UPDATES

ഭാഗവത് ആർ എസ് എസിലെ ഗോര്‍ബച്ചേവോ? സംഘത്തില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നോ?

പരിഷ്‌ക്കരണ അജണ്ട മുന്നോട്ടു വെക്കുമ്പോൾ, ആർ എസ് എസ് അതിന്റെ സാംസ്കാരിക യാഥാസ്ഥിതികത്വം ഉപേക്ഷിക്കുകയും വിഭാഗീയ പ്രചാരണങ്ങൾ അവസാനിപ്പിക്കുകയും വേണം

ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ മുസ്‌ലിം അനുകൂല, കോൺഗ്രസ് അനുകൂല പരാമർശങ്ങളെ മിക്ക നിരീക്ഷകരും അല്പം ഉപ്പുകൂട്ടി മാത്രമാണ് വിഴുങ്ങിയത്. അതിൽ തെറ്റ് പറയാനാകില്ല. എന്നാൽ ചിലരതിനെ നിർണായകമായ ഒരു സംഭവമായി വിശേഷിപ്പിക്കുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് ഒരു പ്രതിച്ഛായ മാറ്റമാണോ സംഘം ആഗ്രഹിക്കുന്നത് അതോ ആർ എസ് എസിനെ കുറിച്ചുള്ള അതിരുകൾ മായ്ച്ച് മുസ്ലീങ്ങളിലും ഉദാര, മതേതര ഇന്ത്യക്കാർക്കിടയിലും അതിന്റെ സ്വീകാര്യത വർധിപ്പിക്കാനുള്ള ഒരു നീക്കമാണോ ഇത് എന്നും വരുംദിനങ്ങൾ വ്യക്തമാക്കും. അതോ സംഘത്തിൽ ഒരു നാഗരികത സംഘട്ടനം ഉരുത്തിരിയുന്നുണ്ടോ? കടുംപിടുത്തക്കാരും മാറ്റത്തെ അനുകൂലിക്കുന്ന നേതാക്കളും തമ്മിൽ, ആർ എസ് എസിലെ വാജ്പേയി-അദ്വാനി കാലം പോലെ?

“ഹിന്ദു രാഷ്ട്രം എന്നാൽ അവിടെ മുസ്‌ലീങ്ങൾക്ക് ഇടമില്ല എന്നല്ല അതിനർത്ഥം; മുസ്ലീങ്ങൾ ഇവിടെ ആവശ്യമില്ല എന്ന് പറയുന്ന ദിവസം ഹിന്ദുത്വം എന്ന ആശയം ഇല്ലാതാകും,” എന്ന ഭാഗവതിന്റെ പരാമർശം ഇല്ലായിരുന്നുവെങ്കിൽ മൂന്നു ദിവസത്തെ ആർ എസ് എസ് പ്രഭാഷണ പരമ്പര ശ്രദ്ധിക്കപ്പെടാതെ പോയേനെ. അതിലും കൂടുതൽ ശ്രദ്ധേയമായ കാര്യം, ഏറ്റവും കൂടുതൽ കാലം സർസംഘചാലക് ആയി ഇരുന്ന രണ്ടാമത്തെയാളും, കടുത്ത മുസ്‌ലീം- കോൺഗ്രസ് വിരുദ്ധനുമായിരുന്ന എം. എസ്. ഗോൾവാർക്കറെ അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചേയില്ല എന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി ജെ പി അധ്യക്ഷൻ അമിത് ഷായെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും, കോൺഗ്രസ് മുക്ത ഭാരതമെന്ന തരത്തിലുള്ള പ്രയോഗങ്ങൾ ആശാസ്യമല്ലെന്നും ഭാഗവത് ഉപദേശിച്ചു. ഇന്ത്യയിൽ ദേശീയതയുടെ വളർച്ചയ്ക്ക് താഴിടാൻ ബ്രിട്ടീഷുകാർ സ്ഥാപിച്ചതാണ് കോൺഗസ് എന്ന ഗോൾവാൾക്കറുടെ വാദത്തിനു പകരം സ്വാതന്ത്ര്യസമരത്തിനു തുടക്കമിട്ടതിനു വലിയ പഴയ രാഷ്ട്രീയകക്ഷിയെ ഭാഗവത് പ്രകീർത്തിച്ചു. “കോൺഗ്രസ് സ്വാതന്ത്ര്യ സമരത്തിൽ വലിയ പങ്കുവഹിക്കുകയും ഇന്ത്യക്ക് വലിയ വ്യക്തിത്വങ്ങളെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പലരും ഇന്നും നമ്മുടെ വഴികാട്ടികളാണ്.” ഇന്ത്യൻ ഭരണഘടനയോടുള്ള ആദരവും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. എന്തായാലും രാമക്ഷേത്ര നിർമ്മാണത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത, മറ്റൊരുതരത്തിൽ മിടുക്കോടെ ചെയ്ത പ്രതിച്ഛായ പരിപാടിയിൽ ഒറ്റയായി മുഴച്ചുനിന്നു. ആർ എസ് എസിന്റെ ജൈവവ്യവസ്ഥയിൽ അദ്ദേഹത്തിന്റെ ബുദ്ധിപരവും എന്നാൽ നിഗൂഢതയുണ്ടാക്കുന്നതുമായ നീക്കങ്ങൾ പലരെയും അമ്പരപ്പിച്ചു. മാക്യവെല്ലി മുതൽ ഗോർബച്ചേവ് വരെ പലതുമാണ് കഴിഞ്ഞ ആറുമാസക്കാലത്തെ അദ്ദേഹത്തിന്റെ വിശേഷണങ്ങൾ.

മാധ്യമങ്ങളും രാഷ്ട്രീയവൃത്തങ്ങളും “ഭാഗവതിസം” എന്താണെന്ന് വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ബി ജെ പിയുടെ ദേശീയ ജനറൽ സെക്രട്ടറിയും സർക്കാരിൽ സംഘത്തിന്റെ കയ്യാളുമായ രാം മാധവ് രണ്ടുപടികൂടി മുന്നോട്ടുപോയി, ഭാഗവതിന്റെ പരിഷ്‌ക്കരണ ശ്രമത്തെ ആർ എസ് എസിന്റെ ഗ്ളാസ്നോസ്റ്റ് (തുറന്നിടൽ) നിമിഷം എന്നാണ് വിശേഷിപ്പിച്ചത്. മുൻ യു എസ് എസ് എസ് ആർ പ്രസിഡന്റ് മിഖായിൽ ഗോർബച്ചേവ് നടപ്പാക്കിയ ഗ്ളാസ്നോസ്റ്റ്, പെരിസ്‌ട്രോയിക്ക (പുനഃസംഘടന) എന്നിവയുമായാണ് ഇന്ത്യൻ എക്സ്പ്രസ്സിൽ സെപ്റ്റംബർ 25-നു എഴുതിയ ലേഖനത്തിൽ രാം മാധവ് ഭാഗവതിന്റെ ‘പ്രസരിപ്പുള്ള പുതിയതും തുറന്നതുമായ’ നിലപാടിനെ താരതമ്യം ചെയ്യുന്നത്. പരിഷ്ക്കരണം നടപ്പാക്കുന്നതിൽ ഭാഗവതിന്റെ സത്യസന്ധതയെ സംശയിക്കുന്നവർക്ക് രാം മാധവ് ഉറപ്പും നൽകുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിലും വിദേശത്തും ആർ എസ് എസിനെ മുഖ്യധാരയിലേക്ക് എത്തിക്കാൻ അല്പം വിജയത്തോടെ തന്നെ അണിയറയിൽ രാം മാധവ് നിർണായക പങ്കു വഹിച്ചിട്ടുണ്ട്. സർക്കാരുമായുള്ള ആര്‍ എസ് എസ് ബന്ധത്തിലെ നിർണായക കണ്ണിയാണ് അയാൾ. ത്രിപുരയിൽ വിജയിക്കാനും നാഗാലാന്റിലും മേഘാലയയിലും ബി ജെ പിക്ക് വേരോട്ടമുണ്ടാക്കാനും അയാൾക്ക് സാധിച്ചു. ജമ്മു കാശ്മീരിലെ പി ഡി പി- ബി ജെ പി സഖ്യം ഉണ്ടാക്കുന്നതിലും അയാൾ വലിയ പങ്കാണ് വഹിച്ചത്.

എന്നാൽ മാധവിന്റെ ഗ്ളാസ്നോസ്റ്റ് നിമിഷ പരാമർശത്തിനെ രണ്ടു ദിവസത്തിനുള്ളിൽ സംഘത്തിന്റെ സൈദ്ധാന്തികനും രാജ്യസഭാംഗവുമായ രാകേഷ് സിൻഹ മറ്റൊരു ദേശീയ ദിനപത്രത്തിൽ അതിനെ ഖണ്ഡിച്ചു. ആർ എസ് എസിനെ സംബന്ധിച്ച് ഗ്ളാസ്നോസ്റ്റും പെരിസ്‌ട്രോയിക്കയും അനൗചിത്യം നിറഞ്ഞ പദങ്ങളാണെന്നു ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ സിൻഹ പറഞ്ഞു. യുക്തിയെ തിരിച്ചിട്ടുകൊണ്ട്, “വിമർശകരോട് അവരുടെ ചിന്താരീതിയിൽ ഗ്ളാസ്നോസ്റ്റും പെരിസ്‌ട്രോയിക്കയും നടപ്പാക്കാനാണ് ഭാഗവത് ആവശ്യപ്പെട്ടത്” എന്നും അയാൾ കൂട്ടിച്ചേർത്തു. “ഇന്ത്യൻ സ്ഥാപനങ്ങളേയും തദ്ദേശീയമായ പരിവർത്തന രീതികളെയും യൂറോപ്യൻ കണ്ണാടിയിലൂടെ കാണാനാണ് പലരും ഇപ്പോളും ശ്രമിക്കുന്നത് എന്നതാണ് ദുരന്തം,” സിൻഹ പറഞ്ഞു. മാധവിനെയാണോ അയാൾ ഉദ്ദേശിച്ചത് എന്നത് വ്യക്തമല്ല.

എന്നാൽ സിൻഹയുടേത് പോലുള്ള ചില എതിർപ്പുകൾ ഉയരും എന്ന് മുൻകൂട്ടിക്കണ്ടുകൊണ്ടുതന്നെ മാധവ് തന്റെ ലേഖനത്തിൽ ഇങ്ങനെ പറഞ്ഞു, “ഭഗവത് പറഞ്ഞതിൽ പുതിയതായൊന്നുമില്ല എന്ന് ഉള്ളിലുള്ള ചിലർ തന്നെ പറഞ്ഞേക്കാം. പക്ഷെ സംഘടനയിൽ എല്ലാക്കാലത്തും രണ്ടു സമാന്തര നിലപാടുകൾ ഉണ്ടായിരുന്നു. അതിന്റെ ചിന്തയെ ഒരു പ്രഹേളിക എപ്പോഴും പൊതിഞ്ഞുനിന്നു. ഭാഗവത് ആ പ്രഹേളിക തകർക്കാൻ തീരുമാനിച്ചു. ഇതൊരു എളുപ്പമുള്ള പരിവർത്തനമല്ല. സംഘടനയുടെ എല്ലാ തട്ടിലും അണികളിലും ആ പുതിയ ചിന്തയെ എത്തിക്കുക എന്നത് ഒരു പെരിസ്‌ട്രോയിക്കയിൽ-പുനഃസംഘടനയിൽ- കുറഞ്ഞൊന്നുമല്ല. ഭാഗവതിന്റെ വെല്ലുവിളി അതിലാണ് കിടക്കുന്നത്.”

ആർ എസ് എസിനുള്ളിലെ രണ്ടു സമാന്തര നിലപാടുകളെക്കുറിച്ചും ഒരു സംഘർഷം മുറുകുന്നതിനെക്കുറിച്ച് സംഘ നിരീക്ഷകരായ, “The Brotherhood in Saffron: The Rashtriya Swayamsevak Sangh and Hindu Revivalism” എന്ന പുസ്തകത്തിന്റെ സഹ രചയിതാവ് കൂടിയായ വാൾട്ടർ കെ ആൻഡേഴ്‌സൺ പോലുള്ളവർ പറയുന്നുണ്ട്. സംഘം ഒരു സ്വഭാവ രൂപീകരണ സ്ഥാപനമായി നിലകൊള്ളണമെന്ന പഴയ ഗോൾവാൾക്കർ നിലപാടിൽ ഉറച്ചുനിൽക്കുന്ന, രാഷ്ട്രീയം നിങ്ങളുടെ സ്വഭാവത്തെ കളങ്കപ്പെടുത്തുകയും ദുര്‍ബലമാക്കുകയും ചെയ്തു എന്നും കരുതുന്ന ഒരു വിഭാഗം ഇപ്പോഴും അതിലുണ്ടെന്നു മൂന്നു വർഷം മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ ആൻഡേഴ്‌സൺ പറയുന്നു. എന്നാലിന്നിപ്പോൾ ആർ എസ് എസ് കാര്യങ്ങളോട് കൂടുതൽ പ്രായോഗിക സമീപനമുള്ള ഒരു നിലപാടാണ് എടുക്കുന്നത്. “ഇടപെടലും രാഷ്ട്രീയവത്കരണവും സംഘടനയിലെ ഒരു പ്രധാന ധാരയാണ്. അത് ആ ഘടനയിൽ ചില സംഘര്ഷങ്ങള് ഉണ്ടാക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

2009-ൽ ആർ എസ് എസ് തലവനായി ചുമതലയേറ്റപ്പോൾ ബി ജെ പിയുടെ സ്തംഭനാവസ്ഥയിൽ മടുത്ത ഭാഗവത് ബി ജെ പി കീമോതെറാപ്പിക്ക് വിധേയമാകണം എന്ന് പറഞ്ഞിരുന്നു. ഭാഗവതിന്റെ ഉപദേശം സ്വീകരിച്ച പാർട്ടി നാഗ്പൂരിൽ നിന്നുള്ള സഹായത്തോടെ 2014-ൽ യു പി എ സർക്കാരിനെ താഴെയിറക്കി. 2014-ൽ ബംഗളൂരുവിൽ ഒരു പ്രതിനിധി സഭ യോഗത്തെ അഭിസംബോധന ചെയ്യവേ ആർ എസ് എസ് നമോ നമോ എന്ന് ജപിക്കേണ്ടതില്ലെന്നും നമ്മൾ രാഷ്ട്രീയത്തിലില്ലെന്നും പറഞ്ഞു. “അത് നമ്മുടെ പണിയല്ല, നാം നമ്മുടെ ലക്ഷ്യത്തിലേക്കു കണ്ണുനട്ടുവേണം പ്രവർത്തിക്കാൻ.” പിന്നീട് അദ്ദേഹം കൂട്ടിച്ചേർത്തു, “ആരാണ് അടുത്ത സർക്കാർ ഉണ്ടാക്കുക എന്നല്ല ചോദ്യം. വലിയ ചോദ്യം ആരാണ് അടുത്ത സർക്കാർ ഉണ്ടാക്കാതിരിക്കേണ്ടത് എന്നാണ്.” മോദിയുടെ സ്തുതിപാഠകരെക്കൂടി ലക്ഷ്യവെച്ചാണ് അപ്പറഞ്ഞത് എന്ന വ്യാഖ്യാനവുമുണ്ടായി.

അയാളുടെ മുൻഗാമികളെക്കാൾ പ്രായോഗികവാദിയായാണ് ഭാഗവത് വിലയിരുത്തപ്പെടുന്നത്. സ്വദേശി വഴി വിട്ട് ആർ എസ് എസ് കൂടുതൽ വ്യാപാര സൗഹൃദം ആയിരിക്കുന്നു. നിർനിക്ഷേപത്തിന്റെ കാര്യത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും മുൻ പ്രധാനമന്ത്രി വാജ്‌പേയിക്ക് നാഗ്പൂരിൽ നിന്നും വലിയ എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു. അന്നത്തെ തലവൻ കെ സുദർശൻ, SJM, BMS, BKS തുടങ്ങിയ പരിവാർ അനുകൂല സംഘടനകളെ സർക്കാരിന്റെ പരിഷ്‌ക്കരണ നയങ്ങൾക്കെതിരെ രംഗത്തിറക്കി. ഐ എം എഫും ലോകബാങ്കും പോലുള്ള പടിഞ്ഞാറൻ സ്ഥാപനങ്ങളുടെ സാമ്പത്തിക അജണ്ടയിൽ നിന്നും തീർത്തും ഭിന്നമായിരുന്നു സംഘമെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. അതേസമയം പരിഷ്‌ക്കരണ അജണ്ട മുന്നോട്ടു വെക്കുമ്പോൾ, ആർ എസ് എസ് അതിന്റെ സാംസ്കാരിക യാഥാസ്ഥിതികത്വം ഉപേക്ഷിക്കുകയും വിഭാഗീയ പ്രചാരണങ്ങൾ അവസാനിപ്പിക്കുകയും വേണം. ഇല്ലെങ്കിൽ ഗ്ളാസ്നോസ്റ്റും പെരിസ്‌ട്രോയിക്കയും അർത്ഥശൂന്യമായ വാക്കുകളാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍ – ഭാഗം 1

ആരാണ് ഹിന്ദു? ആര്‍എസ്എസിന്റെ നിര്‍വചനങ്ങള്‍ ഇങ്ങനെയൊക്കെയാണ്- ഭാഗം 7

സ്ത്രീകള്‍, ജാതി, സംവരണം, അഹിന്ദുക്കള്‍: സമകാലിക ഇന്ത്യയിലെ ഗോള്‍വാള്‍ക്കര്‍- ഭാഗം 8

ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

മുതലാളിത്ത ഇന്ത്യയുടെ സ്വന്തം ആര്‍ എസ് എസ്

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍