അതുകൊണ്ടതാണത്രേ ബി ജെ പി പ്രവേശം എപ്പോൾ എന്ന് വ്യക്തമാക്കാൻ മടിക്കുന്നതും. മോദിക്കും അമിത്ഷാക്കും കേരളം പിടിക്കണമെന്ന വാശി ചില്ലറയൊന്നുമല്ല. കേരളത്തിൽ നിന്നും ഒരു മുസ്ലിം മന്ത്രി ഉണ്ടായാൽ കാര്യങ്ങൾ എളുപ്പമാകും എന്നൊരു ചിന്ത അവരുടെ തലയിലുദിച്ചാൽ കുട്ടിയുടെ സ്വപ്നം വൈകാതെ പൂവണിയും. ഇല്ലെങ്കിൽ കര്‍ണ്ണാടകത്തിലോ മറ്റോ പോയി ഭാഗ്യം പരീക്ഷിക്കേണ്ടിവരും. എന്തായാലും തനിക്കു രാഷ്ട്രീയമല്ലാതെ മറ്റു തൊഴിലൊന്നും അറിയില്ലെന്ന് പറയുന്ന കുട്ടിയുടെ തലവര എന്തെന്ന് കാത്തിരുന്നു കാണുക തന്നെ.

Read More: ഇംഗ്ലീഷ് സാഹിത്യം മോഹിച്ചു, എത്തിയത് ഡാറ്റ സയന്‍സില്‍; ഹാര്‍വാഡില്‍ നിന്നും മൈക്രോസോഫ്റ്റിലേക്ക് കുതിക്കുന്ന തിരുവനന്തപുരത്തുകാരന്‍ അഭിജിത്ത് പറയുന്നു; “എന്നെ ശമ്പളം കൊണ്ട് അളക്കരുത്”

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍