UPDATES

ട്രെന്‍ഡിങ്ങ്

തുറിച്ചുനോട്ടം നിര്‍ത്താനുള്ള വിപ്ലവമാണിതെന്നു മാത്രം പറയരുത്, പ്ലീസ്

വൻ മാറ്റത്തിന്റെ ശംഖൊലി എന്നൊക്കെ ചേർത്തു പറയാതിരുന്നാൽ ഇത്തരത്തിലുള്ളൊരു കവർപ്പടം ചിലരിലെങ്കിലും ആരോഗ്യകരമായ ചർച്ചകൾക്ക് വഴി തുറക്കുന്നുവെങ്കിൽ സന്തോഷം തന്നെയാണ്.

രന്യ ദാസ്

രന്യ ദാസ്

പന്ത്രണ്ടാം വയസിലാണ് എന്റെ ആദ്യ മുലവിചാരം തുടങ്ങുന്നത്. പെണ്ണിന്റെ മുലഞെട്ടുകൾ ഉടുപ്പില്‍ തെളിഞ്ഞു കാണുന്നുണ്ടെന്ന് അയൽപ്പക്കത്തെ ചേച്ചി കുറ്റപ്പെടുത്തും പോലെ പറഞ്ഞതു മുതൽ. അന്നു തൊട്ട് പല കാലങ്ങളിൽ പല നേരങ്ങളിലായി മുലകളെക്കുറിച്ച് ഇരുത്തി ചിന്തിച്ച അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.

പെണ്ണായാൽ ഇത്തിരി മൂടും മുലയും വേണമെന്ന നാട്ടുവർത്താനത്തിൽ അപകർഷതയോടെ ചൂളി നിന്നു പോയിട്ടുണ്ട്.

പലതരത്തിലുള്ള നഗ്നമായ മാറിടങ്ങൾ ചേർത്ത ഒരു കൊളാഷ് മൊബൈൽ വാൾപേപ്പറാക്കിയ സഹയാത്രികനെ കണ്ട് പരിഭ്രമിച്ചിട്ടുണ്ട്.

ക്യാൻസർ ബാധിച്ച രോഗിയുടെ ഇടത്തേ മുലയെ ഓപ്പറേഷനിലൂടെ മുറിച്ചു മാറ്റാൻ നേരം, ദേ സിസ്റ്ററേ സൂക്ഷിച്ച് പിടിക്ക്, വളരെ വേണ്ടപ്പെട്ട സാധനമാണെന്ന് അശ്ലീലം പറഞ്ഞ് ചിരിച്ചുകുഴഞ്ഞ ആ വഷളൻ ഡോക്ടറെ ഞാൻ ഇന്നും ഓർക്കുന്നുണ്ട്.

ബ്രായുടെ വളളി പുറത്തു കണ്ടാൽ വെപ്രാളപ്പെട്ട് വലിച്ചിടുന്ന എണ്ണമറ്റ പെൺ ജനങ്ങളെയും അതങ്ങ് കേറ്റിയിടാൻ പറഞ്ഞ് സംരക്ഷണത്തിന്റെ, കരുതലിന്റെ ആൾരൂപമാകുന്ന ആൺ പ്രജകളെയും ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. ഇത്തരത്തിൽ പെൺമുലകളെ ആരാധിച്ചും കാമിച്ചും അവസരം കിട്ടിയാൽ തുറിച്ചു നോക്കിയുമൊക്കെ കഴിഞ്ഞു പോകുന്ന ഒരു സമൂഹത്തിൽ, ഒരു പ്രമുഖ മാഗസിൻ, തുറന്ന മുലയുമായൊരു മോഡൽ കുഞ്ഞിനെ പാലൂട്ടുന്ന കവർ ഫോട്ടോയുമായി വരുമ്പോൾ അതൊരു വിപ്ലവമാണെന്ന് കരുതാൻ എന്തു കൊണ്ടോ മനസു വരുന്നില്ല.

ഒന്നാമത്തെ കാര്യം ഗൃഹലക്ഷ്മിയുടെ വരേണ്യതയ്ക്കും സ്ത്രീസങ്കൽപ്പങ്ങൾക്കും ഒട്ടും കോട്ടം തട്ടാതെ തയ്യാറാക്കിയ ആ മുഖചിത്രം വലിയൊരു വിരോധാഭാസം പോലെ മുഴച്ചു നിൽക്കുന്നു എന്നതാണ്. വെളുത്തു തുടുത്ത പെണ്ണുടലുകളെ, അഴകളവുകൾ എല്ലാം ഒത്ത So-called സുന്ദരികളെ മാത്രം പ്രദർശിപ്പിക്കുന്ന ഒരു മാഗസിൻ സാധാരണക്കാരെ അഭിസംബോധന ചെയ്യുന്നത് എത്ര മാത്രമാണെന്ന് വിവരമുള്ള എല്ലാർക്കുമറിയാവുന്നതാണ്. (ഇനിയെങ്ങാൻ ഒരു പരാമർശമുണ്ടാവണമെങ്കിൽ വല്ല ഐഎഎസും കിട്ടണം. അതിലും കൊട്ടപ്പടി സഹതാപം തൂവിയാകും വിവരണം) സാധാരണ മനുഷ്യന് അത് കണ്ടഭിരമിക്കാനുള്ള ഒന്നാണ്. വെളുപ്പിലാണ്, വണ്ണം കുറഞ്ഞ അരക്കെട്ടിലും ഉടുപ്പിനു വെളിയിൽ കാണുന്ന എക്സ്ട്രാ സൈസ് മുലകളിലും മുന്തിയ ഇനം വസ്ത്രങ്ങളിലും പൊടി കേറാത്ത വീടുകളിലുമാണ് കാര്യം എന്ന് അത് വായിക്കുന്നവനോട് നിരന്തരം പറയുന്നുണ്ട്. സ്ത്രീ ജനങ്ങളെ വീടിന്റെ ലക്ഷ്മിയാക്കാനായുള്ള, ഭക്ഷണമുണ്ടാക്കൽ, തറ മിനുസപ്പെടുത്തൽ, പൊടി തട്ടൽ, ബെഡ് ഷീറ്റ് വിരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക മാർഗനിർദ്ദേശങ്ങളുമായി വരുന്ന സ്ഥിരം പംക്തികൾക്കൊപ്പം ഒരു പൊടിക്ക് പുരോഗമനം ചേർത്തുള്ള ഗൃഹലക്ഷ്മി, വനിതാ ടീമുകളുടെ ഒരു സ്ഥിരം നമ്പറിനപ്പുറം ആ തുറന്ന മുലയൂട്ടൽ രംഗം ഒരു സ്ത്രീ എന്ന നിലയിൽ എന്നെ സ്പർശിക്കുന്നതേ ഇല്ല.

രണ്ടാമത്തെ കാര്യം ഈ തുറിച്ചു നോട്ടമെന്ന കലാപരിപാടിയുടെ പൊതുഘടനയാണ്. വെളിയിലിറങ്ങും മുതൽ അത് ഒപ്പമുണ്ടാകുമെന്നത് യാഥാർത്ഥ്യമാണ്. വസ്ത്രത്താൽ മറച്ചുവയ്ക്കപ്പെട്ടാലും സ്ത്രീയുടെ എല്ലാ അവയവങ്ങളിലേക്കും എത്തിനോട്ടങ്ങൾ, ഉറ്റുനോട്ടങ്ങൾ ഉണ്ടാവുമെന്ന വമ്പൻ യാഥാർത്ഥ്യം മനസിലാക്കിക്കഴിഞ്ഞാൽ മുഖത്തു തുറിച്ചു നോക്കുന്നവനോടുള്ള മറുപടി തന്നെ മതിയാവും മുലയൂട്ടുമ്പോൾ നോക്കുന്നവനോടും.

വൻ മാറ്റത്തിന്റെ ശംഖൊലി എന്നൊക്കെ ചേർത്തു പറയാതിരുന്നാൽ ഇത്തരത്തിലുള്ളൊരു കവർപ്പടം ചിലരിലെങ്കിലും ആരോഗ്യകരമായ ചർച്ചകൾക്ക് വഴി തുറക്കുന്നുവെങ്കിൽ സന്തോഷം തന്നെയാണ്.

പുതിയ ഗൃഹലക്ഷ്മി വഴിയോരങ്ങളിലെ കടകളിലും ബുക്ക്സ്റ്റാളുകളിലും വിൽപ്പനയ്ക്കു വയ്ക്കുമ്പോ കവർ പടത്തിലേക്ക് എത്ര പേർ തുറിച്ചു നോക്കും എന്നതു കൂടിയാണ് ഇന്നത്തെ ചിന്ത!

(അനുബന്ധം: breast എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്തു നോക്കിയാലറിയാം മുലയുടെ മാർക്കറ്റിംഗ് വാല്യുവിനെക്കുറിച്ച്). പറഞ്ഞു വന്നത്, ആശയത്തിൽ അൽപമൊക്കെ ആത്മാർത്ഥത കാണിക്കണമെന്നാണേല്‍ അത് പെണ്ണുടൽ ലക്ഷണങ്ങൾക്കൊപ്പിച്ച് പ്രദർശിപ്പിക്കാതെയും ചെയ്യാമെന്ന്; ഏത്!)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മുലകണ്ടാല്‍ സമനില തെറ്റുന്ന മലയാളികളോട്

മുല മറച്ച് പിടിക്കുന്ന യാഥാസ്ഥിതികത്വത്തില്‍ നിന്ന് എന്റെ നാടായ കേരളം എന്നാണ് രക്ഷപ്പെടുക? ജയശ്രീ മിശ്ര ചോദിക്കുന്നു

ലൈംഗികത, ആരോഗ്യം, കാപട്യം, പിന്നെ തുറന്ന ‘വളി’കളും: കാവ്യയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍

ആണുങ്ങളെ പേടിക്കാത്ത പെണ്‍മുലകളുടെ സുന്ദരകാലത്തിനായി

രന്യ ദാസ്

രന്യ ദാസ്

നഴ്സ്, അയര്‍ലണ്ടിലെ ലിമെറിക്കില്‍ താമസം. ആനുകാലികങ്ങളിലും ഓണ്‍ലൈനുകളിലും എഴുതാറുണ്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍