UPDATES

ദ്വിതീയ പാതിരാമണ്ണ

കാഴ്ചപ്പാട്

വേരുകള്‍

ദ്വിതീയ പാതിരാമണ്ണ

ട്രെന്‍ഡിങ്ങ്

ആ ഫുട്ബോളിനുള്ളില്‍ ഊതിനിറച്ച ശ്വാസത്തിന് വിഷാദരോഗത്തിന്റെ കനമുണ്ട്

തന്റേതായ ഒന്നിനോടും അടുപ്പം തോന്നാതെ, ഒരു കുമിളക്കുള്ളിലെ ശൂന്യതയിൽ ലയിച്ച് ഉറക്കമില്ലാതെ നടക്കുന്ന ജന്മങ്ങളെ കണ്ടില്ലെന്നു നടിക്കരുത്.

ചില കാഴ്ചകൾ മനസ്സിൽ കേറിയിറങ്ങി പോവുന്നത് അറിയുക കൂടിയില്ല. എന്നാൽ മറ്റു ചിലത് അകത്തു കയറി കൂടിയിരുന്നാൽ പറിച്ചു നീക്കാൻ കൂടിയുള്ള ശേഷിയില്ലാതെ ചിന്തകളെ തളർത്തും, അത്തരത്തിൽ ഒരു വിട്ടുമാറാത്ത വിങ്ങൽ ആയി മാറിയത് വി.പി സത്യൻ എന്ന കായികതാരത്തിന്റെ ജീവിത കഥ പറഞ്ഞ ചലച്ചിത്രമാണ്. ചിത്രത്തിന്റെ അവസാന പകുതിയിൽ വച്ച് കഥാപാത്രം വഴിമാറിയപ്പോൾ വി.പി സത്യൻ എന്ന മനുഷ്യന്റെ ഉള്ളിലെ ആ ഏകാന്തത വല്ലാത്തൊരു മുഴക്കമായി ഉള്ളിലേക്ക് കേറുകയായിരുന്നു.

മാനസികാരോഗ്യ മേഖലയിൽ പഠനമാരംഭിച്ച കാലത്ത് അരക്കിട്ടുറപ്പിച്ച മാനദണ്ഡങ്ങൾ വച്ച് അസുഖം ഏതെന്നു തിരിച്ചറിയാൻ കഴിയുന്ന സാമർഥ്യത്തിനു വേണ്ടി മത്സരിച്ചോടിയിട്ടുണ്ട്. ഉറക്കകുറവുണ്ടോ? നിരാശ? ജീവിതത്തിൽ അർത്ഥല്ലായ്മ? ആത്മഹത്യാ പ്രവണത? മനസ്സിലുള്ള ഉത്തരത്തിലെത്തിക്കാൻ മുന്നിലുള്ളവരുടെ ചിന്തകളെ ഓടിച്ചിട്ട് പിടിക്കും. ഒടുക്കം വിജയശ്രീലാളിതയായി കണ്ടുപിടുത്തങ്ങൾ ഉദ്ഘോഷിക്കും. പതുക്കെ പതുക്കെ അതിലുള്ള ആവേശം കുറഞ്ഞു വന്നു. രോഗങ്ങൾക്ക് മുഖവും ശബ്ദവും വന്നു തുടങ്ങി.

ജനിച്ചു വളരെ കുറച്ചു ദിവസങ്ങൾ ആയ പെണ്‍കുഞ്ഞിനെയും കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിലെ ജീർണ്ണിച്ച കട്ടിലിൽ ഒരു അമ്മൂമ്മ. കുഞ്ഞിന്റെ അമ്മ ദൂരേക്ക് കണ്ണും നട്ട് ഇരിക്കയല്ലാതെ കുഞ്ഞിന് പാലൂട്ടാനും കൂടി കൂട്ടാക്കിയില്ല… പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്തെന്ന് അന്ന് എഴുതിയിട്ടത് നോട്ട് പാഡിലല്ല… ആ കുഞ്ഞിന്റെ കരച്ചിലും ചേർന്നൊരു ചെറിയ പോറലായി മനസ്സിലാണ്.

സ്നേഹിച്ച പെൺകുട്ടി വഞ്ചിച്ചതിന്റെ പേരിൽ ആത്മഹത്യക്കു ശ്രമിച്ച ഇരുപത് വയസ്സുകാരന്റെ കേസ് ഹിസ്റ്ററി എടുത്ത് പഠിക്കാൻ പോയപ്പോൾ അവന്റെ കണ്ണിൽ കണ്ടത് വല്ലാത്തൊരു വെളിച്ചമില്ലായ്മയാണ്.

ദിവസങ്ങളോളം ഉറങ്ങാതെ നടന്ന കൂട്ടുകാരൻ പഠിത്തം നിർത്തി പോയതും ഏതാണ്ട് അതേ കാലത്തായിരുന്നു….

പിന്നീട് ആശുപത്രി ചുമർ നേർത്തു നേർത്തു വന്നു.

വീടിനടുത്ത്, ഹോസ്റ്റലിൽ, ക്ലാസ്സിൽ… അങ്ങനെയങ്ങനെ ഡിപ്രഷൻ എന്ന വാക്ക് സുപരിചിതമായി തുടങ്ങി. ജീവിതത്തിലെ ദുരനുഭവങ്ങളിൽ നിന്ന് ഉടലെടുക്കുന്നതും അല്ലാത്തതുമായ വിഷാദ രോഗമുണ്ട്. സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞു തുടങ്ങുന്നു എന്ന് തോന്നുമ്പോൾ തന്നെ സ്വയം തിരിച്ചറിഞ്ഞു വന്നവർ കേവലം ആഴ്ചകളുടെ ചികിത്സകൊണ്ട് രക്ഷപ്പെടാറുണ്ട്. അവർക്കൊക്കെയും, ഇത് തനിയെ മാറിക്കോളും എന്ന് പറയുന്ന മാതാപിതാക്കളോ പങ്കാളിയോ അല്ലായിരുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ചെറിയ തോതിലുള്ള മാനസിക സംഘർഷങ്ങൾക്ക് വരെ എളുപ്പത്തിൽ സാധാരണക്കാരായ മനുഷ്യർ പറഞ്ഞു തുടങ്ങി, “ഓൻ ഡിപ്രഷൻ അടിച്ച നടക്കാ”ന്ന്. പലപ്പോഴും ഈ ഒരു പ്രവണത, സഹായം വേണ്ടവർ തിരിച്ചറിയാതെ പോകുന്നതിലും അവസ്‌ഥയെ നിസ്സാരവത്ക്കരിക്കുന്നതിലും വലിയൊരു പങ്കു വഹിക്കാറുണ്ട്. ചിലരെങ്കിലും സുഹൃത്തുക്കളാൽ ചികിത്സക്ക് പ്രേരിതമാണെന്നതും കാലത്തിന്റെയും സാമൂഹ്യാവബോധത്തിന്റെയും ആശാവഹമായ മാറ്റങ്ങൾ തന്നെയാണ്.

പലപ്പോഴും പരാജയങ്ങളെ നേരിടാനുള്ള ഇന്നത്തെ തലമുറയുടെ കഴിവുകേടിനെ പ്രാകുമ്പോഴും ഇതൊന്നുമല്ലാതെ ചില രോഗാവസ്‌ഥകൾ കാരണം വിഷാദത്തിലേക്കു തള്ളിയിടപ്പെടുന്ന ജീവിതങ്ങളുമുണ്ട്. മേല്പറഞ്ഞ ചലച്ചിത്രത്തിന് ആധാരമായ വി.പി സത്യൻ എന്ന മനുഷ്യനും ജീവിതത്തിലെ പ്രതിസന്ധികളെയും കളിക്കളത്തിലെ പോരാട്ടത്തെയും മുപ്പതുകൾ വരെ ധീരമായി നേരിടുക തന്നെയാണ് ചെയ്തത്. അപ്രതീക്ഷിതമായി അയാളെ വേട്ടയാടിയ അസുഖാവസ്‌ഥകൾ ഏകാന്തതയിലേക്കും വിഷാദരോഗത്തിലേക്കും തള്ളിയിടുകയായിരുന്നു.

ആ ലോകകപ്പാണ് സത്യനെ ഇല്ലാതാക്കിയത്- അനിത മനസ് തുറക്കുന്നു

രോഗിയേക്കാളും സംഘർഷം അനുഭവിക്കുന്നത് മിക്കപ്പോഴും അവരുടെ കൂടെ ജീവിക്കുന്നവരാണ്. ആഗ്രഹമില്ലെങ്കിലും അവരും ആ മൂകതയുടെ ഭാഗമാവുകയാണല്ലോ. അതുകൊണ്ടു തന്നെ ആ ചിത്രത്തിൽ കഥയും കഥാപാത്രവും അല്ല … വിഷാദരോഗം എന്ന അവസ്‌ഥയാണ്‌ തെറിച്ചു നിൽക്കുന്നതായി തോന്നിയത്. ഒടുക്കം ഒരു ഫുട്ബോളിനുള്ളിൽ തന്റെ ശ്വാസവും ആശയും ഊതി നിറയ്ക്കുന്ന ആ രംഗത്തിൽ മനസ്സിടറാതെ അത് കണ്ടിരിക്കാൻ കഴിയുന്ന ഒരാളും ഉണ്ടാവുമെന്ന് തോന്നുന്നില്ല.

ഈ രോഗാവസ്‌ഥയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് സ്വയം കരകയറാനോ മറ്റൊരുവനെ കൈ പിടിച്ചു കയറ്റാനോ സഹായകമാകാം. രണ്ടാഴ്ചയൊ അതിൽ കൂടുതലോ നിരന്തരം തങ്ങി നിൽക്കുന്ന സങ്കടത്തിന്റെ മൂടൽ, ഉന്മേഷമില്ലായ്മ, ദൈനംദിന കാര്യങ്ങളിൽ എല്ലാറ്റിലും ഒരു മന്ദത… തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്. പൊതുവെ സന്തോഷം തരുന്ന അനുഭവങ്ങളിലൊക്കെ നിസ്സംഗതയും നിരാശയും പ്രകടമായി കണ്ടേക്കാം; അകാരണമായ വിഷാദവും. സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞ് ഉറക്കം നഷ്ടപ്പെട്ട് ഉഴലുമ്പോൾ ഓർക്കുക… രക്ഷപ്പെടാനുള്ള വാതിൽ തള്ളിത്തുറക്കാൻ ഒരു വിദഗ്ധോപദേശം തേടേണ്ടത് അനിവാര്യമാണ്.

തന്റേതായ ഒന്നിനോടും അടുപ്പം തോന്നാതെ, ഒരു കുമിളക്കുള്ളിലെ ശൂന്യതയിൽ ലയിച്ച് ഉറക്കമില്ലാതെ നടക്കുന്ന ജന്മങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. അവശ്യ സമയത്തെ ഇടപെടലും ചികിത്സയും ഒരു പ്രതീക്ഷയുടെ സൂര്യോദയം തന്നെ അവർക്കു സമ്മാനിക്കാനാകും. പരസ്പരം കരുത്താകാൻ ഈ അവസ്‌ഥയെ കുറിച്ച് ബോധവാന്മാരാകാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡിപ്രഷന്‍ മടിയോ വേഷം കേട്ടലോ അല്ല, അതൊരസുഖമാണ്; എങ്ങനെ ചികിത്സിക്കാം

ഞാന്‍ സത്യേട്ടനെ വീണ്ടും കാണാന്‍ പോവുകയാണ്, അതിന്റെ ആകാംക്ഷയാണ്; അനിത സത്യന്‍/അഭിമുഖം

ഇത് തോറ്റുപോയ ഒരാളുടെ കഥയാണ്; വിജയിച്ച ‘ക്യാപ്റ്റ’ന്റെ സംവിധായകന്‍ പ്രജേഷ് സെന്‍/അഭിമുഖം

അനിത ചേച്ചി തന്ന ധൈര്യമാണ് ആ കഥാപാത്രമാകാന്‍ എനിക്ക് കരുത്തായത്; അനു സിത്താര/ അഭിമുഖം

രണ്ടു ഗോളുകള്‍ക്കിടയിലെ ക്യാപ്റ്റന്റെ ജീവിതം

ദ്വിതീയ പാതിരാമണ്ണ

ദ്വിതീയ പാതിരാമണ്ണ

മനഃശാസ്ത്ര വിദഗ്ദ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍