UPDATES

കേരളം

കള്ളവോട്ട് സിപിഎമ്മിന്റെ മാത്രം ആചാരമോ? ചരിത്രം പറയുന്നത് അതല്ല

കള്ളവോട്ടിന്റെ രാഷ്ട്രീയവും മനഃശാസ്ത്രവും

കെ എ ആന്റണി

കെ എ ആന്റണി

ഈ മാസം 23 നു നടന്ന ലോകസഭ തിരെഞ്ഞെടുപ്പിൽ കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ പെടുന്ന ചില ബൂത്തുകളിൽ വലിയ തോതിൽ കള്ളവോട്ട് നടന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ ഉന്നയിച്ച ആരോപണം കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നേതൃത്വവും ഏറ്റെടുത്തുകഴിഞ്ഞു. ആരോപണത്തെക്കുറിച്ചു അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നൽകാൻ മുഖ്യ തിരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടിക്കറാം മീണ കണ്ണൂരിലെയും കാസർകോട്ടെയും കളക്ടർമാർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പരാജയ ഭീതിയിലായ സുധാകരൻ ചില ദൃശ്യമാധ്യമങ്ങളെ കൂട്ടുപിടിച്ച് പച്ച നുണ പ്രചരിപ്പിക്കുന്നുവെന്ന മറുവാദവുമായി സി പി എം നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്.

കള്ളവോട്ട് ചെയ്തുവെന്ന് സുധാകരൻ ആരോപിക്കുന്ന രണ്ടു സ്ത്രീകൾ തങ്ങൾ രണ്ടാമത് ചെയ്തത് ഓപ്പൺ വോട്ടാണെന്നും തങ്ങൾക്കെതിരെ അപവാദം പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടൊപ്പം ഈ രണ്ടു സ്ത്രീകളും തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് തങ്ങളുടെ വോട്ടു ചെയ്തെന്നു മറ്റു രണ്ടു സ്ത്രീകൾ പറയുന്നതിന്റെ വീഡിയോയും ഇന്നലെ തന്നെ കൈരളി ചാനൽ പുറത്തുവിട്ടു. ഒപ്പം കള്ളവോട്ട് ആരോപണവുമായി രംഗത്തുവന്നിട്ടുള്ള കെ സുധാകരൻ കഴിഞ്ഞ അസംബ്ലി തിരെഞ്ഞെടുപ്പ് വേളയിൽ കള്ളവോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്നതെന്ന പേരിൽ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഇക്കാര്യങ്ങളിലൊക്കെ ഇനിയിപ്പോൾ തീർപ്പു കല്പിക്കേണ്ടത് തിരെഞ്ഞെടുപ്പ് കമ്മീഷനും കോടതിയുമൊക്കെയാണ്. ലൈവ് വെബ്‌കാസ്റ്റിംഗ് ഉണ്ടായിരുന്നുവെന്നതിനാൽ തെളിവ് ശേഖരണം ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നതിനാൽ ആ വഴിക്കുള്ള നടപടികൾ വേഗത്തിൽ തന്നെ നീങ്ങും എന്ന് കരുതാം. കള്ളവോട്ട് നടന്നുവെന്ന് കമ്മീഷന് ബോധ്യപ്പെട്ടാൽ അത് ആരോപിക്കപ്പെട്ട ബൂത്തുകളിൽ വീണ്ടും റീപോളിങ് നടത്തേണ്ടിവരും. എന്നാൽ കേരളത്തിലെ തിരെഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലതിനാൽ സുപ്രീം കോടതിയെ തന്നെ സമീപിക്കുമെന്ന് സുധാകരനും മറ്റും പറഞ്ഞിട്ടുള്ളതിനാൽ ഒരു പക്ഷെ കോടതി ഇക്കാര്യത്തിൽ എന്ത് ഇടപെടലാണ് നടത്തുക എന്നും അറിയേണ്ടതുണ്ട്. നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകട്ടെ.

ഏറെ കൗതുകം തോന്നിയ ഒരു കാര്യം ഇന്നലെ രാത്രി നടന്ന ചാനൽ ചർച്ചകളിലെ അവതാരകരിലൊരാൾ കണ്ണൂരിലും കാസർകോടുമൊക്കെ സി പി എം ഗുണ്ടാരാജാണ് നടമാടുന്നതെന്നും രണ്ടു ജില്ലകളിലും എല്ലാ തിരഞ്ഞെടുപ്പിലും കള്ളവോട്ട് ചെയ്താണ് സി പി എം വിജയം നേടുന്നതെന്നും സ്ഥാപിച്ചെടുക്കാൻ ഏറെ ഔൽസുക്യം കാണിച്ചതും ചർച്ചയിൽ പങ്കെടുത്ത പലരും ഇതേ വാദം തന്നെ ഉന്നയിക്കുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതും ആയിരുന്നു. 1996 മുതൽ ഇങ്ങോട്ട് കാസർകോട് ലോകസഭ മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥികൾ തന്നെയാണ് തുടർച്ചയായി വിജയം നേടുന്നതെന്നത് വാസ്തവം തന്നെ. എന്നാൽ കണ്ണൂർ മണ്ഡലത്തിലെ സ്ഥിതി അതല്ല. കണ്ണൂരിൽ കൂടുതൽ തവണ വിജയിച്ചത് യു ഡി എഫ് (കോൺഗ്രസ്) സ്ഥാനാര്‍ത്ഥികളാണ്. അപ്പോൾ പിന്നെ സി പി എം സ്ഥിരമായി കള്ളവോട്ട് ചെയ്തു വിജയിക്കുന്ന മണ്ഡലം ആയി കണ്ണൂരിനെ ചിത്രീകരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ല. കണ്ണൂരിൽ സി പി എം വിജയിക്കുമ്പോൾ അത് കള്ളവോട്ടും കോൺഗ്രസ് വിജയിക്കുമ്പോൾ നല്ലവോട്ടും ആകുമോ? കള്ളവോട്ട് എന്നത് കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരേർപ്പാടും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതുപോലെ അത് സി പി എമ്മിന്റെ മാത്രം ആചാരവും അനുഷ്ഠാനവും ആണോ?

പറഞ്ഞുവരുന്നത് കേരളത്തിൽ കള്ളവോട്ട് നടക്കാൻ ഇടയില്ലെന്നോ നടക്കുന്നില്ലെന്നോ അല്ല. തങ്ങൾക്കു ഉചിതമെന്നു തോന്നുന്ന ഘട്ടങ്ങളിൽ ഓരോ രാഷ്ട്രീയ പാർട്ടിയും ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങൾക്കപ്പുറം കള്ളവോട്ട് എന്നത് ഒരു യാഥാർഥ്യം തന്നെയാണ് എന്നതും പുതിയ വോട്ടിങ് സംവിധാനത്തിൽ തെളിവുകൾ ഉണ്ടാകുമെന്നതിനാൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നത് സുധാകരനും മറ്റും പറയുന്നതുപോലെ അത്രകണ്ട് ബദ്ധപ്പാടുള്ള കാര്യമല്ലെന്നും മാത്രമാണ്. ഇ- ബാലറ്റും വെബ്‌കാസ്റ്റിങ്ങുമൊക്കെയായി നമ്മുടെ തിരെഞ്ഞെടുപ്പ് സംവിധാനം ആകെ മാറിയിട്ടുണ്ടെങ്കിലും കള്ളവോട്ട് എന്ന ഒഴിയാബാധ ഇപ്പോഴും നമ്മുടെ തിരെഞ്ഞെടുപ്പ് പ്രക്രിയയെ വിടാതെ പിടികൂടിയിരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു തിരുവനന്തപുരം ജില്ലയിലെ ഒരു പോളിങ് ബൂത്തിൽ മുരുകൻ എന്നൊരാൾ തന്റെ വോട്ട് ചെയ്തു കഴിഞ്ഞ ശേഷം അടുത്തയാൾക്കുവേണ്ടി വോട്ടിങ് മെഷീൻ ഓൺ ആവുന്നതുവരെ കാത്തുനിന്ന് നൊടിയിടക്കുള്ളിൽ ആ വോട്ടും രേഖപ്പെടുത്തി കടന്നു കളഞ്ഞ സംഭവം. റിപ്പോർട് ചെയ്യപ്പെടാത്ത ഇത്തരം സംഭവങ്ങൾ വേറെയുമുണ്ടാകാം. അതുകൊണ്ടു തന്നെ കള്ളവോട്ട് എന്ന ഏർപ്പാട് പൂർണമായും ഇല്ലാതായി എന്ന് കരുതുക വയ്യ.

കള്ളവോട്ട് കണ്ടുപിടിക്കപ്പെടുകയും അത് ചെയ്തവർ ശിക്ഷിക്കപ്പെടുകയും ചെയ്യണം എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇത്തരം ഒരു ഏർപ്പാട് കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം നടമാടുന്ന ഒന്നാണെന്നും അതിനുപിന്നിൽ സി പി എം മാത്രമാണെന്നും ഉള്ള പ്രചാരണത്തോട് പൂർണമായും യോജിക്കാനാവില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മഞ്ചേശ്വരം മണ്ഡലത്തിൽ പരാജയപ്പെട്ട ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചത് യു ഡി എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനെതിരെ ആയിരുന്നു. കേവലം 89 വോട്ടിനായിരുന്നു സുരേന്ദ്രന്റെ തോൽവി. മരിച്ചുപോയവരുടെയും നാട്ടിൽ ഇല്ലാത്തവരുടെയും വോട്ട് രേഖപ്പെടുത്തിയാണ് യു ഡി എഫിന്റെ മുസ്ലിം ലീഗ് സ്ഥാനാർഥി പി ബി അബ്ദുൽ റസാഖ് വിജയിച്ചതെന്നായിരുന്നു ആരോപണം. അബ്ദുൽ റസാഖിന്റെ നിര്യാണത്തെ തുടർന്ന് കേസ് തീർപ്പാക്കാക്കാൻ തയ്യാറായപ്പോൾ പോലും സുരേന്ദ്രൻ കോടതി മുൻപാകെ ബോധിപ്പിച്ചത് തന്റെ കേസിൽ സാക്ഷികളെ ഹാജരാക്കാൻ മുസ്ലിം ലീഗും കോൺഗ്രസ്സും തടസ്സം നിൽക്കുന്നുവെന്നാണ്.

ഇതേ കാലഘട്ടത്തിൽ തന്നെ നടന്ന നിയസഭ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ പെട്ട ഉദുമയിൽ നിന്നും യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റ കെ സുധാകരനെതിരെയും കള്ളവോട്ടിന് ആഹ്വാനം ചെയ്തതെന്നതിന്റെ പേരിൽ ഒരു കേസ് ഫയൽ ചെയ്യപ്പെട്ടിരുന്നു. സുധാകരൻ തോറ്റതോടെ കേസ് നിര്‍ജ്ജീവമായെങ്കിലും ഇന്നലെ മുതൽ അന്നത്തെ കേസിനു ആധാരമായ വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ ആരോപണം കോടതിയിൽ ഇനിയിപ്പോൾ നിലനിൽക്കുമോ എന്നറിയില്ല. എങ്കിലും തനിക്കെതിരെ പ്രചരിക്കുന്ന ഈ വീഡിയോക്കെതിരെയുള്ള മറുപടി നൽകാനുള്ള ബാധ്യത തീർച്ചയായും സുധാകരനും ഉണ്ട്. അതേപോലെ തന്നെ മഞ്ചേശ്വരം കാര്യത്തിൽ മുസ്ലിം ലീഗിനും യു ഡി എഫിനും.

ഇന്നലത്തെ ചാനൽ ചർച്ചയിൽ മുഴങ്ങിക്കേട്ട ഒരു പേര് ബിഹാർ എന്ന സംസ്ഥാനത്തിന്റേതായിരുന്നു. ബൂത്ത്‌ പിടിച്ചടക്കൽ, വോട്ടർമാരെ പാതിവഴിയിൽ തടഞ്ഞുനിറുത്തി തിരിച്ചോടിക്കൽ എന്നൊക്കെ ചിലർ ബിഹാറിനെക്കുറിച്ചു പറയുന്നതു കേട്ടു. ശരിയാണ് ബിഹാർ അങ്ങനെയൊക്കെ തന്നെയായിരുന്നു ഒരു കാലത്ത്‌. ഇത് ബീഹാറിന്റെ മാത്രം ചിത്രമായിരുന്നുവെന്ന് ഇവരോടാരുപറഞ്ഞു? കേട്ടാൽ തോന്നും ഇവരൊക്കെ പണ്ട് ബിഹാറിൽ ആയിരുന്നുവെന്നും ഇപ്പോൾ മാത്രം കേരളത്തിൽ എത്തിയവരെന്നുമാണ്. സത്യത്തിൽ കാച്ചിൽ എന്നാൽ വേലിയിലും മറ്റും ഞരങ്ങണ പിറങ്ങണ തൂങ്ങുന്ന ഒന്നാണെന്ന ആ പഴയ കാച്ചിൽ മോഷ്ട്ടാവ് പോലും തോറ്റുപോകും ഇത്തരം കാച്ചൽ കേട്ടാൽ. തിരഞ്ഞെടുപ്പ് ഉണ്ടായ കാലം മുതൽക്കേ ബിഹാറിലേതുപോലുള്ള അഭ്യാസങ്ങൾ കേരളത്തിലും നടമാടിയിരുന്നു. ചീമേനിയിൽ അഞ്ചു സി പി എം പ്രവർത്തകരെ ചുട്ടുകൊന്നതും ഇതേ പോലൊരു തിരെഞ്ഞെടുപ്പ് കാലത്തായിരുന്നു. അന്ന് പ്രതി സ്ഥാനത്തു കോൺഗ്രസ് ആയിരുന്നു എന്നത് എത്ര വേഗമാണ് നമ്മുടെ ചർച്ച തൊഴിലാളികൾ മറക്കുന്നത്.

Read More: പുറത്തുവന്ന വീഡിയോ അവസാന അരമണിക്കൂറിലേത്; കള്ളവോട്ട് ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമനടപടിയെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്‌

ഇക്കഴിഞ്ഞ ദിവസം വീണ്ടും ഒരു ഓര്‍മ്മപ്പെടുത്താലെന്നവണ്ണം അഷ്‌നയുടെ ചിത്രവും ഡോക്ടർ ആയതു സംബന്ധിച്ച വാർത്തയും പത്രത്തിൽ വായിച്ചു. 2000 സെപ്റ്റംബർ 17-നു നടന്ന ഒരു പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനിടയിലാണ് അഷ്നക്ക് തന്റെ വലതു കാൽ നഷ്ടമായത്. കണ്ണൂർ ജില്ലയിൽ തന്നെ പെട്ട ചെറുവാഞ്ചേരിയിലെ പൂവത്തൂർ എന്ന സ്ഥലത്തെ വീടിനു മുൻപിൽ അനുജൻ ആനന്ദിനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അത് സംഭവിച്ചത്. പൂവത്തൂർ സ്കൂളിലെ പോളിങ് ബൂത്ത് കയ്യേറാൻ എത്തിയ കോൺഗ്രസ് സംഘത്തെ കല്ലും ബോംബുമായി ഓടിച്ച ആർ എസ് എസ് – ബി ജെ പി സംഘം എറിഞ്ഞ ബോംബ് പൊട്ടിയാണ് അഷ്നയുടെ കാൽ ചിന്നഭിന്നമായതും സഹോദരൻ ആനന്ദിന് പരിക്കേറ്റതും .

കണ്ണൂർ ജില്ലയിൽ തന്നെ പെട്ട ഒരു മലയോര കുടിയേറ്റ മേഖലയിൽ ജനിച്ച ഒരാൾ എന്ന നിലയിൽ ഇതെഴുന്ന ആളെ സംബന്ധിച്ചിടത്തോളം ബിഹാറും കേരളവും തമ്മിൽ പണ്ട് വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. കൊളക്കാട് എന്ന കുഗ്രാമം കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. ചൂണ്ടുവിരലിലെ മഷിയടയാളം മായ്ക്കാൻ പഴുത്ത അടക്കയുമായി ആയിരുന്നു അന്നൊക്കെ ആളുകൾ പോളിങ് ദിനത്തിൽ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നത്. മടങ്ങി വരുമ്പോൾ നാലും അഞ്ചും കള്ളവോട്ടിന്റെ വീര കഥ പറയാനുണ്ടാവും ഓരോരുത്തർക്കും. അതൊന്നും കള്ളവോട്ടുകളുടെ ലിസ്റ്റിൽ പെടില്ലേ?

കണ്ണൂർ കാസർകോട് ജില്ലകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല കള്ളവോട്ട് ഏർപ്പാട്. ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലെയെയും തിരഞ്ഞെടുപ്പുകൾ റിപ്പോർട് ചെയ്തപ്പോൾ മനസ്സിലായ ഒരു കാര്യം കള്ളവോട്ട് കേരളത്തിൽ സർവവ്യാപിയായിരുന്നു എന്നതാണ്. എ കെ ആന്റണി മത്സരിച്ചു ജയിച്ച തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിൽ ഉണ്ടായ ഒരു അനുഭവം ഇതായിരുന്നു. കള്ളവോട്ട് ചെയ്തുവെന്ന് പറഞ്ഞു രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരെ ഐ എൻ എൽ കാർ കയ്യോടെ പിടികൂടി പൊലീസിന് കൈമാറുന്നു. പോലീസ് ഞങ്ങളൊന്നും കണ്ടില്ല കേട്ടില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറുന്നു. എത്ര കണ്ടു വിചിത്രവും ജനാധിപത്യപരവുമാണ് കേരളത്തിലെ തിരെഞ്ഞെടുപ്പ് രംഗവും എന്ന് സൂചിപ്പിക്കാൻ മാത്രമാണ് ഇതിവിടെ കുറിച്ചത്, കള്ളവോട്ടിന് ജാമ്യം പറയാനല്ലെന്നു കൂടി പറഞ്ഞു കൊള്ളട്ടെ.

നേരത്തെ പറഞ്ഞതുപോലെ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും കള്ള വോട്ടും ബൂത്ത് പിടുത്തവുമൊക്കെ കേരളത്തിനും സുപരിചിതമായിരുന്നു. അത് പക്ഷെ സി പി എം മാത്രം ആചാരവും അനുഷ്ഠാനവും ആയി കൊണ്ടുനടന്നിരുന്ന ഒരു ഏർപ്പാടായിരുന്നില്ല. കോൺഗ്രസ്സുകാർ തുടങ്ങിവെച്ചതും പിന്നീട് മറ്റു പാർട്ടികൾ ഏറ്റുപിടിച്ചതുമായ ഒരു ഏർപ്പാട് മാത്രമാണ് അത്. ഓരോരുത്തവരും തന്താങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഈ ഏർപ്പാട് ഒരു ആചാരമോ അനുഷ്ഠാനമോ ആക്കി മാറ്റി. ഇനിയിപ്പോൾ കള്ളവോട്ടിന്റെ രാഷ്ട്രീയം എന്തെന്ന് ചോദിച്ചാൽ അത് തങ്ങളുടെ സ്ഥാനാർഥിക്കു വിജയം ഉറപ്പുവരുത്തുക എന്നത് മാത്രമല്ല പരമാവധി ഭൂരിപക്ഷം ഉറപ്പുവരുത്തുക എന്നതുകൂടിയാണ്. ഈ രാഷ്ട്രീയം തന്നെയാണ് കള്ളവോട്ടിന്റെ മനഃശാസ്ത്രവും എന്ന് കരുതേണ്ടിവരും.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍