UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

ചെങ്ങന്നൂര്‍ വിശകലനം: അതിജീവന ഏകോപനത്തെ വര്‍ഗീയ ധ്രുവീകരണം എന്നല്ല വിളിക്കേണ്ടത്

രാഷ്ട്രീയ വോട്ട് എന്ന ഒന്നുണ്ട്. അത് ആരും ആരെയും ചുമന്ന് കൊണ്ടുപോയി ചെയ്യിക്കേണ്ടതില്ല. അത് രേഖപ്പെടുത്തപ്പെട്ടിരിക്കും.

ഒന്ന്

പ്രബുദ്ധമായ രാഷ്ട്രീയ വോട്ടുകള്‍ വേണ്ടപ്പോള്‍ ഒന്നിക്കും

ചെങ്ങന്നൂരില്‍ ഒരു പഞ്ചായത്ത് പോലും ഒഴിവാക്കാതെ എല്ലാറ്റിലും എല്‍ഡിഎഫ് തന്നെ ഒന്നാംസ്ഥാനത്ത് വന്നു. കഴിഞ്ഞ തവണ വിജയിച്ചപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ പതിനാലായിരത്തോളം വോട്ട് അധികം നേടിയാണ്‌ ഇക്കുറി വിജയം. ഭൂരിപക്ഷമാകട്ടെ കഴിഞ്ഞതവണത്തെ എഴായിരത്തില്‍പ്പരം എന്നതില്‍ നിന്നും ഇരുപതിനായിരത്തിനു മേല്‍ കുതിച്ചു കയറി പുതിയ റെക്കോഡ് സ്ഥാപിക്കുകയും ചെയ്തു.

ആറായിരത്തിലധികം വോട്ട് ഇക്കുറി അധികമായി പോള്‍ ചെയ്യപ്പെട്ടു എന്നതിനാല്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ്സിന്റെ വിജയകുമാറിനും കഴിഞ്ഞ തവണത്തേക്കാള്‍ ആയിരത്തില്‍പ്പരം വോട്ട് അധികം കിട്ടി. എന്നാല്‍ പോള്‍ ചെയ്ത വോട്ടില്‍ ഈ വര്‍ദ്ധനവ് ഉണ്ടായപ്പോഴും പി എസ് ശ്രിധരന്‍ പിള്ളയ്ക്ക് എഴായിരത്തോളം വോട്ട് കുറയുകയായിരുന്നു.
ഇതാണ് ഇതുവരെ ലഭ്യമായ കണക്കുകള്‍ വച്ച് വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന ഈ ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം. ഇനി നമുക്ക് പരാജയപ്പെട്ട കോണ്‍ഗ്രസ്, ബിജെപി കക്ഷികളുടെ വിലയിരുത്തലുകളിലേക്ക് വരാം.

വര്‍ഗീയ ധ്രുവീകരണം

കടുത്ത വര്‍ഗീയ ധ്രുവീകരണം നടത്തിയാണ് ഇടതുപക്ഷം ഈ വിജയം നേടിയത് എന്നാണ് തോറ്റ ഇരുമുന്നണികളുടെയും വാദം. അത് ശരിയാവണമെങ്കില്‍ ഒരു പ്രത്യേക വിഭാഗത്തിന് മേല്‍ക്കൈയുള്ള വാര്‍ഡുകളില്‍ നിന്നാവണം ഇടതുപക്ഷത്തിന് ഭൂരിപക്ഷം വോട്ടുകളും ലഭിച്ചത്. ചിലയിടങ്ങളില്‍ മൃഗീയ ഭുരിപക്ഷവും ചിലയിടങ്ങളില്‍ നാമമാത്രമായ വോട്ടുമായി ആവും അത്തരം വിജയങ്ങള്‍ വാര്‍ഡ്‌ തിരിച്ചുള്ള കണക്കെടുപ്പില്‍ പ്രതിഫലിക്കുക എന്നത് സ്വാഭാവികം.

ചെങ്ങന്നുരിന്റെ വാര്‍ഡ്‌ തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം നോക്കുക. ഒരു പഞ്ചായത്തില്‍ പോലും ഇക്കുറി എല്‍ഡിഎഫ് രണ്ടാമതായിട്ടില്ല. അപ്പോള്‍ ഈ പറയുന്ന ധ്രുവീകരണം എവിടെ നടന്നു എന്നാണ്?

ചെങ്ങന്നൂരില്‍ ബഹുഭൂരിപക്ഷം ഹിന്ദുക്കളും പിന്നെ കൃസ്ത്യാനികളും ആണ്. ഹിന്ദുക്കളില്‍ തന്നെ നായര്‍ സമുദായത്തിന് മേല്‍ക്കൈ ഉള്ള ഒരു പ്രദേശമാണ് അത്. കേരളത്തില്‍ പലയിടങ്ങളിലും എന്ന പോലെ ഈഴവ സമുദായവും ഇവിടെ പ്രബലമാണ്. മുസ്ലീങ്ങള്‍ നാമമാത്ര സാന്നിധ്യവും. അപ്പോള്‍ എല്ലായിടത്തും ഇവര്‍ ഇടകലര്‍ന്ന് അല്ലായെങ്കില്‍ ചില വാര്‍ഡുകള്‍ ഒന്നുകില്‍ നായര്‍, ഇഴവ, അല്ലെങ്കില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമായിരിക്കണം. എല്ലാ വാര്‍ഡിലും ഒരേ പാര്‍ട്ടി മുമ്പില്‍ വന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.അപ്പോള്‍ പിന്നെ ആ ജയിച്ച പാര്‍ട്ടി ഏത് ജാതി, മത സമുദായത്തെ ഏതിനെതിരെ ധ്രുവീകരിച്ചു എന്നാണ് വാദം?

വര്‍ഗീയ രാഷ്ട്രിയത്തിലെ ചില ആശയക്കുഴപ്പങ്ങള്‍

2011 സെന്‍സസ് പ്രകാരം കേരളത്തിന്റെ ജനസംഖ്യയില്‍ 27 ശതമാനം മുസ്ലിങ്ങളും 18.5 ശതമാനം ക്രിസ്ത്യാനികളുമാണ്. ബാക്കിയില്‍ 21 ശതമാനം ഈഴവ സമുദായവും 12 ശതമാനം നായര്‍ സമുദായവും വരും. പട്ടികജാതി, പട്ടികവര്‍ഗ്ഗം ഒരുമിച്ച് കുട്ടിയാല്‍ 11, ബ്രാഹ്മണര്‍, നമ്പൂതിരി എല്ലാം ചേര്‍ത്ത് രണ്ട്, ബാക്കി അഞ്ചര ശതമാനം.

ഇത് തെളിയിക്കുന്നത് ഇന്ത്യയിലെ പൊതു അവസ്ഥയില്‍നിന്നും വ്യത്യസ്ഥമായി ന്യൂനപക്ഷ സമുദായങ്ങള്‍ ഇവിടെ ജനസംഖ്യയുടെ നാല്പത്തഞ്ചര ശതമാനം ഉണ്ട് എന്നതാണ്. ഇതില്‍ വിമോചന സമരകാലം മുതല്‍ക്കേ കോണ്‍ഗ്രസ് കണ്ടിരുന്ന ഒരു വിജയ ഫോര്‍മുല ദൈവവിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും എതിരാണ് ഭൌതികവാദികളായ കമ്യൂണിസ്റ്റുകള്‍ എന്ന പ്രചരണത്തിലൂടെ മതന്യുനപക്ഷങ്ങളില്‍ നല്ലൊരു ശതമാനത്തെ കൂടെ നിര്‍ത്തുക, ഒപ്പം അവര്‍ അധികാരത്തില്‍ വന്നാല്‍ ‘കണ്ട ചാത്തനെയും ചോത്തിയെയും വരെ തലയില്‍ കയറ്റി ഇരുത്തും’ എന്നുപറഞ്ഞ് ജാതി ഹിന്ദുവിനെയും (അതില്‍ മുസ്ലീം, ക്രിസ്ത്യന്‍ സവര്‍ണ്ണരും പെടും) ഒപ്പം നിര്‍ത്തുക. അങ്ങനെ വിജയിക്കുക എന്നതാണ്.

കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ സവര്‍ണ്ണ ഹിന്ദുത്വത്തെ, ജാതിബോധം മുന്‍നിര്‍ത്തി ഏകോപിപ്പിച്ചു. മതേതര മാനവികതയുടെ ജനാധിപത്യദര്‍ശനങ്ങളില്‍ നിന്നും മതവിരുദ്ധ കമ്യൂണിസ്റ്റ് എന്ന വ്യാജ പ്രചാരണത്തിലൂടെ മതന്യൂനപക്ഷങ്ങളെ ധ്രുവീകരിച്ചു. അങ്ങനെ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നിലനിര്‍ത്തി പോന്നിരുന്നതാണ് വിമോചനസമരാനന്തര കേരള വലത് രാഷ്ട്രീയം. ഇനിയും സംശയമുള്ളവര്‍ വിമോചന സമരകാലത്തെ പ്രശസ്തമായ മുദ്രാവാക്യങ്ങള്‍ ഒന്ന് ഓര്‍ത്തുനോക്കിയാല്‍ മതി.

അത്തരം ഒരു രാഷ്ട്രീയ സ്ഥലത്തേക്കാണ് പച്ചയായ ഹിന്ദുത്വ രാഷ്ട്രീയം കടന്നുവരുന്നത്. മുസ്ലീം ആണ് ദേശീയ ശത്രുവെന്ന് പ്രഖ്യാപിക്കുന്നത്. അതിനോട് എന്ത് നിലപാടെടുക്കും? കേരളത്തില്‍ 45 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളെ വ്യാജ പ്രചരണങ്ങള്‍ വഴി കൂടെനിര്‍ത്തി ഭരിച്ച് പോരുന്നവരുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് പാടവം പോര 70 ശതമാനത്തില്‍ അധികം ഹിന്ദുക്കളുള്ള ഇന്ത്യയില്‍. വര്‍ത്തമാന സാഹചര്യത്തില്‍ ആ 70 ശതമാനം ഉപയോഗിച്ച് നടത്തിയ സോഷ്യല്‍ എഞ്ചിനീയറിംഗ് വഴി തങ്ങളുടെ തട്ടകങ്ങളില്‍ പലതില്‍ നിന്നും അവരെ പുറത്താക്കിയ അമിത് ഷാമാര്‍ക്ക് മുമ്പില്‍ ഉമ്മന്‍ചാണ്ടിമാരുടെ ചാണക്യ ശാസ്ത്രം പരാജയപ്പെടുന്നതും സ്വാഭാവികം.

കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇതത്ര പ്രകടമായി കേരളത്തില്‍ പ്രതിഫലിച്ചില്ല. എന്നാല്‍ തീവ്ര ഹിന്ദുത്വം വെറും മുപ്പത് ശതമാനം ഹിന്ദുത്വ വോട്ടുകള്‍ (അത് മുഴുവന്‍ ഹിന്ദുക്കള്‍ എന്ന് എടുത്താല്‍ പോലും) ഏകോപിപ്പിച്ചതോടെ ഇന്ത്യയില്‍ നിന്നും വലിയൊരളവില്‍ കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെട്ടു (അണികളും അനുഭാവികളുമല്ല, നേതാക്കള്‍) എന്നത് കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നത് സ്വാഭാവികം. ആ വീണ്ടുവിചാരം തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ്സിനെ ധര്‍മ്മസങ്കടത്തില്‍ ആക്കുന്നതും.

ജാതി ഹിന്ദുവിനോട് എന്ത് നിലപാടെടുക്കണം?

എല്‍ഡിഎഫ് വന്‍ തോതില്‍ വര്‍ഗീയധ്രുവീകരണം നടത്തി എന്ന്, അതുവഴി കേരളത്തില്‍ നിലനിന്നുപോരുന്ന ഒരു പാര്‍ട്ടിയും അതുകൊണ്ട് മാത്രം ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിയും ഒരുപോലെ പറയുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നം മറ്റൊന്നാണ് എന്ന് വ്യക്തമാകുന്നു. ജാതിഹിന്ദുവിനോട്, ഹിന്ദുത്വ വാദത്തിനോട് എന്ത് നിലപാടെടുക്കും എന്നതാണ് ആ പ്രശ്നം. ബിജെപിക്ക് അതില്‍ ആശയക്കുഴപ്പമൊന്നുമില്ല. കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ “കട്ടന്തറയില്‍ മുക്കളയിടുന്ന” ബിജെപി പ്രതിനിധികളെ കണ്ട് അങ്ങനെ തെറ്റിദ്ധരിക്കുകയും വേണ്ട. എന്നാല്‍ പലരും കരുതുന്നതുപോലെ ബിജെപിയെ തുറന്നെതിര്‍ക്കണോ, മയത്തില്‍ എതിര്‍ക്കണോ എന്നതല്ല കോണ്‍ഗ്രസ് നേരിടുന്ന ആശയക്കുഴപ്പം, അത് ജാതിഹിന്ദുവിനോട്, ഹിന്ദുത്വത്തിനോട് (ഹിന്ദുവിനോടല്ല: ജാതിഹിന്ദു എന്നതോ, ഹിന്ദുത്വവാദി എന്നതോ ഹിന്ദുമതത്തില്‍ അടയാളപ്പെടുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ പ്രതിനിധാനവുമല്ല) എന്ത് നിലപാട്‌ എടുക്കണം എന്നതാണ്.

അവരുടെ കണക്കുകൂട്ടല്‍ ലളിതമാണ്. വല്ലാതെ അവമതിക്കപ്പെട്ടതിനെ തുടര്‍ന്ന് മാണി ഇറങ്ങിപ്പോയി രണ്ടുമല്ലാതെ നില്‍ക്കുമ്പോഴും ക്രിസ്ത്യന്‍ മതാധികാര സ്ഥാപനങ്ങളുമായി കോണ്‍ഗ്രസ്സിന് ഇടനിലക്കാര്‍ ഇല്ലാത്ത അവസ്ഥയൊന്നും ഉണ്ടായിട്ടില്ല. മദ്യനയം എന്ന പിടിവള്ളിയും ഉണ്ട്. ഇതൊക്കെ ഉള്ളപ്പോഴും ഇത്തിരി വൈകിയായാലും മാണിയും തിരികെ വന്നു. പരമ്പരാഗത മൃദുഹിന്ദുത്വം വഴി കിട്ടാവുന്ന ജാതിഹിന്ദുവിന്റെ വോട്ട് കുടിയായാല്‍ സുരക്ഷിതം എന്ന് കരുതി. അതുകൊണ്ട് തന്നെ ഹിന്ദുത്വത്തിനോടുള്ള മൃദുസമീപനം അവര്‍ തുടര്‍ന്നു.

ആര്‍എസ്എസിന്റെ കൈയിലുള്ള അയ്യപ്പ സേവാ സംഘം എന്ന ‘മതേതര സാമൂഹ്യ, സാംസ്കാരിക സംഘടന’യുടെ പ്രസിഡന്റ് എന്നത് ഇക്കുറി വിജയകുമാറിന്റെ ബാക്കി യോഗ്യതയൊക്കെ ഇല്ലാതാക്കുന്ന യോഗ്യത ആയതിന്റെ കാരണവും മറ്റൊന്നല്ല.

രാഷ്ട്രീയ വോട്ട് എന്ന വിചിത്ര സാധനം

ആ നിലപാടില്ലായ്മ തന്നെയാണ് ചെങ്ങന്നൂരില്‍ നടന്ന തുറന്ന ത്രികോണ മത്സരത്തില്‍ അവര്‍ക്ക് തിരിച്ചടിയായതും. മുസ്ലീം ലീഗിന്റെ കോട്ടയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഈ ആശയക്കുഴപ്പം ഇല്ലായിരുന്നു. അവര്‍ ആ സീറ്റുകള്‍ നിലനിര്‍ത്തി. അവിടെ ഈ നിലപാട് ബന്ധിയായ ആശയക്കുഴപ്പം സ്വാഭാവികമായും ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ നാല്പത്തിരണ്ടായിരം വോട്ട് പിടിച്ച് ചെറിയ മാര്‍ജ്ജിനില്‍ മൂന്നാം സ്ഥാനത്ത് വന്ന ബിജെപിയുടെ വോട്ട് കുറച്ച് പിടിക്കാനായാല്‍ പരമ്പരാഗത ക്രിസ്ത്യന്‍, ഹിന്ദു വോട്ടുകളും ചേര്‍ത്ത് വിജയിക്കാനാവും എന്ന കണക്കുകൂട്ടല്‍. എന്നാല്‍ അതുവഴി ഇല്ലാതാകാന്‍ സാധ്യതയുള്ള ന്യൂനപക്ഷ വോട്ടുകള്‍ അവര്‍ കണക്ക് കൂട്ടിയുമില്ല.

ഒപ്പം സാധാരണ കോണ്‍ഗ്രസുകാര്‍ തിരഞ്ഞെടുപ്പ് വന്നാല്‍ ബൂത്ത് തല സമ്മേളനം തൊട്ട് അണികളെ ഓര്‍മ്മപ്പെടുത്തുന്ന ഒന്ന്, കമ്യൂണിസ്റ്റ് അനുഭാവികള്‍ ചാവാന്‍ കിടന്നാലും കൈമാത്രം ഉയിര്‍ത്ത് ചെന്ന് അരിവാള്‍ ചുറ്റികയില്‍ കുത്തിയ ശേഷമേ പ്രപഞ്ച നിയമത്തിന് വിധേയമാകൂ, പക്ഷേ നമ്മള്‍ ജയിക്കണമെങ്കില്‍ മടിപിടിച്ച് വീട്ടിലിരിക്കുന്ന ‘അനുഭാവിക’ളെ ഉള്‍പ്പെടെ ചുമന്ന് ബൂത്തില്‍ എത്തിച്ചാലേ പറ്റൂ എന്നതാണത്. ഇതിനര്‍ത്ഥം മറ്റൊന്നുമല്ല, രാഷ്ട്രീയ വോട്ട് എന്ന ഒന്നുണ്ട്. അത് ആരും ആരെയും ചുമന്ന് കൊണ്ടുപോയി ചെയ്യിക്കേണ്ടതില്ല. അത് രേഖപ്പെടുത്തപ്പെട്ടിരിക്കും.

വോട്ട് മറിക്കലുമായി ബന്ധപ്പെട്ട് ഡൊമിനിക്ക് പ്രസന്റേഷന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതും വാസ്തവമാണ്. വോട്ട് മറിക്കല്‍ എന്ന പരിപാടി കോണ്‍ഗ്രസില്‍ ഇല്ല. പുള്ളി പറഞ്ഞത് പോലെ അത് സാധ്യമാകും വിധമുള്ള ഒരു സംഘടനാ സംവിധാനമൊന്നും കോണ്‍ഗ്രസില്‍ ഇല്ല. ഇന്‍ഡിവിജ്വല്‍ വോട്ടറെ മുതല്‍ എംഎല്‍എയെ വരെ പര്‍ച്ചേയ്സ് ചെയ്യുക എന്നത് ഇതര സംഘടനകള്‍ക്ക് അവരുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചെയ്യാം, പക്ഷെ കോണ്‍ഗ്രസിന് അതിനുള്ള ചാനല്‍ പോലും ഇല്ല. അതുകൊണ്ട് ബിജെപിക്കാര്‍ പറയുന്നത് പോലെ കോണ്‍ഗ്രസ് വോട്ടുമറിച്ച് എല്‍ഡിഎഫിന് കൊടുക്കുക സാധ്യമല്ല.

എന്നാല്‍ തിരിച്ച് ഉണ്ടായിട്ടുമുണ്ട്. അതും എല്‍ഡിഎഫ് എന്നൊന്നും പറയുന്നില്ല, സിപിഎം. അവര്‍ക്ക് സംഘടനാ ചട്ടക്കൂടുണ്ട്. നേരത്തെ പറഞ്ഞപോലെ ചത്താലും മറക്കാത്ത രാഷ്ട്രീയ വോട്ടുണ്ട്. ബിജെപി എന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ സമഗ്ര ഭീഷണിയായ ഒന്ന് ജയിക്കും എന്ന് മനസിലായാല്‍ മനസില്‍ അരിവാളും ചുറ്റികയും കൂടുതല്‍ ആഴത്തില്‍ പതിപ്പിച്ചുകൊണ്ട് ആ ചാവാന്‍ കിടക്കുന്ന കൈകളും കൈപ്പത്തിയില്‍ പോയി വോട്ട് കുത്തി വരും. കാരണം വൈരുദ്ധ്യാത്മകമാണ്‌ അവരുടെ രാഷ്ടീയ ദര്‍ശനം. അതില്‍ ബിജെപിക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനും എതിരായ നിലപാട് രൂപപ്പെടുന്നത് ഈ മോദി സര്‍ക്കാര്‍ വന്നതിനുശേഷമൊന്നുമല്ല താനും.

ഒരു ലേഖനം; ഒരു ധ്രുവീകരണം!

ഇവിടെയാണ് പ്രശ്നത്തിന്റെ കേന്ദ്രം. ബിജെപി മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ തള്ളാന്‍ ഇവിടുത്തെ രാഷ്ട്രീയ വോട്ടുകള്‍ക്ക് ഒരുകാലത്തും ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. ആ രാഷ്ട്രീയതയ്ക്കുള്ളിലുള്ള ധ്രുവീകരണ സാധ്യതകളെ ആശ്രയിക്കുന്ന വലത് രാഷ്ട്രീയത്തിന് എന്നും ഉണ്ടായിരുന്നു താനും. അത് ഇന്ത്യയില്‍ മോദി ഭരിക്കുമ്പോള്‍ കേരളത്തില്‍ കൂടുതല്‍ പ്രകടമാകും എന്ന് മാത്രം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അയ്യപ്പ സേവാ സംഘം ഭാരവാഹിയാണ് എന്നത് ഇടതുപക്ഷം പറഞ്ഞപ്പോള്‍ മാത്രമാണ് ചെങ്ങന്നൂരുകാര്‍ അറിഞ്ഞത് എന്നൊക്കെ പറയുന്നത് തമാശ മാത്രമാണ്. ഇനി ഒരു പത്തര മാറ്റ് മതേതര സംഘടനയാണ് അത്, മതേതരത്വം ഉയര്‍ത്തി പിടിക്കാനാണ് അദ്ദേഹം അതില്‍ ഭാരവാഹിത്വം വഹിക്കുന്നത് എങ്കില്‍ അതും അവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് മനസിലാകുമല്ലോ. പാര്‍ട്ടിക്കാരല്ലാതെ ആരും വായിക്കാത്ത പത്രമാണ്‌ ദേശാഭിമാനി എന്നാണ് അവര്‍ ഉള്‍പ്പെടെ സിപിഎം വിരുദ്ധര്‍ പൊതുവില്‍ പറയുന്നതും. അപ്പോള്‍ അതില്‍ സിപിഎം സെക്രട്ടറി ഒരു ലേഖനം എഴുതിയ മാത്രയില്‍ ചെങ്ങന്നൂരില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായി എന്നൊക്കെ ആരോടാണ് പറയുന്നത്?

പ്രബുദ്ധമായ ഒരു രാഷ്ട്രീയത്തില്‍ ജനാധിപത്യം തന്നെ അപകടകരമാകുന്ന അവസ്ഥ വന്നാല്‍ ധനാത്മകമായ ഒരു ഏകോപനം സ്വാഭാവികമായി ഉണ്ടാവും: അതിന് ആനുപാതികമായി മെച്ചപ്പെട്ട മറ്റൊരു ചോയിസ് ഉണ്ട് എങ്കില്‍. കേരളത്തില്‍ അങ്ങനെയൊന്ന് രാഷ്ട്രീയമായുണ്ട്. അതുകൊണ്ട് അതിലേക്ക് ചായ്വും ഉണ്ടാകും. എന്നാല്‍ ആ രാഷ്ട്രീയം സംശയിക്കപ്പെടുന്ന അവസ്ഥ എന്നു വരുന്നുവോ അന്ന് അത് പിന്നെയും മാറും. ചിലപ്പോള്‍ അതിലും മോശമായ ഒന്നിലേയ്ക്ക്. അതാണ്‌ ഈ വിജയം തരുന്ന വെല്ലുവിളി. അത് അടുത്ത ഭാഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യാം.

ഈ എഴുതിവന്നതിനെ ചുരുക്കിയാല്‍ പൊതുവായ അപകടഘട്ടങ്ങളില്‍ മറ്റ് ആഭ്യന്തര ഭിന്നതകള്‍ മറന്ന് മനുഷ്യര്‍ ഒരുമിച്ച് നില്‍ക്കും. അതിനെ വര്‍ഗീയ ധ്രുവീകരണം എന്നൊന്നും വിളിച്ചിട്ട് കാര്യമില്ല, കരഞ്ഞിട്ടും. അപകടകരമായ ധ്രുവീകരണമല്ലത്, ധനാത്മകമായ ഏകോപനമാണ്.

കാരണം ഇവിടെ മനുഷ്യരെ ഏകോപിപ്പിക്കുന്നത് അതിജീവനബന്ധിയായ ഒരുതരം റിഫ്ലക്സ്‌ ആണ്.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍