UPDATES

മായ വേണുഗോപാല്‍

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

മായ വേണുഗോപാല്‍

മതവും പാരമ്പര്യവും ബച്ചാ പോഷുകളെ സൃഷ്ടിക്കുമ്പോള്‍; അഫ്ഗാനില്‍ നിന്നും ശബരിമലയിലേക്ക് ഒരു യാത്ര

മതവും പാരമ്പര്യവും സ്ത്രീത്വത്തെ ഇരുട്ടിലേക്ക് കൊണ്ടുപോകുന്നത് കാണണമെങ്കില്‍ അഫ്ഗാനിസ്ഥാനിലേക്ക് നോക്കൂ. ശേഷം, ഇന്ത്യയിലേക്ക് മടങ്ങി വരൂ. ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കാനായി സ്ത്രീകള്‍ വേട്ടയാടപ്പെടുന്നത് കാണാം

കുറച്ചു നാളുകളായി ശബരിമലയുടെ പേരില്‍ അരങ്ങേറുന്ന പ്രശ്‌നങ്ങള്‍ പുരോഗമനചിന്താഗതിക്കാരെയും സ്ത്രീസമത്വവാദികളെയും യുക്തിവാദികളെയുമൊക്കെ ഇരുത്തിചിന്തിപ്പിച്ചു എന്നതില്‍ തര്‍ക്കമില്ല. ഊഷ്മളമായ സ്‌നേഹം നിലനിര്‍ത്തിപോന്ന പല കുടുംബങ്ങള്‍പോലും ഈ ഒരു വിശ്വാസ/അവിശ്വാസ ദ്വന്ഥ്വത്തില്‍ പെട്ട് വഴക്കുകൂടി പിരിഞ്ഞിട്ടുണ്ട്. പുരുഷമേധാവിത്വം ഇത്ര ശക്തമായി ഈ നാട്ടില്‍ വേരോടുന്നു എന്ന തിരിച്ചറിവ് കൂടിയായിരുന്നു ശബരിമലയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇന്ത്യയിലെ ഭരണത്തിനു ഒരു മതാധിഷ്ഠിത മുഖം കൈവന്നിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. അതിന്റെ ബാക്കിപത്രമായേ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കൂ. മതവും ആചാരവും മാത്രമല്ല, പുരുഷലോകം ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക്, അതിപ്പോ ഒരു പൊതുവിടമാണെന്നുവരികിലും, സ്ത്രീയെ ഉള്‍കൊള്ളിക്കാനുള്ള മടിയും ആണഹങ്കാരവുമാണ് ശബരിമലയില്‍ കണ്ടത്. പുരുഷന് സ്ത്രീയുടെ ശക്തിയെ ഭയമാണ്, താന്‍ കാലങ്ങളായി അനുഭവിച്ചു പോരുന്ന മേല്‍കോയ്മ തുല്യസ്ഥാനം നല്‍കുന്നതിലൂടെ നഷ്ടപ്പെടുമോ എന്ന ആശങ്ക ഏതു ശക്തി ഉപയോഗിച്ചും അവളെ കീഴ്‌പ്പെടുത്തി നിര്‍ത്താന്‍ പുരുഷനെ പ്രേരിപ്പിക്കും. അത്തരത്തില്‍, സ്ത്രീകളെ അടിച്ചമര്‍ത്താന്‍ മതഫാസിസത്തെ ഉപകരണമാക്കുന്നതിനെപറ്റി മൊറോക്കന്‍ സ്ത്രീപക്ഷ ചിന്തകയായ ഫാത്തിമ മേര്‍നിസ്സി തന്റെ പുസ്തകങ്ങളില്‍ നിരീക്ഷിക്കുന്നുണ്ട്. മതവും ആചാരവും എപ്രകാരമാണ് സ്ത്രീയെ പൊതുവിടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പണിപ്പെടുന്നത് എന്ന ചിന്ത കൊണ്ടുചെന്നെത്തിച്ചത് അഫ്ഗാനിസ്ഥാനെപറ്റി കുറച്ചു നാളുകളായി നടത്തുന്ന വായനയിലാണ്. പാരമ്പര്യവും മതത്തിന്റെ കെട്ടുപാടുകളും അനിര്‍വചനീയമായ വിധത്തിലാണ് സ്ത്രീയുടെ മേല്‍ പ്രയോഗിക്കപെടുന്നത് എന്ന് അഫ്ഗാന്‍ സ്ത്രീകളുടെ ദൈനംദിന ജീവിതം കാട്ടിത്തരുന്നുണ്ട്. സ്ത്രീകളെ ചൊല്‍പ്പടിക്ക് നിര്‍ത്തുവാനായി മതത്തെ കൂട്ടുപിടിച്ചുകൊണ്ട് നടത്തിവരുന്ന കൊള്ളരുതായ്മകള്‍ പലപ്പോഴും അവിശ്വസനീയമായി തോന്നും. വെളിയിലിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കുന്നത് മുതല്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നതിനെ തടയുന്നതുവരെ മതനിയമങ്ങള്‍ക്കെതിരാണെന്ന് വരുത്തി തീര്‍ക്കുന്നുണ്ട് അവിടുത്തെ പുരുഷാധിപത്യ സമൂഹം. കൂട്ടത്തില്‍ ഏറ്റവും വിചിത്രമായി തോന്നിയ ഒന്നാണ് ബച്ചാ പോഷുകളുടെ ലോകം.

അഫ്ഗാനിസ്ഥാനിലെ കബൂളില്‍ പതിമൂന്നുകാരി തന്നെക്കാള്‍ മുപ്പതു വയസ്സ് അധികം പ്രായമുള്ള ഒരാളുടെ രണ്ടാം ഭാര്യയാകുന്നു. ‘മച്ചി’ എന്ന് വിളിക്കപ്പെടുന്ന ആദ്യ ഭാര്യയെ കടത്തിവെട്ടി ഒന്നും രണ്ടും ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പതിമൂന്നുകാരി ഫലഭൂവിഷ്ടമായ ശരീരത്തിനുടമയും അതിലുപരി കുടുംബത്തിന്റെ മാനം കാക്കുന്ന ഐശ്വര്യസമ്പന്നയുമാകുന്നു. എന്നാല്‍, തുടരെത്തുടരെ രോഗബധയേറ്റു രണ്ടു കുഞ്ഞുങ്ങളും മരിക്കുകയും മൂന്നാമത് ജനിക്കുന്ന കുഞ്ഞുമകനെ അതീവ ഗുരുതരമായ അസുഖം ബാധിക്കുകയും ചെയ്തതോടെ, വീട്ടില്‍ അരങ്ങേറിയ മരണങ്ങളില്‍ ആദ്യഭാര്യക്കുള്ള പങ്കിനെ പതിമൂന്നുകാരി സംശയിച്ചു തുടങ്ങുന്നു. ഫലഭൂവിഷ്ഠമായ സ്ത്രീശരീരവും അതിലുപരി ആണ്‍കുഞ്ഞിനു ജന്മം നല്‍കാനുള്ള ഭാഗ്യവും അഫ്ഗാനിസ്ഥാനില്‍ തീര്‍ത്തും നിസ്സാരമായ ഒരു കാര്യമല്ല. നാലാമതായി ജനിച്ചു വീഴുന്ന പെണ്‍കുട്ടിക്ക് ഒരേയൊരു കടമയെ നിര്‍വഹിക്കാനുണ്ടായിരുന്നുള്ളൂ, തന്റെ മൂത്ത സഹോദരന് കാവല്‍ നില്‍ക്കുക. അപായപ്പെടുത്താന്‍ സാധ്യതയുള്ള കണ്ണുകളെ ആട്ടിയോടിച്ച് ഒരു ആണ്‍കുട്ടിയോളം കരുത്താര്‍ജിച്ച് അരുമയായ തന്റെ മൂത്ത സഹോദരന് തണലൊരുക്കുക എന്ന ദൗത്യവുമായി അങ്ങനെ ശുക്രിയ ജനിക്കുന്നു. ജനിച്ച ദിവസം മുതല്‍ അവള്‍ ആണ്‍കുട്ടിയാണ്. ‘ശുകൂര്‍’ എന്ന് വിളിപ്പേര് വീണ ശുക്രിയ വളര്‍ന്നു വലുതാകുംതോറും ശരീരംകൊണ്ടും മനസ്സുകൊണ്ടും ഒരു ആണ്‍കുട്ടിയായി മാറുന്നു. സ്‌ത്രൈണത തൊട്ടുതീണ്ടിയിട്ടില്ലാത്ത, നടപ്പിലും ചിന്തയിലും പെരുമാറ്റത്തിലുമൊക്കെ ആണ്‍കുട്ടിയായി ജീവിക്കുന്ന ധാരാളം ശുകൂര്‍/ശുക്രിയമാരാല്‍ സമ്പന്നമാണ് അഫ്ഗാനിസ്ഥാന്‍. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളായി വേഷമിട്ടു നടക്കുന്ന ബച്ചാ പോഷ് എന്ന ഈ പതിവ് ലോകത്തെ അമ്പരപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. പെണ്‍കുട്ടി ആണ്‍കുട്ടിയായി വേഷപ്രച്ഛന്നയാവുക (dress like a boy) എന്നാണ് ‘ദരി’ ഭാഷയില്‍ ഈ വാക്കിനര്‍ത്ഥം. ‘പാഷ്‌തോ’ ഭാഷയില്‍ ‘ആലകാന’ എന്നും ഇവരെ വിളിക്കാറുണ്ട്.

പെണ്‍കുഞ്ഞുങ്ങള്‍ ആണ്‍കുഞ്ഞുങ്ങളായി വേഷമിട്ടുകൊണ്ട് ജീവിതം ആരംഭിക്കുന്ന ഈ രീതി പൂര്‍വഇസ്ലാമിക കാലഘട്ടത്തില്‍ പോലും നിലനിന്നിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്ന ഹബീബുള്ള രാജാവിന്റെ കാലത്ത് കുതിരകളെ ഓടിക്കുവാനും അമ്പെയ്യുവാനുമൊക്കെ പരിശീലനം ലഭിച്ചിരുന്ന ബച്ചാ പോഷുകള്‍ രാജകൊട്ടാരത്തില്‍ ജീവിച്ചിരുന്നതായി അമേരിക്കന്‍ ചരിത്രഗവേഷകനും നരവംശശാസ്ത്രജ്ഞനുമായ ലൂയി ട്യുപ്രി അഫ്ഗാനിസ്ഥാന്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കബൂള്‍ യുണിവേഴ്‌സിറ്റിയിലെ അഫ്ഗാനിസ്ഥാന്‍ സെന്ററില്‍ ഉദ്യോഗസ്ഥയായിരുന്ന ഭാര്യ നാന്‍സി ട്യൂപ്രിയോടൊപ്പം ഒരു പതിറ്റാണ്ടിലേറെ കാലം അഫ്ഗാനിസ്ഥാനിലെ പല സ്ഥലങ്ങളില്‍ സഞ്ചരിച്ച്, പല ചരിത്രയിടങ്ങളിലും ഉത്ഘാടനം നടത്തിയ അദ്ദേഹം അഫ്ഗാനിസ്ഥാനെപറ്റി അഞ്ചു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നാദിയ ഹാഷിമിയെന്ന അഫ്ഗാന്‍ നോവലിസ്റ്റിന്റെ The Pearl that Broke its Shell എന്ന നോവല്‍ രാജഭരണകാലത്തെ ബച്ചാ പോഷുകളെ കേന്ദ്രകഥാപാത്രങ്ങളാക്കുന്നുണ്ട്. രാജഭരണകാലത്ത് ധീരതയുടെയും കരുത്തിന്റെയും അടയാളങ്ങളായി വാഴ്ത്തപ്പെട്ടിരുന്ന ബച്ചാ പോഷുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അഫ്ഗാനിസ്ഥാനില്‍ നിവര്‍ത്തികേടിന്റെയും പെണ്ണായി പിറന്ന നാണക്കേടിന്റെയും ആകെത്തുകയായി അതിജീവിക്കുന്നു.

പാരമ്പര്യത്തിന്റെയും മതനിയമങ്ങളുടെയും കെട്ടുപാടുകളില്‍ പിണഞ്ഞതാണ് അഫ്ഗാന്‍ ജീവിതങ്ങള്‍. യൂറോപ്യന്‍ കമ്യൂണിസ്സ്റ്റുകളുടെ അജണ്ട നടപ്പിലാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് സോവിയറ്റ് യൂണിയന്‍ 1979ല്‍ അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുക്കുന്നതെങ്കിലും സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളിലൂടെ വനിതകള്‍ സമൂഹത്തില്‍ ഇടപെട്ടുകൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ അന്ന് കൊണ്ടുവന്നിരുന്നതായി അഫ്ഗാന്‍ പാര്‍ലമെന്റ് അംഗമായ അസീറ്റ അമേരിക്കന്‍ പത്രപ്രവര്‍ത്തകയായ ജെന്നി നോഡ്‌ബെര്‍ഗിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ട്രാമുകള്‍ ഓടിക്കുന്ന വനിതാഡ്രൈവര്‍മാര്‍ വരെ അന്നുണ്ടായിരുന്നതായി അവര്‍ പറയുന്നു. അഫ്ഗാന്‍ ജനതയുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സ്ത്രീകള്‍ നടത്തിയിരുന്ന ഇടപെടലുകള്‍ ഇന്നത്തെ അഫ്ഗാന്‍ മണ്ണില്‍ നിന്നുകൊണ്ട് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതാവഹമായി തോന്നും. മതവും ഏകാധിപത്യവും എത്ര എളുപ്പത്തിലാണ് സ്ത്രീകളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഒരാളെ അതീവ ദുഖത്തിലാഴ്ത്തുകയും ചെയ്യും.

ഇസ്ലാം അതിന്റെ അന്തസ്സത്തയില്‍ തീര്‍ത്തും സ്ത്രീവിരുദ്ധമല്ലാത്ത, പിന്‍തിരിപ്പനല്ലാത്ത, അതേ സമയം, ആധുനികവും പുരോഗമനപരവുമായ ഒരു മതമാണെന്ന് ലൂയി ട്യൂപ്രീ തന്റെ പല പുസ്തകങ്ങളിലും പറഞ്ഞു വയ്ക്കുന്നുണ്ട്. അക്ബര്‍ അഹമ്മദിന്റെ Discovering Islam എന്ന പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യവംശത്തോട് ഏറ്റവുമധികം സംവദിക്കുന്ന ഒരു മതമായേ അതിനെ കാണാന്‍ കഴിയു. തന്റെ ബൗദ്ധികവ്യവഹാരങ്ങളില്‍ ഭാര്യമാരെ പങ്കാളികളാക്കിയിരുന്ന മുഹമ്മദ് നബിയെപറ്റി, അദ്ധേഹത്തിന്റെ മരണശേഷം മുന്നില്‍നിന്ന് യുദ്ധം നയിച്ച ആയിഷ എന്ന ഭാര്യയെപറ്റിയൊക്കെ Beyond the Veil എന്ന പുസ്തകത്തില്‍ ഫാത്തിമ മര്‍നിസ്സി പറയുന്നുണ്ട്. അത്രകണ്ട് സ്ത്രീപക്ഷമായിരുനു ഖുറാനിലൂടെ നാമറിയുന്ന ഇസ്ലാമെന്നു വാദിക്കുന്നു മേര്‍നിസ്സി. എന്നാല്‍ വളരെ പെട്ടെന്നാണ് പുരോഹിതന്മാര്‍ അവരുടെ ഇഷ്ടത്തിന് പടച്ചുവിടുന്ന ഹദീദുകള്‍ക്കനുസൃതമായി സമൂഹത്തിലെ കാര്യങ്ങള്‍ നിശ്ച്ച്ചയിക്കപ്പെടുന്ന അവസ്ഥയിലേക്ക് ആ മതം മാറിപ്പോയത്. അഫ്ഗാനിസ്ഥാനില്‍ മതണ്ഡിതരാവുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്ന് അഫ്ഗാനികള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. മതത്തെയും ഖുറാനെയും വളച്ചൊടിച്ച് ആധികാരികമെന്നു തോന്നിക്കുന്ന ഹദീദുകള്‍ പ്രസംഗിച്ചു നടന്നാല്‍ വിദ്യാഭ്യാസമില്ലാത്ത ഒരാള്‍ക്ക് പോലും ആ നാട്ടില്‍ ഒരു മതപുരോഹിതനാകാം. സോവിയെറ്റ് യൂണിയനെ നേരിടാന്‍ അമേരിക്കന്‍ സഹായത്തോടെ ജന്മം കൊണ്ട മുജാഹിദീനുകളും അതിനു ശേഷം വന്ന താലിബാനികളും ചേര്‍ന്ന് വളരെ നിസ്സാരമായാണ് മതനിയമങ്ങളെ സ്ത്രീവിരുദ്ധതക്കായി ഉപയോഗിച്ചുകൊണ്ട് ഇരുട്ടടഞ്ഞ നാടായി അഫ്ഗാനിസ്ഥാനെ മാറ്റിയതും ഇന്ന് കാണുന്ന ദാരുണമായ അവസ്ഥയിലേക്ക് അതിനെ എത്തിച്ചതും. ഈ പരിണാമദിശയില്‍ ബച്ചാ പോഷുകള്‍ അഫ്ഗാന്‍ സ്ത്രീത്വത്തിന്റെ മുന്നോട്ടുപോക്കിനുള്ള അനിവാര്യഘടകമായി മാറുകയായിരുന്നു.

പെണ്‍കുഞ്ഞിനു മാത്രം ജന്മം നല്‍കാന്‍ വിധിക്കപ്പെട്ട സ്ത്രീകളെ ധോക്താര്‍ സായ് എന്നാണ് പരമ്പരാഗതമായി അഫ്ഗാനികള്‍ വിളിച്ചു പോരുന്നത്. എന്നാല്‍, ഖോഷ്‌ക്കുകളെ (പരമ്പരാഗതമായി ‘മച്ചി’ എന്ന് വിളിപ്പേര് വീണവര്‍) അപേക്ഷിച്ച് അല്‍പ്പം ഭേദപ്പെട്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്. പല ഭാഷകളിലും കാണുന്ന ഇത്തരം വാക്‌ശേഖരങ്ങള്‍, പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീയുടെ ദാരുണമായ അവസ്ഥയെ വെളിവാക്കുന്നുണ്ട്. മുജാഹിദീനുകളും താലിബാനികളുമെല്ലാം മതാധിഷ്ടിത രാജ്യം വാര്‍ത്തെടുത്തപ്പോള്‍ ആധുനികതയിലേക്ക് നടന്നുനീങ്ങാന്‍ തുനിഞ്ഞ ഒരു ജനത പിന്നോട്ടടിക്കപ്പെടുകയായിരുന്നു. സ്ത്രീയായി ജനിക്കുക എന്നത് ശാപമായി കരുതുന്നവരാണ് അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം സ്ത്രീകളും. ഒരു സ്ത്രീയുടെ വസ്ത്രധാരണം അവളുടെ പെരുമാറ്റത്തെക്കാള്‍ പ്രധാനമാകുന്ന ഒരിടത്ത്, മകള്‍ എന്നത് തീരാദുഖവും മകന്‍ മറ്റെന്തിനേക്കാള്‍ വിലയുള്ളതുമാകുന്ന ഒരിടത്ത് ബച്ചാ പോഷുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അഫ്ഗാനികള്‍ക്ക് ബച്ചാ പോഷുകള്‍ ഒരു നാണക്കേടല്ല. നിശബ്ദമായി സമൂഹത്തില്‍ വേരോടിക്കൊണ്ടിരിക്കുന്ന, ആരും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, എന്നാല്‍ ഒരു പരസ്യരഹസ്യമായി തുടര്‍ന്നുപോരുന്ന ഒന്നാണ് നാടെങ്ങും ജീവിക്കുന്ന ഈ ആണ്‍/പെണ്‍കുട്ടികള്‍. രാജ്യത്ത് നിലനിന്നു പോരുന്ന സാമൂഹിക സാംസ്‌കാരിക അവസ്ഥയോട് യോജിച്ചുപോകാന്‍ ഈ രീതി സഹായകമാണെന്ന് പല ബാച്ച പോഷുകളും സാക്ഷ്യപ്പെടുത്തുന്നു. 2014ല്‍ പുറത്തിറങ്ങിയ ജെന്നി നോര്‍ഡ്‌ബെര്‍ഗ് എന്ന അമേരിക്കന്‍ ജേര്‍ണലിസ്റ്റിന്റെ The Underground Girls of Kabul എന്ന പുസ്ത്തകത്തിലൂടെയാണ് ബച്ചാ പോഷുകള്‍ ആരാണെന്നും എന്താണെന്നും പുറംലോകമറിയുന്നത്. കബൂളും അതിനെ ചുറ്റിപറ്റികിടക്കുന്ന ഗ്രാമപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിവിധ ബച്ചാ പോഷുകളും അവരുടെ കുടുംബാംഗങ്ങളുമായി നോര്‍ഡ്‌ബെര്‍ഗ് നടത്തിയ അഭിമുഖങ്ങളിലൂടെ ബച്ചാ പോഷുകള്‍ അനുഭവിക്കുന്ന ശാരീരിക മാനസിക സംഘര്‍ഷങ്ങള്‍ വെളിപ്പെടുന്നു.

ശക്തീകരിക്കപെട്ടു എന്ന് കരുതപ്പെടുന്ന, അഫ്ഗാന്‍ പാര്‍ലമെന്റംഗം എന്ന അതിവിശിഷ്ട പദവി അലങ്കരിക്കുന്ന അസീറ്റ എന്ന പട്ടണക്കാരിയായ അമ്മ മുതല്‍ ആണ്‍കുഞ്ഞുങ്ങളില്ലാത്തതിനാല്‍ പുറത്തിറങ്ങി പണിയെടുത്ത് വീടുപോറ്റാന്‍ ബുദ്ധിമുട്ടുന്ന നാട്ടിന്‍പുറത്തെ അമ്മ വരെ ബച്ചാ പോഷുകളെ വളര്‍ത്തുന്നുണ്ട്. ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്ത അസീറ്റ തന്റെ മകളെ മെഹറാന്‍ എന്ന പേരില്‍ ആണ്‍കുട്ടിയായി വളര്‍ത്തുന്നത് കുടുംബത്തിന്റെ അഭിമാനത്തെ ഭയന്നാണ്. അഫ്ഗാന്‍ സമൂഹം നേരിടുന്ന വൈകല്യത്തിന്റെ ബാക്കിപത്രമാണ് ബച്ചാ പോഷുകള്‍ എന്നറിഞ്ഞിട്ടും, താനിരിക്കുന്ന പാര്‍ലമെന്റ് പോലും പുരുഷാധിപത്യതിന്റെ കേന്ദ്രമാണെന്ന അവബോധമുണ്ടായിട്ടും ആ വ്യവസ്ഥക്കെതിരെ കലഹിക്കാനല്ല, മറിച്ച് അതിനോട് അടിപ്പെട്ടു ജീവിക്കാനേ അസീറ്റ എന്ന അമ്മക്ക് സാധിക്കുന്നുള്ളൂ. എട്ടു സഹോദരിമാരടങ്ങിയ കുടുംബത്തെ പോറ്റുവാനാണ് നാട്ടിന്‍പുറത്തെ അമ്മ നീമയെന്ന തന്റെ മകളെ ആണായി വളര്‍ത്തുന്നത്. മയക്കുമരുന്നിനു അടിമയായ അച്ഛന്മാര്‍ കുടുംബം നോക്കാതെ വരുന്നിടത്ത്, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സമൂഹത്തിലിറങ്ങി പഠിക്കാനോ വരുമാനം കണ്ടെത്താനോ അധികാരമില്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ ബച്ചാ പോഷുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഇസ്മയില്‍ എന്ന പേരില്‍ ആണ്‍കുട്ടിയായി ജീവിക്കുന്ന പെണ്‍കുട്ടി ഭിന്നശേഷിക്കാരിയായ ഒരു അമ്മയുടെ മകളാണ്. ഗര്‍ഭധാരണം ഒരു ജൈവികപ്രക്രിയയെക്കാളധികം ഒരു മാജിക് കൂടിയാണെന്ന അന്ധമായ വിശ്വാസമാണ് ഇസ്മയില്‍ എന്ന ബച്ചാ പോഷിനെ സൃഷ്ടിച്ചത്. ആറാമതും ഒരു പെണ്‍കുഞ്ഞുണ്ടായപ്പോള്‍ അവള്‍ ഇസ്മയിലായി മാറുന്നു. അവനെ ദിവസവും കണ്‍കുളിര്‍ക്കെ കാണുമ്പോള്‍ തന്റെ ശരീരവും മനസ്സും ഒരു ആണ്‍കുഞ്ഞിനായി പാകപ്പെടുമെന്ന് ആ അമ്മ പ്രാര്‍ഥനയോടെ വിശ്വസിക്കുന്നു. ആണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിച്ച്, അവര്‍ നടക്കുന്നതുപോലെ തലയുയര്‍ത്തി നടക്കുവാനും, കാലുകള്‍ കവച്ചുവച്ച് ഇരിക്കുവാനും, കൂട്ട് കൂടുവാനും ഉറക്കെ സംസാരിക്കുവാനും, ദേഷ്യം വന്നാല്‍ ഒച്ചയിട്ട് അലറുവാനും അങ്ങനെയങ്ങനെ പെണ്‍ശരീരം ഒരു വലിയ പ്രശ്‌നമാകുന്നിടത്ത് ആ ശരീരത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് വെളിയിലേക്ക് സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട് ബച്ചാ പോഷ് എന്ന രീതി. അതേ സമയം, ആണധികാരത്തിന്റെ, മതത്തിന്റെ, പാരമ്പര്യത്തിന്റെ ഇരകളാക്കപ്പെടുന്ന സ്ത്രീശരീരങ്ങള്‍ക്ക് പൊതുസമൂഹത്തിലുള്ള വിലക്കുകളാണ് ബച്ചാ പോഷുകളെ നിര്‍മിക്കുന്നത് എന്ന വസ്തുത ഭീതിപ്പെടുത്തുന്നതാണ്.

പ്രായപൂര്‍ത്തിയാകുന്നതോടെ ബച്ചാ പോഷായി തുടരാനുള്ള ശാരീരിക തടസ്സങ്ങളും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിവാഹജീവിതത്തിലേക്ക് കടക്കേണ്ടിവരുന്നതും ബച്ചാ പോഷുകളെ ശാരീരിക മാനസിക സംഘര്‍ഷങ്ങളില്‍പെടുത്തുന്നു എന്ന് പല ബച്ചാ പോഷുകളും പറയുന്നു. ആണ്‍ധൈര്യത്തിന്റെയും ചിന്തകളുടെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തുനിന്നും തടസ്സങ്ങള്‍ മാത്രമുള്ള പെണ്ണുടലിന്റെ ലോകത്തേക്കുള്ള ശാരീരിക മാനസിക സഞ്ചാരം തീരെ എളുപ്പമല്ലെന്ന് ശുകുര്‍ ആയി ജീവിച്ച് ഒടുക്കം ഒരു തികഞ്ഞ അഫ്ഗാനി സ്ത്രീയായി ഒതുങ്ങിക്കൂടേണ്ടിവന്ന ശുക്രിയ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അഫ്ഗാന്‍ സ്ത്രീകളുടെ ചിന്തകളും രീതികളും തികച്ചും വ്യത്യസ്തമാണെന്ന് പറയുന്നു ശുക്രിയ. ചെറിയ അസൂയകളിലൂടെയും പൊങ്ങച്ചങ്ങളിലൂടെയും മറ്റ് സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയാണ് അവര്‍ ജീവിക്കുന്നത്. ബുര്‍ഖയണിഞ്ഞുള്ള നടത്തം, കൈകളും കാലുകളും പൊക്കുകയും അനക്കുകയും ചെയ്യുന്ന രീതി, മാനസികസഞ്ചാരം ഇവയൊക്കെത്തന്നെ വളരെ വ്യത്യസ്തമാണ്. തന്റെ ലൈംഗികജീവിതം പോലും ഒരു വലിയ പരാജയമാണെന്ന് ശുക്രിയ പറയുന്നു.

ലിംഗവും(gender) ലൈംഗികതയും (sexuality) പെട്ടികളില്‍ അടുക്കിച്ചിട്ടപ്പെടുത്തിയതല്ലെന്നും അവ ആണിന്റെ ലോകത്തു നിന്ന് പെണ്ണിന്റെ ലോകത്തേക്കും തിരിച്ചങ്ങോട്ടും ജലം പോലെ പരന്നൊഴുകി അതിരുകള്‍ ഭേദിക്കുമെന്നും ഈ ഉത്തരാധുനികലോകം നമ്മെ പഠിപ്പിച്ചതിനോട് ചേര്‍ത്തുവച്ചു വായിക്കപ്പെടേണ്ടതാണ് ബച്ചാ പോഷുകളുടെ ജീവിതങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ ലിംഗവും ലൈംഗികതയും ഒരു നാണയത്തിന്റെ ഇരുപുറങ്ങളായി നിലനില്‍ക്കുന്നവയാണെന്നും അവ പൂര്‍ണമായും സാമൂഹ്യ സാംസ്‌കാരിക നിര്‍മ്മിതികളാണെന്നും അടിവരയിട്ട് പറയുന്നു ശുക്രിയമാരുടെ ജീവിതങ്ങള്‍. അമേരിക്കന്‍ തത്വചിന്തകയായ ജൂഡിത്ത് ബട്‌ലറുടെ നിരീക്ഷണം ഇതിനെ സാധൂകരിക്കുന്നതാണ്. നിരന്തരമായ പരിശീലനത്തിലൂടെ കുഞ്ഞുങ്ങള്‍ ഭാഷ സ്വായത്തമാക്കുന്നതുപോലെയാണ് ജെന്‍ഡര്‍ ബിഹേവിയേഴ്‌സ് ഒരു സാമൂഹിക സാംസ്‌കാരിക വ്യവഹാരത്തിലൂടെ ഒരാള്‍ വശത്താക്കുന്നത്. ജെന്‍ഡര്‍ നിര്‍ണ്ണയിക്കുന്നത് സമൂഹമാണ്. നിരന്തരമായ പരിശീലനത്തിലൂടെയും പ്രകടനപരതയിലൂടെയും അത് ഒരാളുടെ സ്വന്തമായി മാറുന്നു. പെണ്ണായി ജനിച്ചതിനു ശേഷം വളരെ എളുപ്പത്തില്‍ മനസുകൊണ്ടും ശരീരം കൊണ്ടും ആണായി ജീവിക്കാന്‍ കഴിയുന്ന ഒരുകൂട്ടം ബച്ചാ പോഷുകള്‍ സമൂഹം നിര്‍മിച്ചിരിക്കുന്ന ജെന്‍ഡര്‍ അതിര്‍വരമ്പുകള്‍ അനായാസമായി മുറിച്ചു കടക്കാമെന്ന് കാണിച്ചുതരുന്നു. മറുവശത്ത്, തടസ്സങ്ങളിലൂടെ മാത്രം നടക്കുവാനും പെണ്ണായി പിറക്കുന്നത് കൊടുംപാപമാണെന്ന് സ്ത്രീകളെ സ്വയം വിശ്വസിപ്പിക്കുവാനും മതനിയമങ്ങള്‍ കൊണ്ട് കെട്ടിപ്പൊക്കിയ ഒരു രാജ്യത്തിലെ ആണ്‍സമൂഹം കാലങ്ങളായി നടത്തിവരുന്ന ശ്രമങ്ങളുടെ ഫലമാണ് ബച്ചാ പോഷുകള്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍കുന്നു.

ഇന്നു നമ്മള്‍ അഫ്ഗാനിസ്ഥാനില്‍ കാണുന്ന ബച്ചാ പോഷുകള്‍ കാലത്തിനൊത്ത് നവീകരിക്കപ്പെടാത്ത മതത്തിന്റെയും ലോകം എത്രതന്നെ പോരോഗതിയിലേക്ക് കുതിച്ചാലും ചില സമൂഹങ്ങള്‍ മുറുകെപ്പിടിക്കുന്ന പാരമ്പര്യത്തിന്റെയും സൃഷ്ടികളാണ്. മതവും പാരമ്പര്യവും സ്ത്രീത്വത്തെ ഇരുട്ടിലേക്ക് കൊണ്ടുപോകുന്നത് കാണണമെങ്കില്‍ അഫ്ഗാനിസ്ഥാനിലേക്ക് നോക്കൂ. ശേഷം, ഇന്ത്യയിലേക്ക് മടങ്ങി വരൂ. ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കാനായി സ്ത്രീകള്‍ വേട്ടയാടപ്പെടുന്നത് കാണാം. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ റൂയിറ്റെഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ അന്താരാഷ്ട്രസര്‍വ്വേ പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ന് ഇന്ത്യ. മുന്‍കാലങ്ങളില്‍ ആ നേട്ടം അഫ്ഗാനിസ്ഥാന്‍ കൊണ്ടുപോയതാണ് എന്ന് നാം മറക്കരുത്. മുന്‍പെങ്ങും ഇല്ലാത്തതുപോലെ മതവും അനാചാരവും ഇന്ത്യന്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. തൊഴില്‍ സുരക്ഷക്കായി, രാത്രികാലങ്ങളിലെ സഞ്ചാരസ്വാതന്ത്ര്യത്തിനായി, ഗാര്‍ഹികപീഡനത്തിനെതിരെയൊക്കെ പെണ്‍കൂട്ടായ്മകള്‍ ഉണ്ടാകുമ്പോഴും, മറുവശത്ത് വിശ്വാസവും പാരമ്പര്യവും മുറുകെ പിടിക്കുന്ന ഒരുകൂട്ടം മനുഷ്യര്‍ സ്ത്രീകളെ ഇരുട്ടിലേക്ക് കൊണ്ടുപോകാന്‍ പരിശ്രമിക്കുന്നുണ്ട്. പുരോഗമനചിന്താഗതി പുലര്‍ത്തുന്നവര്‍ (അത് സ്ത്രീകളാകുമ്പോള്‍ കാര്യം എളുപ്പമാണ്) നിരന്തരം ഒറ്റപ്പെടുകയും മരണം വരെ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് ഈ രാജ്യം സഞ്ചരിക്കുന്നു എന്നത് ആഗതമായെക്കാവുന്ന വലിയൊരു വിപത്തിനെ സൂചിപ്പിക്കുന്നുണ്ട്. ഫ്‌ളാഷ്‌മോബിന്റെ ഭാഗമാകുമ്പോള്‍, അമ്പലങ്ങളിലും പള്ളികളിലും കടന്നുചെല്ലാന്‍ ആഗ്രഹിക്കുമ്പോള്‍, കിളിനക്കോട് നിന്ന് ലൈവ് വീഡിയോ പകര്‍ത്തുമ്പോള്‍ ഒരു സ്ത്രീയും ഒറ്റതിരിഞ്ഞുള്ള ആക്രമണത്തിന് ഇരയാകരുത്. സമൂഹത്തിലിറങ്ങിനടക്കാന്‍ ആണായി വേഷപ്രച്ഛന്നയാകേണ്ട അവസ്ഥ നാളെ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് ഉണ്ടാകരുത്.

മായ വേണുഗോപാല്‍

മായ വേണുഗോപാല്‍

ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍