UPDATES

ഡോ. എ കെ ജയശ്രീ

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ഡോ. എ കെ ജയശ്രീ

വിവാഹം, വ്യഭിചാരം, തുല്യത; പക്വമാകുന്ന ജനാധിപത്യം-ഡോ. എ കെ ജയശ്രീ സംസാരിക്കുന്നു

മനുസ്മൃതിയുടേയും ബ്രാഹ്മണ്യത്തിന്റെയും കീഴ്‌വഴക്കങ്ങളാണ് നിലനിന്നിരുന്ന നിയമം; അത്തരം കീഴ്‌വഴക്കങ്ങളെ ചോദ്യം ചെയ്യാന്‍ ആളുകള്‍ മുന്നോട്ടുവരുന്നുണ്ട്

ജനാധിപത്യം കൂടുതല്‍ പക്വത ആര്‍ജ്ജിക്കുന്നതിന്റെ ഒരു ലക്ഷണമായിട്ടാണ് സുപ്രീംകോടതി വിധിയെ കാണുന്നത്. ഭരണഘടനയില്‍ തുല്യതയും വ്യക്തികളുടെ അവകാശങ്ങളും ഒരു വിവേചനവും ഇല്ലാതെ എല്ലാവര്‍ക്കും ലഭ്യമാണെന്ന് പറയുമ്പോള്‍ തന്നെ സ്ത്രീകളും മറ്റ് പല വിഭാഗങ്ങളും പ്രായോഗികമായി അതിനകത്ത് വരാതിരിക്കുന്നതാണ് യാഥാര്‍ഥ്യം. അത് പണ്ട് മുതലേ നിലനില്‍ക്കുന്ന ചിന്താഗതികള്‍ കൊണ്ടും പരമ്പരാഗത മൂല്യ സങ്കല്‍പ്പങ്ങള്‍ കൊണ്ടുമൊക്കെ അങ്ങനെ ആയതാണ്. അതിനെ തിരിച്ചറിയുന്നു എന്നുള്ളത് സ്വാഗതാര്‍ഹമാണ്.

ജഡ്ജ്‌മെന്റില്‍ അവര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെയധികം ആവേശകരമായി തോന്നി. നിലനിന്നിരുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നുണ്ട്. അത് സ്ത്രീകളുടെ തുല്യതക്ക് എതിരാണെന്ന് പറയുന്നുണ്ട്. ഭര്‍ത്താക്കന്‍മാര്‍ സ്ത്രീകളുടെ യജമാനന്മാരല്ല എന്നാണ് എടുത്ത് പറഞ്ഞ ഒരു കാര്യം. സ്ത്രീകള്‍ എങ്ങനെ ചിന്തിക്കണമെന്നും പെരുമാറണമെന്നുമുള്ളത് പുരുഷന്‍മാരെയോ സമൂഹത്തേയോ അനുസരിച്ചല്ല. ഇതൊക്കെ സുപ്രീംകോടതി പറയുന്നു എന്ന് പറയുമ്പോള്‍ അത് വലിയകാര്യമാണ്. എങ്ങനെ ആ നിയമം ഭരണഘടനാ വിരുദ്ധമായിരിക്കുന്നു എന്നുള്ളത് വളരെ വ്യക്തമായാണ് കോടതി പറഞ്ഞിരിക്കുന്നത്.

സ്ത്രീകള്‍ സ്വതന്ത്രവ്യക്തികളാണ് അല്ലെങ്കില്‍ പൗരകളാണ് എന്ന് അംഗീകരിക്കുന്നതിന്റെ ലക്ഷണമാണിത്. വിവാഹം എന്ന് പറയുന്നത് പല കാരണങ്ങള്‍ കൊണ്ടും നിലനില്‍ക്കുന്ന ഒരു സ്ഥാപനമാണ്. വിവാഹം എന്ന് പറയുന്നത് തന്നെ തുടരണമോ വേണ്ടയോ എന്ന് ആലോചിക്കേണ്ട കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയില്‍ വിവാഹം നിലനില്‍ക്കുന്നത് സാമ്പത്തികവും ഒക്കെയായിട്ടുള്ള ഒരുപാട് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ? മാര്യേജ് ഈസ് എ ലൈവ്‌ലിഹുഡ് ഓപ്ഷന്‍ എന്നാണ് ഞാനെപ്പോഴും പറയാറ്. സ്ത്രീകള്‍ക്കെല്ലാവര്‍ക്കും ജോലി കിട്ടാത്തിടത്തോളം കാലം അത് ഉപജീവനമാര്‍ഗമായി നില്‍ക്കുന്ന ഒന്നാണ്. ഒരു സ്റ്റാറ്റസിന് വേണ്ടി ഭര്‍ത്താവിനെ പണം കൊടുത്ത് വാങ്ങിവക്കുകയാണ് പലപ്പോഴും. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി, നോക്കുന്നില്ല തുടങ്ങി ഒന്നിച്ച് ജീവിക്കാത്ത സാഹചര്യത്തില്‍ പോലും മകളുടെ കല്യാണം വരുമ്പോള്‍ എവിടെയെങ്കിലും പോയി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരാന്‍ പറയുന്നവരാണ് പലരും. അത്തരത്തില്‍ മിഥ്യാ അഭിമാന ബോധം വളര്‍ന്നിരിക്കുകയാണ്.

രണ്ടുപേര്‍ ഒരുമിച്ച് ചേര്‍ന്ന് ജീവിക്കുന്നത് നല്ലകാര്യമാണെങ്കില്‍, രണ്ട് പേര്‍ക്കും സന്തോഷമുള്ള കാര്യമാണെങ്കില്‍ അവര്‍ ഒന്നിച്ച് താമസിക്കും. അല്ലാതെ അത് അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ല. അത്തരം ധാര്‍മ്മികത മനുഷ്യര്‍ ഉള്‍ക്കൊള്ളുന്നുണ്ട്. നമ്മുടെ ഭരണഘടന തീര്‍ച്ചയായും തുല്യതയില്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ഭൂരിഭാഗം സ്ത്രീകള്‍ക്കും സ്വന്തമായി വരുമാനം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. അതിനനുസരിച്ചുള്ള മൂല്യങ്ങള്‍ നിലനില്‍ക്കുന്നു. പിന്നീടത് സ്വതന്ത്രമായി പുനരുല്‍പ്പാദിപ്പിച്ചുകൊണ്ടുമിരിക്കുന്നു. ആ ഒരു കാഴ്ചപ്പാടിനും മാറ്റം വരണം, ഭൗതിക സാഹചര്യത്തിനും മാറ്റം വരണം.

സ്ത്രീകള്‍ പൗരകളായിട്ട് സ്വയം തിരിച്ചറിയപ്പെടുകയും ചെയ്യുന്നുണ്ട്. ക്രിമിനല്‍ നിയമ ഭേദഗതി ഇതുമായി ബന്ധപ്പെട്ട് എടുത്തുപറയേണ്ട ഒന്നാണ്. സ്ത്രീകള്‍ക്ക് അവരവരെക്കുറിച്ചുള്ള ധാരണകള്‍ വരുമ്പോഴേ ഇത്തരം കാര്യങ്ങളില്‍ എത്തുന്നുള്ളൂ. സ്ത്രീകള്‍ അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്യത്തെക്കുറിച്ചും ബോധവതികളാവുകയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പുരുഷനും സ്ത്രീയും എല്ലാം ആ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരികയുമൊക്കെ ചെയ്യുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. 377ഉും ഈ അടുത്ത ദിവസമാണ് മാറ്റിയത്. അതുവരെ അതൊരു പാപമാണ്, അല്ലെങ്കില്‍ മെഡിക്കല്‍ പ്രോബ്ലം ആണ് എന്ന് പറഞ്ഞിരുന്നത് മാറി സ്വവര്‍ഗലൈംഗിക വ്യക്തികളേയും പൗരരാണെന്ന് അംഗീകരിച്ചു. ഇതെല്ലാം ഒന്നിച്ച് വരുന്നുണ്ട്. അതുകൊണ്ട് തന്നെ ജനാധിപത്യത്തിന്റെ വജയമായിട്ട് തന്നെയാണ് സുപ്രീകോടതി വിധിയെ കാണാന്‍ പറ്റുന്നത്.

ധാര്‍മ്മികതയുടെ പ്രശ്‌നം ചിലര്‍ ഉന്നയിക്കുന്നത് അത് മൂല്യങ്ങളുടെ വ്യത്യാസം കൊണ്ടാണ്. അടിമത്വം ഒരു മൂല്യമാണോ എന്ന് ചോദിച്ചാല്‍ പണ്ട് കാലത്ത് അടിമത്വം മൂല്യമായിരുന്നിരിക്കും. അങ്ങനെ പറയുന്നവര്‍ ഇപ്പോഴും അവിടെ നില്‍ക്കുന്നു എന്ന് മാത്രമേ പറയാന്‍ പറ്റൂ. ഒരുതരത്തില്‍ സ്ത്രീകള്‍ പുരുഷന്‍മാരുടെ അടിമകളാണ് അല്ലെങ്കില്‍ വസ്തുവാണ് എന്ന് ബോധപൂര്‍വമല്ലാതെ, ആചാരങ്ങളുടെ ഭാഗമായി നിലനിന്നുപോകുന്ന കാര്യങ്ങളെ അങ്ങനെ തന്നെ പോട്ടെ എന്ന് സൗകര്യപൂര്‍വം ആളുകള്‍ കരുതുന്നുണ്ടാവും. അതില്‍ പ്രിവിലേജ് കിട്ടുന്നവര്‍ സ്വാഭാവികമായും പുരുഷന്‍മാരായിരിക്കും. പണ്ട് കാലത്ത് അടിമകളുണ്ടായിരുന്നു എന്നപോലെ ഇന്ന് അടിമകളാവാന്‍ താത്പര്യമുള്ളവര്‍ ഇന്നുണ്ടാവുമോ? അല്ലെങ്കില്‍ അത് മൂല്യങ്ങളായി ഉയര്‍ത്തിപ്പിടിക്കാന്‍ പറ്റുമോ? ധാര്‍മ്മികത എന്ന് പറയുന്നത് മനുഷ്യര്‍ പരസ്പരം ഉള്‍ക്കൊണ്ടും സന്തോഷിച്ചും കഴിയുവാനുള്ള പുതിയ മൂല്യങ്ങളാണ്. ഒരു വ്യക്തിയുടെ, ശരീരത്തിന്റെ ഫങ്ഷന്‍ എന്ന നിലക്ക് ധര്‍മ്മത്തെ നമുക്ക് പുന:നിര്‍വ്വചിക്കാനാവും. അത് ഓരോ ശരീരത്തിന്റെയും, അവകാശത്തിന്റെയും അടിസ്ഥാനത്തില്‍ തന്നെയാണ് ധാര്‍മ്മികത ഉണ്ടാവേണ്ടത്. അല്ലാതെ വേറാരും അടിച്ചേല്‍പ്പിക്കേണ്ടതല്ല. വ്യക്തിയും സമൂഹവും തമ്മില്‍ അങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതു കോടതിവിധിയില്‍ പറയുന്നുണ്ട്. ഞാനും നീയും തുല്യരാണെന്നാണ് പറയുന്നത്. അത് വല്യ ഒരു മൂല്യമാണ്. അതിനേക്കാള്‍ വലിയ ഒരു മൂല്യവും ധാര്‍മ്മികതയും എന്താണുള്ളത്? ജാതിയുടേയോ മതത്തിന്റെയോ വര്‍ണത്തിന്റെയോ ലിംഗത്തിന്റെയോ പേരിലൊന്നും വിവേചനം പാടില്ല എന്ന് പറയുന്നതിനപ്പുറത്തേക്ക് ധാര്‍മ്മികതയും മൂല്യവും ഉണ്ടെന്ന് നമുക്ക് പറയാനാവില്ല. അതിനെ പ്രായോഗികമാക്കാനാണ് ഇത്തരം നിയമങ്ങള്‍ സഹായിക്കുക. നിയമം കൊണ്ട് മാത്രം കാര്യമില്ല.

മനുസ്മൃതിയുടേയും ബ്രാഹ്മണ്യത്തിന്റെയും കീഴ്‌വഴക്കങ്ങളാണ് നിലനിന്നിരുന്ന നിയമം. എന്നാല്‍ അത്തരം കീഴ്‌വഴക്കങ്ങളെ ചോദ്യം ചെയ്യാന്‍ ആളുകള്‍ മുന്നോട്ടുവരുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് കന്യാസ്ത്രീകള്‍ നടത്തിയ സമരം ഉള്‍പ്പെടെ. പഴയ മൂല്യങ്ങള്‍ നോക്കുകയാണെങ്കിലും സത്യം, സ്‌നേഹം, കരുണ എന്നൊക്കെ പറയുന്ന മൂല്യങ്ങള്‍ക്കൊന്നും നമ്മള്‍ എതിരല്ല. അത്തരം മൂല്യങ്ങള്‍ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ പോലും ഈ കീഴ്‌വഴക്കങ്ങളൊന്നും അതുമായി യോജിച്ച് പോവുന്നതല്ല. എന്തിന്റെയെങ്കിലും പേരില്‍ ഒരാളെ അടിമയാക്കി വക്കേണ്ടതോ നമ്മുടെ താത്പര്യങ്ങള്‍ വേറൊരാളില്‍ അടിച്ചേല്‍പ്പിക്കുന്നതോ ശരിയല്ല. പാതിവ്രത്യവും ചാരിത്ര്യവും സൂക്ഷിക്കുന്നതിലാണ് നമ്മുടെ അഭിമാനം എന്നു സ്ത്രീകള്‍ വിചാരിച്ചിരിക്കുന്നതുകൊണ്ടാണ്, മാനം, അഭിമാനം എന്നിവയെക്കുറിച്ച് ആലോചിച്ച് നില്‍ക്കുന്നതുകൊണ്ടാണ് സ്ത്രീകള്‍ തുറന്നുപറയാതിരിക്കുന്നത്. വിവാഹേതര ബന്ധങ്ങളില്‍ ബ്ലാക്ക് മെയിലിങ് ഉള്‍പ്പെടെ നടക്കുന്നത് പുറത്തുപറയാന്‍ സ്ത്രീകള്‍ തയ്യാറാവാത്തതുകൊണ്ടാണ്. നമുക്ക് നമ്മുടെ ശരീരത്തിന്റെ മുകളില്‍ അവകാശമുണ്ടെന്നും എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഞാന്‍ ആരുമായി ബന്ധം വെക്കണമെന്ന് തീരുമാനിക്കുമെന്നും പറയാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ക്കുണ്ടെങ്കില്‍ അതാണ് മാനവും അഭിമാനവും. അല്ലാതെ ചാരിത്ര്യം സൂക്ഷിക്കുന്നത് ആര്‍ക്കോ വേണ്ടി ചെയ്യുന്ന കാര്യമാണ്. ആ ഒരു ബോധം ഉണ്ടായിക്കഴിഞ്ഞാല്‍ തന്നെ മാറ്റങ്ങള്‍ വരും.

സ്ത്രീകള്‍ വലിയ തോതില്‍ മുന്നോട്ട് വരുന്നുണ്ട്. ലൈംഗികാതിക്രമ കേസുകളില്‍ പുരുഷന്‍മാര്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്ന നിയമങ്ങളാണ് ഇപ്പോഴുള്ളത്. എങ്കില്‍ പോലും അവര്‍ വള്‍ണറിബിള്‍ ആണെന്ന് ഇപ്പോഴും ആണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നില്ല. സ്ത്രീകളുടെ മാനം പോയി എന്ന രീതിയിലാണ് വീണ്ടും ചര്‍ച്ച നടക്കുന്നത്. അത് മാറണമെങ്കില്‍ സ്ത്രീകള്‍ മുന്നോട്ട് വന്ന് പറഞ്ഞാലേ അതില്‍ മാറ്റമുണ്ടാവൂ. ഹോട്ടലില്‍ റെയ്ഡ് നടക്കുമ്പോഴുമെല്ലാം ഇത് എന്റെ അവകാശമാണ്, എന്റെ ശരീരമാണെന്ന് സ്ത്രീകള്‍ മുന്നോട്ട് വന്നുപറയണം. വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കോടതി വിധി എന്ന് പറയുന്നുണ്ടെങ്കില്‍ അവിടെ എന്താണ് വ്യഭിചാരവും എന്ന് നിര്‍വ്വചിക്കേണ്ടി വരും. ഒരാളെ വില്‍ക്കുകയാണെങ്കില്‍ അതിന് വ്യഭിചാരം എന്ന് പറയാം. അങ്ങനെ നോക്കിയാല്‍ വിവാഹവും വ്യഭിചാരമാണെന്ന് പറയേണ്ടി വരും. നമ്മള്‍ കച്ചവടം നടത്തുകയല്ലേ? അതാണ് വ്യഭിചാരം. രണ്ട് പേര്‍, അവരുടെ ചോയ്‌സ് എ്ന്താണെന്നൊക്കെയുള്ള പ്രശ്‌നം അവിടെ വരുന്നുണ്ട്. തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ളവരാണോ എന്നത് പ്രധാനമാണ്. തീരുമാനമെടുക്കാന്‍ പ്രാപ്തിയില്ലാത്ത ചെറിയ കുട്ടികളെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ ഒക്കെ ലൈംഗികാതിക്രമം നടത്തിയാല്‍ അതൊക്കെ വ്യഭിചാരമാണ്. ഒന്ന്, വ്യഭിചാരത്തെ കൃത്യമായി നിര്‍വ്വചിക്കുക എന്നതാണ്. രണ്ട്, പൂര്‍ണ സ്വതന്ത്രരായ വ്യക്തികള്‍ അവരുടെ സ്വബോധത്തോടുകൂടി അവരിഷ്ടപ്പെട്ട ആളുകളുമായി ബന്ധപ്പെടുന്നത് വ്യഭിചാരമല്ല. ഇതിപ്പോള്‍ അങ്ങനെയല്ല, വിവാഹത്തിന് പുറത്തുള്ളതും വിവാഹത്തിന് മുമ്പുള്ളതും എല്ലാം വ്യഭിചാരമായാണ് കാണുന്നത്. ആ നിര്‍വ്വചനത്തെ പാടേ മാറ്റണം.

(അഴിമുഖം ബ്യൂറോ ചീഫ് കെ ആര്‍ ധന്യ ഡോ. എ കെ ജയശ്രിയുമായി സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അവളും കണ്ടോട്ടെ എല്ലാ ലോകവും..അറിഞ്ഞോട്ടെ എല്ലാ നിറങ്ങളും-ഷംന കൊളക്കോടൻ എഴുതുന്നു

സ്ത്രീകളേ, കിടക്കയില്‍ എന്തിനീ ശവാസനം?

ക്ഷമിക്കണം സര്‍, സദാചാരം തുരുമ്പെടുത്ത ഒരു കത്തിയല്ല, പിരിഞ്ഞ പാലാണ്

ഡോ. എ കെ ജയശ്രീ

ഡോ. എ കെ ജയശ്രീ

സ്ത്രീപക്ഷ ആരോഗ്യ പ്രവര്‍ത്തക. പരിയാരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി പ്രവര്‍ത്തിച്ചു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍