UPDATES

ഡോ. പ്രസാദ് പന്ന്യന്‍

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ഡോ. പ്രസാദ് പന്ന്യന്‍

ട്രെന്‍ഡിങ്ങ്

അവഹേളനത്തിന്റെ ഘടനകൾ

ജാതിയുടെ സങ്കീര്‍ണ്ണതയെ മുഖാമുഖം നേരിട്ടു മാത്രമേ ലിംഗനീതിയെയും ജനാധിപത്യത്തെയും കുറിച്ച് നമുക്ക് സംസാരിക്കാൻ കഴിയുകയുള്ളൂ

സുപ്രീംകോടതി വിധിയനുസരിച്ച് ഭരണഘടനാ തത്വങ്ങളിലും നിയമസംവിധാനങ്ങളിലും വിശ്വസിച്ച് ശബരിമല ദർശനത്തിനായി എത്തുന്ന യുവതികൾക്ക് തുടർച്ചയായി കടുത്ത അവഹേളനമാണ് (humiliation) ഏൽക്കേണ്ടിവരുന്നത്. ഭരണകൂട സംവിധാനങ്ങളടക്കം നോക്കിനിൽക്കേ യുവതികളെ ശബരിമലയിൽ നിന്നും ജാതിഹിന്ദുപുരുഷകേസരികൾ അടിച്ചോടിക്കുമ്പോൾ, തെറിവിളിച്ച്‌ ആട്ടിപ്പായിക്കുമ്പോൾ, അവഹേളനം, ആത്മാഭിമാനം, മനുഷ്യാന്തസ്സ്‌ (human dignity) എന്നിവ വിശകലന സംവർഗങ്ങളെന്ന നിലയിൽ എന്തുമാത്രം പ്രധാനമാണ് എന്ന് നമ്മൾ ഗൗരവപൂർവം ആലോചിക്കേണ്ടിയിരിക്കുന്നു.

ആത്മാഭിമാനത്തിനേറ്റ ക്ഷതവും വ്യക്തിപരമായി നേരിടേണ്ടി വന്ന അവഹേളനങ്ങളുമാണ് സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും തുടക്കത്തിൽ ചിന്തിച്ചു തുടങ്ങുന്നതിന് അഭിജാത ഇന്ത്യക്കാരെ പ്രേരിപ്പിച്ചതത്രേ. രാംനാരായണ്‍ രാവത്തും കെ സത്യനാരായണയും എഡിറ്റ് ചെയ്ത Dalit Studies ന്റെ ആമുഖത്തിൽ മാതാ പ്രസാദിന്റെ ആത്മകഥയെ (Jhompri se Rajbhavan) സൂചിപ്പിച്ചുകൊണ്ട് ഇന്ത്യൻ അഭിജാതവർഗം ബ്രിടീഷുകാരിൽനിന്നും നേരിടേണ്ടി വന്ന അവഹേളനങ്ങളെക്കുറിച്ചും, ജാതിഹിന്ദുക്കളിൽ നിന്നും ദളിതർക്കുനേരിടേണ്ടി വന്ന അപമാനങ്ങളെക്കുറിച്ചും ഗൗരവമായ താരതമ്യങ്ങൾ നടത്തുന്നുണ്ട്. ഫസ്റ്റ് ക്ലാസ് ടിക്കറ്റുണ്ടായാലും തേർഡ് ക്ലാസ്സിൽ യാത്ര ചെയ്യേണ്ടിവരിക, നിരന്തരം ഇന്ത്യൻ നായകൾ എന്ന തരത്തിലുള്ള തെറിവാക്കുകൾ കേൾക്കേണ്ടിവരിക, വെള്ളക്കാർ കഴിക്കുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാൻ കഴിയാതെ വരിക തുടങ്ങിയ കടുത്ത അവഹേളനങ്ങൾ അഭിജാത ഇന്ത്യക്കാർക്കും ജാതിഹിന്ദുക്കൾക്കും വെള്ളക്കാരുടെയടുത്തു നിന്നും സഹിക്കേണ്ടി വന്നിട്ടുണ്ട്. ഗാന്ധിയെ തീവണ്ടിയിലെ ഫസ്റ്റ്ക്ലാസ് കമ്പാർട്മെന്റിൽ നിന്നും വെള്ളക്കാർ ചവിട്ടിത്താഴെയിട്ടതും ഇവിടെ ഓർക്കാവുന്നതാണ്. ദൈനംദിനമുള്ള ഇത്തരം കടുത്ത അപമാനങ്ങൾ വെള്ളക്കാരുടെ അടുത്തുനിന്നും അനുഭവിച്ചപ്പോഴും താണജാതിയിലുള്ളവർ ഇന്ത്യയിൽ അനുഭവിച്ച അപമാനത്തെക്കുറിച്ചോ അവഹേളനങ്ങളെകുറിച്ചോ ഈ അഭിജാതവർഗം ഓർത്തതേയില്ല.

മറ്റൊരുതരത്തിൽ, ഈ അഭിജാതർക്കു കൊളോണിയൽ ഭരണകാലത്ത് നേരിടേണ്ടിവന്ന ദൈനംദിന അപമാനങ്ങളുടെ ഉപോല്പന്നമായാണ് ഇന്ത്യൻ ദേശീയവാദം തുടക്കത്തിൽ ആവിര്‍ഭവിച്ചതെന്ന് പറയാം. ഈ അവസ്ഥയിലും ജാതിശ്രേണിയിൽ താഴെയുള്ളവർ രാജ്യത്തിനുള്ളിൽ അനുഭവിച്ച അപമാനങ്ങളും അവഹേളനങ്ങളും ഈ അഭിജാതവര്‍ഗ്ഗം ഗൗനിച്ചതേയില്ല എന്നത് വളരെ ഗൗരവമായി കാണേണ്ട ഒരു പ്രതിഭാസമാണ് (Rawat and Satyanarayana 2). അഭിജാത വർഗത്തിൽ അന്തർലീനമായിരിക്കുന്ന ധാർമിക പ്രാപ്തിയല്ല (moral capacity) മറിച്ച് ആത്മാഭിമാനത്തിനു മുറിവേൽക്കപ്പെട്ടപ്പോൾ അഭിജാതരുടെ ഫ്യുഡൽ ആത്മസംതൃപ്തിയ്‌ക്കേറ്റ വിള്ളലാണ് അവർ അവഹേളനത്തെക്കുറിച്ചും മനുഷ്യാന്തസ്സിനെക്കുറിച്ചും ചിന്തിക്കാൻ കാരണമായത് എന്ന് ഗോപാൽ ഗുരു നിരീക്ഷിക്കുന്നുണ്ട് (Humiliations 2)

“തെങ്ങ് കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം”: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ജന്മഭൂമി കാര്‍ട്ടൂണ്‍

ഇതിന്റെയൊരു തനിപ്പകർപ്പ് പലരൂപത്തിലും ഭാവത്തിലും സമകാലീന സന്ദര്‍ഭങ്ങളിലും ആവർത്തിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നു. ശ്രേണീകൃത അസമത്വം (graded inequality) എന്നത് എത്രമാത്രം സങ്കീർണമായ ഒന്നാണെന്ന് മനസ്സിലാക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പോലും ജാതിപ്പേരിനാൽ അവഹേളിക്കപ്പെട്ടതു കേരളചരിത്രത്തിലെ പ്രധാനനിമിഷമായി അടയാളപ്പെടുത്തപ്പെടേണ്ടതാണ്. അധികാരത്തിന്റെ ശ്രേണിയുടെ മുകൾത്തട്ടിൽ ഇരിക്കുമ്പോളും ഒരു മധ്യവർഗ കുലസ്ത്രീയ്ക്കു ‘ചോവൻ’ എന്ന് വിളിച്ചു അവഹേളിക്കാനുള്ള ‘നിഷ്കളങ്കാധികാരം’ പ്രദാനം ചെയ്തത് ഇവിടത്തെ ജാതിബ്രാഹ്മണ്യമാണ്‌. വ്യക്തിഗതതലത്തിൽ അദ്ദേഹം അനുഭവിച്ച ഈ അവഹേളനം ജാതിയുടെ സങ്കീർണമാനങ്ങളെ വിശകലനം ചെയ്യുന്നതിനു മുഖ്യധാരാ ഇടതുപക്ഷത്തെ പ്രേരിപ്പിക്കുമോ എന്ന് ചോദിക്കുന്നത് ഒരു പക്ഷെ മൂഢതയായിരിക്കും! എന്നിരുന്നാലും വൈയക്തികമായി നേരിട്ട അവഹേളനങ്ങളാണ് ആത്മാഭിമാനത്തെക്കുറിച്ച് ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നത് എന്ന് കാണാം. ജനാധിപത്യത്തിലെ സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകളേക്കാൾ പന്തളം ‘ശശിരാജാവി’ന്റെ വാക്കുകൾക്കു പുരോഹിതവർഗവും ജാതിബ്രാഹ്മണ്യവും മധ്യവർഗ ജാതിഹിന്ദുക്കളും അനുസരണയോടെ കാതോർക്കുന്നതും ഇവിടെ ഓർക്കാം. മുഖ്യധാരാ ഇടതുപക്ഷവും പലവഴിക്കും ജാതിബ്രാഹ്മണ്യത്തിൽ നിന്നും പുരോഹിതവർഗ്ഗത്തിൽ നിന്നും നിരന്തരമായി അവഹേളനം നേരിടുന്നുണ്ടെങ്കിലും ദളിതരെയും പട്ടികജാതിക്കാരെയും ജാതിഹിന്ദുക്കൾ അപമാനിക്കുന്നതും അവഹേളിക്കുന്നതും അവർ ഗൗരവമായി അഭിസംബോധന ചെയ്യുന്നേയില്ല എന്ന് പറയേണ്ടി വരും.

ജാതി അനാദിയായ കാലത്തെ പ്രതിഭാസമല്ല. അത് സമകാലിക ലോകത്ത് നമ്മൾ ദൈനംദിനം അനുഭവിച്ചുകൊണ്ടിരിക്കുന്ന സങ്കീർണ സമസ്യയാണ്. അതിന്റെ സങ്കീര്‍ണ്ണതയെ മുഖാമുഖം നേരിട്ടു മാത്രമേ ലിംഗനീതിയെയും ജനാധിപത്യത്തെയും കുറിച്ച് നമുക്ക് സംസാരിക്കാൻ കഴിയുകയുള്ളൂ. ജാതി എന്നത് തൊഴിൽ വിഭജനം മാത്രമല്ല തൊഴിലാളികളുടെ വിഭജനം കൂടിയാണ് എന്ന വലിയ സത്യം വിളിച്ചു പറഞ്ഞ അംബേദ്‌കറെ ഇവിടെ ഓർക്കാം. ‘അവഹേളന’ത്തെയും ‘ആത്മാഭിമാന’ത്തെയും ഗൗരവമായ സംവര്‍ഗ്ഗങ്ങളായി ഉപയോഗിച്ചുകൊണ്ടു (ശബരിമല യുവതീപ്രവേശന മടക്കം) വിശകലനം ചെയ്യാൻ നമ്മൾ തയ്യാറാവേണ്ടതുണ്ട്. അല്ലാത്തപക്ഷം ജാതിബ്രാഹ്മണ്യം പ്രദാനം ചെയ്യുന്ന ഫ്യുഡൽ അലംഭാവത്തിന്റെ (fuedal complacency) തണലിൽ അഭിരമിച്ച്‌ അവഹേളനത്തിന്റെ ഘടനകളെ (strutures of humiliation) താലോലിക്കുന്ന, പുനരുത്പാദിപ്പിക്കുന്ന ജനതയായി നമ്മൾ തുടർന്നുകൊണ്ടേയിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മനിതിയടക്കമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ പറ്റാത്തതിന്റെ പേരില്‍ വനിതാ മതില്‍ ബഹിഷ്കരിക്കുന്ന ഉപരിപ്ലവകാരികള്‍ അറിയാന്‍

ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രിയായാല്‍; ഈ ജാതിവെറിക്കാരെ എന്ത് ചെയ്യണം?

ഡോ. പ്രസാദ് പന്ന്യന്‍

ഡോ. പ്രസാദ് പന്ന്യന്‍

കേരള കേന്ദ്ര സർവകലാശാലയിൽ ഇംഗ്ലീഷ് & കംപാരട്ടീവ് ലിറ്ററേച്ചർ വിഭാഗത്തിൽ അധ്യാപകനാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍