UPDATES

റൂബി ക്രിസ്റ്റിന്‍

കാഴ്ചപ്പാട്

Guest Column

റൂബി ക്രിസ്റ്റിന്‍

ട്രെന്‍ഡിങ്ങ്

ബാലഭൂമി, ഇത്രയും അധ:പതിക്കരുത്; ഇതാണോ നിങ്ങള്‍ കുട്ടികളില്‍ വളര്‍ത്തുന്ന സംസ്കാരം?

ബാലഭൂമിയുടെ എഡിറ്റോറിയൽ ബോര്‍ഡിലെ അക്ഷരാഭ്യാസമുള്ള വ്യക്തികൾ വായിക്കാതെ പ്രസിദ്ധീകരിക്കപ്പെടും ഈ പങ്തി എന്ന് കരുതാനാവില്ല.

ബോര്‍ഡിംഗ് സ്കൂളിലായിരുന്നു എന്റെ ചെറുപ്രായം. അവിടെ എന്ത് കാര്യങ്ങൾക്കും മണിയൊച്ചകളാണ്, ‘ആയ ചേച്ചി’ താഴെ വന്നു ബെൽ അമർത്തും, ഉച്ചത്തിൽ വിളിച്ചു കൂവലുകൾ ഒന്നും ഇല്ല, അന്ന് അതിനെ ഡിസിപ്ലിന്‍ എന്ന പേരിട്ടു വിളിച്ചിരുന്നു, ബെൽ കേൾക്കുമ്പോൾ ഞങ്ങളുടെ കൂട്ടത്തിലെ ലീഡർ സ്റ്റെപ്പിന്റെ മുകളിൽ നിന്നും താഴേക്ക് നോക്കും, എന്തിനാണ് ബെൽ എന്ന് ചേച്ചി പറയും, അത് ആഹാരം കഴിക്കാനാകാം, പാല് കുടിക്കാനാകാം, കുളിക്കാനുള്ള നേരം ഓർമപ്പെടുത്തലാകാം, ബ്രഷ് ചെയ്യാനും ഉറങ്ങാനും ഉണരാനും എല്ലാം ഈ ബെല്ലാണ്. ഈ ബെല്ല് കേൾക്കുമ്പോൾ സാധാരണ നിരാശ തോന്നുന്ന എന്നെപ്പോലുള്ള മൂന്നാം ക്ലാസ്സുകാരി ആകെ സന്തോഷിക്കുന്നത് ആഴ്ചയിൽ ഒരിക്കൽ ആ ബെല്ലിനൊപ്പം ഞങ്ങൾക്ക് എത്തിച്ചു കിട്ടുന്ന ബാലരമ, ബാലമംഗളം, കുട്ടികളുടെ ദീപിക പിന്നെ children’s digest പോലുള്ള പ്രസിദ്ധീകരണങ്ങൾ കയ്യിൽ എത്തുമ്പോഴാണ്.

ശ്വാസം മുട്ടുന്ന ബോര്‍ഡിംഗ് വാസത്തിൽ, കുഞ്ഞിക്കൈ ചേർത്ത് പിടിച്ച് കുട്ടികളുടെ ദീപികയിലെ ജോജിയും ജോളിയും അവരോടൊത്ത് ബഹിരാകാശത്തെത്തിച്ചു, രാധയുടെയും രാജുവിന്റെയും കൂടെ മായാവിയെ രക്ഷിക്കാൻ കൂടി, കാലിയ എന്ന കാക്കയെ കാ കാ എന്ന് വിളിച്ചു വരുത്താൻ ശ്രമിച്ചു, കപീഷിന്റെ വാലിൽ തൂങ്ങി ചിലപ്പോൾ ബോര്‍ഡിംഗ് ചാടാൻ പദ്ധതിയിട്ടു, അതിനുമപ്പുറം ആപത്തിൽപ്പെടുന്ന കൂട്ടുകാരെ രക്ഷിക്കാൻ നമ്മൾ ഒപ്പമുണ്ടാകണമെന്ന് അവർ പഠിപ്പിച്ചു. എത്ര നിസാരരെന്ന് നമ്മൾ കരുതുന്നവരായിരിക്കണം ചിലപ്പോൾ നാളെ നമ്മുടെ രക്ഷകര്‍ എന്ന് വീണ്ടും വീണ്ടും എലിക്കുഞ്ഞിനെ കൊണ്ട് സിംഹത്തെ രക്ഷിപ്പിച്ച് ഈ മാസികകൾ പറയിച്ചു.

കഥയിലൂടെ കുഞ്ഞുങ്ങൾ എത്ര എളുപ്പം കാര്യങ്ങൾ ഗ്രഹിക്കും, അവ അവരുടെ സ്വഭാവത്തിന്റെ, സംസ്കാരത്തിന്റെ, നിലപാടുകളുടെ ഭാഗമാകും എന്ന് എൺപതുകളുടെ ആദ്യം മുതലുള്ള പഠനങ്ങൾ തെളിയിച്ചതാണ്. അതോടൊപ്പം കുഞ്ഞുങ്ങളെ കഥാപുസ്തകങ്ങൾ എത്രത്തോളം സ്വാധീനിക്കും എന്ന് തിരിച്ചറിഞ്ഞ വിദേശ രാജ്യങ്ങളിലെ behavioural സൈക്കോളജിസ്റ്റുകൾ മാനസിക പ്രയാസം അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് സഹായകമായി ചില കഥാപുസ്തകങ്ങൾ ശുപാർശ ചെയ്തും കണ്ടുവരുന്നു.

ഉദാഹരണത്തിന്, ‘The rabbit wants to fall asleep’ (ഉറങ്ങാൻ ആഗ്രഹിക്കുന്ന മുയലച്ചൻ) എന്ന സ്വീഡിഷുകാരനായ മനഃശാസ്ത്ര വിദഗ്ദ്ധൻ Carl-Johan എഴുതിയ പുസ്തകം, ഉറങ്ങാൻ പ്രശ്നമുള്ള കുഞ്ഞുങ്ങളെ ഉറങ്ങാൻ സഹായിക്കുന്നു. ശാരീരികമായ, മാനസികമായോ, ലൈംഗികമായോ പീഡനത്തിന് ഇരയായ കുഞ്ഞുങ്ങൾക്ക് സഹായകമായ ബുക്ക് ആയി ‘A terrible thing happened’ (ഒരു വളരെ ഭയാനകമായ സംഭവം) എന്ന Margret M. Homes -ന്റെ കഥാപുസ്തകം ചിലപ്പോൾ ഉപയോഗിക്കുന്നു, കുഞ്ഞുങ്ങളെ അവർ കടന്നു പോയ ആഘാതങ്ങളിൽ നിന്നും രക്ഷിച്ചെടുക്കാനും അവർക്കു സാധാരണ ജീവിതത്തിലേക്ക് കടന്നു വരാൻ സാഹചര്യമൊരുക്കാനും ഇത്തരം കഥാപുസ്തകങ്ങൾ സഹായകമാണ്.

ഇനി പറയട്ടെ, ഇതിനൊരു മറുവശമുണ്ട് എന്നു കൂടി നമ്മൾ അറിഞ്ഞിരിക്കണം, കുഞ്ഞുങ്ങളുടെ ഉള്ളിലേക്ക് മാലിന്യം, സ്ത്രീവിരുദ്ധത, ജന്മവൈകല്യങ്ങളെ അപഹസിക്കുന്ന സംസ്കാരം ഒളിച്ചു കടത്താൻ അറിഞ്ഞോ അറിയാതയോ ശ്രമിക്കുന്ന ചില കുഞ്ഞിക്കഥകൾ, തമാശ സ്കിറ്റുകൾ നിർഭാഗ്യകരമെന്നു പറയട്ടെ, വീണ്ടും വീണ്ടും കേരളത്തിൽ ആവർത്തിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം ഒരു സുഹൃത്തു വഴിയാണ് ബാലഭൂമി എന്ന കുഞ്ഞുങ്ങളുടെ മാസികയിലെ ഒരു പംക്തി വായിക്കേണ്ട ദൗർഭാഗ്യം ഉണ്ടായത്. ഓഗസ്റ്റ് മൂന്ന് എഡീഷനില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആക്ഷേപഹാസ്യരൂപത്തില്‍ എഴുതിയ, തീർത്തും മനുഷ്യത്വരഹിതമായ പ്രസ്താവനകൾ അടങ്ങുന്ന ഈ പംക്തി, ബാലഭൂമിയുടെ എഡിറ്റോറിയൽ ബോര്‍ഡിലെ അക്ഷരാഭ്യാസമുള്ള വ്യക്തികൾ വായിക്കാതെ പ്രസിദ്ധീകരിക്കപ്പെടും എന്ന് കരുതാനാവില്ല.

എന്തായാലും ഒരു പത്രവാർത്തയുടെ പശ്ചാത്തലത്തിലാണ് ‘ഹാസ്യം’ അവതരിപ്പിച്ചിരിക്കുന്നത്, ‘നടികൾ കാമയിൽ നിന്ന് രാജി വെച്ചു’, ആക്ഷേപം ഉന്നം വെച്ചിരിക്കുന്നത് A.M.M.A എന്ന താരസംഘടനയില്‍ നിന്നും രാജിവച്ച് നിലപാടുകൾ വ്യക്തമാക്കിയതിന്റെ പേരിൽ വളരെയേറെ പ്രശംസിക്കപെട്ട നടിമാരെ ആണെന്ന് വ്യക്തം . തുടർന്നും ‘ഹാസ്യം’ വഴിവിട്ട്, വ്യക്തികളിലെ ജന്മവൈകല്യങ്ങളെ പരിഹസിച്ചു മുന്നേറുന്നു. അതിലെല്ലാം ക്രൂരമായി തോന്നിയത്, ‘പരുന്തു റാഞ്ചി കൊത്താൻ ശ്രമിച്ചത്രേ’, വളരെ സിംബോളിക് ആയി ബാലത്സംഗത്തെ ഒരു പരുന്തു കൊത്തുന്ന ലാഘവത്തിൽ അവതരിപ്പിച്ചെടുത്തു.

കേരളത്തിലെ ജനങ്ങളെ മുഴുവൻ ഒരർത്ഥത്തിൽ പിടിച്ചു കുലുക്കിയ ചുരുക്കം ചില കേസുകളിൽ ഒന്നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്, അവരുടെ പ്രശസ്തിയേക്കാൾ ഉപരി, അതുവരെ കേരളം കാണാത്ത ഒരു ക്രിമിനൽ സ്വഭാവം, റേപ്പ് ചെയ്യാൻ ക്വോട്ടേഷന്‍ കൊടുക്കൽ എന്ന ഒരു കൃത്യത്തിലൂടെ ഇന്ത്യയൊട്ടാകെ വീക്ഷിച്ച ഒരു ക്രൈം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടി വരും. അതിനുമപ്പുറം, ആ ക്രൂരകൃത്യം അതിജീവിച്ച ആ പെൺകുട്ടിയുടെ ചെറുത്തുനിൽപ്പും പോരാട്ടവും അനീതിക്കെതിരെയുള്ള ഇരയുടെ പോരാട്ടത്തിന്റെ സംസ്കാരത്തിന് ഉദയമേകി.

അവളുടെ, അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടം, ഒരു കൂട്ടം വ്യക്തികള്‍ അവളെ ചേർത്ത് നിർത്തൽ, ഒക്കെയാണ് ബാലഭൂമി ആക്ഷേപ ഹാസ്യമായി ആ കുഞ്ഞുങ്ങളുടെ മനസിൽ വിളമ്പിയത്. കുഞ്ഞുങ്ങൾക്ക് വേണ്ടി എഴുതുമ്പോൾ, അവർക്കു വേണ്ടി സംസാരിക്കുമ്പോൾ കുറഞ്ഞപക്ഷം സാമാന്യബോധമെങ്കിലും ഉപയോഗിക്കേണ്ടത് അനിവാര്യമാണ് എന്ന് പ്രസിദ്ധ മാസികാധിപർക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. കുഞ്ഞു കുട്ടികളിൽ നല്ല മൂല്യങ്ങൾ, ശരിയായ വീക്ഷണങ്ങൾ, അതിൽ നിന്നും ഉരുത്തിരിയുന്ന പെരുമാറ്റ രീതികൾ പകർന്നു കൊടുക്കാൻ കുഞ്ഞുങ്ങളുടെ മാസികകൾ വഹിക്കുന്ന പങ്കു ചെറുതല്ല, മറിച്ച് പരുന്തു കൊത്തുന്നത് പോലെ നിസ്സാരമാണ് ബലാത്സംഗം എന്ന് അത്രയും ഹീനമായ ഒരു കുറ്റകൃത്യത്തെ, അതിൽ അതിജീവിച്ചവളെ, കൂടെനിന്നവരെ അപമാനിക്കുന്നത് അങ്ങേയറ്റം നിന്ദ്യവുമാണ്. അതാണ്‌ നിങ്ങള്‍ ഹാസ്യം എന്ന രൂപത്തില്‍ കുഞ്ഞുങ്ങളുടെ മനസിലേക്ക് പകരാന്‍ ശ്രമിച്ചത്.

ഇനിയെങ്കിലും ബാലഭൂമി ‘അവളോടൊപ്പം, പക്ഷെ പ്രാർത്ഥന കാമക്കൊപ്പം’ എന്ന് പറയില്ല എന്ന് പ്രതീക്ഷിക്കം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

താര മാടമ്പികളേ, നിങ്ങളുടെ ചര്‍മ്മശേഷി അപാരം..! അമ്മ മഴവില്ല് സ്റ്റേജ് ഷോയിലെ ആഭാസ സ്കിറ്റിനെ കുറിച്ചുതന്നെ

ഒടുവില്‍ മാതൃഭൂമി ആ എഡിറ്റോറിയല്‍ എഴുതി, പത്താമത്തെ ദിവസം; പക്ഷേ….

റൂബി ക്രിസ്റ്റിന്‍

റൂബി ക്രിസ്റ്റിന്‍

യുകെ യോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഗവേഷക. ജേര്‍ണലിസം, മാനേജ്മെന്‍റ് എന്നിവയില്‍ ബിരുദം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍