UPDATES

അഴിമതിക്കറയില്‍ കാവി പുതച്ചാല്‍ അവര്‍ ആരേയും തെക്കോട്ടെടുപ്പിക്കും, കള്ളം പ്രചരിപ്പിക്കും

അഴിമതി ബിജെപി എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് ഒരു പുതിയ കളരിയല്ല, ആ പാര്‍ട്ടിയുടെ ചരിത്രവും വര്‍ത്തമാനവും അനവധിയായ അഴിമതി കഥകളാല്‍ സമ്പുഷ്ടമായിരുന്നു

സത്യാനന്തര (post truth) കാലത്ത്, കള്ളങ്ങളെ തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കുക മാത്രമല്ല നിലനില്‍ക്കുന്ന സത്യങ്ങളുടെ സ്വഭാവത്തെ അത് സംവദിക്കുന്ന തലത്തിലെ ഏറ്റവും ലളിതവും ശുഷ്കവുമായ പോയിന്റിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. അതിനു ഏറ്റവും വലിയൊരു ഉദാഹരണമാണ് ഈ കാലങ്ങളില്‍ നടക്കുന്ന ഫാഷിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍. കേവല വയലന്‍സുകളെ (പാടില്ലാത്തത് തന്നെ) ഫാഷിസം എന്ന ഓമനപ്പേരിട്ട് അഭിസംബോധന ചെയ്ത് ഇന്ന് ഫാഷിസത്തിന്‍റെ ആകെ സത്ത തന്നെ അതിനെ ഉള്‍ക്കൊള്ളാവുന്ന തലത്തിലേക്ക് സമൂഹത്തെ കൊണ്ട് ചെന്നെത്തിച്ചിട്ടുണ്ട്. യഥാര്‍തത്തില്‍ ഫാഷിസ്റ്റുകളുടെ ഒന്നാമത്തെ ആവശ്യവുമാണിത്. ഫാഷിസത്തെ കുറിച്ചുള്ള തൊണ്ണൂറ്റി ഒന്‍പത് ശതമാനം ചര്‍ച്ചകളും അതിന്‍റെ സാമ്പത്തിക താത്പര്യങ്ങളെ സ്പര്‍ശിച്ചു കാണാറുമില്ല.

നേരിട്ട് രണ്ടു സംഭവങ്ങളിലൂടെ പോയതിനു ശേഷം വിഷയത്തിലേക്ക് കടക്കാം.

ആദ്യത്തേത് വയലന്‍സുമായി ബന്ധപ്പെട്ടതാണ്. തിരുവനന്തപുരത്ത് പൊട്ടിപ്പുറപ്പെട്ട ബിജെപി-സിപിഎം സംഘര്‍ഷവും അതിനെ തുടര്‍ന്ന് ഈ കഴിഞ്ഞ ആഴ്ചകളില്‍ കേരളത്തിലും കേന്ദ്രത്തിലുമായി നടക്കുന്ന സംഭവ വികാസങ്ങളുമാണവ. ഈ അക്രമത്തിന്‍റെ ആരംഭത്തിനു മുന്‍പ് സംസ്ഥാന ബിജെപിയെ പ്രതിരോധത്തിലാക്കിയതും അവരുടെ ആഭ്യന്തര കലാപത്തിനു തുടക്കമിട്ടതുമായ സംഭവമായിരുന്നു മെഡിക്കല്‍ കോഴയടക്കമുള്ള അഴിമതിയാരോപണങ്ങള്‍. അതിനെ അക്രമങ്ങളും തുടര്‍ന്ന് ഒരു ആര്‍എസ്എസ് പ്രവര്ത്തകന്റെ കൊലപാതകത്തില്‍ കലാശിച്ച ഗുണ്ടാ ആക്രമണങ്ങളിലൂടെയും അവര്‍ക്ക് വഴി തിരിച്ചു വിടാന്‍ സാധിച്ചു.

രണ്ടാമത്തേത് കഴിഞ്ഞ ദിവസങ്ങളിലായി ചര്‍ച്ച ചെയ്യുന്ന ബിജെപി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന്‍റെ പ്രസംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെയും സംഘപരിവാര്‍ കൂടാരത്തില്‍ നിന്ന് ഇടതു പാളയത്തിലെത്തിയ സുധീഷ്‌ മിന്നിക്കെതിരെയും മനോഹരമായ സാംസ്കാരിക ഭാഷയില്‍ അവര്‍ നടത്തിയ പ്രസംഗം. ഈ പ്രസംഗം നടന്ന അതേ ദിവസം തന്നെ മറ്റൊരു സംഭവം നടന്നു. മെഡിക്കല്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയും ബിജെപിയുടെ യുവ നേതാവുമായ വി.വി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി നടപടിയെടുത്തു. വ്യാജ രശീതി അഴിമതി ആരോപണത്തില്‍ മറ്റൊരു യുവമോര്‍ച്ചാ നേതാവ് പ്രഫുല്‍ കൃഷ്ണയ്ക്കെതിരെയും നടപടിയെടുത്തു. ബിജെപി കേന്ദ്ര നേത്രുത്വത്തിന്‍റെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഈ സംഭവങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ ശോഭാ സുരേന്ദ്രന്റെ തുടര്‍ദിവസങ്ങളിലെ പ്രസംഗങ്ങള്‍ക്ക് സാധിക്കുകയുണ്ടായി.

ഇവിടെ പ്രതിപാദിക്കാന്‍ ശ്രമിക്കുന്നത് പരസ്പര പൂരകങ്ങളായ രണ്ടു വിഷയങ്ങളാണ്, ശക്തമായ ഇടത്/പുരോഗമന/സെക്കുലര്‍ സാംസ്കാരിക മേല്‍ക്കോയ്മയുള്ള ഒരു പ്രദേശത്ത് പോലും സത്യാനന്തര കാലത്തെ സംഘ് നേതാക്കന്മാരുടെ കാലാനുസ്മൃതമായ ശാരീരഭാഷയിലെ മാറ്റവും അതേസമയം, മുന്നോട്ട് കൊണ്ട് പോവുകയും ചര്‍ച്ചാ മണ്ഡലങ്ങളില്‍ നിന്നും മാറി നിക്കുകയും ചെയ്യുന്ന അവരുടെ സാമ്പത്തിക താത്പര്യങ്ങളും ഒത്തു ചേരാന്‍ പോകുന്ന ഫാഷിസ്റ്റ് സ്റ്റേറ്റ് എന്ന ആശയത്തെ കുറിച്ചുമാണ്.

ബിജെപിയുടെ സാമ്പത്തിക അഴിമതി ഒരു വട്ടം മലയാള ചര്‍ച്ചാ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന് കഴിഞ്ഞതാണ്. അതിലേക്ക് വീണ്ടും വരേണ്ടത് തന്നെയുണ്ട്‌, അതിനു മുന്നേ ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു വിഷയമാണ് ബിജെപി നേതാക്കളുടെ ശരീര ഭാഷയിലെയും വര്‍ത്തമാന ഭാഷയിലേയും ശൈലീമാറ്റം, അതില്‍ തന്നെ എടുത്തു പറയേണ്ട  വ്യക്തിത്വമാണ് ശ്രീമതി ശോഭാ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍റെ അടുത്ത കാലത്തായുള്ള ശൈലീമാറ്റം രാഷ്ട്രീയമായി ബിജെപി മുന്നോട്ട് വെക്കുന്ന ബിംബവത്ക്കരണത്തിന്‍റെ അടയാളമായാണ് ഞാന്‍ കാണുന്നത്. കേരളാ ബിജെപിയില്‍ ശോഭാ സുരേന്ദ്രന് പുറമെയൊരു വനിതാ ബിജെപി നേതാവിന്‍റെ പേര് ചോദിച്ചാല്‍ ബിജെപി അനുഭാവികള്‍ തന്നെ ഒന്ന് പരുങ്ങും. യഥാര്‍ത്ഥത്തില്‍ അങ്ങനെ നേതൃനിരയിലേക്ക് വന്ന വനിതാ നേതാക്കളില്‍ ഇടം കണ്ടെത്തിയ മറ്റൊരു നേതാവില്ല എന്നിടത്തു തന്നെയാണ് കാര്യം.

ബിജെപി നേതാക്കള്‍ക്കിടയില്‍ അവര്‍ക്ക് ആ ആശയം പരിക്കേല്‍പ്പിച്ച സ്വാഭാവിക കുറവുകള്‍ മാറ്റി നിര്‍ത്തിയാല്‍ ‘താരതമ്യേനെ’ മൃദു ഭാഷിണിയായിരുന്ന ശോഭ സുരേന്ദ്രന്‍ അഗ്രസീവ് മോഡിലേക്ക് ചുവടു മാറ്റിയത് തങ്ങള്‍ക്ക് നേരെ ഉയര്‍ന്നു വരുന്ന കോഴ ആരോപണത്തെ തുടര്‍ന്നുണ്ടായ സ്വാഭാവിക വൈകാരികതയാണെന്ന് കരുതാന്‍ താത്പര്യപ്പെടുന്നില്ല. പരസ്പരപൂരിതമായ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് ഇത്രയും കാലം നിറഞ്ഞു നിന്നിരുന്ന സ്ത്രീ ശബ്ദം ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടേതായിരുന്നു. വര്‍ഗീയ വിദ്വേഷം നിറഞ്ഞു നിന്ന കലാപാഹ്വാനങ്ങളിലൂടെ ടാര്‍ഗറ്റ് ഓഡിയന്‍സിനിടയില്‍ വന്‍ സ്വീകാര്യത നേടിയ കെ.പി ശശികലക്ക് അടുത്ത കാലത്തായി കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുന്നില്ല എന്നതാണ് വാസ്തവം. നിരനിരയായി കെട്ടിപ്പൊക്കിയ വര്‍ഗ്ഗീയത തുളുമ്പുന്ന കള്ളങ്ങളോരോന്നും അവയുടെ തന്നെ വാര്‍ധക്യ ദശയിലേക്ക് പോകപ്പെട്ടു. മാത്രമല്ല ശശികല ടീച്ചറില്‍ നിക്ഷിപ്തമായിരിക്കുന്ന ജോലിയിലൂടെ നേടാന്‍ പറ്റുന്ന ഫലത്തിന്‍റെ പരമാവധി എന്ന തലത്തിലേക്ക് സംഘപരിവാര്‍ പ്രവേശിക്കുകയും ചെയ്തു. വര്‍ഗീയതയുടെ വിഷ വിത്തുകള്‍ക്ക് കേരളത്തില്‍ ലഭ്യമാകുന്ന സ്വീകാര്യതയുടെ പരകോടിയില്‍ എത്തിയതോടെ അവര്‍ മാറ്റി നിരത്തപ്പെട്ടു. ഇനി ആ സ്ഥാനത്ത് ജോലികള്‍ ബാക്കിയുള്ളത് ശോഭാ സുരേന്ദ്രനാണ്. ഒരു ഷോവനിസ്റ്റ് നായികാ കഥാപാത്രത്തെ മെനഞ്ഞെടുക്കേണ്ട ആവശ്യമാണ്‌ ഇന്ന് പരിവാറിനു മുന്നിലുള്ളത്; നികത്തിയ നിലത്ത് വിത്ത്‌ പാകേണ്ട ജോലികള്‍.

ശോഭ സുരേന്ദ്രനില്‍ മാത്രമല്ല ബിജെപിയുടെ മിക്ക നേതാക്കന്മാരുടെയും ശൈലിയിലെ ഭീഷണികളുടെ കൂട് മാറ്റം കേവലം അധികാരത്തിന്‍റെ അഹന്തയുടെ പുറത്തുത്പ്പാദിപ്പിക്കപ്പെടുന്ന സ്വാഭാവികതയിലേക്ക് കൊണ്ടു കെട്ടാന്‍ പറ്റുമെങ്കിലും അതത്ര ലളിതമായ വസ്തുതയിലേക്കൊതുക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ കയ്യാളുന്ന ആശയത്തിന്‍റെ വര്‍ത്തമാന ചരിത്രം അതാണ്‌ പഠിപ്പിക്കുന്നതും.

നോക്കൂ മോഡിയുടെ വാഗ്ദത്തത രൂപപ്പെടുത്തിയതില്‍ ഗുജറാത്ത് കലാപത്തിനുള്ള പങ്ക്, പലരെയും വെട്ടി അമിത് ഷാ ദേശീയ അധ്യക്ഷപദവിയിലേക്ക് എത്തിച്ചേരാനിടയാക്കിയ ചരിത്രപശ്ചാത്തലം, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ പോലൊരാളെ മുഖ്യമന്ത്രിയായി സ്ഥാനാരോഹണം ചെയ്തത്, എന്തിനധികം പറയുന്നു കേരളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പാര്‍ട്ടിയിലെ സാധാരണ അംഗം പോലുമല്ലാത്ത ഹിന്ദു ഐക്യവേദി നേതാവിനെ കൊണ്ടുവന്നത്. ഒക്കെ പറയുന്നത് ഒരേയൊരു കാര്യമാണ്. തീവ്ര ഹിന്ദുത്വത്തിലൂന്നിയ വര്‍ഗ്ഗീയതയും അതിന്‍റെ ഉപോത്പ്പന്നങ്ങളും നിങ്ങള്‍ എത്ര നന്നായി കൈകാര്യം ചെയ്യുന്നോ അത്രയും നന്നായി ആ പാര്‍ട്ടിയില്‍ നിങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും.

കേരളാ ബിജെപി എന്ന് കേള്‍ക്കുമ്പോള്‍ കുമ്മനം രാജശേഖരനും മുന്നേ ഒരുപക്ഷേ നിങ്ങളുടെ മനസ്സിലെത്തുന്ന മുഖം കെ. സുരേന്ദ്രന്‍ ആണെങ്കില്‍ അതെങ്ങനെ സംഭവിക്കുന്നു എന്ന പശ്ചാത്തലത്തില്‍ കൂടി സഞ്ചരിച്ചാല്‍ മതി. നിരന്തരമുള്ള, കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍മ്മിച്ചെടുക്കപ്പെട്ട കള്ളങ്ങളുടെ കൂമ്പാരങ്ങളുടെ അപനിര്‍മ്മാണ വഴികളില്‍ നമ്മള്‍ കോമഡി കഥാപാത്രമാക്കി നിര്‍ത്തി ട്രോളുകളില്‍ അവസാനിപ്പിച്ചുവെങ്കിലും ആ വിഷം പരത്തലുകളും ട്രോളുകളും കെ സുരേന്ദ്രന് ആ പാര്‍ട്ടിയില്‍ സമ്മാനിച്ചത് ഒരു പൊളിറ്റിക്കല്‍ കരിയര്‍ തന്നെയാണ്. അഥവാ സുരേന്ദ്രന്‍റെ നുണകള്‍ നടാതെ തന്നെ കുരുക്കാന്‍ വളക്കൂറുള്ള മണ്ണാണ് ആ പാര്‍ട്ടി എന്ന് മറ്റാരേക്കാളും സുരേന്ദ്രന് നന്നായി അറിയാം. ടി.ജി മോഹന്‍ദാസിനെ പോലൊരു മനുഷ്യനെ പാര്‍ട്ടിയുടെ ഇന്റലക്ച്ച്വല്‍ സെല്‍ നേതാവാക്കുന്നൊരു പാര്‍ട്ടിയുടെ ബൌദ്ധിക ഘടനയും നിലവാരവും ഏതു പ്രൊഡക്റ്റിനാണ് ഏറ്റവും നല്ല ഡിമാന്റ് നല്‍കുക എന്ന് ഒരു ശാരശരി കച്ചവടക്കാരന് പോലും മനസ്സിലാകും. അതിനാല്‍ തന്നെയാണ് ശ്രീധരന്‍ പിള്ളയും, സികെ പത്മനാഭനെയും പോലെയുള്ള നേതാക്കള്‍ ഗ്ലാമറില്‍ പിന്‍നിരയിലേക്ക് മാറ്റപ്പെടുകയും സുരേന്ദ്രനും ശോഭയുമൊക്കെ അരങ്ങു തകര്‍ക്കുകയും ചെയ്യുന്നത്. ഏറ്റവും ലളിതമാണത്; അതുകൊണ്ടാണ് താന്‍ നയിക്കുന്ന ജാഥയ്ക്ക് ശ്രദ്ധ ലഭിക്കാന്‍ എ.എന്‍ രാധാകൃഷ്ണനു പോലും കമലിന് പാകിസ്ഥാന്‍ ടിക്കറ്റ് നല്‍കിക്കൊണ്ട് വിഷം പുറത്തെടുക്കേണ്ടി വന്നത്.

സുധീഷ്‌ മിന്നിയെ മുന്നില്‍ കണ്ടാല്‍ ചെരുപ്പൂരി മുഖത്തടിക്കുമെന്നു പ്രസംഗിക്കുന്നതും കോടിയേരി ബാലകൃഷനനെ തെക്കോട്ടെടുക്കല്‍ ഓര്‍മിപ്പിക്കുന്നതുമൊന്നും ഇതിന്റെയൊക്കെ സാമാന്യ യുക്തി മനസ്സിലാകാഞ്ഞിട്ടല്ല. മറിച്ച് സാമാന്യയുക്തിയുടെ മറുവശത്ത്‌ നില്‍ക്കുന്ന മറ്റൊരു യുക്തിയുടെ ചൂഷണമാണ്. വ്യാജ വീഡിയോ പോസ്റ്റ്‌ ചെയ്തു മുന്നേറുന്ന സംസ്ഥാന അധ്യക്ഷനും മുന്നണി കണ്‍വീനറും വ്യാജ ഫോട്ടോയും കള്ളങ്ങളും മാത്രം പ്രചരിപ്പിക്കുന്ന സംസ്ഥാന സെക്രട്ടറിയും കള്ളങ്ങളും കൊലവിളികളുമായി മുന്നേറുന്ന വനിതാ നേതാവുമൊക്കെ ആ പാര്‍ട്ടിയുടെ നിലനില്‍പ്പ് ആവശ്യപ്പെടുന്ന സാത്യാനന്തരകാല അടവുനയങ്ങളെ ഏറ്റവും നന്നായി ഉപയോഗിക്കുകയാണ്.

ആര്‍എസ്എസ് എന്ന ഒരു മാസ് പൊളിറ്റിക്കല്‍ മൂവ്മെന്റിന്‍റെ പാര്‍ലമെന്ററി രാഷ്ട്രീയ ഘടകമായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരിക്കലും ആര്‍എസ്എസ് എന്ന അച്ചിനെ അതേ പടി പകര്‍ത്താന്‍ കഴിയില്ല. പറയുമ്പോള്‍ പിന്തിരിപ്പനും കൌതുകവുമായി തോന്നാമെങ്കിലും അഴിമതി നടത്തുന്ന ബിജെപിയെയാണ്, അഴിമതിയില്ലാത്ത ബിജെപിയേക്കാള്‍ ഭയപ്പെടേണ്ടത് എന്ന ആശയയുക്തിയിലേക്ക് എത്തിപ്പെടും. ഒരു മൂന്നാം ലോക രാജ്യത്ത് ഇടപാട് നടത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ എത്രമേല്‍ മിലിട്ടന്റ് ആശയ പ്രചാരകന്മാരായാലും സാമൂഹ്യപരമായി ഇവിടെ നിലനില്‍ക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്ക് പൊതുവേ ബാധകമായ എല്ലാ കുറ്റങ്ങളും കുറവുകളും ആ സമൂഹത്തില്‍ ഇടപാട് നടത്തുന്ന എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്കും ബാധകമാവും. അതുകൊണ്ട് തന്നെ പാര്‍ലമെന്ററി സിസ്റ്റം നിലനില്‍ക്കുന്ന കാലത്തോളം മാത്രമേ ആര്‍എസ്എസ്, ബിജെപി എന്ന കുപ്പായം ധരിക്കുകയുള്ളൂ എന്ന് ഞാന്‍ കരുതുന്നു. അജണ്ട പ്രകാരം ജോലികള്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ ബിജെപി ഇല്ലാതാകുകയും ആര്‍എസ്എസും കോര്‍പ്പറേറ്റുകളും എന്ന ഒറ്റ വരിയിലൂടെ ഫെഡറലിസം തകരുകയും കേന്ദ്രീകൃത അധികാരമെന്ന പുത്തന്‍ ഭരണ സംവിധാനത്തിലേക്ക് ഇന്ത്യ എത്തിപ്പെടുകയും ചെയ്യും.

എന്നാല്‍ തന്നെ മതാത്മക ദേശീയത എന്ന എക്ട്രീമിസ്റ്റ് ആശയത്തിനോടൊപ്പം നിയോ ലിബറല്‍ ക്യാപ്പിറ്റലിസത്തോട് കൂടി സംഘപരിവാര്‍ അടുക്കുമ്പോള്‍ മൂലധന ശക്തികള്‍ക്കും അവരുടെ പരാദങ്ങളായ അനുഭാവികള്‍ക്കുമുള്ള സ്വാഭാവിക ഇടമായി അത് പരിണമിക്കുകയും അവയ്ക്കുള്ളില്‍ നിന്ന് തന്നെ ആന്തരിക വൈരുധ്യങ്ങള്‍ തുടങ്ങുകയും ചെയ്യുമെന്നത് ഒരു പ്രതീക്ഷയാണ്. സംഘ് ഒരു പൂര്‍ണ്ണ ഫാഷിസ്റ്റ് രൂപത്തിലേക്ക് വഴി മാറുമ്പോഴും ക്യാപ്പിറ്റലുമായി ബന്ധപ്പെട്ട ഈയൊരു അഭ്യന്തര വൈരുധ്യം അതിന്‍റെ സുഗമമായ ലക്ഷ്യ പ്രാപ്തിക്ക് വിഘാതം സൃഷ്ടിക്കുമെന്ന് താത്ക്കാലിക പ്രതീക്ഷയെങ്കിലും വേണമെന്ന് താനും. പലപ്പോഴും ഫാഷിസത്തെ കുറിച്ചുള്ള ചര്‍ച്ച വയലന്‍സ് എന്ന ഏകകത്തിലേക്ക് ഒതുക്കപ്പെടുകയും, അതിന്‍റെ സാമ്പത്തിക താത്പര്യങ്ങളെ സ്പര്‍ശിക്കാതിരിക്കുകയും കേവല വയലന്‍സുകളെ ഫാഷിസം എന്ന പേരോട് കൂടി വായിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്ത്. അതുകൊണ്ട് തന്നെ തീവ്ര ദേശീയതയും അതിനെ ചുറ്റിപ്പറ്റിയുള്ള ആശയങ്ങളും നമ്മുടെ ചര്‍ച്ചാ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും എന്നും അതിന്റെ കൂടെ നിന്ന സാമ്പത്തിക താത്പ്പര്യങ്ങള്‍ കാണാതെ പോകരുത്. സംഘ് തൊണ്ണൂറു വര്‍ഷങ്ങള്‍ക്ക് മുന്നേ മുതല്‍ ഇവിടെ തന്നെയുണ്ട്‌, അന്നില്‍ നിന്ന് ഇന്നിലേക്കുള്ള വ്യത്യാസം ഇന്നവര്‍ക്ക് കൂട്ടിന് സാമ്പത്തിക ശക്തികള്‍ കൂടെയുണ്ടെന്നാണ്. അത് വളരെ അപകടകരവുമാണ്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ ക്യാമ്പസിനുള്ളില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രിമാരെ മുന്നില്‍ ഇരുത്തി ജെഎന്‍യു സര്‍വ്വകലാശാല വൈസ് ചാന്‍സലറും സംഘപരിവാര്‍ പാവയുമായ എം. ജഗദീഷ് കുമാര്‍ പ്രസ്താവിച്ചതാണ് രണ്ടു ആഴ്ച്ചക്കള്‍ക്ക് മുന്നേ കേട്ടത്. സംഘിന്റെ കണ്ണിലെ കരടായ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളില്‍ ആര്‍എസ്എസ് ദേശസ്നേഹ ഉത്പ്പാദനം നടത്താന്‍ പട്ടാളത്തെ ഉപയോഗിക്കണമെന്ന് അയാള്‍ പ്രസ്താവിക്കുന്നതിന് ഏകദേശം അതേ സമയത്ത് തന്നെയായിരുന്നു ഇങ്ങു കേരളത്തില്‍ ഇതേ രാജ്യസ്നേഹികളുടെ പുത്തന്‍ അഴിമതി കഥകള്‍ ദിനം പ്രതി പുറത്തു വന്നു കൊണ്ടേയിരിക്കുന്നത്.

അഴിമതി ബിജെപി എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് ഒരു പുതിയ കളരിയല്ല, ആ പാര്‍ട്ടിയുടെ ചരിത്രവും വര്‍ത്തമാനവും അനവധിയായ അഴിമതി കഥകളാല്‍ സമ്പുഷ്ടമായിരുന്നു. ഒരുപക്ഷേ ക്രൂരവും പൈശാചികവുമായ ഹീനകൃത്യങ്ങള്‍ ഉള്‍പ്പെടെ അഴിമതിയെ മൂടിവെക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ വിലയ്ക്ക് വാങ്ങിയ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രൈം ടൈമുകളെ വേണ്ടവിധം അപഹരിക്കാത്തത് കൊണ്ട് മാത്രം പൊതു ജനശ്രദ്ധ നേടാത്തതാണ്. രണ്ടാം യുപിഎ ഭരണത്തിലെ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര കോടികളുടെ അഴിമതി കഥകളുടെ ഘോഷയാത്രയുടെ കൂടി ഫലത്തിലാണ് മൃഗീയ ഭൂരിപക്ഷത്തോട് കൂടി ബിജെപി അധികാര കസേരയിലിരുന്നത്. അഴിമതിക്കെതിരായ യുദ്ധമെന്നായിരുന്നു നരേന്ദ്ര മോദിയടക്കമുള്ളവര്‍ പ്രസംഗിച്ചു നടന്നിരുന്നത്. അഴിമതി വിമുക്ത ഭാരതമായിരുന്നു ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. രണ്ടാം യുപിഎ വിരുദ്ധ പൊതുബോധമേല്‍ക്കോയ്മയുടെ കൂടെ ഹിന്ദുത്വവും സമാസമം ചേര്‍ത്താണ് ബിജെപി 2014-ല്‍ രാജ്യത്ത് തേരോട്ടം നടത്തിയത്.

കേന്ദ്ര ഭരണത്തിന്‍റെ തണലില്‍ സമാനമില്ലാത്ത കോര്‍പ്പറേറ്റ് ദാസ്യവേലകളും അവര്‍ക്ക് വേണ്ടിയുള്ള അഴിമതി കഥകളുമാണ്‌ കഴിഞ്ഞ കാലങ്ങളില്‍ പുറത്തു വരുന്നത്. പക്ഷേ ഭരണകൂട സ്തുതിപാഠകരായ വലതു പക്ഷ/സംഘ് മാധ്യമങ്ങളുടെ അപാരമായ മാധ്യമ നൈതികതയാല്‍ അവയൊന്നും വേണ്ടവിധം പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ല എന്നതിലാണ് ആ അഴിമതി വിരുദ്ധ പാര്‍ട്ടിയുടെ വിജയം കിടക്കുന്നത്. ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞ അഴിമതികളുടെ മഴവെള്ളപ്പാച്ചിലുകള്‍ക്ക് വളരെ മുന്നേ വാജ്പേയ് സര്‍ക്കാര്‍ കാലത്ത് കേരളത്തില്‍ വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അനുവദിച്ചതിലൂടെ ബിജെപി നടത്തിയ കോടികളുടെ പകല്‍ക്കൊള്ളയെ കുറിച്ച് അന്നത്തെ അവരുടെ പാര്‍ട്ടി നേതാവായിരുന്ന രാമന്‍ പിള്ളയുടെ ‘ധര്‍മം ശരണം ഗച്ഛാമി’ എന്ന പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഏതൊരു കാലത്തും അധികാര കസേരയിലിരിക്കുമ്പോള്‍ അധികാരത്തിന്‍റെ തണലുപയോഗിച്ച് സമാനതകളില്ലാത്ത അഴിമതികള്‍ നടത്തുകയും കോര്‍പ്പറേറ്റുകള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുക എന്നതും പ്രാദേശിക തലത്തിലും ദേശീയ തലത്തിലും ബിജെപി നടത്തിപ്പോന്ന രീതി തന്നെയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ഉള്‍പ്പെടെയുള്ള വന്‍ കുംഭകോണങ്ങള്‍ പിന്നാമ്പുറ രഹസ്യങ്ങള്‍ ഈ അടുത്ത ദിനങ്ങളില്‍ ലോക്സഭാംഗം എം.ബി രാജേഷ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടിരുന്നു. ആയിരക്കണക്കിന് കോടികളുടെ വന്‍കിട കുംഭകോണങ്ങള്‍ക്കാണ് ഡല്‍ഹിയിലെ അന്തപ്പുരങ്ങളില്‍ വില പറഞ്ഞുറപ്പിക്കുന്നത്. ഭരണകാലത്തെ അഴിമതി എന്നത് ആ രാഷ്ട്രീയ പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ ഒട്ടുമേ ഒറ്റപ്പെട്ട സംഭവമല്ല എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. തെഹൽക്കയുടെ ഓപ്പറേഷൻ വെസ്റ്റ്എൻഡ് ഏവരുടെയും ഓര്‍മ്മയിലുണ്ടാകും. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ അടക്കം ദേശീയ ബിജെപി നേതാക്കള്‍ അന്ന് സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയത് കൈനീട്ടി കൈക്കൂലി വാങ്ങുമ്പോഴാണ്. ഇന്ത്യയില്‍ മറ്റൊരു ദേശീയ പാര്‍ട്ടിയുടെയും ദേശീയ അധ്യക്ഷന് അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടില്ല.

കേവലമായ വ്യക്ത്യാധിഷ്ടിത സാമ്പത്തിക ലാഭത്തെ പിന്‍പറ്റി നില്‍ക്കുന്ന തട്ടിപ്പുകളെക്കാള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ രാജ്യത്തിന്‍റെ പൊതുപണം കൊള്ളയടിക്കാന്‍ അധികാരത്തിന്‍റെ തണല്‍ ഉപയോഗിച്ച് കൂട്ടു നിന്നു എന്നുള്ളിടത്താണ് മൂലധന താത്പ്പര്യത്തോടുള്ള വിധേയത്വം മനസ്സിലാക്കേണ്ടത്.

ഒരു വശത്ത്‌ കൂടി കൂടുതല്‍ ഉദാരവത്കൃത നയങ്ങളിലൂടെ രാജ്യത്തിന്‍റെ സാമ്പത്തികരംഗം കുത്തകള്‍ക്കായി തുറന്നു കൊടുക്കുകയും ശത കോടീശ്വരന്മാരുടെ എണ്ണത്തില്‍ രാജ്യം ലോക രാജ്യങ്ങളില്‍ക്കിടയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയും അതേ സമയം സാമ്പത്തികരംഗവും വളര്‍ച്ചാ നിരക്കും കൂപ്പു കുത്തി താറുമാറായി മാറിയ ഭരണ സംവിധാനങ്ങള്‍ക്കിടയിലും പൊതുപണം അധികാരത്തിന്‍റെ അപ്പക്കഷ്ണങ്ങള്‍ വീതം വെക്കുന്നവര്‍ പങ്കിട്ടെടുക്കുകയും ചെയ്യുന്നു. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനായി ഒരു ക്യാബിനറ്റ് മന്ത്രി തന്നെ മോദി മന്ത്രിസഭയിലുണ്ട്. ലാഭത്തിലായതടക്കം പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി മാത്രമുള്ള ചോദ്യത്തിന് ഉത്തരമൊന്നുമില്ല. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രാജ്യത്തെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചു പൂട്ടുകയോ ഓഹരികളുടെ സിംഹഭാഗവും അംബാനി-അദാനിമാരുടെ കൈകളിലെത്തുകയോ ചെയ്യും.

രാഷ്ട്രസങ്കല്‍പ്പത്തില്‍ നിന്ന് മനുഷ്യരെ അന്യവത്ക്കരിക്കുകയും രാഷ്ട്രം എന്നത് കേവലം അതിരുകളാല്‍ ചുറ്റപ്പെട്ട ഭൂമി മാത്രമായി സ്ഥാപിക്കുകയും ചെയ്യപ്പെടുന്ന ആധുനിക ദേശീയതയുടെ ബാക്കിപത്രമാണ്‌ പട്ടിണി കിടക്കുന്ന ജനതയുടെ നികുതിപ്പണം കട്ടുമുടിക്കുന്നവര്‍ തന്നെ രാജ്യ സ്നേഹത്തിന്‍റെ അട്ടിപ്പേറവകാശികളാകുന്നത്. ദിനംപ്രതിയെന്നോണം പശുവിനു വേണ്ടി മനുഷ്യന്‍റെ പച്ച മാംസത്തില്‍ ഇരുമ്പ് കയറ്റുന്നവരുടെ ദേശസ്നേഹം ഒരു ഭാഗത്ത് തകൃതിയായി നടക്കുകകയും മറുഭാഗത്ത് കോര്‍പ്പറേറ്റ് ദാസ്യത്തിലൂടെ പൊതുപണം കട്ട് മുടിച്ച് പള്ള വീര്‍പ്പിക്കുന്ന ദേശസ്നേഹികളായ ഉന്നത നേതാക്കളും. വര്‍ഗ്ഗീയതയുടെ വിഷ വിത്തുക്കള്‍ ഇറക്കി വിട്ട് അണികളെ ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്കായി ഉപയോഗിക്കുകയും പൊതു സമൂഹത്തിന്‍റെ ചര്‍ച്ചാ മണ്ഡലത്തിലെ വിഷയങ്ങള്‍ പശുവിലും രാമക്ഷേത്രത്തിലും രാജ്യസ്നേഹത്തിലും കൊലവിളി പ്രസംഗങ്ങളിലും ഒതുക്കി നിര്‍ത്തുകയും മറുഭാഗത്ത് കൂടി കച്ചവടത്തുക പറഞ്ഞുറപ്പിച്ച് സ്വകാര്യ-കുത്തകവത്ക്കരണം തകൃതിയായി പൂര്‍ത്തിയാക്കുകയും ചെയ്യുന്നുണ്ട്.

മത രാഷ്ട്ര സങ്കല്‍പ്പത്തിലൂന്നി സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കൈ കടത്തി ഫെഡറലിസവും ജനാധിപത്യ സങ്കല്‍പ്പനങ്ങളും തകര്‍ത്തെറിഞ്ഞു കൊണ്ടുള്ള കേന്ദ്രീകൃത അധികാര വ്യവസ്ഥയിലേക്ക് നടന്നടുക്കുകയും ജുഡീഷ്യറി പോലും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് രാജ്യം മാറുമ്പോഴും വമ്പന്‍  കോര്‍പ്പറേറ്റുകള്‍ മറുഭാഗത്ത് പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. അവര്‍ നല്‍കുന്ന അപ്പക്കഷണങ്ങള്‍ ഭുജിച്ച് അഭിനവ രാജ്യസ്നേഹികള്‍ ദേശദ്രോഹികളുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടേയിരിക്കും. സ്റ്റേറ്റ് താത്പ്പര്യങ്ങളും മുതലാളിത താത്പ്പര്യങ്ങളും ഒരുപോലെയാകുന്ന സവിശേഷ സാഹചര്യത്തെ മുസോളിനി ഫാസിസം എന്ന് വ്യാഖ്യാനിച്ചത് കൂടുതല്‍ ഓര്‍ക്കേണ്ടതാണ്.

അഴിമതിക്കറയില്‍ കാവി പുതച്ച് പുത്തന്‍ സംഘ് ദേശസ്നേഹികള്‍ ഇനിയും അവതരിക്കും. വന്‍കിട കൊള്ളകളും കോര്‍പ്പറേറ്റ് ദാസ്യവേലകളുടെ കോഴകളും അഴിമതികളും കുഴല്‍പ്പണങ്ങളും കള്ളനോട്ടുകളും ഹവാല ഇടപാടുകളും മയക്കുമരുന്ന് കച്ചവടവും ചൈല്‍ഡ് ട്രാഫിക്കിങ്ങുമൊക്കെ അവരുടെ കയ്യാല്‍ നിര്‍ബാധം തുടര്‍ന്ന് കൊണ്ടേയിരിക്കും. ദേശസ്നേഹത്തിന്‍റെ ബാം പുരട്ടി ഒരൊറ്റ ഭാരത്‌ മാതാ ജയ്‌ വിളിയില്‍ അവര്‍ അതൊക്കെ മായ്ച്ചുകളയാന്‍ ശ്രമിക്കും. വിലയ്ക്ക് വാങ്ങിയ മാധ്യമങ്ങള്‍ രാജ്യദ്രോഹികളെ തപ്പുന്ന ഭൂതക്കണ്ണാടിയുമായി നിരത്തിലിറങ്ങി ഇന്ത്യാ വാണ്ട്സ് ടു നോ ശബ്ദങ്ങള്‍ ഉച്ചസ്ഥായിയിലെത്തിക്കും. നീതിന്യായ കോടതികള്‍ ബസ് സ്റ്റോപ്പ്‌ തോറും ദേശീയഗാനമാലപിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കും. വിദ്യ ചൊല്ലി കൊടുക്കേണ്ടവര്‍ രാജ്യസ്നേഹം വളര്‍ത്താന്‍ നേഴ്സറി സ്കൂളുകളില്‍ പട്ടാള ടാങ്കറുകള്‍ ആവശ്യപ്പെടും. അപ്പോഴും രാജ്യദ്രോഹികള്‍ ഏതെങ്കിലുമൊക്കെയൊരു ക്യൂവില്‍ നിന്ന് മരിക്കും. അഭിനവ രാജ്യസ്നേഹികള്‍ കുന്നുകൂട്ടിയ കോര്‍പ്പറേറ്റ് പണത്തിനു മുകളില്‍ അടയിരുന്നു കൊണ്ട് ഭാരത്‌ മാതാ കീ ജയ്‌ അലറി വിളിക്കും. അപ്പോഴും ബാക്കിയുള്ള നിഷ്പക്ഷ ബുദ്ധിജീവികള്‍ കോളേജ് കാമ്പസ്സിലെ തമ്മില്‍ തല്ലലിനെ കുറിച്ചുള്ള ഫാഷിസ്റ്റ് രചനകളിലായിരിക്കും.

തകര്‍ക്കേണ്ടത് അവരുടെ സാമ്പത്തിക സ്രോതസ്സുകളാണ്. അടിത്തട്ടിലെ ബ്ലേഡ് പലിശക്കാരെ മുതല്‍ ഐക്യമുന്നണിയായി പ്രവര്‍ത്തിക്കുന്ന നിയോ ലിബറല്‍ നയങ്ങള്‍ വരെ. അതിന്‍റെ കടയ്ക്കല്‍ കത്തി വെക്കുന്നതിനെ കുറിച്ച് സംസാരിക്കാത്ത ഒരു ഫാഷിസ്റ്റ് വിരുദ്ധ ചര്‍ച്ചകളും ഫലപ്രാപ്തിയില്‍ എത്തുകയുമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീകാന്ത് പി.കെ

ശ്രീകാന്ത് പി.കെ

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍