UPDATES

ജോയല്‍ ജോര്‍ജ്

കാഴ്ചപ്പാട്

ജോയല്‍ ജോര്‍ജ്

കാഴ്ചപ്പാട്

റോഡിലെ പിഴ, കീശ കാലിയാക്കാനോ അപകടം തടയാനോ

ഭേദഗതി ചെയ്ത നിയമപ്രകാരം ഡ്രൈവിംഗ് പിഴവുകള്‍ക്കും നിയമലംഘനങ്ങള്‍ക്കും പത്തു മടങ്ങു വരെ പിഴ വര്‍ധിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ അവ ഏര്‍പ്പെടുത്തിയിട്ടുള്ള ഭീമമായ പിഴ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ട്രാഫിക് ലംഘനത്തിനുള്ള പിഴത്തുക ഒടുക്കാനാകാതെ വിചിത്രമായി പ്രതികരിക്കുന്നവരുടെ അനുഭവങ്ങള്‍ ഓണ്‍ലൈന്‍ ലോകത്തു മീമുകളായും ട്രോളുകളായും നിറയുമ്പോള്‍ യഥാര്‍ത്ഥ ഇരകള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

വാഹനാപകടങ്ങളുടെ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി 2017 ലാണ് കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. അന്നത് രാജ്യസഭയില്‍ പാസ്സാക്കാനായില്ല. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ ഈ ബില്ല് പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും പാസ്സാക്കിയെടുത്തു. പുതുക്കിയ ബില്ലില്‍ ട്രാഫിക് ലംഘനത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ള ഉയര്‍ന്ന പിഴ നിരക്കുകളാണ് ഇപ്പോള്‍ പൊതുശ്രദ്ധ നേടിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വിവാദമായിരിക്കുന്നത്, വസ്തു വാടക നിരക്ക് പോലെ, എല്ലാ വര്‍ഷവും 10% വച്ച് പിഴ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്നുള്ള സാധ്യതയാണ്. ഡ്രൈവിംഗിനിടെ പറ്റുന്ന തെറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അസാധാരണമായ പിഴ നിരക്കുകളും വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്.

പിഴ അടയ്ക്കാന്‍ കഴിയാതെ സ്വന്തം വാഹനം തന്നെ പോലീസിന്റെ പക്കല്‍ ഉപേക്ഷിച്ചു പോയ ഡല്‍ഹി നിവാസിയായ ദിനേശ് മദന്‍ ആണ് ഓണ്‍ലൈന്‍ ട്രോളുകളിലെ മുഖ്യ കഥാപാത്രം. ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് മദനെ ഗുരുഗ്രാം പോലീസ് തടയുന്നത്. പുതിയ നിയമപ്രകാരം ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാലുള്ള പിഴ 1000 രൂപയാണ്. വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് മൂന്ന് മാസത്തിനു സസ്‌പെന്‍ഡ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. പോലീസ് പരിശോധനയില്‍ ഹെല്‍മെറ്റ് ധരിച്ചില്ല എന്നതിന് പുറമെ മദന്റെ കയ്യില്‍ വാഹനത്തിന്റെ രെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് രേഖ, പൊല്യൂഷന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഇല്ലെന്നും കണ്ടെത്തി. ഈ നിയമലംഘനങ്ങള്‍ എല്ലാം കണക്കിലെടുത്തു പോലീസ് പിഴത്തുകയായി നിശ്ചയിച്ചത് 23000 രൂപയാണ്.

വാഹനത്തിന്റെ രേഖകളെല്ലാം ഡല്‍ഹിയില്‍ ഉള്ള തന്റെ വീട്ടില്‍ ഉണ്ടെന്നു ഗുരുഗ്രാം പോലീസിനെ മദന്‍ അറിയിച്ചതായാണ് വിവരം. എന്നാല്‍ അവ ഹാജരാക്കാന്‍ പോലീസ് അനുവദിച്ച 10 മിനിറ്റിനുള്ളില്‍ നേരിട്ടോ ഏതെങ്കിലും ബന്ധുക്കളുടെ സഹായത്താലോ രേഖകള്‍ എത്തിക്കുക മദന് അസാധ്യമായിരുന്നു. ഗുരുഗ്രാം പോലീസ് പിഴത്തുക നിര്‍ണയിച്ചു അവസാന തീര്‍പ്പു കല്പിച്ചതോടെ 15000 രൂപ ഏകദേശം വില വരുന്ന വാഹനത്തിനു ഇത്ര വല്യ തുക പിഴ കൊടുക്കേണ്ടി വരുന്നതിലെ വൈരുധ്യമോര്‍ത്തു മദന്‍ വാഹനം ഉപേക്ഷിക്കുകയായിരുന്നു.

ഗുരുഗ്രാമില്‍ തന്നെ മറ്റൊരു സംഭവത്തില്‍, സിഗ്‌നല്‍ തെറ്റിച്ച ഒരു ഓട്ടോ ഡ്രൈവര്‍ക്കു മേല്‍ ട്രാഫിക് പോലീസ് ചുമത്തിയ പിഴ 32,500 രൂപയാണ്. പിടിക്കപ്പെടുന്ന സമയത്തു ഡ്രൈവറുടെ കയ്യില്‍ വണ്ടിയുടെ രേഖകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലത്രെ.

ബ്രസീലിയ പ്രഖ്യാപനം

റോഡപകടങ്ങളും അതേത്തുടര്‍ന്നുള്ള മരണങ്ങളും ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ബ്രസീലിയ പ്രഖ്യാപനത്തില്‍ ഇന്ത്യ ഒപ്പു വയ്ക്കുന്നത് 2015 ല്‍ ആണ്. അനന്തര നടപടികളുടെ ഫലമായി, 2016 നെ അപേക്ഷിച്ചു, രാജ്യത്തു റോഡ് അപകടങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങളുടെ നിരക്കില്‍ 2017 ല്‍ 3% ഓളം കുറവ് വന്നു. അതായത്, 2016 ല്‍ വാഹനാപകടങ്ങളില്‍ 1.51 ലക്ഷം ആളുകള്‍ മരണപ്പെട്ടപ്പോള്‍, 2017 ല്‍ അത് 1.48 ലക്ഷം ആളുകളായി കുറഞ്ഞു. എന്നാല്‍ 2018 ല്‍, വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും അവയില്‍ മരണപ്പെട്ടവരുടെ എണ്ണം 1.49 ലക്ഷമായി ഉയര്‍ന്നു.

ഒരു വര്‍ഷം 1.49 ലക്ഷം പേര്‍ വാഹനാപകടങ്ങളില്‍ മരണപ്പെടുന്നു എന്ന് വച്ചാല്‍ മണിക്കൂറില്‍ 17 പേര്‍ അഥവാ ഓരോ മൂന്നര മിനിറ്റിലും ഒരാള്‍ വീതം വാഹനാപകടങ്ങളില്‍ മരണപ്പെടുന്നു എന്നാണര്‍ത്ഥം. ഇന്ത്യയിലെ റോഡുകളില്‍ ഇത്രയേറെ ജീവന്‍ പൊലിയുന്നു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ, പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ ഈ സ്ഥിതിയില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമം ഇനിയും നടപ്പിലാക്കിയിട്ടില്ല

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും മധ്യപ്രദേശും ഇത് വരെയും പുതുക്കിയ നിയമം നടപ്പിലാക്കിയിട്ടില്ല. പുതിയ വ്യവസ്ഥകള്‍ കൃത്യമായി പഠിച്ചതിനു ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചു. ‘മധ്യപ്രദേശില്‍ ഇതുവരെ നിയമഭേദഗതിയെക്കുറിച്ചുള്ള വിജ്ഞാപനം ഇറങ്ങാത്തതിനാല്‍ പുതിയ പിഴ നിരക്കുകള്‍ ഇവിടെ ബാധകമല്ല. പരിഷ്‌കരിച്ച നിയമത്തിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ കൃത്യമായി പഠിക്കും. അയല്‍ സംസ്ഥാനങ്ങള്‍ നിയമത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം’, കമല്‍നാഥ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഉയര്‍ന്ന പിഴ നിരക്കുകള്‍ സാധാരണക്കാര്‍ക്കു മേല്‍ അമിതഭാരം ചുമത്തുമെന്ന് പഞ്ചാബിലെ അധികാരികള്‍ അഭിപ്രായപ്പെടുന്നു. ‘പുതിയ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും യോഗം സംസ്ഥാന സര്‍ക്കാര്‍ അടുത്ത് തന്നെ വിളിക്കും’, പഞ്ചാബിലെ അഡിഷണല്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫ് പോലീസ് (ട്രാഫിക്), എസ്. എസ് ചൗഹാന്‍ പി.ടി.ഐ യോട് പറഞ്ഞു. ‘സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെടുന്ന വിഷയമായതിനാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന് ആധികാരമുണ്ട് ‘, ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

പരിഷ്‌കരിച്ച നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍

പുതുക്കിയ പിഴയും മറ്റു വ്യവസ്ഥകളും: ഭേദഗതി ചെയ്ത നിയമപ്രകാരം ഡ്രൈവിംഗ് പിഴവുകള്‍ക്കും നിയമലംഘനങ്ങള്‍ക്കും പത്തു മടങ്ങു വരെ പിഴ വര്‍ധിപ്പിച്ചിട്ടുണ്ട്.

 

വാഹനാപകടവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് ആദ്യത്തെ തവണ പിടിക്കപ്പെടുമ്പോള്‍ 6 മാസം വരെ തടവും ഒപ്പം/അല്ലെങ്കില്‍ 5000 രൂപ വരെ പിഴയും, കുറ്റം ആവര്‍ത്തിച്ചാല്‍ 1 വര്‍ഷം വരെ തടവും ഒപ്പം/അല്ലെങ്കില്‍ 10000 രൂപ വരെ പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്.

പ്രായപൂര്‍ത്തിയാവാത്തവര്‍ ആണ് നിയമലംഘനം നടത്തുന്നതെങ്കില്‍ അവരുടെ രക്ഷാകര്‍ത്താവ്/ വാഹനത്തിന്റെ ഉടമ 25000 രൂപ പിഴ അടയ്ക്കുകയും 3 വര്‍ഷം വരെ തടവ് അനുഭവിക്കുകയും വേണം. വാഹനത്തിന്റെ രെജിസ്‌ട്രേഷന്‍ റദ്ദാക്കാനും സാധ്യത ഉണ്ട്. മേല്പറഞ്ഞ വ്യക്തിയ്ക് കുറ്റകൃത്യത്തെക്കുറിച്ചു അറിവില്ലാതിരുന്നെങ്കിലോ അല്ലെങ്കില്‍ അത് തടയാന്‍ ശ്രമം നടത്തിയിരുന്നെങ്കിലോ മാത്രമാണ് ശിക്ഷയില്‍ ഇളവ് ലഭിക്കുക.

പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ വാഹനം ഓടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ വാഹനത്തിന്റെ രെജിസ്‌ട്രേഷന്‍ ഒരു വര്ഷത്തേയ്ക് റദ്ദാക്കും. ഈ കാലയളവിനു ശേഷം മേല്പറഞ്ഞ ആളുടെ രക്ഷാകര്‍ത്താവിനോ അല്ലെങ്കില്‍ വാഹന ഉടമയ്‌ക്കോ വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ കൊടുക്കാം. ഭേദഗതിയുടെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള 199A , 199B വകുപ്പുകള്‍ പ്രകാരം, രക്ഷാകര്‍ത്താവ്/വാഹന ഉടമ 25000 രൂപ പിഴയും 3 വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരും. വാഹനം ഓടിച്ച ആള്‍ക്ക് 25 വയസു വരെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുമില്ല.

ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞാല്‍

ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിയുന്ന തീയ്യതിക്ക് ഒരു വര്‍ഷം മുന്‍പോ അതിനു ശേഷം ഒരു വര്‍ഷത്തിനുള്ളിലോ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിക്കാം. ഈ കാലയളവിനു ശേഷം അപേക്ഷിച്ചാല്‍ അപേക്ഷിക്കുന്നയാള്‍ വീണ്ടും ലൈസെന്‍സിനായുള്ള ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകണം. പുതുക്കിയ നിയമപ്രകാരം, റോഡപകടങ്ങളില്‍ സംഭവിക്കുന്ന മരണത്തിനോ വൈകല്യങ്ങള്‍ക്കോ റോഡ് ഡിസൈനിംഗിലെ നിലവാരക്കുറവ് കാരണമായി എന്ന് തെളിഞ്ഞാല്‍ ബന്ധപ്പെട്ട റോഡ് കോണ്‍ട്രാക്ടര്‍ അല്ലെങ്കില്‍ അധികാരികള്‍ക്ക് മേല്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തപ്പെടാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read: അസമോ ബംഗാളോ? രണ്ടിലൊന്ന് ബിജെപിക്ക് തീരുമാനിക്കേണ്ടിവരും

ജോയല്‍ ജോര്‍ജ്

ജോയല്‍ ജോര്‍ജ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍