UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

കീഴാറ്റൂര്‍ മറ്റൊരു നന്ദിഗ്രാമാകുമെന്നതിന്റെ സൂചന ലഭിച്ചിട്ടും മര്‍ക്കട മുഷ്ടിയുമായി നിലയുറപ്പിച്ച സിപിഎം ജില്ലാ നേതൃത്വത്തെ തിരുത്താന്‍ കുമ്മനം രാജശേഖരനും കൂട്ടരും വേണ്ടിവന്നുവെന്നതാണ് വിരോധാഭാസം.

കെ എ ആന്റണി

കെ എ ആന്റണി

മറ്റൊരു നന്ദിഗ്രാമായി മാറുകയായിരുന്നു കണ്ണൂര്‍ തളിപ്പറമ്പിനടുത്തുള്ള കീഴാറ്റൂര്‍ എന്ന പാര്‍ട്ടി ഗ്രാമം. ഏക്കര്‍ കണക്കിന് വരുന്ന തങ്ങളുടെ പാടശേഖരം ദേശീയപാത നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് നികത്താനുള്ള നീക്കത്തിനെതിരെ കീഴാറ്റൂരിലെ ‘വയല്‍ക്കിളികള്‍’ (കീഴാറ്റൂരിലെ സമരക്കാര്‍ തങ്ങളുടെ സമരസേനയ്ക്ക് നല്‍കിയ പേര് അതായിരുന്നു) നടത്തിവന്നിരുന്ന സമരം താത്കാലികമായെങ്കിലും ഒത്തുതീര്‍പ്പായിരിക്കുന്നു. കീഴാറ്റൂര്‍ മറ്റൊരു നന്ദിഗ്രാമാകുമെന്നതിന്റെ സൂചന ലഭിച്ചിട്ടും മര്‍ക്കട മുഷ്ടിയുമായി നിലയുറപ്പിച്ച സിപിഎം ജില്ലാ നേതൃത്വത്തെ തിരുത്താന്‍ കുമ്മനം രാജശേഖരനും കൂട്ടരും വേണ്ടിവന്നുവെന്നതാണ് ഇതിലെ വിരോധാഭാസം.

കണ്ണൂരിലെ സിപിഎം കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ‘ജനരക്ഷാ യാത്ര’ നയിക്കാന്‍ ഒരുങ്ങുന്ന കുമ്മനം തിരക്കിട്ടു കീഴാറ്റൂരിലെ സമര പന്തല്‍ സന്ദര്‍ശനം നടത്തിയതോടെയാണ്, കീഴാറ്റൂരിലെ സ്വന്തം പാര്‍ട്ടിപ്രവത്തകര്‍ ഒരു മാസത്തിലേറെയായി നടത്തി വന്നിരുന്ന സമരത്തോട് മുഖം തിരിഞ്ഞു നിന്നിരുന്ന പാര്‍ട്ടി നേതൃത്വം ഒടുവില്‍ സമരക്കാരുമായി ഒരു ഒത്തുതീര്‍പ്പിനു തയ്യാറായത്.

നെല്‍വയല്‍ ഏറ്റെടുക്കാനുള്ള വിജ്ഞാപനം മരവിപ്പിക്കാമെന്നും ബൈപ്പാസിന് ബദല്‍ മാര്‍ഗം പരിശോധിക്കാമെന്നും മന്ത്രി ജി സുധാകരന്‍ ഇന്നലെ തിരുവനന്തപുരത്തു സമരസമിതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. മന്ത്രി സുധാകരന്‍, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സ്ഥലം എംഎല്‍എ ജെയിംസ് മാത്യു എന്നിവരുടെ സാന്നിധ്യത്തിലാണ് ദേശീയ പാത അഥോറിറ്റി ഉദ്യാഗസ്ഥരും സമരക്കാരുടെ പ്രതിനിധികളും ഇന്നലെ ചര്‍ച്ച നടത്തിയത്.

മന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് ജയരാജനും ജയിംസ് മാത്യുവും നേരത്തെ നിവേദനം നല്‍കിയിരുന്നുവെങ്കിലും ജയരാജന്‍ പിന്നീട് സമരത്തിനെതിരെ കര്‍ക്കശ നിലപാടായിരുന്നു സ്വീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടും ഒട്ടും വ്യത്യസ്തമായിരുന്നില്ല. റോഡ് നിര്‍മിക്കുമ്പോള്‍ പലപ്പോഴും വയല്‍ നികത്തേണ്ടിവരുമെന്നാണ് ഇത് സംബന്ധിച്ച് കോടിയേരി മുന്‍പ് പറഞ്ഞത്. എന്നാല്‍ ഇന്നലെ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ റോഡിനേക്കാള്‍ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം എന്ന് മന്ത്രി സുധാകരന് പറയേണ്ടി വന്നു.

പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും നടത്തി വന്ന സമരത്തെ തുടക്കം മുതല്‍ ജില്ലാ സിപിഎം നേതൃത്വം എതിര്‍ക്കുകയാണ് ഉണ്ടായത്. സമരം പാര്‍ട്ടിക്കെതിരാണെന്നു വരെ കീഴാറ്റൂരില്‍ പൊതുയോഗം വിളിച്ചുചേര്‍ത്തു ജില്ലാ സെക്രട്ടറി പ്രഖ്യാപിക്കുകയുണ്ടായി. ബെപ്പാസിന്റെ റൂട്ട് നിശ്ചയിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്നും കേന്ദ്രത്തിന്റെ കീഴിലുള്ള എന്‍ എച്ച് അതോറിറ്റിക്കാണ് ഉത്തരവാദിത്വം എന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞത്. എന്നാല്‍ സമരത്തിന് പിന്തുണയുമായി ബിജെപി രംഗത്തുവന്നതോടുകൂടിയാണ് എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും നിര്‍ബന്ധിതരായത്.

ദേശാഭിമാനി റിപ്പോര്‍ട്ട്

ഒരിക്കല്‍ മാറ്റിവെച്ച ബിജെപിയുടെ ജനരക്ഷായാത്ര ഒക്ടോബര്‍ മൂന്നാം തിയ്യതി പയ്യന്നൂരില്‍ നിന്നും തുടങ്ങാനിരിക്കെ, ദേശീയ നേതാക്കളുള്‍പ്പെടെ വിഷയത്തില്‍ ഇടപെടും എന്ന തിരിച്ചറിവു കൂടിയാണ് പെട്ടെന്നുണ്ടായ ഈ നിലപാടുമാറ്റത്തിന് പിന്നിലെന്നതു പകല്‍പോലെ വ്യക്തം. കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരം അവസാനിക്കുമ്പോള്‍ കീഴാറ്റൂരിലെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും തല്‍ക്കാലം ആശ്വസിക്കാം. എന്നാല്‍ എങ്ങനെയാണ് പുതിയ നന്ദിഗ്രാമുകള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും സിപിഎം അതിന്റെ ശക്തികേന്ദ്രങ്ങള്‍ സ്വയം തകര്‍ത്ത് എങ്ങനെ സ്വയം ശവക്കുഴി തോണ്ടാന്‍ ശ്രമിക്കുന്നതെന്നതിന്റെയും പ്രത്യക്ഷ ഉദാഹരണം എന്ന നിലയില്‍ കൂടിവേണം കീഴാറ്റൂര്‍ പ്രശ്‌നത്തെ കാണാന്‍ എന്ന് തോന്നുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍