UPDATES

വിദ്യാര്‍ത്ഥി രാഷ്ട്രീയം; അടിയന്തരാവസ്ഥ കാലം ഓര്‍മ്മ വരുന്നു, മൈ ലോര്‍ഡ്

കലാലയം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് പുസ്തകപ്പുഴുക്കളെയും പാവകളെയും വാര്‍ത്തെടുക്കുന്ന ഒരിടം എന്ന് കരുതുന്നത് എത്രകണ്ട് ശരിയാണ്?

കെ എ ആന്റണി

കെ എ ആന്റണി

വിദ്യാഭ്യാസ സ്ഥാപങ്ങള്‍ പഠിക്കാനുള്ള ഇടമാണെന്നും അത്തരം ഇടങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നുമുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രസ്താവം ഒരു വലിയ ചര്‍ച്ചക്കാണ് വഴിതുറന്നിരിക്കുന്നത്. പൊന്നാനി എം ഇ എസ് കോളേജില്‍ എസ് എഫ് ഐ നടത്തിവരുന്ന സമരവുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച ഒരു താത്കാലിക ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കലാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്നും ധര്‍ണ, പിക്കറ്റിങ് തുടങ്ങിയ സമരങ്ങള്‍ മാത്രമല്ല പട്ടിണി സമരം പോലും പാടില്ലെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അച്ചടക്കരാഹിത്യത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്നുമുണ്ട് ഈ വിധിയില്‍ എന്നതും ഏറെ ശ്രദ്ധേയമാണ്. വിദ്യാര്‍ത്ഥി യൂനിയനുകളും രാഷ്ട്രീയ നേതാക്കളും വിധിക്കെതിരേ രംഗത്ത് വന്നുകഴിഞ്ഞു. വിധിയെ സ്വാഗതം ചെയ്തുകൊണ്ട് മാനേജ്‌മെന്റ് പ്രധിനിതികളൂം രംഗത്തെത്തിയിട്ടുണ്ട്. കാരണം ഈ വിധി ഏറെ സന്തോഷം പകരുന്നത് മാനേജ്‌മെന്റുകള്‍ക്കു തന്നെയാണല്ലോ.

ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എ ഐ എസ് എഫ് നേതാവ് കനയ്യ കുമാര്‍ അടക്കമുള്ളവരെ പുറത്താക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയ ദിവസം തന്നെയാണ് കേരള ഹൈക്കോടതി സംഘടിക്കുന്നതില്‍ നിന്നും തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നതില്‍ നിന്നുമൊക്കെ വിദ്യാര്‍ത്ഥികളെ വിലക്കിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയം. ഓരോ ജഡ്ജിയും നിയമത്തെ ഒരേപോലെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തുകൊള്ളണമെന്നില്ല. എങ്കിലും കോടതികളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, കേരള ഹൈക്കോടതിയുടെ വിധി അല്‍പ്പം കടന്നുപോയി എന്നുമാത്രമല്ല, വിദ്യാഭ്യാസം വെറും കച്ചവടമാക്കിമാറ്റിയിയിട്ടുള്ള ഒരു സംഘം കഴുത്തറപ്പന്‍ മാനേജ്‌മെന്റുകള്‍ക്ക് തങ്ങളുടെ കച്ചവടത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ.

"</p

‘ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നാം രക്തരൂക്ഷിതമായ വിപ്ലവ മാര്‍ഗ്ഗങ്ങള്‍ വെടിയണം. നിസ്സഹകരണം, സത്യഗ്രഹം തുടങ്ങിയ രീതികള്‍ ഉപേക്ഷിക്കണം. സാമൂഹിക, സാമ്പത്തിക മേഖലകളില്‍ അര്‍ഹമായത് നേടാന്‍ ഭരണഘടനാപരമല്ലാത്ത രീതികള്‍ക്ക് മുന്‍പ് ന്യായീകരണമുണ്ടായിരുന്നു. ഇപ്പോള്‍ ഭരണഘടനപരമായ മാര്‍ഗങ്ങളുണ്ട്. അതിനാല്‍ ഭരണഘടനാവിരുദ്ധമായ രീതികള്‍ക്ക് ന്യായീകരണമില്ല’ എന്ന് തുടങ്ങുന്ന അംബേദ്ക്കറുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഹൈക്കോടതി വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചും കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം തടഞ്ഞുംകൊണ്ടുള്ള വിധി പ്രസ്താവം നടത്തിയിട്ടുള്ളത്. ഇടക്കൊക്കെ നമ്മുടെ ഭരണഘടനാശില്പിയെ ഓര്‍ക്കുന്നതും മറ്റുള്ളവരെ ഓര്‍മപ്പെടുത്തുന്നതും വളരെ നല്ല കാര്യം തന്നെ. പക്ഷെ അപ്പോഴും ഡോക്ടര്‍ അംബേദ്കര്‍ ഇക്കാര്യങ്ങളൊക്കെ എഴുതിവെച്ചതിനുശേഷവും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു ഒട്ടേറെ വിദ്യാര്‍ത്ഥി സമരങ്ങള്‍ രാജ്യത്താകമാനം നടന്നിട്ടുണ്ടെന്നും ജയപ്രകാശ് നാരായണെപ്പോലുള്ള വലിയ മനുഷ്യര്‍ അത്തരം സമരങ്ങളെ പിന്തുണച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറന്നുപോകരുത്. ഇന്ന് വിദ്യാര്‍ത്ഥി സമരങ്ങളെ കണ്ണും പൂട്ടി എതിര്‍ക്കുന്ന പള്ളിയും പാതിരിമാരും പണ്ട് തങ്ങളുടെ കീഴിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളെപ്പോലും എ കെ ആന്റണി മൂര്‍ദ്ദാബാദ് എന്ന് വിളിപ്പിച്ചു തെരുവിലൂടെ നടത്തിച്ച കാര്യവും മറക്കരുത്.

ശരിയാണ്. കലാലയ രാഷ്ട്രീയം പലപ്പോഴും ചേരി തിരിഞ്ഞുള്ള സംഘട്ടനങ്ങള്‍ക്കും കൊലപാതങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചുകൂടാ. എന്നു കരുതി വോട്ടവകാശവും പൊതുതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള അവകാശവുമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അല്‍പം കടന്ന ചിന്ത ആണെന്ന് പറയാതെ തരമില്ല. കലാലയം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് പുസ്തകപ്പുഴുക്കളെയും പാവകളെയും വാര്‍ത്തെടുക്കുന്ന ഒരിടം എന്ന് കരുതുന്നത് എത്രകണ്ട് ശരിയാണ്? ‘നാവടക്കൂ പണിയെടുക്കൂ ‘ എന്ന അടിയന്തരാവസ്ഥ കാലത്തെ ആ ഇന്ദിരാ ഗാന്ധിയുടെ കല്പനയാണ് സത്യത്തില്‍ ഓര്‍മ വരുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍