UPDATES

സാജന്‍ ജോസ്

കാഴ്ചപ്പാട്

സാന്‍ഫ്രാന്‍സിസ്കോ ഡയറി

സാജന്‍ ജോസ്

ട്രെന്‍ഡിങ്ങ്

ബിഎംഡബ്ല്യുവില്‍ സഞ്ചരിക്കുന്ന അച്ചനു വേണ്ടാത്തതും പുസ്തകമെഴുതുന്ന കന്യാസ്ത്രീക്ക് ബാധകമായതും; ഇതാണ് കത്തോലിക്കാ സഭ

Quod non sacerdotes consecravit vita അഥവ ഇനിയും വിശുദ്ധികരിക്കപ്പെടാത്ത മതനേതൃത്വം

തുടക്കകാലത്തെ പീഡനപര്‍വ്വങ്ങള്‍ക്കൊടുവില്‍ കത്തോലിക്കാസഭയില്‍ ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടെത്തിയപ്പോഴേക്കും കെടുകാര്യസ്ഥത അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരുന്നു. അധികാരദാഹവും ധൂര്‍ത്തും സുഖലോലുപതയും അരമനകളിലഴിഞ്ഞാടിയ ആ കാലത്താണ് പിന്നീട് കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ച അസ്സീസിയിലെ ഫ്രാന്‍സ്സിസിന്റെ കടന്നുവരവ്. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സമ്പത്തിന്റെയും അധികാരത്തിന്റെയും സുഖലോലുപതയില്‍ കെട്ടിമറിഞ്ഞ കത്തോലിക്കാസഭയിലെ സമര്‍പ്പിതര്‍ക്ക് അന്യമായിപ്പോയിരുന്ന ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം മുതലായ സുവിശേഷാധിഷ്ഠിത വ്രതങ്ങളെക്കുറിച്ചു പറയാനാണ് പക്ഷിമൃഗാദികളിലും പ്രകൃതിയിലും ദൈവത്തെ കാണാന്‍തക്ക ഹൃദയവിശാലതയുണ്ടായിരുന്ന ഫ്രാന്‍സിസ് എന്ന ഈ അസ്സീസിക്കാരന്‍ തന്റെ ജീവിതമത്രയും ചിലവഴിച്ചത്. തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളോട് ഒത്തുപോകാത്ത സഹജീവിയെ ആഴിയിലെറിഞ്ഞും കുന്തമുനയില്‍ കോര്‍ത്തും രണ്ടായി വലിച്ചു കീറിയും കൊന്നുതള്ളികൊണ്ടിരുന്ന കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഇരുണ്ട നൂറ്റാണ്ടുകളിലൊന്നിലാണ് ഫ്രാന്‍സിസിന്റെ ഉപവിയുടെ പാഠങ്ങള്‍ കത്തോലിക്കര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ക്രിസ്തുവിന്റെ ഉദ്‌ഘോഷിക്കുന്നവന്‍ വീടും നാടുമുപേക്ഷിച്ച് ഒരു അവധൂതനെപ്പോലെ അവന്റെ വഴിയേ നടക്കുക, ഒന്നും കൂടെയുണ്ടാവരുത്, എതിര്‍ക്കുന്നവനെ ശപിക്കാതെ പിന്‍വാങ്ങുക തുടങ്ങിയ പ്രവാചക സമാനമായ ചര്യകള്‍ അനുവര്‍ത്തിക്കാന്‍ ഫ്രാന്‍സ്സിസ് അസ്സീസ്സി സമര്‍പ്പിതരെ ഉത്‌ബോധിപ്പിച്ചു. സ്വന്തമെന്ന് പറയാന്‍ യാതൊരുവിധ കെട്ടുപാടുകളുമില്ലാത്ത അത്തരം നിഷ്‌കാമകര്‍മ്മികളെയാണ് ഫ്രാന്‍സിസ് അസ്സിസി സമര്‍പ്പിതര്‍ എന്ന് വിളിച്ചത്.

അധികാരത്തിന്റെ കൈവയ്പ് വഴിയായി ചാര്‍ത്തിക്കൊടുത്ത പൗരോഹിത്യമെന്ന പട്ടക്കാരന്‍ പദവിയ്ക്ക് മേപ്പറഞ്ഞ വ്രതക്രിയകള്‍ ഒരിക്കലും അനുപൂരകങ്ങളാവുമായിരുന്നില്ല. കാരണം എല്ലാം ത്വജിച്ച ഒരു സന്യാസിക്ക് ആജ്ഞാപിക്കാനാവില്ല, ഒന്നിന്റെയും മുകളില്‍ അധികാരം സ്ഥാപിക്കാനുമാവില്ല. അവിടെ സര്‍വ്വതും സ്‌നേഹമയമാണ്. ഫ്രാന്‍സ്സിസ് അസീസ്സിയുടെ വാക്കുകളൊന്നും പ്രാവര്‍ത്തികമാക്കാന്‍ അന്നത്തെ സഭാ നേതൃത്തത്തിനു കഴിഞ്ഞില്ല. അധികാരത്തിന്റെ ലഹരിനുണഞ്ഞവരുടെ തോളെല്ലുകള്‍ ദാരിദ്ര്യവ്രതമെന്ന കുരിശ് ചുമക്കാന്‍ ത്രാണിയില്ലാതെ ജീര്‍ണ്ണിച്ച് ബലഹീനങ്ങളായിരുന്നു. പില്‍ക്കാലങ്ങളില്‍ വന്ന പോപ്പ് ക്ലെമന്റ് ഏഴാമന്‍, പോപ്പ് പോള്‍ മൂന്നാമന്‍, പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍, പോപ്പ് ലിയോ പന്ത്രണ്ടാമന്‍, പോപ്പ് ജൂലിയസ് രണ്ടാമന്‍ ആദിയായവര്‍ക്ക് പല രഹസ്യബന്ധങ്ങളില്‍ നിന്നായി ഒന്നിലധികം മക്കളുണ്ടായിരുന്നത്രെ. പോപ്പ് പോള്‍ രണ്ടാമന്‍, പോപ്പ് സിക്‌സ്റ്റസ് നാലാമന്‍, പോപ്പ് ലിയോ പത്താമന്‍ (പതിനഞ്ചാം നൂറ്റാണ്ടില്‍ വത്തിക്കാനിലെ ബസലിക്ക പുതുക്കിപ്പണിയുന്നതിലേയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി പണം വാങ്ങി പാപവിമോചനം നല്‍കിയ ആളാണ് ടിയാന്‍), പോപ്പ് ജൂലിയസ് മൂന്നാമന്‍ തുടങ്ങിയവര്‍ സ്വവര്‍ഗ്ഗരതിക്കാരായിരുന്നെന്നും ചരിത്രം പറയുന്നു.

ആയതുകൊണ്ട് യാദൃശ്ചികതയൊന്നുമില്ലാതെ, കത്തോലിക്കാസഭയിലെ അധികാരശ്രേണിയെന്ന മഹാവ്യാളിയുടെ തുറന്നിരുന്ന വായയില്‍ നിന്ന് പടര്‍ന്ന അഗ്‌നികുണ്ഠത്തില്‍ അസ്സിസ്സിക്കാരന്‍ ഫ്രാന്‍സിസ്സിന്റെ നല്ല വാക്കുകളൊക്കെ വെന്തു വെണ്ണീറായി, അല്ലെങ്കില്‍ ദാരിദ്ര്യവും ബ്രഹ്മചര്യവും അനുസരണവുമൊക്കെ ചില ഇടങ്ങളിലേക്ക് മാത്രമായി ഒതുക്കപ്പെട്ടു. വീണ്ടും പഴയകഥകളൊക്കെത്തന്നെ മുടക്കമില്ലാതെ തുടര്‍ന്നു കൊണ്ടേയിരുന്നു. ഏറ്റവുമൊടുവില്‍ 1996-ന്റെ തുടക്കത്തില്‍ തന്റെ ‘വിശുദ്ധീകരിക്കപ്പെട്ട ജീവന്‍’ (Vita Consecrata), എന്ന ചാക്രിക ലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ സമര്‍പ്പിതരായ വ്യക്തികള്‍ ക്രിസ്തുവിനെ തങ്ങളുടെ ജീവിതത്തിന്റെ മുഴുവന്‍ അര്‍ഥമാക്കി മാറ്റിയെടുക്കണമെന്നും, മാത്രമല്ല, ഈ ലക്ഷ്യം മുന്‍നിര്‍ത്തി തങ്ങളെത്തന്നെ പുനര്‍നിര്‍മ്മിക്കാന്‍ പരിശ്രമിക്കുകയും അതുവഴി ക്രിസ്തുവിന്റെ പ്രതിപുരുഷരെന്ന് സ്വയം അവകാശപ്പെടുന്ന പുരോഹിതന്‍ ദാരിദ്ര്യത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും അനുസരണത്തിന്റെയും മാര്‍ഗ്ഗം സ്വികരിക്കണമെന്നും പറയുന്നുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഇപ്പറഞ്ഞ ദാരിദ്ര്യവും ബ്രഹ്മചര്യവും അനുസരണവുമൊക്കെ കന്യാസ്ത്രീകള്‍ക്കും സന്യാസം സ്വികരിച്ച മറ്റുള്ളവര്‍ക്കും മാത്രമാണ് എന്നൊരു പൊതുധാരണയുണ്ടാക്കുന്നതില്‍ കത്തോലിക്കാസഭയിലെ പൗരോഹിത്യത്തിന്റെ ആണ്‍കോയ്മ നാളിതുവരെ വിജയിച്ചിട്ടുണ്ട്. പൗരോഹിത്യം എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും നേരിട്ട് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന ഏതോ മാനേജീരിയല്‍ ജോലിയാണെന്ന ചിന്ത നല്ലരീതിയില്‍ വിശ്വാസികളിലും അവരുണ്ടാക്കിയെടുത്തു. ക്രിസ്തു ഒന്നും നോക്കി നടത്തിയില്ല, ഒന്നിന്റെയും അധിപനുമല്ലായിരുന്നു, യാതൊന്നും സ്വരുക്കൂട്ടിയുമില്ല. അപ്പോള്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരെന്ന് സ്വയം ഊറ്റം കൊള്ളുന്നവര്‍ യേശുവിന്റെ ജീവിതകാലത്തെ പ്രധാനപുരോഹിതര്‍ മുന്നോട്ട് വച്ച അതേ ജഡികാഗ്രഹങ്ങളുടെ പ്രചാരകരാകുന്നത് എങ്ങനെയാണ് സാധുകരിക്കാനാവുക? അവര്‍ പിന്തുടരേണ്ടത് ക്രിസ്തു പറഞ്ഞ ദാരിദ്ര്യത്തിന്റെ പാതയല്ലേ? ലളിതമായ ഈ ചോദ്യം ചോദിച്ചാല്‍ മിക്കവാറും ക്രൈസ്തവപുരോഹിതരും ഒരു പുറത്തില്‍ കുറയാതെ ഉപന്യസിക്കും. വിശദീകരണങ്ങള്‍ക്കൊടുവില്‍, ദൈവത്തിന്റെ വിളിക്കപ്പുറം ലോകത്തിന്റെ വിളികള്‍ക്കായി കാതോര്‍ത്തിരിക്കുന്ന പുരോഹിതരും പുരോഹിതശ്രേഷ്ഠരും കോടികള്‍ മൂല്യമുള്ള ആസ്തികള്‍ വാങ്ങിക്കൂട്ടും, വിദേശനിര്‍മ്മിത ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കാന്‍ മത്സരിക്കും, സാധിക്കുമെങ്കില്‍ ബിസിനസ് ക്ലാസ്സിന്റെ സുഖശീതളിമ നല്‍കുന്ന സ്വകാര്യതയില്‍ യാത്ര ചെയ്യും. ഏതെങ്കിലുമൊരു വിശ്വാസി ഇതിലെങ്ങാനും പരാതിപ്പെട്ടതായി അറിവില്ല. ഇനിയാരെങ്കിലും അത്തരമൊരു സാഹസത്തിന് മുതിര്‍ന്നാല്‍ ഒറ്റപ്പെടുത്തലായിരിക്കും പരിണതഫലം.

വളരെ സ്‌നേഹമുള്ള ഒരു ഇടവകവികാരിയുടെ ഞായറാഴ്ച പ്രസംഗം മുന്‍പ് കേള്‍ക്കാനിടയായി. ചോദ്യം ചോദിച്ച് ടിയാനെ ബുദ്ധിമുട്ടിക്കുന്ന ചില തിരുത്തല്‍വാദികള്‍ ഇടവകയിലുണ്ട് എന്നത് അദ്ദേഹത്തിന്റെ രോഷം കണ്ടാല്‍ മനസ്സിലാവുമായിരുന്നു. നീയൊന്നും മരിച്ചാല്‍ പോലും ആരും തിരിഞ്ഞുകയറില്ല എന്നതാണ് കുര്‍ബാനപ്രസംഗത്തിന്റെ രത്‌നച്ചുരുക്കം. മരണശേഷം നല്ല ഗംഭീരമായൊരു ചരമപ്രസംഗവും നാലാള് കൂടി പരേതന്റെ അപദാനങ്ങള്‍ പാടിപ്പറയുന്ന ഒരത്യുഗ്രന്‍ മഞ്ചഘോഷയാത്രയുമൊക്കെയുള്ള ഒരു മരണാനന്തരോത്സവം സ്വപ്നം കണ്ട് സ്വര്‍ഗ്ഗത്തെ നോക്കി യാത്ര ചെയ്യുന്ന ഒരു വിശ്വാസി നിശ്ചയമായും ഭയപ്പെടും, പിന്നെ മെത്രാന്റെ ബെന്‍സിനെപ്പറ്റിയോ അച്ചന്റെ അക്യൂറയെപ്പറ്റിയൊ കമാന്നു മിണ്ടില്ല. എന്നാല്‍, ഒരു കന്യാസ്ത്രി സ്വയം ജോലിചെയ്ത് സമ്പാദിച്ച പണത്തിന്റെ ഒരു പങ്കെടുത്ത് താനെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുകയോ ഇന്നത്തെ മാര്‍ക്കറ്റില്‍ കിട്ടാവുന്ന ഏറ്റവും ലളിതമെന്ന് പറയാവുന്ന ഒരു വാഹനം വാങ്ങുകയോ ചെയ്യുമ്പോള്‍ അത് അനുസരണക്കേടായി, അവര്‍ ദാരിദ്ര്യവ്രതമനുസരിക്കാത്ത തന്റേടിയായ തന്നിഷ്ടക്കാരിയായി. ഇവിടെ മുന്‍പ് പറഞ്ഞ അതേ നിശബ്ദവിശ്വാസികള്‍ക്ക് ജീവന്‍ വയ്ക്കുകയാണ്. തുടര്‍ന്ന് ഒറ്റതിരിച്ചു നിര്‍ത്തിയുള്ള കൂട്ടയാക്രമണമാണ്. ആരെയും ഭയക്കാനില്ല ഈ ആള്‍ക്കൂട്ടത്തിന്. യജമാനരുടെ പ്രീതിക്ക് പാത്രമാവാം എന്നത് നേരിട്ടുള്ള ഒരു പ്രതിഫലവുമാണ്. പതിയെ അവരായിരിക്കുന്ന മുന്തിയ സദസ്സുകളിലേയ്ക്ക് ക്ഷണക്കത്തും ലഭിച്ചേക്കാം.

ക്രിസ്ത്യന്‍ പുരോഹിതരുടെയും മെത്രാന്മാരുടെയും വാഹന, വസ്തുഭ്രമത്തെക്കുറിച്ച് ഭൂമിമലയാളത്തിലാര്‍ക്കും വിശദികരിച്ചു കൊടുക്കണ്ടതില്ല. മെത്രാന്മാരുടെ വാസസ്ഥലങ്ങളെ ഇന്നലെവരെ നമ്മള്‍ അരമനകള്‍ എന്നാണ് പരാമര്‍ശിച്ചിരുന്നത്. ഇന്നിപ്പോള്‍ ജനത്തിന് വിവരം വച്ചു തുടങ്ങിയോ എന്ന ശങ്കയുണ്ടായപ്പോള്‍ മെത്രാന്റെ വീട് എന്നൊക്കെ ലളിതവത്ക്കരിച്ച് പറയാന്‍ തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തിയില്‍ വലിയ മാറ്റമൊന്നുമില്ലെങ്കിലും പറച്ചിലിലെ മാറ്റണമെങ്കിലും ശ്ലാഘനീയമാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചെറിയൊരു ഫിയറ്റില്‍ സഞ്ചരിക്കുമ്പോള്‍ നമ്മുടെ മെത്രാന്മാര്‍ എസ് ക്ലാസ്സ് ബെന്‍സിലും സെവന്‍ സീരിസ് ബി എം ഡബ്ല്യുവിലും ഇടയനടുത്ത് സന്ദര്‍ശനം നടത്തും, പള്ളികളില്‍ വന്ന് ലാളിത്യത്തിന്റെ മൊഴിമുത്തുകള്‍ ഉപമകളിലൂടെ കാതുകൂര്‍പ്പിച്ചിരിക്കുന്ന ചെമ്മരിയാടുകളോടായി മൊഴിയും.

ഈ കുറിപ്പെഴുതിക്കൊണ്ടിരുന്നപ്പോള്‍ ഓര്‍മ്മയിലെത്തിയ ദാരിദ്ര്യവ്രതത്തിന്റെ ഒരു സമീപകാല സംഭവം പറയണമെന്ന് തോന്നുന്നു. മരപ്പണിക്കാരന്റെ മകനായി ജനിച്ച്, ഊരുതെണ്ടിയായി ജീവിച്ച് മരക്കുരിശിലേറിയ ക്രിസ്തുവിനെ പഠിപ്പിക്കുന്ന സാന്‍ഫ്രാന്‍സിക്‌സോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു സീറോ മലബാര്‍ പള്ളിയിലെ വികാരിക്ക് തലചായ്ക്കാന്‍ നാല് മുറികളുള്ള വീടാണ് പള്ളിക്കൊരു കല്ലേറ് ദൂരെ ഇടവകക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. വിലയോ തുച്ഛം, വെറും ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ മാത്രം. ഇതുകണക്കെ നമ്മളൊന്നും അറിയാത്ത ആയിരക്കണക്കായ സമാനവ്യവഹാരങ്ങള്‍! നേരിട്ടറിയാവുന്നത് പറഞ്ഞുവെന്നേയുളളു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അതേസമയം ദോമൂസ് സാന്ത മാര്‍ത്ത അപ്പാര്‍ട്‌മെന്റിലെ 201-ആം മുറിയിലാണ് ഇവരുടെയൊക്കെ ഭൂമിയിലെ തമ്പുരാന്‍ പോപ്പ് ഫ്രാന്‍സിസിന്റെ വാസം. ആയതിനാല്‍, ഇതേ സഭയില്‍ ജനിച്ച് അതേ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ പുരോഹിതാധിപത്യത്തിന്റെ ആജ്ഞാനുവര്‍ത്തികളായി തിട്ടൂരമിറക്കിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്‌റ്റ് ജനറാളമ്മയ്ക്ക് ഉളുപ്പുണ്ടോ എന്ന ചോദ്യമില്ല, കാരണം അങ്ങനെയൊരു ചോദ്യത്തിന് ഈ പ്രസ്ഥാനത്തില്‍ പ്രസക്തിയില്ല. എന്നാല്‍ ചോദ്യം, പിരിവിടാന്‍ മാത്രം വിധിക്കപ്പെട്ട സാദാ വിശ്വാസികളോടാണ്. എന്നാണ് നിങ്ങള്‍ക്ക് നേരം വെളുക്കുക? അതോ നിങ്ങള്‍ ഉറക്കം നടിക്കുകയാണോ? എന്താണ് നിങ്ങള്‍ അപഗ്രഥിച്ചെടുത്ത കത്തോലിക്കാ മതബോധത്തിന്റെ പൊരുള്‍? ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനാവാത്തൊരു രണ്ടു വയസ്സുകാരനാണോ നീ വിശ്വസിക്കുന്ന ദൈവം?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സാജന്‍ ജോസ്

സാജന്‍ ജോസ്

പ്രവാസി, സാന്‍ഫ്രാന്‍സിസ്കോയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍