UPDATES

ചെങ്ങറയുടെ 10 വര്‍ഷം: കേരളത്തിന്റെ നിലപാടെന്ത്?

ഹാരിസന്‍ കയ്യേറി വച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ ഏക്കറിലെ ഒരു തുണ്ട് ഭൂമി കൈയ്യേറി ജീവിക്കാന്‍ തത്രപ്പെടുന്ന ഈ സമരഭൂമിയിലെ ജനങ്ങളുടെ ഭാവി നിര്‍ണയിക്കുക കേരളം നല്‍കുന്ന പിന്തുണയായിരിക്കും

കയ്യില്‍ തൂങ്ങി മരിക്കുന്നതിനുള്ള കയറുമേന്തി മരത്തിന് മുകളിലിരിക്കുന്ന മനുഷ്യര്‍, ഒരു കയ്യില്‍ മണ്ണെണ്ണ കുപ്പിയും മറുകയ്യില്‍ കുഞ്ഞുങ്ങളുടെ കയ്യും പിടിച്ച് തീകൊളുത്തി മരിക്കാന്‍ നില്‍ക്കുന്ന സ്ത്രീകള്‍, കുട്ടികള്‍… ഇവരുടെ ചങ്കുതര്‍ക്കുന്ന മുദ്രവാക്യങ്ങള്‍. പത്തുവര്‍ഷം മുമ്പ്, ഓഗസ്ത് നാലിനാണ് ചെങ്ങറയിലെ സമരഭൂമിയിലേയ്ക്ക് കേരളത്തിലെ ജീവിക്കാന്‍ വഴി കണ്ടെത്താനാകാത്ത ഒരു കൂട്ടം ഭൂരഹിതര്‍ ഭൂമി കയ്യേറി ടെന്റടിച്ച് താമസിക്കുന്നത്. പത്തുവര്‍ഷം കഴിയുമ്പോള്‍ എന്താണ് ചെങ്ങറയിലെ അവസ്ഥ? ചെങ്ങറയില്‍ ഇന്ന് ജീവിക്കുന്ന മനുഷ്യവരുടെ അവസ്ഥകളെ കുറിച്ച് പൊതു സമൂഹത്തിന് താത്പര്യമോ സഹതാപമോ ഉണ്ടോ? അവിടത്തെ മനുഷ്യരോട് ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളത്?

എന്നെപ്പോലുള്ളയാളുകള്‍ക്ക് ചെങ്ങറയിലെ സമരം പ്രത്യേകതരത്തിലുള്ള സമരതന്ത്രത്തിന്റെ ഒരു പ്രതീകം കൂടിയാണ്. വളരെ അപൂര്‍വ്വമായി പരീക്ഷിക്കപ്പെട്ടിട്ടുള്ളതും എന്നാല്‍ വളരെ ശക്തിയുള്ളതും ഒരു പരിധിവരെ വിജയിച്ചിട്ടുള്ളതുമായ സമരതന്ത്രം. 2007-ല്‍ സമരം നടക്കുമ്പോള്‍, 2009-ല്‍, 2011-ല്‍ അങ്ങനെ പലസമയത്ത്, ചെങ്ങറയുടെ പല മുഖങ്ങളില്‍, അവിടെ പോവുകയും അവിടെയുള്ള മനുഷ്യരുമായി സംസാരിക്കുകയും ചെയ്തിട്ടുള്ളയാളാണ് ഞാന്‍. 2011-ശേഷം കഴിഞ്ഞ ആഴ്ചയാണ് ഞാന്‍ വീണ്ടും ചെങ്ങറയില്‍ പോകുന്നത്.

ചെങ്ങറയില്‍ ഇന്നു നാം ചെല്ലുമ്പോഴുള്ള പ്രധാന പ്രത്യേകത ളാഹ ഗോപാലന്‍ അവിടെ നിന്ന് അപ്രത്യക്ഷനായി എന്നുള്ളതാണ്. അയ്യങ്കാളിക്കും അംബേദ്കറിനുമൊപ്പം ളാഹയെ അവര്‍ പൂജിച്ചിരുന്ന കാലമാണ് 2007 ഒക്കെ. ളാഹയെന്ന നേതാവ് അപ്രത്യക്ഷനായ സ്ഥിതിക്ക് ആരാണ് ഇതിന് നേതൃത്വം കൊടുക്കുക എന്ന ചോദ്യത്തെ പുതിയ രീതിയില്‍ കാണണം. പഴയ കാലത്ത് ഒരു നേതാവ്, ആ നേതാവിന്റെ പ്രമാണിത്വമുള്ള നിലപാടുകള്‍, അങ്ങനെയൊക്കെ ഉണ്ടെങ്കിലേ ഒരു മുന്നേറ്റം ജയിക്കുവെന്ന തോന്നലൊക്കെ ഉണ്ടായിരുന്നു. ഇന്നിപ്പോ സാമൂഹ്യമുന്നേറ്റങ്ങളെ കുറിച്ച് പഠിക്കുന്നവര്‍ക്കറിയാം അങ്ങനെയല്ല കാര്യങ്ങളെന്ന്, മാത്രമല്ല അങ്ങനെ ഏക പുരുഷനേതാവിന്റെ കീഴില്‍ നടക്കുന്ന സമരങ്ങള്‍ക്ക് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്.

നേതൃത്വം എന്ന സങ്കല്പം ഇക്കാലത്ത് വളരെ മാറിയിരിക്കുന്നു. ഇന്നത്തെ കാലത്ത് ലോകം വളരെ പ്രതീക്ഷ കല്‍പ്പിക്കുന്നത് ചെറുപ്പക്കാരും സ്ത്രീകളും ഉള്‍പ്പെടുന്ന ഒരു സംഘം നയിക്കുന്ന സമരങ്ങളിലാണ്. അങ്ങനത്തെ ഒരു അവസ്ഥയില്‍ ഇന്ന് ചെങ്ങറയില്‍  കാണുന്ന മാറ്റം, അത്തരമൊരു മാറ്റത്തിലേയ്ക്കുള്ള ചുവടുവയ്പിന്റെ തുടക്കമാണ്. ഇപ്പോഴതത്ര വിജയമല്ലായിരിക്കാമെങ്കിലും അങ്ങനെയാകാനുള്ള സാധ്യതകളുണ്ടോ, അതിനാരൊക്കെ പിന്തുണ നല്‍കും, എന്തൊക്കെ തരത്തിലുള്ള പിന്തുണ ലഭിക്കുന്നുണ്ട്? ഇതൊക്കെ പ്രധാനമാണ്.

2500 കുടുംബങ്ങളോളമാണ് ആദ്യ ഘട്ടത്തില്‍ ചെങ്ങറയില്‍ കുടിയേറിയതെന്നാണ് പറയുന്നതെങ്കിലും സമരത്തിന്റെ പല ഘട്ടങ്ങളില്‍, വിജയ-പരാജയങ്ങളുടേയും ഒത്തുതീര്‍പ്പുകളുടേയും പലകാലങ്ങളില്‍, കുറച്ചു കുടംബങ്ങള്‍ മറ്റ് പലയിടങ്ങളിലും വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി പ്രതീക്ഷിച്ച് മാറുകയുണ്ടായി. അല്ലാതെ കുറേ പേര്‍ക്ക് അവിടുത്തെ ജീവിതാവസ്ഥകള്‍ സഹിക്കാന്‍ വയ്യാതെ സ്ഥലം വിടേണ്ടി വന്നു. എന്തായാലും പല അവസ്ഥകള്‍ക്കു ശേഷം ഇന്നിപ്പോള്‍ അറുന്നൂറോളം കുടുംബങ്ങള്‍ – യഥാര്‍ത്ഥത്തില്‍ 598 കുടംബങ്ങള്‍- അവിടെ താമസിക്കുന്നുണ്ടെന്നാണ് മനസിലാക്കിയത്.

ചെങ്ങറ ഒരു മാതൃകയാണ്, ഇതൊരു കോളനിയല്ല, പ്രത്യേകിച്ചും ജാതികോളനിയല്ല. ഈ സമരത്തിന്റെ പ്രത്യേകത നമുക്കറിയാവുന്നത് പോലെ പ്രത്യേക ഒരു ജാതിയുടേയോ സ്വത്വത്തിന്റേയോ പേരിലല്ല ജനങ്ങള്‍ വന്നിട്ടുള്ളത് എന്നുള്ളത് കൊണ്ടുതന്നെ, അവിടെയുള്ളവര് അവര് ഏത് ജാതി, മതത്തില്‍ പെട്ടവരാണെങ്കിലും അതിന്റെയുള്ളില്‍ അവര് അവരുടെതോയ ജീവിത രീതികളുമായി കൃത്യമായി ഭൂമി വിതരണം ചെയ്ത്, കൃഷി ചെയ്ത്, നല്ലവണ്ണം അധ്വാനിച്ച് അതിനുള്ളില്‍ ജീവിക്കാന്‍ ശ്രമിക്കുന്നു.

ആദ്യ കാലത്ത് ചെങ്ങറയില്‍ ചെല്ലുമ്പോള്‍ നമുക്കറിയാം അതൊരു റബ്ബര്‍ തോട്ടത്തിന്റെ ഭാഗമായിരുന്നു, ഇന്ന് ചെങ്ങറയില്‍ ചെല്ലുമ്പോള്‍ ഒരു റബ്ബര്‍ മരത്തിന്റെ കുറ്റിപോലും ഞാന്‍ കണ്ടില്ല. അഥവാ ഈ പത്തുവര്‍ഷങ്ങിലെ ജനങ്ങളുടെ അധ്വാനമാണ് ഇന്നവിടെ കാണുന്നത്. പല തരത്തിലുള്ള കൃഷി നമുക്ക് കാണാന്‍ പറ്റും. മോശം റോഡുകളാണ്, കൃഷി നശിപ്പിക്കുന്ന പന്നിക്കൂട്ടങ്ങള്‍ ഉണ്ട്, അതിനെയെല്ലാം നേരിട്ടും, നിവൃത്തികേടും കൊണ്ടും ആകാം, അവര്‍ അധ്വാനിച്ച് അവിടെ പല കൃഷിയും നടത്തുന്നത്. പല കുടംബങ്ങളും അമ്പത് സെന്റായി തിരിച്ചിട്ടുള്ള കൃഷിഭൂമികളില്‍ ഇങ്ങനെ കൃഷി ചെയ്ത് ജീവിക്കുകയാണ്. ഭൂമിശാസത്രപരമായി ആ സ്ഥലത്തിന് വന്നിട്ടുള്ള മാറ്റം അവരുടെ അധ്വാനത്തിന്റെ പ്രതീകമായും വിജയമായുമാണ് ഞാന്‍ കാണുന്നത്.

റോഡുകളുടെ അഭാവമാണ് ഒരു വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. ആ കുഴികള്‍ നിറഞ്ഞ നിരത്തുകളിലൂടെ ഒരു മാതിരി വണ്ടികള്‍ക്കൊന്നും സഞ്ചരിക്കാനാവില്ല. പെട്ടന്നൊരു അസുഖം വന്നാല്‍ ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ പ്രയാസമാണ് എന്ന് മാത്രമല്ല, അടുത്തൊരു ആശുപത്രിയും ഇല്ല. ചെറിയൊരു വിഭാഗം അധ്വാനിച്ച് പണമുണ്ടാക്കി താര്‍പ്പായകളൊക്കെ മാറ്റി കല്ലുവച്ച് വീടുകള്‍ പുതുക്കി പണിതിട്ടുണ്ട്. പക്ഷേ വലിയൊരു വിഭാഗം ആളുകളുടേതും പത്തുവര്‍ഷം മുമ്പ് ഉണ്ടാക്കിയ കറുത്ത താര്‍പ്പായ വിരിച്ച അതേ ടെന്റ് അങ്ങനെ തന്നെ നിലനില്‍ക്കുന്നു. ഇത്രയും അധ്വാനിച്ചിട്ടും അവരുടെ അവസ്ഥ അതാണെന്നാണ് സത്യം. അതിനകത്തുള്ള കൃഷികൊണ്ട് മാത്രം മെച്ചമില്ലാത്തതുകൊണ്ടാകാം, ഒരു വലിയ വിഭാഗം മനുഷ്യര്‍ പോകുന്നത് പുറത്തുള്ള നിര്‍മ്മാണമേഖലയിലെ തൊഴിലാളികളായാണ്-മേസ്തിരി പണി. അവിടെ ഈയടുത്തിടയ്ക്ക് ഒരു അംഗന്‍വാടി-സര്‍ക്കാര്‍ അംഗന്‍വാടിയൊന്നുമല്ല, അവര്‍ അതിന് അംഗന്‍വാടിയെന്ന് പേരുനല്‍കിരിക്കുന്നുവെന്ന് മാത്രം- ഒരു നഴ്‌സറി, പെണ്‍കുട്ടികള്‍ക്കായുള്ള ഒരു തയ്യല്‍ കേന്ദ്രം ഇവയൊക്കെ അവിടെ തുടങ്ങിയിരിക്കുന്നത് ഒരു അമേരിക്കന്‍ എന്‍.ജി.ഒ ആണ്. SALTS എന്നു പേരായ ആ എന്‍.ജി.ഒ അവിടെ എന്തു ചെയ്യുന്നുവെന്ന് ആലോചിക്കുന്നതിന് അപ്പുറം, അവിടത്തെ അവസ്ഥ വച്ചുനോക്കുമ്പോള്‍ അവിടുത്തെ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നുണ്ട്, അവര്‍ക്ക് യൂണിഫോം ലഭിക്കുന്നുണ്ട്, അവിടത്തെ പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ പഠിക്കാനുള്ള അവസ്ഥയുണ്ട് എന്നുള്ളത് വലിയ കാര്യമായാണ് അവര്‍ കാണുന്നത്. പിന്നെ സര്‍ക്കാരുപോലും യുദ്ധം ചെയ്യുന്ന, ഉപേക്ഷിക്കപ്പെട്ട ജനതയോട് ആരു ദയകാണിച്ചാലും ഏതു സൗകര്യം തുറന്നുകിട്ടിയാലും അത് സ്വീകരിക്കുന്നതില്‍ ആര്‍ക്കും പരാതി പറയാനാവില്ല.

വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കൂറ്റന്‍ മതിലിപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. അവിടെയുള്ള ജനങ്ങളുടെ കൂട്ടായ അധ്വാനമാണത്. തുടക്കത്തില്‍ നിന്നുള്ള ചെങ്ങറയില്‍ നിന്ന് വലിയ വ്യത്യാസം ആ കരിങ്കല്‍ ഭിത്തിയുണ്ടാക്കിയിട്ടുണ്ട്. പക്ഷേ അത് മുഴുവന്‍ ഭാഗങ്ങളേയും മറയ്ക്കുന്നില്ല എന്നത് കൊണ്ടുതന്നെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന്- ആനയായാലും പന്നിയായാലും-കൃഷിയെ രക്ഷിക്കാനുള്ള പരിഹാരമൊന്നും ആയിട്ടില്ല ഇതുവരെ. കുടിവെള്ളത്തിന്റെ പ്രശ്‌നവും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. 2011-ല്‍ ചെല്ലുമ്പോള്‍ ഒരു കിണര്‍ മാത്രമാണ് ഉണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ കൂടുതല്‍ കിണറുകളുണ്ട്. പക്ഷേ കുടിവെള്ളത്തിന് വേണ്ടി ഇപ്പോഴും അലയേണ്ട അവസ്ഥ മാറിയിട്ടില്ല. അതുപോലെ തന്നെയാണ് വൈദ്യുതിയില്ല എന്ന പ്രശ്‌നം. ഇന്നും മണ്ണെണ്ണ വെളിച്ചത്തിലാണ് കുട്ടികള്‍ പഠിക്കുന്നത്. പകലുമുഴുവന്‍ മണ്ണെണ്ണ സംഘടിപ്പിക്കാനുള്ള സ്ത്രീകളുടെ നെട്ടോട്ടമാണ്. അവര്‍ക്ക് റേഷന്‍ കാര്‍ഡില്ല. അതുകൊണ്ടുതന്നെ കരിഞ്ചന്തയെ ആശ്രയിച്ചുവേണം അവര്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാന്‍. നിയവിരുദ്ധമായി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ എന്ന നിലയില്‍ അവരുടെ നിയമവിരുദ്ധതയെ ചൂഷണം ചെയ്തു കൊഴുക്കുന്ന പുറത്തുള്ള ഒരു വിപണിയും ഇതിനെ ചുറ്റിപ്പറ്റി വളരുന്നുണ്ട്.

അതിനകത്തുള്ള പെണ്‍കുട്ടികളേയും സ്ത്രീകളേയും ഉപദ്രവിക്കാനും ചൂഷണം ചെയ്യാനും ശ്രമിക്കുക, അതിനകത്ത് മദ്യവും കഞ്ചാവും വില്‍ക്കുക തുടങ്ങിയിട്ടുള്ള ധാരാളം പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പലരേയും ഇതിന്റെ ഉത്തരവാദികളായി അവര്‍ കണക്കാക്കുന്നുണ്ട്. ചൂഷണങ്ങളുടേയും മദ്യ-മയക്കുമരുന്നുകളുടെയും സ്വാധീനത്തെ കുറിച്ച് അറിയാന്‍ പാടില്ലാത്തവരല്ല, ഇവിടെയുള്ള ദളിതരടങ്ങുന്ന ജനവിഭാഗങ്ങള്‍. അതുകൊണ്ട് തന്നെ അവരുടെ പരിസരങ്ങളില്‍, വാസസ്ഥലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍, പുതിയ വില്പനകള്‍ വന്നാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് അവര്‍ക്ക് കൃത്യമായി അറിയാം. അതുകൊണ്ടു തന്നെയാണ് അവര്‍ അതിനെ കൃത്യമായും എതിര്‍ക്കുന്നതും. ഇക്കാര്യങ്ങള്‍ കൂടി മനസിലാക്കിക്കൊണ്ടുവേണം ഇന്നത്തെ ചെങ്ങറയുടെ അവസ്ഥ മനസിലാക്കാന്‍. അതുകൊണ്ട് തന്നെ പത്തു വര്‍ഷങ്ങള്‍ക്കുമപ്പുറം അറുന്നൂറോളം കുടുംബങ്ങള്‍, പത്ത് മൂവായിരം പേര്‍, ഇന്നും ദൈനംദിനപോരാട്ടങ്ങളിലൂടെ അതിജീവിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ അര്‍ത്ഥം അവര്‍ ഇവിടം വിട്ട് പോകാന്‍ പോകുന്നില്ല എന്നതാണ്; അതുകൊണ്ട് തന്നെ ഇതൊരു വിജയിച്ച സമരം തന്നെയാണ്.

അവിടുത്തെ നേതൃത്വത്തില്‍ പല കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട് – സാധുജന വിമോചന സംയുക്ത വേദിക്കുള്ളില്‍ ളാഹ ഗോപാലനുമായുള്ള അഭിപ്രായ വ്യത്യാസം, ളാഹ ഗോപാലന്‍ അവിടം വിടുന്ന അവസ്ഥ, പുതുതായി ഉണ്ടാക്കിയ അംബേദ്കര്‍ സ്മാരക വികസന സൊസൈറ്റിയും സാധുജനവിമോചന സംയുക്തവേദിയുമായുള്ള അഭിപ്രാവ്യത്യാസങ്ങള്‍, അതിന് ശേഷം അവരു തമ്മില്‍ ധാരാളം ചര്‍ച്ചകള്‍, അവരുടെ ലയനം- ഈ ലയനം സംബന്ധിച്ച് അവര്‍ അടുത്തിടെ പത്രസമ്മേളനം നടത്തുകയും പുതിയ കരാറുകള്‍ ഉണ്ടാക്കുകയും ചെയ്തു. പുതിയ നിര്‍വ്വാഹകസമിതി ഉണ്ടാക്കി, വനിതകളെ അംഗങ്ങളാക്കി. പുതിയ പദ്ധതികള്‍ പലതും ആവിഷ്‌കരിച്ചു. പുതുതായി ഉണ്ടാക്കിയ നേതൃത്വത്തിന്റെ ശക്തിയില്‍ അവര്‍ മുന്നോട്ടുപോകുമെന്നാണ് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്.

അതേസമയം, പല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ളാഹയില്ലാത്ത ചെങ്ങറയില്‍ ഏതുതരത്തിലുള്ള താത്പര്യമാണുള്ളത് എന്നത് കാണാം, അതിപ്പോള്‍ ചെങ്ങറയില്‍ മാത്രമല്ല, ആറളത്തും കാണാം. ഒരു ബസ്സ്റ്റാന്‍ഡ് ഉണ്ടാക്കുക, ഒരു കട തുടങ്ങുക, ഒരു കൊടി കുത്തുക തുടങ്ങിയ നടപടികളിലൂടെ പാര്‍ട്ടികള്‍ അത് വഴി വരിക, പിന്നീട് ബിജെപിക്കോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ സമരവേദിയാക്കാന്‍ കഴിയുക. ഇത് ഇത്തരത്തിലുള്ള പ്രക്ഷോഭ ഭൂമികളിലൊക്കെ ഉണ്ടാകാറുള്ളതാണ്. അതിവിടെയും ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഈയടുത്തിടയ്ക്ക് നടന്ന ചില പ്രശ്‌നങ്ങള്‍. ഉദാഹരണത്തിന് ചെക് പോസ്റ്റ് മാറ്റണമെന്ന പേരില്‍ നടക്കുന്ന പ്രശ്‌നം. ചെങ്ങറ തുടങ്ങിയ കാലം മുതല്‍ അവിടെ ചെക്ക് പോസ്റ്റുണ്ട്. ആദ്യകാലത്ത് ചെങ്ങറ അറിയാവുന്നവര്‍ക്കറിയാം എന്തുകൊണ്ടാണ് അവിടെ ചെക്ക് പോസ്റ്റ് വേണ്ടി വന്നത് എന്ന്. ഒരു സ്ഥലത്ത് ആര് കേറണം, കേറണ്ട എന്ന് അവിടെ താമസിക്കുന്നവര്‍ക്ക് തീരുമാനിക്കാന്‍ അധികാരമില്ലെങ്കില്‍ ആദ്യമെടുത്ത് മാറ്റേണ്ടത് സമ്പന്നവര്‍ഗ്ഗത്തിന്റെ ഹൗസിങ് സൊസൈറ്റികളിലെ ചെക്ക് പോസ്റ്റുകളാണ്. അതുകഴിഞ്ഞിട്ട് മതി ചെങ്ങറ പോലുള്ള സ്ഥലങ്ങളിലെ കാര്യങ്ങള്‍.

ചെങ്ങറയിലെ മനുഷ്യര്‍ക്കിടയില്‍ ചില ഭിന്നിപ്പൊക്കെ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അവിടെ ജീവിക്കുന്ന മനുഷ്യര്‍ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയെ എളുപ്പത്തില്‍ വിശ്വസിക്കാനുള്ള സാധ്യത വളരെ കുറവാണ്. ചിലരൊക്കെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പിന്തുണ അര്‍പ്പിച്ച് വന്നാല്‍ പോലും പല പഴയ കാര്യങ്ങളും അവര്‍ക്ക് മറക്കാന്‍ പറ്റില്ല. അവരെ കള്ളന്മാരും മോഷ്ടാക്കളും തെണ്ടികളുമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതും അവരുടെ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതും അവരെ പിന്തുണച്ചവരുടെ സമരമുഖത്ത് ചാണകവെള്ളം തെളിച്ചതും അവരെ സി.ഐ.എ ഏജന്റ്സ് എന്നു വിളിച്ചതും ഒന്നും മറന്നിട്ടില്ലെന്ന് അവരോട് സംസാരിക്കുമ്പോള്‍ മനസിലാകും.

ഇതെല്ലാം നമ്മെ ഓര്‍മപ്പെടുത്തേണ്ട കാര്യം ഇത്തരത്തിലുള്ള എല്ലാ സമരവിഷയങ്ങളിലും- കേരളത്തിലെ ദളിതരുടേയും ആദിവാസികളുടേയും സ്ത്രീകളുടെയും വിഷയത്തില്‍- ഇവരുടെ ഉന്നമനവുമായി ബന്ധപ്പെട്ട സമരങ്ങളെ കേരളത്തില്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണ് എന്നതാണ്. ഇടതുപക്ഷത്തിന് ഇത്തരം സമരങ്ങളോടുണ്ടായിട്ടുള്ള ശത്രുത എടുത്ത് പറയേണ്ടതാണ്. ദളിതരും ആദിവാസികളും പാര്‍ട്ടി വിട്ടുപോവുക, പാര്‍ട്ടിക്കപ്പുറമുള്ള സ്വതന്ത്രമായ രാഷ്ട്രീയവും നിലപാടും കൈക്കൊള്ളുമ്പോള്‍ അവരോടുണ്ടാകുന്ന ശത്രുത… ഈ നിലപാടുകളില്‍ നിന്ന് ഇടതുപക്ഷം മാറിയേ തീരൂ; പ്രത്യേകിച്ചും ഇക്കാലത്ത്. ഇന്ന് കേരളത്തിലും ഇന്ത്യയിലും അവര്‍ക്ക് രാഷ്ട്രീയമായി വളരണമെന്നുണ്ടെങ്കില്‍, താന്‍പോരിമകള്‍ ഒരിടത്ത് മാറ്റിവച്ച് ഇത്തരം സമരങ്ങളെ പിന്തുണയ്ക്കുകയാണ് അവര്‍ ചെയ്യേണ്ടത്, ചെക്ക്‌പോസ്റ്റ് മാറ്റാനും കൊടികുത്താനും പോകാതെ, അവര്‍ക്ക് മണ്ണെണ്ണ ലഭിക്കുന്നുണ്ടോ, അംഗന്‍വാടിയില്‍ പുസ്തകം ആവശ്യമുണ്ടോ, ഭക്ഷണം ആവശ്യമുണ്ടോ, അവര്‍ക്ക് വൈദ്യുതിവേണമോ എന്നൊക്കെ അന്വേഷിച്ചാല്‍ അവര്‍ക്ക് ഇടതുപക്ഷത്തോടുള്ള സമീപനം തന്നെ മാറും. ആ രീതിയില്‍ കേരളത്തില്‍ ഇന്നത്തെ സര്‍ക്കാര്‍ ചിന്തിക്കേണ്ട കാലമാണിത്. അതാണ് ചെങ്ങറയുടെ ഭാവി നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ പ്രധാനമായിരിക്കുക. ഹാരിസണ്‍സ് കമ്പനി കൈയ്യേറി വച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയിലെ, ഒരു തുണ്ട് ഭൂമി കൈയ്യേറി ജീവിക്കാന്‍ തത്രപ്പെടുന്ന ഈ സമരഭൂമിയിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന നിലപാട് കേരളത്തിലെ പാര്‍ട്ടികളും പൊതുജനങ്ങളും കൈക്കൊള്ളുമ്പോഴായിരിക്കും ചെങ്ങറയിലെ സമരത്തിന്റെ ഭാവി നിര്‍ണ്ണയിക്കപ്പെടുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീരേഖ സതി

ശ്രീരേഖ സതി

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വിര്‍ജീനിയയില്‍ ഗ്ലോബല്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ അധ്യാപിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍