UPDATES

ഡി സി പഥക്

കാഴ്ചപ്പാട്

Spy's Eye

ഡി സി പഥക്

കാഴ്ചപ്പാട്

ഇത് രഹസ്യവിവരങ്ങളുടെ യുഗം; നാം അറിയുന്നതിനും നിയന്ത്രണം വരും

സാങ്കേതിക വിദ്യക്ക് അറിവിന്റെ അടിസ്ഥാനത്തിലുള്ള മനുഷ്യ ഇടപെടല്‍ കൂടാതെ മുന്നോട്ടു നീങ്ങാന്‍ കഴിയില്ല.

ഡി സി പഥക്

തൊണ്ണൂറുകളുടെ തുടക്കത്തില്‍ വിവര സാങ്കേതിക വിദ്യയുടെ വിജയത്തോടെ വന്ന അറിവിന്റെ യുഗത്തിലാണ് നാം ജീവിക്കുന്നത്. വ്യാവസായിക യുഗത്തിനേയും പുതിയ കാലത്തിനേയും വേര്‍തിരിക്കുന്ന വര്‍ഷമായി 1991-നെയാണ് കണക്കാക്കുന്നത്. വ്യാപാരത്തില്‍ മറ്റൊരു തലത്തിലുള്ള മത്സരം തുറന്നുവിട്ട, ആശയ വിനിമയത്തില്‍ സാമൂഹ്യ-രാഷ്ട്രീയ സുതാര്യത ഉറപ്പുവരുത്താന്‍ നിര്‍ബന്ധിതമാക്കുന്ന ഒരു പുതിയ തലത്തിലുള്ള വിനിമയബന്ധം അത് സാധ്യമാക്കി. അത് വ്യക്തിയെ ഉത്പാദനക്ഷമതയുടെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുകയും നേതൃത്വം, കൂട്ടായ പ്രവര്‍ത്തനം, അതിന്റെ ഫലം എന്നീ പല സാമ്പ്രദായിക ധാരണകളേയും മായ്ച്ചുകളയുകയു ചെയ്തു. ഏതു മേഖലയിലും കാര്യങ്ങള്‍ നന്നായി അറിഞ്ഞിരിക്കുക എന്നാണ് വിജയത്തിനാധാരം എന്നായി അറിവിന്റെ യുഗത്തിലെ വിജയമന്ത്രം.

നന്നായി കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നാല്‍ അപ്പോളെന്താണ്? ശരിയായ വിവരം ശരിയായ സമയത്തുണ്ടാവുക, ഒരൂഹവും ഒരു തീരുമാനവും തമ്മിലുള്ള വ്യത്യാസമുണ്ടാക്കുന്ന വിവരം ഉണ്ടായിരിക്കുക, പ്രവര്‍ത്തിക്കാവുന്ന ഒരു വിവരം ഉണ്ടായിരിക്കുക എന്നതാണ് നന്നായി കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നാല്‍ അര്‍ത്ഥമാക്കുന്നത്. രണ്ടു കാര്യങ്ങള്‍ക്കൂടി അതുകൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്. ഒന്ന്, ശരിയായി വിവരമുണ്ടാവുക എന്നുവെച്ചാല്‍ അത് ഒരു പ്രാവശ്യത്തെ പരിപാടിയല്ല. വിവരണങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയും ഒരാള്‍ തുടര്‍ച്ചയായി അത് നേടിയെടുക്കുകയും വേണം. രണ്ടാമതായി, ഒരു വിഷയത്തിന്റെ അല്ലെങ്കില്‍ സാഹചര്യത്തന്റെ എല്ലാ വശങ്ങളെക്കുറിച്ചും അറിവുണ്ടാകണം. അറിവ് സമഗ്ര പദ്ധതിയായാണ് വരുന്നത്. അതുകൊണ്ട് അറിവിന്റെ പൂര്‍ണത മെച്ചപ്പെട്ട പുരോഗതിയുണ്ടാക്കുന്നു.

ഉദാഹരണത്തിന് ഇന്നിപ്പോള്‍ ഒരു സ്‌കൂള്‍ അദ്ധ്യാപകന് പാഠ്യപദ്ധതിക്ക് പുറത്തും, കുട്ടികളുടെ മനഃശാസ്ത്രത്തെക്കുറിച്ചും രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തെക്കുറിച്ചും അറിവുണ്ടെങ്കില്‍ അത് രക്ഷിതാക്കളുമായുള്ള അദ്ധ്യാപകരുടെ ആശയവിനിമയം കുറച്ചുകൂടി ഗുണപരമാക്കും. ലാഭത്തിനപ്പുറം സ്ത്രീ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍സ്ഥലം ഒരുക്കിക്കൊടുക്കണമെന്ന് ഒരു തൊഴിലുടമ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ യുഗത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും വിവരത്തെ ആശ്രയിച്ചാണ്. ഇന്നിപ്പോള്‍ നേതൃത്വം ഏറ്റെടുക്കുന്ന ഒരാള്‍ക്ക് വിജയിക്കണമെങ്കില്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നേതാക്കള്‍ ജനിക്കുകയല്ല, സൃഷ്ടിക്കപ്പെടുകയാണ് എന്ന് പറയാം.

തീര്‍ച്ചയായും നേതൃത്വത്തിന് മറ്റു ചില ഗുണങ്ങള്‍ക്കൂടി വേണമെങ്കിലും മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നത് ആദ്യം വേണ്ട ഗുണമാണ്. വിപണി പ്രവണതകള്‍, ആഗോള മതസരം, രാഷ്ട്രീയ-നിയമ അന്തരീക്ഷം എന്നിവ മനസിലാക്കാന്‍ കോര്‍പ്പറേറ്റുകള്‍ ഇപ്പോള്‍ ആഭ്യന്തര വിവരത്തിനും വിശകലനത്തിനും ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്. ഓരോ തൊഴിലാളിയും ഉത്പാദനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന വിവരശേഖരമുള്ളയാളാകാം എന്നതിനാല്‍ എല്ലാവരുടെയും കയ്യിലുള്ള വിവരങ്ങള്‍ എന്തെന്ന് അറിഞ്ഞിരിക്കലും പ്രധാനമാണ്. ഒരു, മേലധികാരി-ജീവനക്കാരന്‍ ശ്രേണിയില്‍ ജീവനക്കാരന്റെ തൊഴിലിടത്തിന് പുറത്തുള്ള വിവരങ്ങള്‍ അറിയുക വരെ മേലധികാരിക്ക് പ്രധാനമാണ്. ലിംഗ സമത്വം, തൊഴില്‍-ജീവിത സന്തുലനം, നേതൃത്വത്തിന്റെ വൈകാരിക യുക്തിയുടെ ബന്ധപ്പെട്ട വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവയൊക്കെ ഇന്നത്തെ സ്ഥാപന നേതൃത്വങ്ങള്‍ അറിവിന്റെ പരിധിക്കുള്ളില്‍ കാണുന്നവയാണ്.

അരക്ഷിതമായൊരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തികള്‍ക്കും സ്ഥാപന മേധാവികള്‍ക്കും സര്‍ക്കാരിലുള്ളവര്‍ക്കും സുരക്ഷയുടെ അടിസ്ഥാന ചട്ടക്കൂടിനെക്കുറിച്ചും അതുറപ്പുവരുത്താന്‍ വേണ്ട സംവിധാനം എന്താവണം എന്നതിനെക്കുറിച്ചും സാമാന്യ ധാരണ ഉണ്ടായിരിക്കണം. ഒരു പ്രത്യേക സന്ദര്‍ഭത്തിലും സമയത്തുമുള്ള ഭീഷണികളെക്കുറിച്ചുള്ള അറിവിലാണ് സുരക്ഷാ ആരംഭിക്കുന്നത്. പൗരന്മാരുടെ സ്വയ സുരക്ഷക്ക് തങ്ങളുടെ നഗരത്തിലെ കുറ്റകൃത്യങ്ങളുടെ പ്രവണതയെക്കുറിച്ച് അവര്‍ക്ക് ധാരണയുണ്ടാകണം. സ്‌കൂളുകളില്‍ സുരക്ഷയെക്കുറിച്ചുള്ള ധാരണ അതിന്റെ നടത്തിപ്പുകാര്‍ക്കും ഉണ്ടാകണം. ഈയടുത്ത് അറിയപ്പെടുന്ന ഒരു സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് സുരക്ഷാ വൃത്തത്തെക്കുറിച്ചുള്ള സാമാന്യധാരണ കൂടി അവര്‍ക്കില്ല എന്ന് വെളിപ്പെടുത്തുന്നതായിരുന്നു.

ഒരു കുടുംബം പോലും ഒരു സ്ഥാപനമായതുകൊണ്ട് അതിലെ അംഗങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും എന്താണ് ആവശ്യമായത് എന്നതിനെക്കുറിച്ചും അതിന്റെ തലപ്പത്തുള്ളയാള്‍ക്ക് ധാരണയുണ്ടായിരിക്കണം. അറിവിന്റെ യുഗത്തിന് മാനവ വിഭവ ശേഷി വികസനത്തില്‍ വലിയ സ്വാധീനമുണ്ട്. വിവരകേന്ദ്രീകൃതമായ ധാരണയുള്ളവര്‍ക്കാണ് സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. അത്തരമാളുകള്‍ നല്ല വായനയുള്ളവരും വിവരങ്ങളെ വിഷയങ്ങളോ പ്രമേയങ്ങളോ ആയി വിഭാഗീകരിച്ച് തിരിക്കുന്നവരും ആയിരിക്കും. അന്വേഷണത്തിനുള്ള ഒരു ത്വര അവരില്‍ എപ്പോഴുമുണ്ടായിരിക്കും. കേട്ടുകേള്‍വിയെക്കാള്‍ ആധികാരിക വിവരങ്ങളെ ആശ്രയിക്കുന്ന അവര്‍ എന്തിനെയും എന്തുകൊണ്ട്, എങ്ങനെ എന്ന രീതിയില്‍ സമീപിക്കുകയും മനുഷ്യരുടെ പെരുമാറ്റത്തെ നിരീക്ഷിക്കുകയും ചെയ്യുന്നു- എല്ലാത്തരം വ്യാപാരപ്രവര്‍ത്തനങ്ങളിലും ഇത് ചെയ്യും. ബിരുദങ്ങള്‍ക്കും മറ്റ് യോഗ്യതകള്‍ക്കും അപ്പുറം ഇതുകൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്.

സ്ഥാപനത്തിന്റെ പ്രകടനത്തില്‍ വ്യക്തിയുടെ പങ്ക് വളരെ നിര്‍ണായകമാണ്. അതുകൊണ്ടാണ് വ്യക്തിഗത ശേഷികള്‍ എപ്പോഴും പുതുക്കിക്കൊണ്ടിരിക്കുക എന്നതും സ്ഥാപനത്തിന്റെ ദൗത്യവും രീതികളും പ്രയോഗങ്ങളും ഇപ്പോഴും ഓര്‍മ്മപ്പെടുത്തുന്നതും. തീരുമാനങ്ങള്‍ എടുക്കാന്‍ പലപ്പോഴും പ്രത്യേകമായി മാത്രം ലഭ്യമാകുന്ന വിവരങ്ങള്‍ ആവശ്യമാണ്. മത്സരത്തിലുള്ള സ്ഥാപങ്ങള്‍ ഇത്തരത്തിലുള്ള വിവരങ്ങളെ അപായസാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും അറിയാന്‍ ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടാണ് ബുദ്ധിശേഷിയും രഹസ്യാത്മകതയും ഒരുമിച്ചുകൊണ്ടുപോകുന്നത്. വിവരവും രഹസ്യവും തമ്മില്‍ വേര്‍തിരിച്ചറിയുന്ന ആളുകള്‍ അറിവിന്റെ യുഗത്തില്‍ ആവശ്യമാണ്. അറിവിന്റെ യുഗം എന്നത് വളരെ വേഗത്തില്‍ രഹസ്യവിവരങ്ങളുടെ യുഗം എന്നതിലേക്ക് മാറുകയാണ്.

സ്ഥാപനങ്ങളും ആ വഴിക്ക് നീങ്ങേണ്ടിയിരിക്കുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിജയകരമായ പ്രവര്‍ത്തനത്തിലൂടെയാണ് വിവര കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനാവശ്യമായ ഒരു സംഘടനാ സംവിധാനം ഉണ്ടാക്കുക എന്നത് അറിവിന്റെ യുഗത്തില്‍ വളരെ നിര്‍ണായകമാണ്. കൂട്ടായ ഉത്പാദനക്ഷമത ഉറപ്പുവരുത്താനായി വ്യക്തിഗത ശേഷികള്‍ ശക്തിപ്പെടുത്തുക എന്ന സങ്കല്‍പ്പത്തെ ശക്തിപ്പെടുത്തുന്നതായിരിക്കണം സ്ഥാപനാന്തരീക്ഷം. ഒരു ബഹുസ്വരമായ സംഘത്തെ ആശയങ്ങളുടെ കേന്ദ്രമാക്കി വളര്‍ത്തുക, പങ്കുവെക്കലിലെ സുതാര്യതയിലൂടെ കോര്‍പ്പറേറ്റ് പ്രതിബദ്ധത ഉറപ്പുവരുത്തുക, പരസ്പര സഹായവും പങ്കാളിത്തവും ഉറപ്പുവരുത്തുക, പണത്തിനും മനുഷ്യശേഷിക്കുമൊപ്പം സമയത്തിനെയും ഒരു വിഭവസ്രോതസ്സായി കാണുക എന്നതെല്ലാം ഇതില്‍പ്പെടും. അറിവിന്റെ യുഗത്തില്‍ പ്രക്രിയകളും നടത്തിപ്പും പരമാവധി ശേഷിയിലാക്കാനുള്ള വഴി വിവര സാങ്കേതിക വിദ്യയാണ്. സാങ്കേതിക വിദ്യക്ക് അറിവിന്റെ അടിസ്ഥാനത്തിലുള്ള മനുഷ്യ ഇടപെടല്‍ കൂടാതെ മുന്നോട്ടു നീങ്ങാന്‍ കഴിയില്ല. ശരിയായ വിവരം ലഭിക്കുക എന്നത് എത്ര പ്രധാനമാണ് എന്ന് തെളിയിക്കുന്നു.

IANS

ഡി സി പഥക്

ഡി സി പഥക്

മുന്‍ ഡയറക്ടര്‍ , ഇന്റലിജന്‍സ് ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍