UPDATES

ട്രെന്‍ഡിങ്ങ്

കലാപം നടക്കുന്ന, കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട ഒരിടത്തും പോകാതെ അമിത് ഷാ എന്തിനാണ് കേരളത്തിലേക്ക് വരുന്നത്?

നിങ്ങളുടെ ഉദ്ദേശം കേരളത്തിലെ ജനങ്ങളെ രക്ഷിക്കലല്ല, ശിക്ഷിക്കലാണെന്നു തിരിച്ചറിയാന്‍ പോന്ന ബുദ്ധിയൊക്കെ ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

അടി ശിരസ്സില്‍ തന്നെയാവണം. കഠാര നെഞ്ചില്‍ തന്നെ കുത്തിയിറക്കണം. കൊല്ലുന്നവര്‍, അത് തിന്നാന്‍ വേണ്ടിയാണെങ്കിലും പ്രതിയോഗിയെ ഇല്ലാതാക്കാന്‍ വേണ്ടിയാണെങ്കിലും, പണ്ടും ഇന്നും മുറ തെറ്റാതെ മനസ്സില്‍ ഉരുവിടുന്ന മന്ത്രമാണിത്. കേരളം പിടിച്ചെടുത്തേ അടങ്ങൂ എന്ന് ശപഥം ചെയ്തിട്ടുള്ള അമിത് ഷായും സംഘവും ഇതേ മന്ത്രം തന്നെ ജപിക്കുന്നുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. കേരളത്തിലും ബംഗാളിലും ത്രിപുരയിലുമൊക്കെ തങ്ങള്‍ക്കു മുന്‍പിലുള്ള പ്രധാന വെല്ലുവിളി സിപിഎം തന്നെയാണെന്ന് സംഘപരിവാര്‍ വളരെ പണ്ട് തന്നെ ഗവേഷണം നടത്തി കണ്ടെത്തിയ കാര്യമാണ്. ഇതില്‍ ബംഗാളിലെ ശല്യം മമത ഏതാണ്ടങ്ങ് അവസാനിപ്പിച്ചു. ഇനിയിപ്പോള്‍ അവിടെ മമതയെ ഒതുക്കിയാല്‍ മതി. അത് വളരെ എളുപ്പമാണെന്ന് അവര്‍ക്കറിയാം. ത്രിപുരയിലും കാര്യങ്ങള്‍ അത്ര വിഷമകരമാകില്ലെന്നൊരു ശുഭാപ്തിവിശ്വാസം സംഘപരിവാറിനുണ്ട്. പക്ഷെ അപ്പോഴും കേരളം ഒരു മഹാമേരു കണക്കെ മാനം മുട്ടി നില്‍ക്കുകയാണ്.

കേരളത്തില്‍ സിപിഎമ്മിനെ തകര്‍ക്കണമെങ്കില്‍ അതിന്റെ ശിരസ്സും ഹൃദയവും തകര്‍ത്തേ മതിയാകാവൂ എന്ന ഉത്തമ ബോധ്യം ഷായ്ക്കും കൂട്ടര്‍ക്കുമുണ്ട്. സിപിഎമ്മിന്റെ ശിരസ്സും ഹൃദയവും കണ്ണൂരാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടു കാലമേറെയായെങ്കിലും ഇത് രണ്ടും ഒരുമിച്ചു തകര്‍ക്കാന്‍ പോന്ന ഒരു കൃത്യമായ രാഷ്ട്രീയ അന്തരീക്ഷം കേന്ദ്രത്തില്‍ സംജാതമായത് അടുത്ത കാലത്താണെന്നു മാത്രം. പ്രധാനമന്ത്രിക്കു പിന്നാലെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കൂടി നിക്കര്‍ സംഘമായതോടെ എന്തുകൊണ്ടും അനുയോജ്യമായ കാലാവസ്ഥ. ഇനി അമാന്തിക്കുന്നത് ബുദ്ധിയല്ലെന്ന ഈ തിരിച്ചറിവു കൂടിയുണ്ട് സെപ്റ്റംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്നും തിരുവന്തപുരത്തേക്കു പ്രയാണം ആരംഭിക്കുന്ന ‘ജനരക്ഷ യാത്ര’യ്ക്കു പിന്നില്‍.

സെപ്റ്റംബര്‍ ഏഴിന് പയ്യന്നൂരിലെ പിലാത്തറയില്‍ നിന്നും ആരംഭിച്ച് സെപ്റ്റംബര്‍ 23 നു തിരുവന്തപുരത്തു സമാപിക്കുന്ന യാത്ര നയിക്കുന്ന കുമ്മനത്തിനും കൂട്ടര്‍ക്കും ഒരു മുഖം രക്ഷിക്കല്‍ യാത്ര കൂടിയാണ് ഇതെങ്കിലും അമിത് ഷായ്ക്കും ബിജെപി കേന്ദ്ര നേതൃത്വത്തിനും അതിനെ നയിക്കുന്ന ആര്‍എസ്എസ്സിനും കൃത്യമായ ഒരജണ്ടയുണ്ട്. അതാവട്ടെ തുടക്കത്തിലേ സൂചിപ്പിച്ച ലക്ഷ്യം തന്നെ. ഇതിന്റെ ഭാഗമായി തന്നെയാണ് അമിത് ഷാ നാല് ദിവസം കണ്ണൂര്‍ ജില്ലയ്ക്കുവേണ്ടി മാത്രം അനുവദിച്ചു നല്‍കിയിരിക്കുന്നത് എന്നതും കാണാതിരുന്നുകൂടാ.


കാസറഗോഡ് ജില്ല പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് നടത്തുന്ന ഈ യാത്രക്ക് വേണ്ടി തീരുമാനിച്ചിരിക്കുന്നത് 17 ദിവസം. ഇതില്‍ ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ചു മൂന്നു ദിവസം ഒഴിവ്. ഇത് കഴിച്ചാല്‍ ആകെ 14 ദിവസം. ഇതില്‍ നാല് ദിവസവും കണ്ണൂര്‍ ജില്ലയില്‍ പിലാത്തറ മുതല്‍ പിണറായി വരെ അമിത് ഷാ കൂടി പങ്കെടുക്കുന്ന യാത്ര. യാത്രയുടെ ഈ ഷെഡ്യൂളില്‍ നിന്ന് തന്നെ മനസിലാക്കാവുന്നതേയുള്ളൂ യാത്രയുടെ മുഖ്യലക്ഷ്യം.

അമിത് ഷാ ഒറ്റയ്ക്ക് പോരെന്നു കരുതിയിട്ടാവാം ബിജെപി മുഖ്യമന്ത്രിമാരുടെ കൂട്ടത്തില്‍ നിക്കര്‍ സംഘം പരമ യോഗ്യനായി വാഴ്ത്തിപ്പാടുന്ന യോഗി ആദിത്യനാഥ് അടക്കം സകലമാന മുഖ്യന്മാരെയും പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ മുഖ്യന്മാരും വന്നില്ലെങ്കിലും കൂട്ട ശിശു മരണത്തിലും പിടിച്ചു നിന്ന ആദിത്യന്‍ ഉറപ്പായും കണ്ണൂര്‍ ജില്ലയിലെ യാത്രയില്‍ സജീവ സാന്നിധ്യം ആയിരിക്കും എന്നാണു കേരള ബിജെപി നേതാക്കള്‍ തറപ്പിച്ചു പറയുന്നത്. എന്തായാലും കണ്ണൂരിലെ ജനങ്ങള്‍ക്കെങ്കിലും ആ പൂജനീയ ശരീരം നേരില്‍ കാണാന്‍ അവസരം ലഭിക്കും എന്നുറപ്പ്.

ഇനിയിപ്പോള്‍ യാത്രയുടെ പ്രചാരണ സാമഗ്രികള്‍ പറയുന്ന കാര്യങ്ങളിലേക്ക് കടന്നാല്‍ ജനരക്ഷ യാത്ര എന്ന് പേരിട്ടിട്ടുള്ള ഈ യാത്രയുടെ മുഖ്യ ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടപ്പെടുന്നത് എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമാണ്. ഈ മുദ്രാവാക്യം തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോയിട്ട് കേരളത്തില്‍പോലും ബി ജെപിയും ആര്‍എസ്എസും എത്രകണ്ട് പ്രാവര്‍ത്തികമാക്കുന്നുണ്ട് എന്ന് അവര്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. അവര്‍ മുന്‍കൈ എടുത്തു നടപ്പിലാക്കിയ എണ്ണിയാല്‍ ഒടുങ്ങാത്ത കൊലപാതകങ്ങളുടെ വലിയൊരു ലിസ്റ്റ് തന്നെ അവരെ നോക്കി പല്ലിളിക്കുമ്പോഴാണ് ഈ പൊറാട്ടു നാടകം.

ജനങ്ങള്‍ക്ക്‌ രക്ഷ വേണം എന്ന് പറയുന്ന ഈ കൊലപാതകി കൂട്ടം ആരെ ആരില്‍ നിന്നും രക്ഷിക്കണം എന്നാണു പറയുന്നതെന്ന് ഇനിയും വ്യക്തമല്ല. പ്രചാരണ ബോര്‍ഡുകളിലും നോട്ടീസിലും എല്ലാം പറയുന്നുണ്ട് ജിഹാദി – ചുവപ്പു ഭീകരതക്കെതിരെയാണ് ഈ യാത്രയെന്ന്. എല്ലാ ഭീകരതയും ചെറുക്കപ്പെടേണ്ടത് തന്നെ. പക്ഷെ ഗുജറാത്തിലെ വംശ്യഹത്യക്കും മലേഗാവ്, മെക്ക മസ്ജിദ് അടക്കമുള്ള സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ മാത്രമല്ലല്ലോ ഇവരുടെ പങ്കും പുറത്തുവന്നത്. കേരളത്തില്‍ തന്നെ മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഒരു യുവാവിനെ വെട്ടികൊലപ്പെടുത്തിയിട്ട്‌ നേടിയത് അയാളുടെ അമ്മയും കൂടി മതം മാറി എന്നതായിരുന്നില്ലേ? കാസര്‍ഗോഡ് മദ്രസ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയത് ജിഹാദി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായിരുന്നോ? ഇതൊക്കെ പറയുമ്പോഴും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരു നല്ല കാര്യമാണെന്നും അവ തുടരട്ടെ എന്നുമല്ല ഉദ്ദേശിക്കുന്നത്. കൊലപാതകങ്ങളുടെ ഒരു വശം മാത്രം പ്രചരിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഗൂഢവും കുടിലവുമായ തന്ത്രത്തെയാണ് വിമര്‍ശിക്കുന്നത്.

ബലാത്സംഗ കേസില്‍ കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ ഒരു ആള്‍ ദൈവത്തെ കൊണ്ടുനടന്ന നിങ്ങള്‍ ചോദിക്കേണ്ട ആദ്യത്തെ ചോദ്യം എന്തുകൊണ്ട് നിങ്ങളുടെ അമിത് ഷാ ഇന്നലെ കലാപം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചില്ല എന്നാണ്. കേരളത്തില്‍ ക്രമസമാധാന പ്രശ്നം ഉന്നയിച്ച് ഓടിയെത്തുന്ന ഷായ്‌ക്കെന്താ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന കലാപങ്ങളും ശിശു മരണങ്ങളും കര്‍ഷക ആത്മഹത്യകളും കാണാനോ കേള്‍ക്കാനോ സമയം ഇല്ലാത്തത്?

നിങ്ങളുടെ ഉദ്ദേശം കേരളത്തിലെ ജനങ്ങളെ രക്ഷിക്കലല്ല, ശിക്ഷിക്കലാണെന്നു തിരിച്ചറിയാന്‍ പോന്ന ബുദ്ധിയൊക്കെ ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്. ഇക്കാര്യം മാന്യ കുമ്മനംജി എങ്കിലും അമിത് ഷായെ ഒന്ന് ധരിപ്പിച്ചാല്‍ നന്നായിരുന്നു. ദയവായി നമ്മുടെ നായരെപ്പോലുള്ള കണ്‍സള്‍ട്ടന്‍സിക്കാരെ ഇക്കാര്യം ഏല്‍പ്പിക്കരുത്. യാത്രയുടെ മെച്ചത്തെക്കുറിച്ചല്ല, യാത്ര നടന്നാല്‍ കിട്ടാവുന്ന കണ്‍സള്‍ട്ടന്‍സി ഫീസിനെക്കുറിച്ചേ അവര്‍ അപ്പോഴും ചിന്തിക്കാന്‍ ഇടയുള്ളൂ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍