UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

കര്‍ണാടകം: ജനവിധികളുടെ മോഷണകല-ഹരീഷ് ഖരെ എഴുതുന്നു

ഭരണഘടന ഔചിത്യം, പൊതു ധാര്‍മികത, രാഷ്ട്രീയ നീതി എന്നിവയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വീണ്ടും കണ്ടെത്തുന്നതിന് രാജ്യത്തിന് ഒരവസരം നല്‍കിയതിന് കര്‍ണാടകത്തിലെ സമ്മതിദായകര്‍ക്ക് വലിയ നന്ദി പറയണം

ഹരീഷ് ഖരെ

ഭരണഘടന ഔചിത്യം, പൊതു ധാര്‍മികത, രാഷ്ട്രീയ നീതി എന്നിവയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വീണ്ടും കണ്ടെത്തുന്നതിന് രാജ്യത്തിന് ഒരവസരം നല്‍കിയതിന് കര്‍ണാടകത്തിലെ സമ്മതിദായകര്‍ക്ക് വലിയ നന്ദി പറയണം. അടുത്ത കാലത്തായി ഈ മൂല്യങ്ങളൊക്ക സൌകര്യം പോലെ വളയ്ക്കാവുന്നതും ഒടിക്കാവുന്നതും ആയി മാറിയിരുന്നു- ഡല്‍ഹിയിലെ ഭരണകര്‍ത്താക്കക്കളുടെ സൌകര്യം പോലെ നിര്‍വചിക്കാവുന്നവ.
കുഴലൂത്തുകാരായ വാര്‍ത്താവതാരകരും, പംക്തിയെഴുത്തുകാരും, പ്രവാസി സാമ്പത്തിക വിദഗ്ദ്ധരും, ബ്ലോഗര്‍മാരും, സാമൂഹ്യമാധ്യമങ്ങളിലെ സമ്മര്‍ദ്ദക്കാരും, ചിലപ്പോള്‍ നീതിപീഠത്തിലെ ന്യായാധിപന്മാര്‍ വരെ ഏതാണ്ടെല്ലാവരും ഈ പുതിയ രാഷ്ട്രീയ ധാര്‍മികത നിര്‍മ്മിച്ചെടുക്കുന്നതിന് കൂട്ടുനിന്നു-വിജയിയാണ് എല്ലായ്പ്പോഴും ശരി. ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ഗോവ എന്നിവിടെയെല്ലാം ‘സ്വന്തം’ ഗവര്‍ണര്‍മാരുടെ സാന്നിധ്യത്തില്‍ പണക്കൊഴുപ്പും, കയ്യിലുള്ള സകല കൌശലങ്ങളും ഭാരതീയ ജനത പാര്‍ടി ഉപയോഗിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ചു.

ബി ജെ പിയുടെ “ആസ്ഥാന തന്ത്രജ്ഞര്‍” എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാനും ഭരണകക്ഷിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് നേതാക്കളെയും മറ്റ് കളിക്കാരെയും വളയ്ക്കാനും ഭരണകൂടത്തിന്റെ എല്ലാ സമ്മര്‍ദ തന്ത്രങ്ങളും ഉപയോഗിക്കുന്നതിനുള്ള അവരുടെ വികാരരഹിതമായ ശേഷീകൃത്യതയുടെ പേരില്‍ വാഴ്ത്തപ്പെട്ടു. അപ്പുറത്ത് സ്വതന്ത്ര എം എല്‍ എമാരെ വലയിലാക്കുന്നതില്‍ മന്ദതയും ശേഷിക്കുറവും കാണിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കാള്‍ അപഹസിക്കപ്പെട്ടു. സട കൊഴിഞ്ഞ കൈകാര്യ വിദഗ്ധരെന്നും ‘NGO’ ക്കാരെന്നും അവരെ പരിഹസിച്ചു. ബി ജെ പിയുടെ ഊര്‍ജസ്വലരായ വിഭവസമൃദ്ധരായ നടത്തിപ്പുകാരുമായി താരതമ്യം പോലും ചെയ്യാനാകാത്തവരെന്ന് അവരെ കൂവിയാര്‍ത്തു. മോദിയുടെ കൂറ്റന്‍ രഥം രാഷ്ട്രീയ വിജയവുമായി ഉരുള്ളുന്നിടത്തോളം ഔചിത്യം, മൂല്യബോധം, ന്യായം എന്നിവയൊന്നും ആശങ്കകള്‍ അല്ലാതായി.

ഇനി രാഷ്ട്രീയ അവസരവാദത്തിന്റെ അവസാന വാക്ക്: തെരഞ്ഞെടുപ്പ് സഖ്യകക്ഷിയായ രാഷ്ട്രീയ ജനത ദളിനെ കയ്യൊഴിഞ്ഞു ബി ജെ പിക്കൊപ്പം പോയപ്പോള്‍ നിതീഷ് കുമാറിനെ മഹാത്മാവായാണ് ആഘോഷിച്ചത്. ബീഹാറിലെ ജനവിധിയെ വഞ്ചിച്ച ഈ അവസരവാദത്തെ ലാലു യാദവിനും അയാളുടെ രാഷ്ട്രീയ പങ്കാളി കോണ്‍ഗ്രസിനും നല്കിയ അര്‍ഹിക്കുന്ന തിരിച്ചടിയായി ഉയര്‍ത്തിക്കാട്ടി. ബി ജെ പി മുക്തമായ ബിഹാറിനായിരുന്നു ജനങ്ങള്‍ ബിഹാറില്‍ വോട്ട് ചെയ്തത്. പക്ഷേ ഒരു സഖ്യ കക്ഷിയുടെ രൂപത്തില്‍ പിന്‍വാതിലിലൂടെ ഭരണത്തിലെത്താന്‍ ബി ജെ പിക്ക് ഇതൊന്നും തടസമായില്ല. ഭരണഘടന മൂല്യങ്ങളും രാഷ്ട്രീയ മര്യാദകളും കാറ്റില്‍ പറത്തുന്നതിന് അവര്‍ക്ക് വ്യത്യസ്തമായ ധാര്‍മികതയുടെ കുപ്പായം തുന്നിക്കൊടുത്തു. ഈ പിന്തിരിപ്പന്‍ സ്വഭാവങ്ങളും ഭരണഘടനയെ വളച്ചൊടിക്കലും എല്ലാം കര്‍ണാടകത്തില്‍ എത്തുമ്പോള്‍ ബി ജെ പി നേതാക്കളെ വേട്ടയാടുകയാണ്.

ജനങ്ങളെ അവഗണിച്ചും വിലവെക്കാതെയും ഒന്നിന് പിറകെ ഒന്നായി ഓരോ രാജ്ഭവനും ബി ജെ പിയുടെ വിധേയരായപ്പോള്‍ നമ്മള്‍ നിസഹായരായി നോക്കിനില്‍ക്കേണ്ടിവന്നു. അങ്ങനെയാണ് വാജുഭായ് വാല ബി എസ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചതും ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയം കൊടുത്തതും. ജനതാദള്‍ (എസ്) – കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ നേതാവ് എച്ച്.ഡി കുമാരസ്വാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍ ജനവിധിയെ മാനിച്ചില്ല എന്നയാളെ കുറ്റപ്പെടുത്തുമായിരുന്നു. എന്നാല്‍ യെദ്യൂരപ്പയെ ക്ഷണിച്ചതോടെ ബി ജെ പിക്ക് മറ്റ് കക്ഷികളില്‍ നിന്നും എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാനുള്ള അനുമതിയാണ് ഗവര്‍ണര്‍ നല്കിയത്.

നാലുമണി; അത്ര ലഘുവല്ല ഇന്ത്യന്‍ ജനാധിപത്യമെന്ന് കഴുകന്മാരോട് ഘടികാരം പറയുമായിരിക്കാം

സംസ്ഥാനത്ത് തുറക്കുന്ന പണസഞ്ചികളുടെയും ഒഴുക്കുന്ന പണത്തിന്റെയും വ്യാപ്തിയും സ്വാധീനവും നമുക്കൊരിക്കലും അതിന്റെ മുഴുവന്‍ രൂപത്തില്‍ അറിയാന്‍ കഴിയില്ലായിരിക്കും. റിപ്പോര്‍ട്ടമാര്‍ മുഴുവന്‍ ‘കാണാതായ’ ‘അപ്രത്യക്ഷരായ’ എം എല്‍ എമാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നിലാണ്. ജെ ഡി എസ് എം എല്‍ എ മാരെ ബി ജെ പി കോഴ കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നു കുമാരസ്വാമി തന്നെ ആരോപണം ഉന്നയിച്ചു.

കര്‍ണാടകത്തിലെ ജനവിധി സങ്കീര്‍ണതകള്‍ ഇല്ലാത്തതല്ല. കണക്കുകള്‍ കൊണ്ട് അധികം സഹായമില്ല. തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും കുഴപ്പത്തിലാക്കി. കൃത്യം വിജയികളില്ല. എന്നാല്‍ തോറ്റത് ആരെന്ന കാര്യത്തില്‍ സംശയമില്ല- കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ വോട്ട് ശതമാനം കൂടിയെങ്കിലും കോണ്‍ഗ്രസിനെതിരെയാണ് ജനവിധി എന്നു ലളിതമായി പറയാവുന്നതാണ്. എന്നാലും കോണ്‍ഗ്രസിനെക്കാള്‍ 1.8% വോട്ട് കുറവുള്ള ബി ജെ പിക്ക് സംസ്ഥാനം ഭരിക്കാനുള്ള ജനവിധിയുണ്ടെന്ന് പറയുന്നത് എങ്ങനെ നോക്കിയാലും അല്പം കടന്ന കയ്യാണ്.

മറുവശത്ത് തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കോണ്‍ഗ്രസ്, ബി ജെ പി നേതാക്കള്‍ ഒരുപോലെ ജെ ഡി എസിനെ ആക്രമിച്ചു. എന്നാല്‍ താന്‍ മതേതര പക്ഷത്താണെന്ന് ഉറച്ചു പറഞ്ഞതിന്റെ മുന്‍തൂക്കം എച്ച്. ഡി. ദേവഗൌഡയ്ക്ക് ഉണ്ടായിരുന്നു.

ഏത് സ്വാമി വന്നാലും അപ്പ വന്നാലും കർണാടകയിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

തങ്ങളുടെ യുദ്ധതന്ത്രത്തിലെ സകല അധാര്‍മികതകളും പുറത്തെടുത്താല്‍ മാത്രമേ ബി ജെ പിക്ക് ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയൂ എന്നു യുക്തിയുള്ള ആര്‍ക്കും ബോധ്യമാകും; കോണ്‍ഗ്രസും ജെ ഡി എസും തങ്ങളുടെ തെരഞ്ഞെടുപ്പുകാലത്തെ നിലപാടുകള്‍ മാറ്റിവെച്ചാണ് ഇപ്പോള്‍ ഒന്നിച്ചതെന്നും. ഇരു താവളത്തിലും ബാധിച്ച ജീര്‍ണതകളുടെ ലളിതമായ സാക്ഷ്യങ്ങള്‍. അന്തിമവിധി സഹായകമല്ലെങ്കില്‍, ഇത്ര സങ്കീര്‍ണമായ ഫലം സൃഷ്ടിച്ച പ്രചാരണവും ഒട്ടും ഗുണകരമല്ലായിരുന്നു. കര്‍ണാടകത്തിന് ഒരു പുതിയ പദ്ധതി നല്കാന്‍ ബി ജെ പിക്ക് കയ്യിലൊന്നുമുണ്ടായിരുന്നില്ല. പകരം, അവരുടെ നേതാക്കള്‍, പ്രത്യേകിച്ചും പ്രധാനമന്ത്രി, ഹീനവും അധിക്ഷേപങ്ങള്‍ നിറഞ്ഞതുമായ പ്രചാരണമാണ് നടത്തിയത്. കോണ്‍ഗ്രസ് മുക്ത കര്‍ണാടകത്തിനായിരുന്നു ആഹ്വാനം അഥവാ കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്നകറ്റിയ എല്ലാ വൃത്തികെട്ട ഇടപാടുകളും പകര്‍ത്തുന്ന ബി ജെ പിയുടെ ഭാരത് പ്രക്രിയ.

ഗൌഡമാര്‍-അച്ഛനും മകനും- നല്ല പ്രകടനമാണ് നടത്തിയത്. കന്നഡിഗ അഭിമാനത്തെ ഉയര്‍ത്തിക്കാട്ടിയ സിദ്ധരാമയ്യയുടെ തന്ത്രത്തിനൊപ്പം, മൂത്ത ഗൌഡ പ്രാദേശിക വികാരങ്ങള്‍ മുതലാക്കുന്നതില്‍ വിജയിച്ചു. മോദി സംഘമാകട്ടെ ദേശീയ വികാരങ്ങളുടെ വമ്പന്‍ രഥമായിരുന്നു ഉരുട്ടിയത്. ഈ തെരഞ്ഞെടുപ്പ് രണ്ടു സ്വത്വങ്ങളുടെയും രണ്ടു വൈകാരികതകളുടെയും ഏറ്റുമുട്ടലായിരുന്നു. ദേശീയ പക്ഷത്തിന് ഫലം ഒരു ചെറിയ വിജയമായി മാത്രം കണക്കാക്കാം. ബി ജെ പിക്ക് ഉണ്ടാകുന്ന ഏക ആശ്വാസം മോദിയുടെ പ്രഭാവം പൂര്‍ണമായും അസ്തമിച്ചിട്ടില്ല എന്നതില്‍ മാത്രമാണ്.

ചെങ്ങന്നൂരിനെ കര്‍ണ്ണാടക ബാധിച്ചാല്‍ കൈപൊള്ളുക ആര്‍ക്ക്?

എന്തായാലും ഒരു തെരഞ്ഞെടുപ്പ് ഉണ്ടാക്കേണ്ടത് പ്രവര്‍ത്തനസജ്ജമായ ഒരു സര്‍ക്കാരിനെയാണ്. രാഷ്ട്രീയമായി ന്യായവും ഭരണഘടനാപരമായി കൃത്യതയും പുലര്‍ത്താന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. സിദ്ധരാമയ്യയുടെ ഭരണത്തിനു ശേഷം അധികാരം പിടിച്ചെടുക്കാനുള്ള കുടിലതന്ത്രമായാണ് കോണ്‍ഗ്രസ്- ജെ ഡി എസ് ശ്രമത്തെ ബി ജെ പിയും ഓര്‍മ്മക്കുറവുള്ളവരും കാണുന്നത്. മറുവശത്ത് ബി ജെ പിയുടെ വാദങ്ങള്‍ അവര്‍ക്ക് മാത്രം ബോധ്യമാകുന്നവയാണ്.

ഗവര്‍ണര്‍, കുമാരസ്വാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നുവെങ്കില്‍ അത് ബി ജെ പി നേതൃത്വത്തിന് സ്വീകാര്യമാകില്ലായിരുന്നു. എന്നാല്‍ തങ്ങള്‍ രാഷ്ട്രീയമായി ഒരു വീഴ്ച്ചയും പറ്റാത്തവരാണെന്ന ബി ജെ പി നേതാക്കളുടെ ധാരണ മാറിയെ തീരൂ. രാഷ്ട്രീയ അടവുകളില്‍ തങ്ങള്‍ക്ക് കുത്തകയൊന്നുമില്ല എന്ന് ബി ജെ പി നേതാക്കള്‍ക്കു കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തില്‍ നിന്നും ബി ജെ പിക്ക് ബോധ്യമാകണം. എല്ലാ തെരഞ്ഞെടുപ്പും തങ്ങള്‍ തന്നെ ജയിക്കണമെന്നില്ല എന്നും എല്ലായ്പ്പോഴും അധികാരത്തില്‍ ഇരിക്കണമെന്നില്ലെന്നും ഒരു കാലത്ത് രാഷ്ട്രീയ ധാര്‍മികത ഘോഷിച്ചിരുന്ന ബി ജെ പി നേതാക്കള്‍ക്ക് ഓര്‍മ്മ വരണം.

ജനാധിപത്യത്തിന്റെ ചട്ടങ്ങള്‍ പുതുക്കിപ്പണിയുന്നതിനും അതിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് മടങ്ങാനുമുള്ള ഒരവസരമാണ് കര്‍ണാടകത്തിലെ സമ്മതിദായകര്‍ നല്കിയത്. രാഷ്ട്രീയ അധാര്‍മികതയുമായുള്ള വിപുലമായ ഇടപെടല്‍ അസംതൃപ്തമായ ഫലങ്ങള്‍ മാത്രമാണുണ്ടാക്കുക. അത് ഇന്ത്യയുടെ ദീര്‍ഘകാല ഐക്യത്തിനും സമഗ്രതയ്ക്കും ഒട്ടും ഗുണം ചെയ്യില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

2002ല്‍ മോദിക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്ത ഈ ആര്‍ എസ് എസുകാരനില്‍ നിന്ന് എന്തു പ്രതീക്ഷിക്കണം?

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍