UPDATES

ഓഫ് ബീറ്റ്

ഇടിവെട്ടേറ്റവനെ പാമ്പും കൂടി കടിച്ചുവെന്നു പറഞ്ഞ അവസ്ഥയിലാണിപ്പോള്‍ സിപിഎം

മോദി വിരുദ്ധ വികാരവും കോണ്‍ഗ്രസ് ശബരിമല വിഷയത്തിലടക്കം സ്വീകരിച്ച ഇരട്ടത്താപ്പ് നയത്തിനുമൊപ്പം ഭരണ നേട്ടങ്ങള്‍ കൂടി ഉയര്‍ത്തിക്കാട്ടി ലോക് സഭ തിരെഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം പ്രതീക്ഷിച്ചു നില്‍ക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ സിബിഐയുടെ അനുബന്ധ കുറ്റപത്രം വന്നു പതിച്ചിരിക്കുന്നത്.

കെ എ ആന്റണി

കെ എ ആന്റണി

ഇടിവെട്ടേറ്റവനെ പാമ്പും കൂടി കടിച്ചുവെന്നു പറഞ്ഞ അവസ്ഥയിലാണിപ്പോള്‍ സിപിഎം. അത്ര മോശമല്ലാത്ത ഭരണം കാഴ്ചവയ്ക്കാന്‍ സാധിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ഇപി ജയരാജനും കെടി ജലീലുമൊക്കെ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദം, തോമസ് ചാണ്ടിയും പിവി അന്‍വറുമൊക്കെ ഉള്‍പ്പെട്ട അനധികൃത നിര്‍മാണം എകെ ശശീന്ദ്രനെതിരെ ഉയര്‍ന്ന ലൈംഗിക അപവാദം, ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു സംജാതമായ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി തങ്ങള്‍ നയിക്കുന്ന സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും പതിനേഴാം ലോക് സഭ തിരെഞ്ഞെടുപ്പ് പോരാട്ടത്തിന് സര്‍വസജ്ജരായി നില്‍ക്കുന്ന വേളയില്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ടുള്ള അനുബന്ധ കുറ്റപത്രം സിബിഐ സമര്‍പ്പിച്ചിരിക്കുന്നതെന്നത് സിപിഎമ്മിനെ വല്ലാത്തൊരു പ്രതിസന്ധിയില്‍ തന്നെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

മോദി വിരുദ്ധ വികാരവും കോണ്‍ഗ്രസ് ശബരിമല വിഷയത്തിലടക്കം സ്വീകരിച്ച ഇരട്ടത്താപ്പ് നയത്തിനുമൊപ്പം ഭരണ നേട്ടങ്ങള്‍ കൂടി ഉയര്‍ത്തിക്കാട്ടി ലോക്സഭ തിരെഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം പ്രതീക്ഷിച്ചു നില്‍ക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ സിബിഐയുടെ അനുബന്ധ കുറ്റപത്രം വന്നു പതിച്ചിരിക്കുന്നത്. സിബിഐയുടേത് കള്ളക്കേസാണെന്നും ഇതിനെ തങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എതിരാളികളെ ആക്രമിക്കുന്നതിലേറെ സ്വയം ന്യായീകരണത്തിലേക്ക് ചുരുങ്ങേണ്ട ഗതികേടാണ് വന്നുചേര്‍ന്നിരിക്കുന്നത്. തന്നെയുമല്ല ഷുക്കൂര്‍ കേസില്‍ അടുത്തു തന്നെ വിചാരണ ആരംഭിക്കുമെന്നതിനാല്‍ ഉത്തര മലബാറില്‍ തങ്ങളുടെ സ്റ്റാര്‍ കാമ്പയ്നറായ പി ജയരാജന്റെ സാന്നിധ്യം ഒരു പക്ഷെ നഷ്ടമാകുമെന്ന ഭയവും സിപിഎമ്മിനുണ്ട്. അതുകൊണ്ടു തന്നെ ഷുക്കൂര്‍ കേസില്‍ ആദ്യം ലോക്കല്‍ പോലീസും പിന്നീട് സി ബി ഐയും സാക്ഷികളായി ഉള്‍പ്പെടുത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പി പി അബുവും മുഹമ്മദ് സാബിറും ജയരാജനും മറ്റും ഗൂഡാലോചന നടത്തുന്നതിന് തങ്ങള്‍ സാക്ഷികളിലായിരുന്നുവെന്ന മൊഴി പിന്നീട് തിരുത്തിയ സംഭവത്തിനൊപ്പം തലശ്ശേരിയിലെ എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ ഫസലിനെ തങ്ങള്‍ ആസൂത്രിതമായി കൊലപ്പെടുത്തിയാണെന്നു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുഭീഷ് മറ്റൊരു കേസില്‍ പിടിയിലായപ്പോള്‍ പൊലീസിന് നല്‍കിയ മൊഴിയും സിപിഎമ്മും പാര്‍ട്ടി പത്രവും ഇതിനകം തന്നെ വലിയൊരു പ്രചാരണായുധമാക്കി മാറ്റിയിട്ടുണ്ട്.

അതുപോലെ തന്നെ പി ജയരാജനെയും ടി വി രാജേഷിനെയും സിബിഐ പ്രതിപട്ടികയില്‍ പെടുത്തിയ ശേഷം നടന്ന 2016ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന രാജേഷ് വലിയ ഭൂരിപക്ഷത്തിനാണ് കല്ല്യാശ്ശേരിയില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് എന്നതും ചൂണ്ടിക്കാട്ടി ഷുക്കൂര്‍ വധം സിപിഎം അനുകൂല ന്യൂനപക്ഷ വോട്ടുകളില്‍ ഇടിവുണ്ടാക്കിയിട്ടില്ലെന്ന വാദം സിപിഎം ഉയര്‍ത്തുന്നുണ്ട്. ഇത് കൂടാതെ കോടിയേരി ബാലകൃഷ്ണന്‍ പതിനായിരത്തില്‍ താഴെ വോട്ടിനു ജയിച്ചിരുന്ന തലശ്ശേരിയില്‍ സിപിഎമ്മിലെ എ എന്‍ ഷംസീര്‍ 40,000ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയെന്നതും തങ്ങളുടെ വാദത്തെ ബലപ്പെടുത്താനായി സിപിഎം ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭ തിരഞ്ഞെടുപ്പും രണ്ടും രണ്ടാണെന്നും സോളാര്‍ അടക്കമുള്ള വിഷയങ്ങളും ഭരണ വിരുദ്ധ വികാരവും കഴിഞ്ഞ നിയമ സഭ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു ഡി എഫിനും വിനയായി എന്നതും ഓര്‍ക്കേണ്ടതുണ്ട്. നിയമ സഭ തിരഞ്ഞെടുപ്പും ലോക് സഭ തിരഞ്ഞെടുപ്പും രണ്ടാണെന്ന് വാദത്തെ സിപിഎം പ്രതിരോധിക്കുന്നത് 2004ലെ ലോക്സഭ തിരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-നുണ്ടായ കൂറ്റന്‍ നേട്ടം ചൂണ്ടിക്കാട്ടിയാണ്. അന്ന് 20ല്‍ ആദ്യം പതിനെട്ടും പിന്നീട് കോടതി വിധിയിലൂടെ മൊത്തം പത്തൊന്‍പതു സീറ്റായിരുന്നു എല്‍ഡിഎഫിന്. എന്നാല്‍ ഇത്തരം വാദങ്ങളൊക്കെ ഉയര്‍ത്തുമ്പോഴും ശബരിമല അടക്കമുള്ള വിഷയങ്ങള്‍ക്കൊപ്പം ഷുക്കൂര്‍ കേസിലെ സിബിഐ കുറ്റപത്രവും കൂടിച്ചേരുമ്പോള്‍ സിപിഎമ്മും എല്‍ഡിഎഫും ഈ തിരെഞ്ഞെടുപ്പില്‍ അഭിമുഖീകരിക്കുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍