UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

സ്റ്റെതസ്കോപ്പും കത്തിയും പിന്നെ ഞാനും

ഡോ. ജിമ്മി മാത്യു

ഹെല്‍ത്ത് / വെല്‍നെസ്സ്

കീരിക്കാടന്‍ ചത്തേ… (ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലുമായി ഒരു ബന്ധവും ഇല്ല)

മെഡിക്കല്‍ കൗണ്‍സിലിനെ പിരിച്ചു വിട്ട് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള ഒരു നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉണ്ടാകാന്‍ പോകുകയാണത്രേ!

എന്റെ ബന്ധുവായ ഒരു കാരണവരുടെ നാട്ടില്‍ ഒരു പാവം ലോക്കല്‍ അലവലാതി ഉണ്ടായിരുന്നു. നമുക്കയാളെ മുതുക്കന്‍ കീരിക്കാടന്‍ എന്ന് വിളിക്കാം. മസിലന്‍… പക്ഷെ പൂര അലമ്പന്‍. കള്ളു കുടിക്കുന്നത് നാട്ടുകാര്‍ സഹിക്കും. പക്ഷെ കുടിച്ചാല്‍ വയറ്റില്‍ കിടക്കണ്ടേ എന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്. എന്നാല്‍ പിന്നെ വെള്ളം കുടിച്ചാല്‍ പോരേ എന്നാണ് ‘എം’. കീരിക്കാടന്‍ ചോദിക്കുന്നത്. മെക്കിട്ടു കേറ്റവും തെറി വിളിയും കുടിച്ചാല്‍ മാത്രം അല്ല! അദ്ദേഹത്തിന്റെ ഒരു നോര്‍മല്‍ സ്വഭാവം ആണത്.

വയസായെങ്കിലും ഇപ്പോഴും കത്തി എടുത്തു വീശാന്‍ മടിക്കില്ല. അതെങ്ങനെ, ചെറുപ്പകാലത്ത് ഉടുത്ത കോണാന്‍ നനക്കുമോ മാനുഷന്‍ ഉള്ള കാലം?

ചെറുപ്പക്കാരന്‍ ആയിരുന്നപ്പോള്‍ സ്ത്രീ ജനങ്ങള്‍ ഓടി മാറുമായിരുന്നു. പിന്നെ കുറെ ആണുങ്ങളെ, ആസ്പത്രീല് ആക്കീട്ടുണ്ട്. ഭാര്യയേയും മക്കളെയും എടുത്തിട്ട് വീക്കലാണ് ഇഷ്ടവിനോദം.

ഒരു പ്രശ്‌നം, മുതുക്കന്‍ കീരിക്കാടന്റെ അച്ഛന്‍ ഒരു പ്രധാന നാട്ടു പ്രമാണിയും വീരനും മുതലാളിയും ആയിരുന്നു. അങ്ങേര്‍ക്കുള്ള ബഹുമാനം നാട്ടുകാര്‍ കുറെ മകനും കൊടുത്തു പോയി. പിന്നെ നാട്ടിലെ പ്രധാന മുതലാളി ആയതിനാല്‍ പല കാര്യത്തിനും അങ്ങേരെ ആശ്രയിക്കാതെ വയ്യ.

മുതുക്കന് നന്നായി വയസ്സായ കാലത്ത്, ഏതോ ഒരു വഴിപോക്കനെ മെക്കിട്ടു കേറി. കുറെ പുതിയ പിള്ളേര്‍ ചെറുതായി ചാമ്പി. അതേ തുടര്‍ന്ന് വീട്ടില്‍ തന്നെ ഇരുപ്പായി. വൈകാതെ, പല കൊള്ളരുതായ്മകളുടെയും ഫലങ്ങള്‍ കണ്ടു തുടങ്ങി. അസുഖങ്ങള്‍ വന്നു; കിടപ്പായി.

മരിക്കും എന്ന സ്ഥിതി വന്നു. ആരും തിരിഞ്ഞു നോക്കുന്നില്ല. നോക്കുകയില്ലല്ലോ.

പച്ച മനുഷമ്മാരാണ് ഈ ഡോക്ടര്‍മാര്‍; ദൈവങ്ങളല്ല

നമ്മുടെ ബന്ധുവായ കാരണവര്‍ ഒരു പാവമായിരുന്നു. ‘എം’. കീരിക്കാടന്റെ അയല്‍വാസി ആണ്.

ചാകാന്‍ കിടക്കുമ്പോഴെങ്കിലും ഒന്ന് പോയി കാണണ്ടേ? പള്ളീല്‍ അച്ചനെയും കൂട്ടി പോകാം. മരിക്കുമ്പോള്‍ എങ്കിലും പശ്ചാത്തപിച്ചാലോ? നല്ലവന്‍ ആയാലോ? സ്വര്‍ഗം എങ്കിലും കിട്ടുമല്ലോ ?
പാവം കാരണവര്‍ അച്ചനെയും കൂട്ടി ചെന്നു. മുറിയുടെ അകത്തേക്ക് കയറി. അച്ചന്‍ പുറകിലുണ്ട്.

കിടക്കുകയാണ് എം കീരിക്കാടന്‍. മച്ചിലേക്കും നോക്കികൊണ്ട്.

മുരടനക്കി പി കാരണവര്‍… പതുക്കെ- ‘കീരിക്കാടന്‍ ചേട്ടോ ‘ എന്ന് വിളിച്ചു.

കീരിക്കാടന്‍ ചേട്ടന്‍ പതുക്കെ മുഖം തിരിച്ച് ആഗതരെ നോക്കി. പഴയ അയല്‍വാസിയെ നോക്കി. അച്ചനെ വീക്ഷിച്ചു. ക്ഷീണിതന്‍ ആണെങ്കിലും നല്ല ബോധം ഉണ്ട്. പാവം കാരണവരുടെ മനസ്സ് അലിഞ്ഞു: പാവം, മരിക്കാന്‍ ഇനി അധികം കാലമില്ല.

‘ഉം , എന്താ വന്നത് ?’ വിറയാര്‍ന്നതെങ്കിലും ഗൗരവമുണ്ട് കീരിക്കാടന്‍ ചേട്ടന്റെ സ്വരത്തില്‍.
‘അത് ചുമ്മാ ഒന്ന് കാണാന്‍ വന്നതാ ‘

‘ഓ, ആണല്ലേ .’

‘ഉം’

പതുക്കെ വിറച്ചു വിറച്ചു മുതുക്കന്‍ കീരിക്കാടന്‍ ചേട്ടന്‍ കൈകള്‍ ഉയര്‍ത്തി. കൈ കൂപ്പി ക്ഷമ പറയാന്‍ ആയിരിക്കും, അയല്‍വാസി കരുതി.

കൈകള്‍ പതുക്കെ മുണ്ടിന്റെ അടുത്തേക്ക് പോയി.

കഷ്ടപ്പെട്ട് കീരിക്കാടന്‍ ചേട്ടന്‍ മുണ്ട് പൊക്കി. ജെട്ടിയില്ല ! ഉണങ്ങിയതും ചുക്കിച്ചുളിഞ്ഞതും ആണെങ്കിലും കാണാന്‍ പാടില്ലാത്ത ഒക്കെ വെളിപ്പെട്ടു.

‘ദേ… കണ്ടോ. ‘ കീരിക്കാടന്‍ ചേട്ടന്‍ മൊഴിഞ്ഞു. ‘കാണാന്‍ വന്നതല്ലേ.’

സത്യത്തില്‍ കീരിക്കാടന്‍ ചേട്ടനോട് എനിക്ക് ലേശം ബഹുമാനം തോന്നായ്ക ഇല്ല. ചാകാന്‍ പോകുമ്പോഴും വ്യക്തിത്വത്തില്‍ ഉറച്ചു നിന്നല്ലോ. അല്ലാതെ, അവസാന കാലത്ത്: അയ്യോ ഞാന്‍ ഇനി നന്നാകാമേ, എല്ലാരും ക്ഷമിക്കണേ’ എന്നും പറഞ്ഞ് കരഞ്ഞെങ്കില്‍ കംപ്ലീറ്റ് കുളമായേനെ. പ്രയോജനം ഒട്ടില്ലതാനും. ഇത് സെല്‍ഫ് റെസ്‌പെക്റ്റ് കീപ്പ് ചെയ്തു.

ഈ നൂറു ശതമാനം സംഭവ കഥയും ഇനി ഞാന്‍ പറയാന്‍ പോകുന്നതുമായി യാതൊരു ബന്ധവും ഇല്ല. എന്തെങ്കിലും സാമ്യമോ, സാദൃശ്യമോ, ഒക്കെ തോന്നുന്നുണ്ടെങ്കില്‍ അത് വായിക്കുന്നവരുടെ മാത്രം കുഴപ്പമാണ്.

"</p

അതായത്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്ന ഒരു സാധനം ഉണ്ട്. പണ്ട് കാലത്ത് ബ്രിട്ടീഷുകാര്‍ അവരുടെ ജി എം സി പോലെ ഉണ്ടാക്കിയതാണ്. പിന്നീട് 1950 കളില്‍, ഇന്ത്യന്‍ നിയമസഭ മെഡിക്കല്‍ കൗണ്‍സിലിന് വളരെ അധികം ഉത്തരവാദിത്വങ്ങളും അധികാരവും നല്‍കി.

എന്നുവച്ചാല്‍, നല്ലവരായ ഇന്ത്യയിലെ ജനങ്ങള്‍, നല്ലവരാണ് എന്ന് അവര്‍ കരുതുന്ന തങ്ങളുടെ സ്വന്തം ഡോക്ടര്‍മാരെ സ്‌നേഹപൂര്‍വ്വം ഏല്‍പ്പിച്ചതാണ് ഈ വിപുലമായ അധികാരങ്ങള്‍.

സ്വയം നന്നാവാനും നന്നാക്കാനും ശിക്ഷിക്കാനും ഉള്ള അധികാരം, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഏതാണ്ട് പൂര്‍ണമായ നിയന്ത്രണം എന്നിവ കൗണ്‍സിലിനെ രാജ്യം ഏല്‍പിച്ചതാണ്.

കൗണ്‍സിലിനെ വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല. നമ്മുടെ സ്വന്തം കീരിക്കാടന്‍… അല്ല കൗണ്‍സില്‍ ആണല്ലോ.

ഇപ്പോള്‍ കൗണ്‍സിലിനെ ഓര്‍ക്കാന്‍ കാരണം, എന്റെ പ്രിയ സുഹൃത്തും മിടുമിടുക്കനും, ഹൃദയശസ്ത്രക്രിയ ഡോക്ടറും, ഇന്ത്യയിലെ മികച്ച ഒരു ഹൃദയ ശസ്ത്രക്രിയ വിഭാഗത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്വന്തം ഭഗീരഥ പ്രയത്നത്താല്‍ ഉണ്ടാക്കി എടുത്തവനും ആയ ജയകുമാറിനെ കേരളത്തില്‍ നിന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു എന്ന വാര്‍ത്ത കേട്ടത് കൊണ്ടാണ്.

വളരെ നല്ല തീരുമാനം. മാത്രമല്ല, കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളായി ഭയങ്കര നല്ല കുട്ടിയാണ് കൗണ്‍സില്‍. അഴിമതി പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. ബയോമെട്രിക് പഞ്ചിങ്, കര്‍ശന നിലപാടുകള്‍, നല്ല ആള്‍ക്കാരെ തിരഞ്ഞെടുക്കുന്നു, ആകെ ജഗപൊഗ.

ഇതിനു മുന്‍പേ തിരഞ്ഞെടുത്തവര്‍ പലരെയും എന്തിനാണ് എടുത്തത് എന്ന് മിക്ക ഡോക്ടര്‍മാര്‍ക്കും തീരെ മനസ്സിലായിട്ടില്ല.

ഈ കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍, അതിപ്രധാന തീരുമാനങ്ങള്‍ എടുക്കാനായി മാത്രം ഉണ്ടാക്കുന്ന ഒരു ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി കൂടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഇത് വരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയുണ്ടായി. കെട്ടിപ്പിടിച്ച് അഭിനന്ദിക്കേണ്ടതാണ്. അതിനു പകരം; ‘പോയി ചത്തൂടെടോ’ എന്ന് ചോദിച്ചത്രേ!

ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസം അധോലോക വ്യവസായമായി വളരുമ്പോള്‍

മെഡിക്കല്‍ കൗണ്‍സിലിനെ പിരിച്ചു വിട്ട് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള ഒരു നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉണ്ടാകാന്‍ പോകുകയാണത്രേ.

ശരിക്കും അന്യായമാണ്. എല്ലാം കൈയില്‍ അടക്കിവയ്ക്കാന്‍ അല്ലെങ്കിലും ഇപ്പോള്‍ വലിയ ആക്രാന്തം ആണല്ലോ. പക്ഷെ പഴയ, ചെറുപ്പകാലത്തെ നനയ്ക്കാത്ത കോണന്റെ നാറ്റം കാരണം ആര്‍ക്കും അധികം മിണ്ടാനും പറ്റുന്നില്ല. കുറച്ചു നാള്‍ അല്ലല്ലോ… പത്തറുപത് കൊല്ലം ആയി നനച്ചിട്ടേ ഇല്ലല്ലോ.

അവസാന കാലത്തെങ്കിലും നന്നായതു കൊണ്ട് സ്വര്‍ഗം കിട്ടുമായിരിക്കും.

മെഡിക്കല്‍ കൗണ്‍സില്‍ കൊണ്ട് ഗുണം ഉണ്ടായിട്ടില്ല എന്ന് പറയാന്‍ പറ്റില്ല. തര്‍ക്കത്തില്‍ ഗുണം എനിക്ക് ഉണ്ടായിട്ടുണ്ട്!

അതായത്, ഈ ഇന്ത്യ മഹാരാജ്യത്തിലെ എല്ലാ മനുഷ്യരുടെയും പോലെ ഞങ്ങള്‍ ഡോക്ടര്‍മാരും ചിലപ്പോള്‍ ഈ പരദൂഷണം പറയും. അവസാനം ചിലര്‍, എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം വിദ്യാഭ്യാസം ഇല്ലാത്ത രാഷ്ട്രീയക്കാര്‍ ആണെന്ന് പറഞ്ഞുവയ്ക്കും. ഞാന്‍ അതിനെ ശക്തിയുക്തം എതിര്‍ക്കും. അപ്പോള്‍ പലരും കൂടി എന്നെ എതിര്‍ക്കും. അവസാനം ഞാന്‍ പറയും:

‘ങ്ങള് ന്തൂട്ടാ ഈ പറേണെ? ഈ മെഡിക്കല്‍ കൗണ്‍സിലില്‍ കംപ്ലീറ്റ് ആരാ? മ്മള് ഡോക്ടര്‍മാര്‍ക്ക് വിവരൊല്യേ? വിദ്യാഭ്യാസോല്യേ?’

ആളുകള്‍ മിണ്ടാതെ നോക്കും. അപ്പോള്‍ ഈ ഞാന്‍, ഒറ്റ ചോദ്യമാണ്:

‘ന്നിട്ട് എന്തുട്ടാ ണ്ടായേ ?’

ഒരു കണക്കിന് മുതുക്കന്‍ കീരിക്കാടന്‍ ആയിരുന്നു ഭേദം. അവസാന കാലത്തും തനി കൊണം കാണിച്ചു വ്യക്തിത്വം കാത്തു സൂക്ഷിച്ചല്ലോ.

ആള്‍ക്കാര്‍ തമ്മില്‍ നോക്കും. ‘അപ്പൊ ബാ , പൂവ്വാം .’

തര്‍ക്കം കഴിഞ്ഞു.

എന്തോ ആരവം കേള്‍ക്കുന്നില്ലേ? ‘കീരിക്കാടന്‍ ചത്തേ….’ . ഇനി ഏതു ഗുണ്ടയാണോ വരാന്‍ പോണേ? അത് കാരണം സന്തോഷിക്കണോ അതോ ദു:ഖിക്കണോ? അച്ഛാ ദിന്‍ വരുമോ അതോ ഇച്ചീച്ചി ദിന്‍ വരുമോ? കാത്തിരുന്നു കാണാം .

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍