UPDATES

അമൂല്യ ഗാംഗുലി

കാഴ്ചപ്പാട്

Political Circus

അമൂല്യ ഗാംഗുലി

ജനങ്ങള്‍ മമതയില്‍ കാണുന്നത് തെരുവുയുദ്ധം നടത്തുന്ന നേതാവിനെയാണ്, കൊല്‍ക്കത്തയിലെ സിബിഐ നാടകത്തിന് ബിജെപി ഖേദിക്കും

ഇതുവരെയും മമത ബാനര്‍ജി പല നിലയിലും പ്രതിരോധത്തിലായിരുന്നു

പശ്ചിമ ബംഗാളില്‍ തങ്ങളുടെ മേധാവിത്തം ഉറപ്പിക്കുന്നതിനായി മാര്‍ക്‌സിസ്റ്റുകാര്‍ ശ്രമിച്ചിരുന്നപ്പോള്‍, കേന്ദ്രത്തിന്റെ ‘അധിനിവേശ സേന’യെന്നു അവര്‍ മുദ്രകുത്തിയിരുന്ന കേന്ദ്ര റിസര്‍വ് പൊലീസ് (CRPF) ആയിരുന്നു അവരുടെ ഇഷ്ട ലക്ഷ്യങ്ങളിലൊന്ന്. ഒരു ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ ഉന്നം വെക്കുന്ന സിബിഐയുമായി, ഫെഡറല്‍ രീതികളുടെ ലംഘനമെന്നാരോപിച്ച് ഇപ്പോഴത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി നേര്‍ക്കുനേര്‍ അങ്കത്തിനിറങ്ങിയപ്പോള്‍ അത്തരത്തില്‍ ചിലതിനെയാണ് അതോര്‍മ്മിപ്പിക്കുന്നത്.

പൊലീസ് കമ്മീഷണറുടെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച സിബിഐ സംഘത്തെ കൊല്‍ക്കത്ത പോലീസ് തടയുകയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തതിനു ശേഷം മമത ബാനര്‍ജി നടത്തിയ ധര്‍ണയാണ് ഈ കേന്ദ്ര-സംസ്ഥാന ഗുസ്തിയിലെ ആദ്യ വട്ടം. അതിനു ശേഷം, കമ്മീഷണറെ സിബിഐക്ക് ചോദ്യം ചെയ്യാമെന്നും എന്നാല്‍ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഒരു സമനില പോലെ തോന്നിച്ച ഈ ഉത്തരവ് താന്താങ്ങളുടെ വിജയമാണെന്ന് കേന്ദ്രവും സംസ്ഥാനവും അവകാശപ്പെട്ടു.

എന്നാല്‍ ഈ കേന്ദ്ര-സംസ്ഥാന പോരിന്റെ രണ്ടാംഘട്ടമാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. മമതാ ബാനര്‍ജിക്കൊപ്പം ധര്‍ണയില്‍ ഒപ്പം കണ്ട കൊല്‍ക്കത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നു. ഇവര്‍ കേന്ദ്ര പൊലീസ് സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായതുകൊണ്ട് എന്തെങ്കിലും അച്ചടക്കനടപടി അവരുടെ സേവന രേഖയില്‍ കറുത്ത പാടായി മാറും.

രണ്ടു കടുത്ത പ്രതിയോഗികളുടെ-കേന്ദ്രവും സംസ്ഥാനവും- പോരില്‍ നിര്‍ഭാഗ്യവശാല്‍ കരുക്കളാക്കപ്പെടുകയാണ് സിബിഐയും കൊല്‍ക്കത്ത പൊലീസും എന്ന കാര്യത്തില്‍ വലിയ സംശയമുണ്ടാകില്ല. കുറേ നാളുകളായി ഇഴയുന്ന ഒരു അന്വേഷണത്തില്‍ ചോദ്യം ചെയ്യലാണ് സിബിയെ അയക്കാന്‍ കേന്ദ്രം ഇപ്പോള്‍ പറയുന്ന കാരണമെങ്കിലും, കമ്മീഷണര്‍ സഹകരിക്കുന്നില്ലെന്നും തെളിവുകള്‍ നശിപ്പിച്ചെന്നുമൊക്കെ സിബിഐക്ക് തോന്നിയാലും അതൊരു കുറ്റവാളിയെ പരിശോധിക്കുന്നതുപോലെ തോന്നിക്കുന്നില്ല എന്നുറപ്പാക്കാന്‍ സിബിഐ ശ്രമിക്കണമായിരുന്നു. സംസ്ഥാനവുമായുള്ള ഒരു ആശയവിനിമയത്തിലൂടെ അത് നടക്കും.

സിബിഐയുടെ വരവ് തങ്ങളുടെ ‘പരമാധികാരത്തിന്മേലുള്ള’ കടന്നുകയറ്റം പോലെ പ്രതികരിച്ച സംസ്ഥാനവും അമിതാവേശമാണ് കാട്ടിയത്. പക്ഷെ, കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ ശത്രുത അത്തരത്തിലൊരു പ്രതികരണം അനിവാര്യമാക്കുകയും ചെയ്യുന്നു. ഇരുകൂട്ടര്‍ക്കും തങ്ങള്‍ വിട്ടുവീഴ്ച്ച ചെയ്യുന്നില്ല എന്ന് കാണിയ്ക്കാന്‍ ഇതൊരു അഭിമാനപ്രശ്‌നം കൂടിയാണ്.

ഇതുകൂടാതെ മറ്റനവധി രാഷ്ട്രീയ പരിഗണനകള്‍ കൂടിയുണ്ട്. ബിജെപിയുടെ രാഷ്ട്രീയ ജാഥകള്‍ തടയാന്‍ പലപ്പോഴും ഫലപ്രദമായല്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ആര്‍ക്കാണ് മേല്‍ക്കൈ എന്ന് കാണിക്കാന്‍ കേന്ദ്രത്തിനു താത്പര്യമുണ്ടായിരുന്നു. തൃണമൂലിന്റെ പ്രധാന എതിരാളി എന്ന നിലയില്‍, ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും മാറ്റി ബിജെപി കളം പിടിക്കുന്നു എന്ന ഭീതി തൃണമൂല്‍ കോണ്‍ഗ്രസിനും ഉണ്ട്.

ഈയടുത്ത് കൊല്‍ക്കത്തയില്‍ നടന്ന 22 പ്രതിപക്ഷ കക്ഷികളുടെ പ്രകടനം കാണിച്ചപോലെ മമത ബാനര്‍ജി പ്രതിപക്ഷ ഐക്യത്തിന്റെ മുഖ്യ കേന്ദ്രമാകുന്നു എന്ന തോന്നല്‍കൂടിയാണ് ചിട്ടി തട്ടിപ്പ് കേസില്‍ കേന്ദ്രത്തിനു പെട്ടന്നൊരു താത്പര്യം വരാന്‍ കാരണം. മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ ചെയ്തപോലെ, രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ബിജെപി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന ആരോപണത്തില്‍ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും അത്തരം നടപടികള്‍ സംസ്ഥാന തലത്തില്‍ ഭരിക്കുന്ന കക്ഷിക്ക് ഒരു പിടിവള്ളിയാകും.

സംസ്ഥാന ഭരണകക്ഷിയുടെ ബന്ധമില്ലാത്ത പി. ചിദംബരത്തെയോ റോബര്‍ട്ട വാദ്രയെയോ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന പോലെയല്ല, കാണാനില്ലെന്ന് പറഞ്ഞിരുന്ന ഒരു ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഡല്‍ഹിയില്‍ നിന്നും ഒരു സംസ്ഥാനത്തേക്ക് ഇരച്ചെത്തുന്നത്. സംസ്ഥാനത്തിന്റെ അഭിമാനത്തിന് നേരെയുള്ള ആക്രമണമായി കാണിച്ചുകൊണ്ട് മമത ബാനര്‍ജി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഈ കോണില്‍ നിന്നും നോക്കിയാല്‍ ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമല്ല, മറിച്ച് തിരിച്ചടിയാണ് ഉണ്ടാകാന്‍ പോകുന്നത്.

ഇതുവരെയും മമത ബാനര്‍ജി പല നിലയിലും പ്രതിരോധത്തിലായിരുന്നു. നിരവധി പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പോലും കഴിയാതിരുന്ന തരത്തില്‍ അക്രമം നടന്ന പഞ്ചായത് തെരഞ്ഞടുപ്പ് കാലത്തെ നിയമവാഴ്ചയില്ലായ്മയാണ് ഒന്ന്. ബിജെപിക്കെതിരായ മഹാസഖ്യത്തിന്റെ ദേശീയനേതാവ് എന്ന നിലയിലേക്കുള്ള അവരുടെ അവകാശവാദത്തെ അത് ദുര്‍ബലമാക്കിയിരുന്നു.

മറ്റൊന്ന് ജനസംഖ്യയുടെ 30 ശതമാനം വരുന്ന മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാനുള്ള അവരുടെ പ്രകടമായ ശ്രമങ്ങളാണ്. കേന്ദ്രം തങ്ങളെ ഭയപ്പെടുത്താന്‍ നില്‍ക്കുന്നു എന്ന തോന്നലിനേക്കാള്‍ ഒരു സംസ്ഥാനത്തെ സഹായിക്കുന്ന മറ്റൊന്നുമില്ല. മറ്റേതു ജനതയെക്കാളും ബംഗാളികളും ഇക്കാര്യത്തില്‍ പിന്നിലല്ല.

അതുകൂടാതെ മമത ബാനര്‍ജിയില്‍ അവര്‍ക്ക് തെരുവുയുദ്ധം നടത്തുന്ന ഒരു നേതാവിനെയും കാണാനാകും. മാര്‍ക്‌സിസ്റ്റുകാരെ തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് തുരത്തിയ അവര്‍ കേന്ദ്രവുമായ ഒരേറ്റുമുട്ടലിനും മടി കാണിക്കില്ല. അതുകൊണ്ട്, കൊല്‍ക്കത്തയിലെ സിബിഐ നാടകത്തിന് ബിജെപി ഖേദിക്കേണ്ടി വരും.

*IANS

അമൂല്യ ഗാംഗുലി

അമൂല്യ ഗാംഗുലി

മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍