UPDATES

ട്രെന്‍ഡിങ്ങ്

അടിസ്ഥാന വരുമാന പദ്ധതി; മന്‍മോഹന്‍ സിങ്ങിന്റെ നവലിബറല്‍ യുക്തിയെ രാഹുല്‍ ഗാന്ധി മറികടക്കുമോ?

അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്ന രാഹുല്‍ ഗാന്ധി നവ ഉദാരവല്‍ക്കരണ സാമ്പത്തിക യുക്തിയെ കൈയൊഴിയുമോ?

ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതിന് ശേഷം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് നടത്തിയതായി പറയുന്ന ഒരു പ്രതികരണം, ശ്വാസം മുട്ടുന്ന അന്തരീക്ഷത്തില്‍നിന്ന് രക്ഷനേടി എന്നാണ്. ഇടതുപക്ഷത്തിന്റെ സ്വാധീനവും യുപിഎയും അവരും തമ്മിലുണ്ടാക്കിയ പൊതുമിനിമം പരിപാടിയും ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌ക്കാരത്തിന് തുടക്കം കുറിച്ച മന്‍മോഹന്‍സിംങിനെ ശ്വാസം മുട്ടിച്ചെന്നിരിക്കണം. അത് സ്വാഭാവികവുമാണ്. കാരണം 1991 ല്‍ നരസിംഹറാവുവിന്റെ കാലത്ത് സാമ്പത്തിക മേഖലയില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്‍മാറ്റം എന്ന് രീതിയില്‍ അന്തരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെ കൂടെ പിന്തുണയോടെ നടപ്പിലാക്കപ്പെട്ട നവ ഉദാരവല്‍ക്കരണത്തിന്റെ മുന്നോട്ടുളള പോക്കിനെ അസ്ഥിരപ്പെടുത്തുന്നതായിരുന്നു പൊതുമിനിമം പരിപാടിയില്‍ ഇടതുപക്ഷം നിര്‍ദ്ദേശിച്ച കാര്യങ്ങള്‍. സ്വാഭാവികമായും അതിനോടൊന്നും നയപരമായ യോജിപ്പില്ലാത്ത മന്‍മോഹന്‍സിംങിന് ശ്വാസം മുട്ടിക്കാണും. എന്തായാലും 2009 ല്‍ വീണ്ടും ശ്വാസം മുട്ടിക്കല്‍ ഏജന്റ്‌സിന്റെ സഹായമില്ലാതെ അധികാരത്തിലെത്താന്‍ മന്‍മോഹന്‍ സിംങിന് കഴിഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടതിന് ശേഷം തിരിച്ചുവരവിന് വേണ്ടി ശ്രമിക്കുന്ന കോണ്‍ഗ്രസ് മന്‍മോഹന്‍സിംങ്, പി ചിദംബരം മൊണ്ടേക്ക് സിംങ് അലുവാലിയ തുടങ്ങിയവര്‍ ആവേശത്തോടെ നടപ്പിലാക്കിയ നയപരിപാടികളെയല്ല, മറിച്ച് അവരെ ശ്വാസം മുട്ടിച്ചുവെന്ന് കരുതുന്ന പരിപാടികളെയാണ് ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നുവെന്ന് വേണം കരുതാന്‍. മൂലധനത്തിന്റെ ഫെസിലിറ്റേര്‍ എന്ന റോളല്ല, മറിച്ച് സമ്പദ് വ്യവസ്ഥയില്‍ സക്രിയമായി ഇടപെടുന്ന റോളായിരിക്കും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്തുടരുകയെന്നതാണ് അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരിക്കുന്നത്. നവ ഉദാരവല്‍ക്കരണം നടപ്പിലാക്കിയതിന് ശേഷം ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഇടം പിടിക്കുന്ന ഏറ്റവും വലിയ സാമൂഹ്യ ക്ഷേമ പദ്ധതിയായി മാറിയിരിക്കുകയാണ് അടിസ്ഥാന വരുമാന പദ്ധതി.

ഇതിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നെയുള്ളൂവെങ്കിലും ഇതെങ്ങനെ നടപ്പിലാക്കുമെന്നും അങ്ങനെ നടപ്പിലാക്കുമ്പോള്‍ കോണ്‍ഗ്രസ് ആ പാര്‍ട്ടി തന്നെ ഉദ്ഘാടനം ചെയ്ത നവ ഉദാരവല്‍ക്കരണ നയങ്ങളില്‍നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറാകുമോ എന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി അറിയാനിരിക്കുന്നതെയുള്ളൂ.

രാജ്യത്തെ ദരിദ്രരായ 20 ശതമാനത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വരുമാനം ഉറപ്പുവരുത്തുമെന്നതാണ് കോണ്‍ഗ്രസ് പ്രഖ്യാപനത്തിന്റെ കാതല്‍. മൊത്തം കുടുംബങ്ങളുടെ കണക്കുപ്രകാരം ഈ പദ്ധതി നടപ്പിലാക്കാന്‍ 3,60,000 കോടി രൂപ പ്രതിവര്‍ഷം വേണ്ടിവരുമെന്നാണ് സൂചന. തൊഴിലുറപ്പ് പദ്ധതിയ്ക്ക് 2018-19 ല്‍ നീക്കിവെച്ചത് 55,000 കോടി രൂപയാണ്. ഇതിന്റെ അഞ്ചിരട്ടി തുകയാണ് അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കാന്‍ ഓരോ വര്‍ഷവും ആവശ്യമായി വരിക.

തൊഴിലുറപ്പ് പദ്ധതിയെന്നത് കോണ്‍ഗ്രസ് ഭരണ പരാജയത്തിന്റെ നിലനില്‍ക്കുന്ന സ്മാരകമാണെന്ന് പറഞ്ഞ നരേന്ദ്ര മോദിയുടെ അവസാന വര്‍ഷത്തിലാണ് കൂടുതല്‍ പേര്‍ തൊഴിലുറപ്പ് പദ്ധതിയ്ക്ക് എത്തിയതെന്നത് രാജ്യത്തെ ദരിദ്രരുടെ എണ്ണത്തിലുണ്ടായ വര്‍ധനയുടെ തന്നെ സൂചനയായി കണക്കാക്കാവുന്നതാണ്. 2014 -15 കാലത്ത് 166 കോടി തൊഴില്‍ദിനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതെങ്കില്‍ 255 തൊഴില്‍ ദിനങ്ങളാണ് ഈ വര്‍ഷം ഉണ്ടായതെന്നാണ് കണക്ക്. അതായത് അടിസ്ഥാന വരുമാന പരിധിയില്‍ വരുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാനിടയുണ്ടെന്നാണ് ഇതില്‍നിന്ന് തെളിയുന്നത്.

ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന മറ്റ് സബ്‌സിഡികള്‍ അടിസ്ഥാന വരുമാന പദ്ധതി വരുന്നതോടെ ഇല്ലാതാകുമോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. എന്തായാലും ഇപ്പോഴത്തെ കണക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1.9 ശതമാനം വരും ഈ പദ്ധതിയ്ക്കുള്ള തുകയെന്നാണ് വിവിധ വിശകലനങ്ങള്‍ നല്‍കുന്ന സൂചന.

ഇനിയാണ് നവ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി മുന്നോട്ടുവെയ്ക്കപ്പെട്ട സാമ്പത്തിക നടപടികളുമായി ഈ പദ്ധതി പൊരുത്തപ്പെടുമോ എന്ന് സംശയിക്കേണ്ടി വരുന്നത്. റവന്യു കമ്മിയില്‍ കുറവ് വരുത്തി ധനക്കമ്മി നിയന്ത്രിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന ഫിസക്കല്‍ റസ്‌പോണ്‍സിബിലിറ്റി ആന്റ് ബഡ്ജറ്റ് ആക്ട് അനുസരിച്ചുളള ധന മാനേജ്‌മെന്റ് എങ്ങനെ സാധ്യമാക്കുമെന്നതാണ് ചോദ്യം. ഇത്തവണത്തെ ധനക്കമ്മി 3.4 ശതമാനമായിരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
ഇതിന്റെ തുടര്‍ച്ചയായി രാഹുലിന്റെ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ ധനക്കമ്മി ക്രമാതീതമായി വര്‍ധിക്കും. ഇത് നിയന്ത്രിക്കാന്‍ അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തുചെയ്യും. മറ്റ് ചിലവുകള്‍ കുറയ്ക്കുമോ? ഇപ്പോള്‍ തന്നെ വിഹിതം കുറവായ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ വിഹിതത്തിലാണോ കുറവു വരുത്തുക തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം ഇതുവരെയുള്ള സമീപനങ്ങള്‍ മാറ്റി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന പ്രത്യക്ഷവും പരോക്ഷവുമായ നികുതി ഇളവുകളില്‍ കുറവുവരുത്തി ചെലവ് നിയന്ത്രിക്കുമോ തുടങ്ങിയ ചോദ്യങ്ങളും അവശേഷിക്കുന്നു. അടിസ്ഥാനപരമായി നവ ഉദാരവല്‍ക്കരണ സാമ്പത്തിക യുക്തി പിന്തുടര്‍ന്ന് അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കുകയാണോ അതോ, പുതിയൊരു ദിശാമാറ്റത്തിന് കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതാണ് പ്രശ്‌നം. നവഉദാരവല്‍ക്കരണ യുക്തിയെ വീണ്ടും കുടെക്കൂട്ടുകയാണെങ്കില്‍ മറ്റ് സാമൂഹ്യമേഖലകളില്‍നിന്നുള്ള വലിയ പിന്‍മാറ്റമായിരിക്കും സംഭവിക്കുക. പ്രത്യേകിച്ച് ആരോഗ്യ, വിദ്യഭ്യാസ മേഖലകളില്‍. ഇത് കൂടുതലായും ബാധിക്കുക രാഹുല്‍ ഗാന്ധി കൈപിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്ന ദരിദ്ര ജനവിഭാഗങ്ങളെയും ആയിരിക്കും.

ലോകത്ത് പലയിടത്തും പണം കൈമാറ്റ പദ്ധതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. എന്തിന്, സര്‍ക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുന്നതിനെതിരായ യുക്തികള്‍ പ്രചരിപ്പിച്ച, റോണാള്‍ഡ് റെയ്ഗന്റെയും, മാര്‍ഗരറ്റ് താച്ചറിന്റെയും സാമ്പത്തിക ഉപദേഷ്ടാവായിരുന്ന മില്‍ട്ടന്‍ ഫ്രിഡ്മാന്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ സാമ്പത്തിക വിദഗ്ദരും പണം കൈമാറ്റല്‍ പദ്ധതിയുടെ വക്താക്കളായിരുന്നു. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നെഗറ്റീവ് ഇന്‍കം ടാക്‌സ് ഏര്‍പ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഇങ്ങനെ ദരിദ്രര്‍ക്ക് പണം കൈമാറിയതിന് ശേഷം സര്‍ക്കാര്‍ മറ്റ് സാമ്പത്തിക പരിപാടികളില്‍നിന്ന് പിന്മാറണമെന്നതായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച യുക്തി. ആവശ്യത്തിന് മുതലാളിത്തം ഇല്ലാത്തതാണ് ദരിദ്ര്യമുണ്ടാക്കുന്നതെന്ന് കരുതുന്ന മില്‍ട്ടന്‍ ഫ്രിഡ്മാനെ പോലുള്ളവരുടെയും നിര്‍ദ്ദേശമായിരുന്നു പണം കൈമാറല്‍ എന്നതാണ് വസ്തുത. അതേസമയം വലതുപക്ഷക്കാര്‍ മാത്രമല്ല, മാര്‍ട്ടീന്‍ ലൂഥര്‍ കിങിനെപോലുള്ള ആക്ടിവിസ്റ്റുകളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് മുന്നോട്ടുവെച്ചത് പണം കൈമാറല്‍ പദ്ധതിയായിരുന്നു. എന്നാല്‍ തീവ്ര മുതലാളിത്തത്തിന്റെ സാമ്പത്തിക യുക്തികളില്‍ ആ പദ്ധതികള്‍ക്ക് പ്രത്യേകിച്ചൊരു ഫലവുമുണ്ടായില്ല. വളര്‍ച്ച ഉണ്ടാകുമ്പോഴും വര്‍ധിച്ചുവരുന്ന അസമത്വം നവഉദാരവല്‍ക്കരണത്തിന്റെ നേട്ടങ്ങളെ ഇല്ലാതാക്കുകയാണെന്ന് ഐഎംഎഫ് തന്നെ വ്യക്തമാക്കിയതാണ്.

നവലിബറലിസം നേരിടുന്ന പ്രതിസന്ധി ഉള്‍ക്കൊണ്ട് അതിന്റെ സാമ്പത്തിക യുക്തിയെ കൈയൊഴിയാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നതിന്റെ ഭാഗമാണോ അടിസ്ഥാന വരുമാന പദ്ധതിയെന്നതാണ് മുഖ്യ ചോദ്യം. അതോ പണം കൈമാറ്റത്തില്‍ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ഒതുക്കി മുലധനത്തിന് സ്വതന്ത്ര വിഹാരം ഉറപ്പുവരുത്തുന്ന ലൈസേഴ്‌സ് ഫെയര്‍ സാമ്പത്തിക പദ്ധതി തുടരാനാണോ രാഹുല്‍ ഗാന്ധിയും തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇനി അറിയേണ്ടത്. ആദ്യത്തെത് നടപ്പിലാക്കാനാണ് അദ്ദേഹം തീരുമാനിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിന് ആദ്യം മറികടക്കേണ്ടിവരിക മന്‍മോഹന്‍സിംങിന്റെയും ചിദംബരത്തിന്റെയും അലുവാലിയയുടെതുമടക്കമുള്ള സാമ്പത്തിക നിലപാടുകളാണ്. അതിന് കോണ്‍ഗ്രസ് തയ്യാറായാലേ അടിസ്ഥാന വരുമാനം ഉറപ്പാക്കല്‍ പദ്ധതി, രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചതുപോലെ ദാരിദ്രത്തിനെതിരായ അവസാനത്തെ യുദ്ധമായി മാറുകയുള്ളൂ. ©

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍