UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

പ്രതിഷേധം ശരി, പക്ഷേ മാറു തുറക്കല്ലേ, അടയ്ക്കാന്‍ പാടാവും; നമ്മുടെ സാംസ്കാരിക നേതൃരൂപമാണെന്ന് ഓര്‍ക്കണം.

നിങ്ങള്‍ പണ്ട് മാറുമറച്ചുകൊണ്ട് പൊതു സ്ഥലങ്ങളില്‍ വന്നതിന് തല്ലി. ഇപ്പോള്‍ ആ മാറിലെ മുണ്ട്, മുലകച്ച തെല്ല് നീങ്ങിയാല്‍ കായികമായും സാംസ്കാരികമായും തല്ലും എന്നാണ്

വസ്ത്രവുമായി, നഗ്നതയുമായി ബന്ധപ്പെട്ട നിരവധി സമരങ്ങള്‍ കണ്ട നാടാണ് നമ്മുടേത്. പത്തൊമ്പതാം നുറ്റാണ്ടില്‍ നടന്ന മാറുമറയ്ക്കല്‍ സമരമാണ് ചാന്നാര്‍ ലഹള എന്ന പേരിലും അറിയപ്പെടുന്നത്. അതില്‍നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കെത്തുമ്പോള്‍ സമരം മറയ്ക്കാനല്ല, തുറക്കാനാണ്. ഇത് എന്തൊരു വൈരുദ്ധ്യമാണ് എന്നത്രേ ചോദ്യം!

മനുഷ്യര്‍ ഒരു സമൂഹം എന്ന നിലയില്‍ ഓരോ നിയമങ്ങളെ അംഗീകരിച്ചും പാലിച്ചും പോരുന്നത് അതിന്റെ സാംസ്കാരിക ഉള്ളടക്കത്തെ വിമര്‍ശനാത്മകമായി സമീപിച്ചുണ്ടാക്കിയ ബോദ്ധ്യങ്ങളെ അടിസ്ഥാനമാക്കിയല്ല. നിയമങ്ങള്‍ നിലനില്‍ക്കുന്നത് അനുസരിച്ചുള്ള ശീലം വഴിയാണ്. ആരും അനുസരിച്ച് ശിലമാക്കാത്ത ഒരു നിയമവും നിലനില്‍ക്കില്ല. നിയമം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ഐ പി സി പട്ടികപ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ മാത്രമല്ല, അല്ലാത്ത പൊതുനിയമങ്ങള്‍ കൂടിയാണ്. ഉദാഹരണത്തിന് പൊതുസ്ഥലം വൃത്തിയായി സുക്ഷിക്കുക എന്ന ഒരു സാമാന്യ, സാമുഹ്യ നിയമം. അത് പാലിച്ച് നമുക്ക് ശിലമില്ല. അതുകൊണ്ട് തന്നെ അത് ഇനി മാറി പൊതുസ്ഥലം വൃത്തികേടാക്കണം എന്ന് നിയമം വന്നാലും പ്രതിഷേധമുണ്ടാവില്ല.

വസ്ത്രവുമായി ബന്ധപ്പെടുത്തി നിലവില്‍ ഉള്ള നിയമം എല്ലാവര്‍ക്കും വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട് എന്നതാണ്. അല്ലാതെ എല്ലാവരും ഇന്ന വിധം വസ്ത്രം ധരിക്കണം എന്ന ഒരു നിയമവും നിലവിലില്ല എന്ന് മാത്രമല്ല മതപരമായ ആചാരങ്ങള്‍ പ്രകാരമാണെങ്കില്‍ വസ്ത്രം ധരിക്കാതെയും നടക്കാം. ദിഗംബര സന്യാസികളുടെ നഗ്നത പബ്ലിക് മോഡെസ്റ്റിയുടെ ലംഘനമാകാത്തത് അതുകൊണ്ടാണല്ലോ. എന്നാലും മാറുമറയ്ക്കല്‍ സമരം നടത്തിയ പാരമ്പര്യമുള്ള സ്ത്രീകള്‍ ഇന്ന് മാറുതുറക്കല്‍ സമരത്തെ കുറിച്ച് ആലോചിക്കുന്നു എന്ന് കേള്‍ക്കുമ്പോഴേ നമുക്ക് അതില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ തോന്നും.

സമുഹത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്കാണ് ഇതില്‍ വലിയ തോതില്‍ അസ്വസ്ഥതയും ആത്മീയ പ്രതിസന്ധിയും ഒക്കെ. അവരാണ് ഇവിടെ സ്ത്രീകളില്‍, അവരുടെ സമരങ്ങളില്‍ വൈരുദ്ധ്യം ആരോപിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ വൈരുദ്ധ്യം അവര്‍ക്കുള്ളില്‍ തന്നെയല്ലേ?

മാറ് തുറന്നാല്‍ എന്താണ് പ്രശ്നം?

പഴയ തെക്കന്‍ തിരുവിതാംകൂറില്‍ നാടാര്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഒരു ലഹളയാണ് ചാന്നാര്‍ ലഹള. ചാന്നാര്‍ സമുദായം എന്നുവച്ചാല്‍ നാടാര്‍ സമുദായം തന്നെ. മാറ് മറയ്ക്കുവാനുള്ള അവകാശം സവര്‍ണ്ണ സ്ത്രീകള്‍ക്ക് മാത്രമായിരുന്ന കാലം. ശ്രേണീവത്കൃതമായ ജാതി അധികാര ഘടനയില്‍ അത് സ്വാഭാവികമായി അടിമുടി അംഗീകരിക്കപ്പെട്ടിരുന്ന കാലം. അവിടേയ്ക്കാണ് കലര്‍പ്പുമായി പുറത്തുനിന്ന് ആളുകള്‍ വരുന്നത്; പാശ്ചാത്യര്‍ തന്നെ. മിഷനറിമാര്‍ തങ്ങളുടെ മതത്തിലേക്ക് ആളെ കൂട്ടാന്‍ ഉള്ള ഒരു വഴി എന്ന നിലയില്‍ ചരിത്രപരമായ കാരണങ്ങളാല്‍ അസംതൃപതരായിരുന്ന ചാന്നാര്‍ സമുദായത്തിന്റെ ആത്മാഭിമാനത്തെ ഉപയോഗിച്ചു.

പന്ത്രണ്ടാം നുറ്റാണ്ട് വരെ സമൂഹത്തില്‍ പ്രബല സ്ഥാനമുണ്ടായിരുന്നവരും തുടര്‍ന്ന് ബ്രാഹ്മണാധിപത്യം ശക്തിപ്പെട്ടതോടെ ആ സ്ഥാനം നഷ്ടമായതുമായ ഒരു സമുദായം. സവര്‍ണ്ണ സ്ത്രീകള്‍ക്കല്ലാതെ മാറുമറയ്ക്കാന്‍ അവകാശമില്ല എന്ന നിയമത്തിന്റെ ഭാഗമായി ചാന്നാര്‍ സമുദായത്തിലെ സ്ത്രീകളുടെ മറയ്ക്കാത്ത മാറ് അവര്‍ക്ക് നഷ്ടമായ ജാത്യാധികാരത്തിന്റെ പ്രതീകമായിരുന്നു എന്നും പറയാം. അവിടെയാണ് മിഷനറിമാര്‍ പ്രവര്‍ത്തിച്ചത്. മലയാളം വിക്കിപീഡിയ പ്രകാരം, ജസ്യൂട്ട് പാതിരികള്‍ ആദ്യമായി ഒരു നാടാര്‍ സ്ത്രീയെ റൌക്ക ധരിപ്പിക്കുന്നത് 1680-ലാണ്. അതേത്തുടര്‍ന്ന് നാടാര്‍ സമുദായത്തില്‍ നിന്നും ക്രുസ്തുമതത്തിലേക്കുള്ള ഒഴുക്ക് വ്യാപകമായി. കൃസ്തുമതം സ്വീകരിച്ച നാടാര്‍ സ്ത്രീകള്‍ റൌക്കയും മേല്‍ വസ്ത്രവും ധരിച്ചും ഹിന്ദുമതത്തില്‍ തുടര്‍ന്നവര്‍ നഗ്നമായ മാറിടവുമായും തുടര്‍ന്നു.

ഇതേ തുടര്‍ന്നാണ്‌ 1822-ല്‍ ലഹളയ്ക്ക് നാന്ദി കുറിച്ച സംഭവങ്ങള്‍ ഉണ്ടാകുന്നത്. മേല്‍വസ്ത്രം ധരിച്ച് ചന്തയില്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചാന്നാര്‍ കുടുംബങ്ങള്‍ക്ക് നേരെ നായന്മാരുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമങ്ങള്‍ ഉണ്ടായി. സ്ത്രീകളുടെ റൌക്ക വലിച്ച് കിറി. പുരുഷന്മാരെ തല്ലിച്ചതച്ചു. അങ്ങനെ ദീര്‍ഘമായ ചാന്നാര്‍ ലഹള തുടങ്ങി. ഒടുവില്‍ 1859-ല്‍ ഉത്രം തിരുനാളിന്റെ “ചാന്നാർ സ്ത്രീകൾക്ക്‌ അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇതിനാൽ അനുവദിച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതാകുന്നു” എന്ന ഉത്തരവ് വന്നു. ഇതിലെ അവസാന ഭാഗവും ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്ന് മാറ് മറയ്ക്കാന്‍ ചാന്നാര്‍ സ്ത്രീക്ക് നിരുപാധികമായി അനുവാദം കിട്ടി.

അതായത് ഇത്ര കഷ്ടപ്പെട്ട് അവര്‍ യുദ്ധം ചെയ്ത് നിഷേധിച്ച ഒരു കാഴ്ച: മുല, അവര്‍ തുറക്കാന്‍ പോകുന്നുവെങ്കില്‍ അതില്‍ എന്താ ഈ പ്രശ്നം? യാഥാസ്ഥിതിക ആണ്‍കോയ്മാ വാദത്തെ സംബന്ധിച്ചിടത്തോളം പണ്ട് നഷ്ടപ്പെട്ട ഒരു കാഴ്ചാ സ്വാതന്ത്ര്യത്തിന്റെ സമരമൊന്നും വേണ്ടിവരാത്ത വീണ്ടെടുപ്പല്ലേ അത്. അതിനെതിരെ അവര്‍ തന്നെ സമരം ചെയ്യുന്നതില്‍ അല്ലേ പ്രാഥമിക വൈരുദ്ധ്യം?

മാറല്ല ബ്രോ, നഗ്നതയും വസ്ത്രവുമല്ല

ഒരു കാരണവശാലും മുലയ്ക്ക് മേല്‍ ഒരു കീറുതുണി അനുവദിക്കില്ല എന്ന് പണ്ട് നിര്‍ബന്ധം പിടിച്ച ആണ്‍കോയ്മയുടെ ശരീര രാഷ്ട്രിയം തന്നെയാണ് ഇപ്പോള്‍ ക്ലീവേജ് എങ്ങാനും കണ്ട് പോയാല്‍ സദാചാര വാള്‍ എടുത്ത് വീശുന്നതും. എന്താണപ്പാ ഇതിന്റെ ഈ നിലപാട് മാറ്റത്തിന്റെ യുക്തിബന്ധിയായ തുടര്‍ച്ച?

മുലക്കരത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അത് മുറിച്ച് ആണ്‍കോയ്മയുടെ മുഖത്തേക്ക് എറിഞ്ഞ നങ്ങേലിയെ നമുക്ക് അറിയാം. ചോര വാര്‍ന്ന് മരിച്ച അവളുടെ ചിതയില്‍ ചാടി മരിച്ച കണ്ടപ്പന്‍ എന്ന അവളുടെ ഭര്‍ത്താവ് അനുഷ്ടിച്ചു എന്ന് പറയുന്ന റിവേഴ്സ് സതിയുടെ വ്യാഖ്യാന സാദ്ധ്യതകളും. അതിനെ കുറച്ചുകൂടി മുമ്പോട്ട്‌ കൊണ്ടുപോകുന്നുണ്ട് മുകുന്ദന്‍റെ പുലയ പാട്ടിലെ നായിക. മാറ് മറയ്ക്കാനുള്ള അവകാശം നിവര്‍ത്തിയില്ലാതെ അധ:കൃത വിഭാഗങ്ങള്‍ക്കും കൊടുത്ത ശേഷം അതില്‍ നിന്നും ഒരു വരുമാനം എന്ന നിലയില്‍, ‘മുലക്കരം’ ഏര്‍പ്പെടുത്തിയ ഭരണകൂട നിലപാടിനെതിരെ അല്ല ചിയ്യയ്യിക്കുട്ടി മുലമുറിച്ചത്, മറിച്ച് തന്റെ ഉടലിന്റെ, അവയവങ്ങളുടെ സ്വകാര്യത തനിക്ക് നല്‍കാതെ തുറിച്ച് നോക്കുന്ന ആണ്‍ നോട്ടത്തിന്റെ രാഷ്ട്രിയ അധീശത്വത്തിന്റെ മുഖത്തേയ്ക്കായിരുന്നു.

ചിയ്യയ്യിക്കുട്ടി രക്തസാക്ഷിയായത് ബ്ലൌസിന് വേണ്ടിയല്ല. അവള്‍ മുല മുറിച്ച് എറിഞ്ഞത് അത് നഗ്നമായതുകൊണ്ടും അല്ല. സ്വന്തം അവയവത്തിനുമേലും ഉടലിന് മേലും വികാരങ്ങള്‍ക്ക് മേലും നിര്‍ണ്ണയാവകാശമില്ലാത്ത കീഴാള സ്ത്രീയുടെ പ്രതിഷേധത്തിന്റെ സാധ്യമായ ഏക രൂപമായിരുന്നു അത്. നങ്ങേലി രക്തം വാര്‍ന്ന് സംഭവം നടന്ന അന്ന് വൈകുന്നേരത്തോടെ മരിച്ചു. ചിയ്യയ്യികുട്ടിയുടെ അന്ത്യം മുകുന്ദന്‍ വര്‍ണ്ണിക്കുന്നില്ല, ധ്വനിപ്പിക്കുക മാത്രം. പക്ഷെ ഈ രണ്ട് മരണങ്ങളും പ്രതിനിധാനം ചെയ്യുന്നത് ഒരേ രാഷ്ട്രീയത്തെയാണ്‌.

നങ്ങേലി എന്ന ചരിത്ര വനിതയുടെയായാലും ചിയ്യയ്യിക്കുട്ടി എന്ന കല്പിത കഥാപാത്രത്തിന്റെയായാലും അവര്‍ക്കിടയില്‍ ചരിത്രത്തിനും ഭാവനയ്ക്കും ഇടയില്‍ എന്ന പോല്‍ നിലനില്‍ക്കുന്ന നേര്‍ത്ത നൂലിന്റെ കാര്യത്തില്‍ ആയാലും പൊതുവായി ബാക്കിയാവുന്ന ഒന്നുണ്ട്. അത് മുല എന്ന അവയവമോ, നഗ്നത എന്ന അനുഭവമോ, വസ്ത്രം എന്ന മറയോ ഒന്നുമല്ല.

ഒരുപാട് തവണ ആവര്‍ത്തിക്കപ്പെട്ടതും എന്നിട്ടും ഇനിയും നാം നേടാത്തതുമായ അധികാരമാണ് ഇവയെ, നങ്ങേലിയെയും ചിയ്യയയിക്കുട്ടിയെയും തമ്മില്‍ തുന്നി ചേര്‍ക്കുന്ന പ്രമേയം. സ്വന്തം ഉടലിന്മേലുള്ള സ്വയം നിര്‍ണ്ണയാവകാശം എന്ന, ജസ്യൂട്ട് പാതിരികള്‍ ആദ്യമായി ഒരു നാടാര്‍ സ്ത്രീയെ റൌക്ക ധരിപ്പിച്ച പതിനേഴാം നൂറ്റാണ്ട്‌ കഴിഞ്ഞും ഇന്നും തുടരുന്ന സമരത്തിന്റെ പ്രമേയം.

ഉടല്‍ എന്ന അധികാര വ്യവസ്ഥ

അധികാരം എന്നുവച്ചാല്‍ നമുക്ക് അറിയാം. അത് പ്രാദേശികമായി രൂപം കൊള്ളുന്ന, ചരിത്രപരമായി അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെടുന്ന അധികാര വ്യവഹാരങ്ങളുടെ ഒരു ഭൂമികയാണ്. നിലവില്‍ അതിന്റെ അതിര്‍ത്തി ആധുനിക ദേശ രാഷ്ട്ര സങ്കല്പത്തിന്റെയാണ്. അതിനെ മുന്‍ നിര്‍ത്തി നാം പക്ഷെ അന്യവല്‍ക്കരണത്തിന്റെ സുക്ഷ്മ വ്യവഹാരങ്ങളും തുടങ്ങിവയ്ക്കുന്നു. ദേശി, വിദേശി, പാശ്ചാത്യ, പൌരസ്ത്യം തുടങ്ങി നിരവധി. ഇവ സമഗ്ര യുക്തിയുടെ ബൃഹദാഖ്യാനങ്ങളുമായി ഒത്തുപോകാതെ വരുമ്പോള്‍ നമ്മള്‍ സൌകര്യാര്‍ത്ഥം യുക്തിയെ തന്നെ പ്രശ്നവല്‍ക്കരിക്കുന്നു.അതിലുടെ ബാക്കിയാവുന്ന വൈരുദ്ധ്യങ്ങള്‍ സ്വാഭാവികമായും പാര്‍ശ്വവല്കൃതരുടെ ആത്മാഭിമാനം ആവും.

സ്വാതന്ത്ര്യ സമരത്തില്‍ നിന്നും ദളിതര്‍ പുറത്തായത് പോലെ സ്വത്വ പോരാട്ടങ്ങളില്‍ നിന്നും സ്ത്രീയും പുറത്താകുന്നു. സ്വന്തം ഉടലിനും മേധാശക്തിക്കും മേലുള്ള തന്റെ അവകാശം എന്ന ചോദ്യം ഉന്നയിക്കുന്ന, ഏജന്‍സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന ഓരോ സ്ത്രിയും കൊളോണിയല്‍ ആധുനികതയുടെ, പാശ്ചാത്യ ലിബറലിസത്തിന്റെ എജന്റ്റ് ആയി, സ്വത്വവഞ്ചകയായി അതാത് സമുദായങ്ങളിലെ അധികാര കേന്ദ്രങ്ങള്‍ തന്നെ മുദ്രകുത്തും. ഇത് നമുക്ക് സാഹിത്യം വായിച്ച് അറിയേണ്ട ഗതികേടൊന്നുമില്ല, നിത്യവ്യവഹാരങ്ങളില്‍ ഒക്കെയും ഉണ്ട്. യുക്തികൊണ്ട് കൂട്ടിത്തൊടാന്‍ യാഥാസ്ഥിതികതയ്ക്ക് പറ്റാത്ത പ്രശ്നങ്ങളെ മുഴുവന്‍ അതിജീവിക്കാന്‍ അവര്‍ക്കുള്ള ഒരു ഒറ്റമൂലിയാണ് പാശ്ചാത്യ ലിബറലിസം.

ചരിത്ര പരമായി നഗ്നത, വസ്ത്രം തുടങ്ങിയ സാമൂഹ്യ, സദാചാര വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ സമരങ്ങളുടെ പരമ്പര എടുത്താല്‍ അതിനെ ലളിതമായി സാമാന്യവത്ക്കരിക്കാവുന്ന ഒന്ന് ഇതാവും. പ്രത്യേക വസ്ത്രങ്ങള്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി നിഷേധിക്കപ്പെടുന്ന അവസ്ഥ വന്നപ്പോള്‍ അതിനെതിരെ സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ചില പ്രത്യേക വസ്ത്രങ്ങള്‍ ചില പ്രത്യേക വിഭാഗം മനുഷ്യര്‍ ധരിച്ചേ മതിയാവൂ എന്ന് വന്നാല്‍ അതിനെതിരെയും സമരം ഉണ്ടാവും. കാരണം ഇവിടെ കേവലം വസ്ത്രമോ, അത് ധരിക്കാനോ ധരിക്കാതിരിക്കാനോ ഉള്ള അവകാശമോ അല്ല പ്രശ്നം . അത് സമഗ്രാര്‍ത്ഥത്തില്‍ വസ്ത്രവുമായോ നഗ്നതയുമായോ ബന്ധപ്പെട്ടതല്ല, മറിച്ച് വ്യക്തികള്‍ക്ക് അവരവരുടെ മേലുള്ള സ്വയം നിര്‍ണ്ണയാവകാശവുമായി ബന്ധപ്പെട്ട ഒന്നാണ്.

ഉടല്‍ ആത്യന്തികമായി വ്യക്തിയുടെതാണ്. അതിന്റെ സൌകര്യങ്ങളും അസൗകര്യങ്ങളും അസ്വസ്ഥതകളും വേദനകളും ഒക്കെയും അവരുടെ സ്വകാര്യ അനുഭവങ്ങളാണ്. ഇതിനെയൊക്കെ സമഗ്രമായി അപ്രസക്തമാക്കിക്കൊണ്ട് ഉണ്ടാവുന്ന ഒരു വസ്ത്ര നിയമം, അത് വസ്ത്രം ധരിക്കണം എന്ന് ശഠിക്കുന്ന ഒന്നായാലും പാടില്ല എന്ന് ശഠിക്കുന്നതായാലും ഹനിക്കുന്നത് ആ വ്യക്തിയുടെ സ്വകാര്യതയെ ആണ്. സ്വകാര്യത എന്നത് ആള്‍ക്കൂട്ടത്തിനാല്‍ ഇല്ലാതാവുന്ന ഒന്നല്ല. അതായത് മനുഷ്യന്‍ ഒറ്റയ്ക്ക് ജീവിക്കുന്ന തുരുത്തുകളില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല അത്. എന്നാല്‍ അത് തീര്‍ച്ചയായും ഒരു സാംസ്കാരിക പാരസ്പര്യത്തിലൂടെ അല്ലാതെ പ്രായോഗികമായി നിലനില്‍ക്കുകയും ഇല്ല.

എന്റെ ശരീരത്തിന്റെ സ്വാതന്ത്ര്യം എന്നത് അതിനെ വിവേചനരഹിതമായി ബാക്കി ആരിലേക്കും ചെലുത്താനുള്ള സ്വാതന്ത്ര്യമല്ല. എന്നാല്‍ അത് എന്റെ ശരീരത്തെ നിഷ്ക്രിയമാക്കുനുമില്ല. പ്രശ്നം ആത്യന്തികമായി എന്റെ ഉടലിനും വികാരങ്ങള്‍ക്കും മേലുള്ള എന്റെ നിര്‍ണ്ണയാവകാശമാണ്. അത് നിങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ‘പ്രലോഭനങ്ങള്‍’ എന്റെ നൈതിക പ്രശ്നമല്ല, നിങ്ങളുടെയാണ്. അതിനെ പ്രതിരോധിക്കാനാണ് വസ്ത്രബന്ധിയും പെരുമാറ്റ ബന്ധിയുമായ നിബന്ധനകള്‍ എങ്കില്‍ അത് നിങ്ങള്‍ നിങ്ങള്‍ക്കായി നിജപ്പെടുത്തണം. അല്ലാതെ അവരവരുടെ നൈതിക ദൌര്‍ബല്യങ്ങളുടെ ചിലവ് മറ്റുള്ളവരില്‍ നിന്നും കരമായി ഒടുക്കുകയല്ല വേണ്ടത്.

അധികാരം എന്ന അനിവാര്യ തിന്മ

ശരിയാണ്. അധികാരം അനിവാര്യമായ ഒരു തിന്മയാണ്. എന്നാല്‍ അത് സമ്മതിക്കുന്നതിനാല്‍ അതില്‍ ഒരു പരിഷ്കരണവും വേണ്ട എന്ന വാദവും, അതായത് നമുക്ക് ശീലമായത് ഒന്നും മാറേണ്ടതില്ല എന്ന നിര്‍ബന്ധവും ഒപ്പം അനിവാര്യമായി തീരുന്നില്ല.

നിങ്ങള്‍ പണ്ട് മാറുമറച്ചുകൊണ്ട് പൊതു സ്ഥലങ്ങളില്‍ വന്നതിന് തല്ലി. ഇപ്പോള്‍ ആ മാറിലെ മുണ്ട്, മുലകച്ച തെല്ല് നീങ്ങിയാല്‍ കായികമായും സാംസ്കാരികമായും തല്ലും എന്നാണ്. പണ്ട് മാറുമറയ്ക്കല്‍ സമരത്തില്‍ ചെയ്ത അക്രമം തെറ്റായിരുന്നു എന്ന് നിങ്ങളില്‍ ആരും പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ മാറില്‍ നിന്ന് തുണി തെല്ലൊന്ന് മാറിയാല്‍ നിങ്ങള്‍ അത് കണ്ടുപിടിച്ച് അവളെ കുറ്റക്കാരിയായി വിധിക്കും. മലയാളിയുടെ ഒരു ശീലം എന്നത് ശീലമായതിനെ മാറ്റാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും. അതിനെ വകവയ്ക്കാതെ അധികാരം മാറ്റിയ ശീലങ്ങളെ പിന്നെ അത് തന്നെ മാറ്റാന്‍ നോക്കിയാലും പഴയതിലും ഭയങ്കരമായി പ്രതികരിക്കും. നടന്നില്ലെങ്കില്‍ പിന്നെ പുതിയ ഒരു കടുംപിടുത്തത്തിന്റെ തുടക്കമാണ്. അധികാരത്തിനോടുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ വിധേയത്വം അത്ര ചെറിയ ഒരു ആഖ്യാനമല്ല ബ്രോ.

അതുകൊണ്ട് തന്നെ നമ്മള്‍ ന്യൂജെന്‍ പ്രതിഷേധങ്ങള്‍ രൂപവത്ക്കരിക്കുമ്പോള്‍ ഒന്ന് ഭയക്കണം. കാരണം ഒടുക്കം ഇത് ശീലമായി തീരും. എന്നുവച്ചാല്‍ മാറെങ്ങാന്‍ തുറന്നാല്‍ പിന്നെ അടയ്ക്കാന്‍ ഒന്നു രണ്ട് നൂറ്റാണ്ട് വേണ്ടിവരും. കാരണം അടയ്ക്കാന്‍ പറയുന്നവര്‍ ഒരു ഓളത്തില്‍ പറയുന്നതാ. ആ ഓളം നിലച്ചാല്‍ പിന്നെ അവര്‍ ഈ ബലത്തില്‍ അടയ്ക്കാന്‍ പറഞ്ഞെന്നുവരില്ല.

പ്രതിഷേധമൊക്കെ ശരി; ഐക്യദാര്ഢ്യം. പക്ഷേ മാറുതുറക്കല്ലേ, അടയ്ക്കാന്‍ പാടാവും. നമ്മുടെ സാംസ്കാരിക നേതൃരൂപമാണേ; അതുകൊണ്ട് പറഞ്ഞതാ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അധ്യാപകന്റെ ബത്തക്ക പരാമര്‍ശം: സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരവുമായി പെണ്‍കുട്ടികള്‍

കുറച്ച് ‘അഴിഞ്ഞാട്ടക്കാരികള്‍’ ഉണ്ടായതുകൊണ്ടാണ് ഇപ്പോള്‍ മാറ് മറച്ചു നടക്കുന്നതെന്ന് മറക്കരുത്

പെണ്ണുടുപ്പിനുള്ളിലെ മുഴുപ്പ് തിരയുന്നവര്‍

ആണുങ്ങളെ പേടിക്കാത്ത പെണ്‍മുലകളുടെ സുന്ദരകാലത്തിനായി

മുലകണ്ടാല്‍ സമനില തെറ്റുന്ന മലയാളികളോട്

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍