UPDATES

സാജന്‍ ജോസ്

കാഴ്ചപ്പാട്

സാന്‍ഫ്രാന്‍സിസ്കോ ഡയറി

സാജന്‍ ജോസ്

ട്രെന്‍ഡിങ്ങ്

ഫ്രാങ്കോയിസ്റ്റുകളുടെ നാട്ടില്‍ ഒരിടവേള; അവരൊക്കെ ഇരയ്ക്കൊപ്പവും വേട്ടക്കാരന്റെ വിടുതലിനായി നില്‍ക്കുന്നവരുമാണ്

പൊതുജനമദ്ധ്യത്തിൽ നാളിതുവരെ ചർച്ചചെയ്യപ്പെടാത്ത സഭയ്‌ക്കുള്ളിലെ ഗൂഢാലോചനകളുടെ, നീതിനിക്ഷേധത്തിന്റെ, വെട്ടിനിരത്തലിന്റെ, ചെറുതും വലുതുമായ നിരവധിയായ വസ്തുതകൾ ക്രിസ്ത്യാനികൾക്ക് ഇനിയുമേറെ പറയാനുണ്ട്

മതാധികാരമെന്ന ഭീകരവ്യാളിയെ രണ്ടുതരത്തിലാണ് നോക്കിക്കാണേണ്ടത്. ഒന്നാമതായി, അളന്നുതിട്ടപ്പെടുത്തുവാൻ ഒരു ശക്തിക്കുമാവാത്ത പണാധിപത്യത്തിന്റെ കൈക്കരുത്തിൽ. രണ്ടാമതായി, ആത്മീയ അടിമത്വത്തിൽ അഭിരമിക്കുന്ന ഒരു ജനതയുടെ മേൽ സ്വർഗ്ഗത്തിൽ നിന്നും നേരിട്ടു ചാർത്തികൊടുക്കപ്പെട്ടതെന്ന സ്വയം പ്രഖ്യാപനത്തിലൂടെ പിടിച്ചെടുക്കപ്പെട്ട മതാധീശത്വം. വിശ്വാസസങ്കല്പങ്ങളെ പുരോഹിതാധിപത്യത്തിന്റെ നിഗൂഢതകളിലേറ്റി ആകാശത്തിലേക്കുയർത്തുമ്പോൾ ഒരു ജനത മുഴുവനും ഹല്ലേലൂയ്യ പാടി. മുണ്ടുമുറുക്കിയുടുത്ത് പള്ളിപണിതു. സഭയ്‌ക്ക്‌ സ്‌ഥലവും വസ്തുക്കളും ഇഷ്ടദാനം കൊടുത്തവനെ സമൂഹമധ്യേ പ്രശംസിച്ചുയർത്തി മലർത്തിയടിച്ചപ്പോൾ കൂടുതൽ പേർ ഇരകളാക്കപ്പെടാൻ മുന്നോട്ട് വന്നു. ആദ്യകാലങ്ങളിലൊക്കെ ജന്മിയും അടിയാളനും തോളോട് തോൾ ചേർന്നുനിന്ന് മണ്ണിനോടും മലമ്പനിയോടും മല്ലടിച്ചു, ഒന്നിച്ച് മുന്നേറി. മണ്ണിൽ പൊന്നുവിളഞ്ഞു. ‘കല്ല് ദേവിയായപ്പോൾ ആശാരിമാര് തീണ്ടാപ്പാടകലെ’. ചുരുക്കിപ്പറഞ്ഞാൽ, ആടുകൾക്കായി സ്വയമില്ലാതാവുമെന്ന് പരസ്യപ്രതിജ്ഞയെടുത്ത ബഹുപൂരിപക്ഷം ഇടയന്മാരും വളർച്ചയുടെ അടുത്ത പടവിലെത്തിയ ഇടയശ്രേഷ്ടന്മാരുമൊക്കെത്തന്നെ, തന്റെ പരസ്യജീവിതകാലത്ത് യേശുക്രിസ്തു നഖശിഖാന്തമെതിർത്തിരുന്ന ധാർഷ്ട്യത്തിന്റെയും അധികാരഹുങ്കിന്റെയും നേരടയാളമായ പൗരോഹിത്യമേലങ്കി ഒരവകാശമായി എടുത്തണിയുന്ന ദുരന്തമാണ് പിന്നിട് നമുക്ക് കാണാനായത്. സ്വേശ്ചാധികാരത്തിന്റെ നേരടയാളങ്ങളായ കിരീടത്തിന്റെയും അംശവടിയുടെയും പിൻബലത്തിൽ വിശ്വാസം പറഞ്ഞ് മനഃസാന്നിധ്യക്കുറവുള്ളവനെ ഭയപ്പെടുത്തി ഭരിക്കപ്പെടുന്നതിന്റെ നീളൻ പ്രതിരൂപങ്ങളായി. ലോകമെമ്പാടുമുള്ള ഏകാധിപതികളെല്ലാം തകർന്ന് മണ്ണടിഞ്ഞപ്പോഴും എല്ലാം നീതിപൂർവ്വം നടത്തിക്കൊടുക്കുന്ന ദൈവത്തിന്റെ സ്വന്തം പേരിൽ സാമന്തസാമ്രാജ്യങ്ങൾ അതിർത്തി കെട്ടിത്തിരിച്ച് ഇപ്പോഴുമിവർ ഭരണം നടത്തുന്നു. ഭൂരിപക്ഷ ലോകജനതയും ജനാധിപത്യത്തെ പുൽകിയെന്ന യാഥാർഥ്യം ഇനിയും നേരം വെളുക്കാത്ത മതാധികാരത്തിനുമാത്രം ഇപ്പോഴും ബോധ്യം വന്നിട്ടില്ല. പ്രത്യേകിച്ചും ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്നഭിമാനിക്കുന്ന കൊച്ചുകേരളത്തിൽ.

ഒരു ശരാശരി വിശ്വാസിയുടെ ജനനം മുതൽ സെമിത്തേരിവരെയുള്ള ജീവിതക്രമമത്രയും മതാന്ധവിശ്വാസത്തിന്റെ കാണാച്ചരടിൽ കോർത്തുകെട്ടിയിടപ്പെടുകയാണ് സാധാരണ സംഭവിക്കാറ്. തന്റെ ജീവിതക്രമങ്ങൾ ഒരു ചുറ്റുവട്ടത്തിലൊതുക്കാൻ നിർബന്ധിതനാക്കപ്പെടുന്ന ഓരോ വിശ്വാസിയും മെത്രാനും പട്ടക്കാരനുമൊക്കെക്കൂടിയ തിരുവായ്‌ക്കെതിർവായില്ലാത്ത ഒരു നാട്ടുസാമ്രാജ്യത്തിന്റെ ആജീവനാന്ത പള്ളിത്തടങ്കലിലാണ് ജിവിച്ചു മരിക്കുന്നത്. ഏതെങ്കിലും ഒരു സാഹചര്യത്തിൽ അതൃപ്തിയിലേക്ക് നയിക്കപ്പെടുന്ന ഒരു ചെറിയ ചോദ്യമെങ്കിലുമുണ്ടായാൽ എന്തിനും വിലക്കുവീഴാം. ഒരു വിശ്വാസി തന്റെ മക്കൾക്ക് യഥാസമയം കൊടുക്കണമെന്നാഗ്രഹിക്കുന്ന കൂദാശകൾവരെ നിക്ഷേധിക്കപ്പെടാം. മുഖ്യധാരയിലുള്ള പ്രവർത്തനങ്ങളിൽ നിന്നും അവനും കുടുംബവും എന്നന്നേക്കുമായി മാറ്റിനിർത്തപ്പെടാം. ഒടുക്കം മരണനേരത്ത് പോലും എല്ലാം കുറിച്ചുവയ്‌ക്കപ്പെട്ടതുപോലുള്ള പ്രതികാരബുദ്ധിയിൽ സഭാപ്രസ്‌ഥാനങ്ങളൊക്കെത്തന്നെ ഊണിലും ഉറക്കത്തിലും തങ്ങൾക്ക് ഓശാനപാടുന്നവരോടോപ്പം ചേർന്ന് ‘വഴിതെറ്റിയ’ കുഞ്ഞാടിന്റെ ‘ദുർനടപ്പിനുള്ള’ ശിക്ഷ നടപ്പാടാക്കിയെടുക്കുകയും ചെയ്യും. രണ്ടുണ്ട് കാരണങ്ങൾ. ഒന്നാമതായി, സമൂഹമധ്യത്തിൽ പ്രസ്‌ഥാനക്കാർക്ക് ജാള്യമുണ്ടാവാൻ കാരണഭൂതനായവനോടുള്ള തീർത്താൽ തീരാത്ത പക. രണ്ടാമതായി, ഈ ദുരിതപർവ്വങ്ങൾ ഏകാധിപത്യരാജ്യങ്ങളിലെ പരസ്യശിക്ഷനടപ്പാക്കലുകൾക്ക് സമമാണ്. ഇനിയൊരുത്തൻ ഈ പണിക്ക് നിൽക്കരുത് എന്ന സന്ദേശം. കേരളക്രിസ്ത്യാനി സഭകളിലെ അ.പു.ക.കുടുംബങ്ങളിലെ ഒരൊറ്റ കുഞ്ഞാടിനും സ്വവിശ്വാസങ്ങളിൽ ഉറച്ച് നിന്നുകൊണ്ട് ഒരു തിരുത്തൽ ശക്തിയാവാൻ സാധാരണഗതിയിൽ സാധിക്കാതെ വരുന്നതിനുള്ള കാരണമിതാണ്. ‘സ്വർഗത്തിലേക്കുള്ള അവന്റെ മടക്കയാത്രാടിക്കറ്റ്’ ഒരൊറ്റ വാക്കുകൊണ്ട് കിറിയെറിയാൻ പ്രാപ്തരായവരുടെ ചെയ്തികളെ എതിർത്തുപറയാൻ മിക്കവരും അശക്തരാണ്. രണ്ടാമതായി, സമൂഹമധ്യത്തിലെ ഒറ്റപ്പെടുത്തലാണ്. സ്മാർത്തവിചാരങ്ങൾക്കൊടുവിലെ പടിയടച്ച് പിണ്ഡം വയ്ക്കൽ. സ്വർഗ്ഗത്തിലും നരകത്തിലുമൊന്നും വലിയ വിശ്വാസമൊന്നുമില്ലാത്ത ബഹുഭൂരിപക്ഷത്തിലെ ഒരു ‘പ്രാക്‌ടീസിങ്’ ക്രിസ്ത്യാനിയാണെങ്കിൽക്കൂടി ഈ പിണ്ഡം വയ്‌ക്കലിനെ വലിയൊരളവിലവൻ ഭയപ്പെടുന്നു. വിശ്വാസികളുടെ ഈ സ്വയം കിഴടങ്ങലിന്റെ അങ്ങേത്തലക്കലാണ് ഫ്രാങ്കോമാരുണ്ടാവുന്നത്. ബിഷപ്പ് ഫ്രാങ്കോയെ ക്രിസ്തുവിനോടുപമിച്ച വിവാദ മെത്രാൻ ഇന്നും ഈ സഭയുടെ അധികാരശ്രേണിയിൽ കിങ്‌മേക്കറായി തുടർന്ന് പോരുന്നത് തിരുത്തലിന് ശക്തിയുള്ള ഒന്നുംതന്നെ കാലം ഈ സഭയ്ക്ക് ബാക്കി വച്ചിട്ടില്ല എന്നതിന്റെ ഉത്തമോദാഹരണമാണ്. സോഷ്യൻ മീഡിയയിലെ ‘ഫ്രാങ്കോയിസ്റ്റുകൾ’ എന്ന പദപ്രയോഗത്തിന്റെ അർത്ഥതലങ്ങളും സ്വികാര്യതയും കാലാകാലങ്ങളിലായി ജനമനസ്സുകളിൽ നിന്നകന്ന് തികച്ചും കോർപറേറ്റുവൽക്കരിക്കപ്പെട്ട കേരള കത്തോലിക്കാ സഭയോട് പൊതുസമൂഹത്തിനുള്ള പരസ്യപ്രതിക്ഷേധത്തെയാണ് വെളിവാക്കുന്നത്.

കഴിഞ്ഞ പത്തുവർഷക്കാലത്ത് സിറോ മലബാർ സഭാ സംബന്ധിയായി സമൂഹമദ്ധ്യത്തിൽ ചർച്ചചെയ്യപ്പെട്ട ഏതാനും ചില കാര്യങ്ങൾ പരിശോധിച്ചാൽ സത്യം വിളിച്ചുപറഞ്ഞതിന് കഴുവേറ്റപ്പെട്ടൊരു നസറായന്റെ നാമം വൃഥാ പ്രയോഗിക്കുന്നൊരു പ്രസ്‌ഥാനം ഇന്നെത്തിനിൽക്കുന്ന ആധ്യാത്മികാപചയമെന്ന നിലയില്ലാക്കയത്തിന്റെ ആഴമറിയാനാവും.

1. നൂറ്റാണ്ട് പഴക്കമുള്ള ദിപിക പത്രം സഭയിലെ കിങ്‌മേക്കറായ വിവാദ മെത്രാൻ കോടികളുടെ തിരിമറികൾ നടത്തി മറ്റൊരു വിവാദ വ്യവസായിക്ക് തീറെഴുതിയത്. പത്രം തിരികെ വാങ്ങാൻ വീണ്ടും സാധാരണക്കാരന്റെ പിരിവ് പാത്രത്തിൽ കൈയിടേണ്ടി വന്നു. മെത്രാന് സ്‌ഥാനചലനമുണ്ടായില്ലെന്നു മാത്രമല്ല പിന്നീടുണ്ടായ സകലമാന സഭാസംബന്ധിയായ വിവാദങ്ങളിലും പ്രത്യക്ഷമായല്ലെങ്കിൽ പരോക്ഷമായി ടിയാന്റെ പേരും കൂട്ടിച്ചെർക്കപ്പെട്ടു. സഭയിന്നും ഇക്കാര്യത്തിൽ അതിഭീകരമായ മൗനം തുടരുന്നു.

2. അങ്കമാലി അതിരൂപതാ ഭൂമിയിടപാടിൽ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു സഭയുടെ സകല വിശദീകരണങ്ങളും. ഭൂമിവില്പനയുടെ പിന്നിലെ യാഥാർഥ്യങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് വിശദികരിച്ചുകൊടുക്കാൻ സിറോ മലബാർ സഭയ്ക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുകയെന്ന സ്‌ഥിരം നാടകമാണ് ഈ വിഷയത്തിലും സഭ സ്വികരിച്ചത്. ഈ കഴിഞ്ഞ ദിവസം ഭൂമിയിടപാടിലെ ഇടനിലക്കാരന്റെ സ്‌ഥലവും വീടും ആദായനികുതി വകുപ്പ് കണ്ടുകെട്ടി എന്ന വാർത്ത പത്രങ്ങളിൽ കാണാനായി. അതിനിടെ പുതുതായി ചാർജ്ജെടുത്ത അഡ്മിനിസ്ട്രേറ്റർ വേണ്ടപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച മറ്റൊരു അന്വേഷണക്കമ്മീഷനെ ഉപയോഗിച്ച് കർദ്ദിനാളുൾപ്പെടെയുള്ളവരെ വെള്ളപൂശാൻ ശ്രമം നടത്തുന്നതിനിടെയാണ് ആദായനികുതി വകുപ്പിന്റെ പ്രസ്തുത സ്വത്ത് കണ്ടുകെട്ടൽ നടപടി. ഏതാണ്ട് 20 കോടിയുടെ കള്ളപ്പണയിടപാടാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

3. ഫാ. റോബിൻ വടക്കുംചേരിമുതൽ തൃശൂരിലെ ഫാ.കൊക്കനും കടന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിലെത്തിനിൽക്കുന്നു സിറോ കേരളകത്തോലിക്കാ സഭയിലെ പീഡനപരാതികൾ. സകലകേസുകളിലും സഭയുടെ നിലപാട് പൊതുമനസാക്ഷിക്കെതിരായിരുന്നു. പീഡകരെ സംരക്ഷിക്കാൻ പരിണതപ്രഞ്ജരായ സഭാ പിതാക്കന്മാരുൾപ്പെടെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവന്നു. ഇരകളെ അപമാനിച്ചു. അല്ലെങ്കിൽ അവരുടെ മാനത്തിന് വിലയിട്ടു. സിറോ മലബാർ സഭയുടെ ലോക്കൽ വത്തിക്കാനായ പാലായിലെ സബ് ജയിലിന്റെ ഇടുങ്ങിയ വാതിലിലൂടെ ഞെരുങ്ങി തലകുനിച്ച് മെത്രാൻ സന്ദർശനത്തിനെത്തേണ്ടി വരുമെന്ന് രണ്ടു പതിറ്റാണ്ടുകൾക്ക് മുന്നേ പാലാ രൂപതയെ രാജതുല്യം നയിച്ചിരുന്ന വിരമിച്ച മെത്രാനുൾപ്പെടെയുള്ള അഭിവന്ദ്യർ സ്വപ്നത്തിൽപ്പോലും കരുതിക്കാണില്ല. പൊതുസമൂഹത്തിന് മുൻപിൽ അവരെല്ലാം ഇരക്കൊപ്പവും എന്നാൽ വേട്ടക്കാരന്റെ വിടുതലിനായി നിരന്തരം പ്രാർത്ഥനയിലുമാണ്.

മാധ്യമശ്രദ്ധ ലഭിച്ച ചിലത് മാത്രമാണ് മുകളിൽ പറഞ്ഞത്. എന്നാൽ പൊതുജനമദ്ധ്യത്തിൽ നാളിതുവരെ ചർച്ചചെയ്യപ്പെടാത്ത സഭയ്‌ക്കുള്ളിലെ ഗൂഢാലോചനകളുടെ, നീതിനിക്ഷേധത്തിന്റെ, വെട്ടിനിരത്തലിന്റെ, ചെറുതും വലുതുമായ നിരവധിയായ വസ്തുതകൾ ക്രിസ്ത്യാനികൾക്ക് ഇനിയുമേറെ പറയാനുണ്ട്. എതിരഭിപ്രായം പറഞ്ഞവരുടെ കുഞ്ഞുങ്ങൾക്ക് കൂദാശകൊടുക്കാത്ത സംഭവങ്ങൾ, മരിച്ച കുടുംബാംഗംങ്ങളെ സെമിത്തേരിയിലടക്കം ചെയ്യാനനുവദിക്കാത്ത ദുരനുഭവങ്ങൾ, നെറികേടുകൾ ചോദ്യം ചെയ്തവരെ മെത്രാന്മാരുൾപ്പെടുന്ന സംഘം ഗൂഢാലോചനകളുടെ ഒടുവിൽ കള്ളക്കേസ്സിൽ കുടുക്കിയ അല്ലെങ്കിൽ അതിനു ശ്രമിച്ച നിരവധിയായ അനുഭവസാക്ഷ്യങ്ങൾ, അങ്ങനെ പലതും. എന്നാൽ നേരിന്റെ സ്വരങ്ങളെ വൺ, ടു, ത്രി പറഞ്ഞ് ഇല്ലായ്മചെയ്ത ഒരു പ്രത്യയശാസ്ത്രവും അധികകാലമൊന്നും നിലനിന്ന ചരിത്രമില്ല. മാനവരാശിയുടെ ചരിത്രം നോക്കിയാൽ അഞ്ഞൂറോ ആയിരമോ രണ്ടായിരമോ വർഷങ്ങളൊന്നും ഒരു കാലയളവുമല്ല. അധികാരക്കസേരകളുടെ വർണ്ണാഭയിൽ മയങ്ങിവീഴാത്ത, ശരിതെറ്റുകളെ വേർതിരിച്ചറിയുന്ന ഒരു നേതൃത്വമില്ലെങ്കിൽ പിടിച്ചുനിൽക്കാൻ ഏത് പ്രത്യയശാസ്ത്രത്തിനാവും? അധഃസ്ഥിതരുടെ കൂടെനടന്ന ബൈബിളിലെഴുതപ്പെട്ട നീതിമാനായ ക്രിസ്തുവിനോടൊ വിക്ടർ ഹ്യുഗോ വരച്ചിട്ട പാവങ്ങളിലെ ബിഷപ്പ് ബിയവഞ്ഞ്യോയൊടൊ താരതമ്യം ചെയ്യാനാവുമോ എന്നറിയില്ലെങ്കിലും വെറുമൊരു പച്ചമനുഷ്യനായി ലോക്കൽ ബസ്സിലും ട്രെയിനിലും യാത്രചെയ്ത് ഒറ്റമുറി അപ്പാർട്മെന്റിൽ ഭക്ഷണമൊക്കെ സ്വയമുണ്ടാക്കിക്കഴിച്ച് ബ്യുനോസ്‌ എരിസ്സിലെ ചേരികളിലെ ജീവിതങ്ങളോടൊപ്പം കഴിയാൻ ശ്രമിച്ച മുൻ കർദ്ദിനാൾ ഹോർഗെ മാരിയോ ബർഗോഗ്ലിയോ പാപ്പാ ഫ്രാൻസ്സിസ്സായി നിങ്ങളുടെയൊക്കെ മുൻപിൽ ചിലതൊക്കെ ജിവിച്ചുകാണിക്കുകയല്ലെ? ഈ കാഴ്ചകളൊക്കെ കാണാൻ എന്നു തുറക്കും വെറും ആചാര-പ്രസംഗക്കസർത്തുകളിലഭിരമിക്കുന്ന നിങ്ങളുടെ അകക്കണ്ണുകൾ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പകപോക്കല്‍ തുടരണം, സാർ; കള്ളക്കേസില്‍ വക്കീല്‍ നോട്ടീസ് കിട്ടിയ ഒരിടവകക്കാരന്‍ രൂപതയ്ക്ക് അയക്കുന്ന തുറന്ന കത്ത്

ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

ഈ പിതാവിന്റെ വാക്കുകള്‍ കേരളം കേള്‍ക്കണം; അവളെന്റെ മകളാണ്; കാര്യം പറയുന്നവരെ മഹറോന്‍ ചൊല്ലി പുറത്താക്കുന്ന പരിപാടി ഇനി നടക്കില്ല

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

പ്രശാന്ത് നായര്‍ കളക്ടര്‍ ബ്രോ, താങ്കളുടെ ഫ്രാങ്കോ ട്രോള്‍ പൊട്ടിയൊലിക്കുന്ന ആണ്‍ഭാഷ്യ വ്രണം

സാജന്‍ ജോസ്

സാജന്‍ ജോസ്

പ്രവാസി, സാന്‍ഫ്രാന്‍സിസ്കോയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍