UPDATES

കെ.എ ഷാജി

കാഴ്ചപ്പാട്

സമൂഹം . കാഴ്ച . കാഴ്ചപ്പാട്

കെ.എ ഷാജി

ഈ മനുഷ്യരെ മറന്നാണ് വിപ്ലവ കേരളത്തിന്റെ ശുഭ്രനക്ഷത്രങ്ങളിൽ ഒന്ന് വരൂ ഈ അഗ്രഹാര തെരുവുകളിലെ ദുഃഖം കാണൂ എന്ന് പറഞ്ഞു വിലപിക്കുന്നത്

തുടർച്ചയായി മുപ്പത്തിയഞ്ചാം വർഷവും പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ എത്തുന്നവരെക്കുറിച്ച് എന്താണ് പറയാനുള്ളത്?

കെ.എ ഷാജി

മുപ്പത്തിയഞ്ച് വർഷം തുടർച്ചയായി ശബരിമല ചവിട്ടിയവരോ മലയാറ്റൂർ തീർത്ഥാടനത്തിന് പോയവരോ മമ്പറം പള്ളിയിൽ ആണ്ടുനേർച്ചയ്‌ക്ക്‌ പോയവരോ കുറവായിരിക്കും. എന്നാൽ തുടർച്ചയായി മുപ്പത്തിയഞ്ചാം വർഷവും പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ എത്തുന്നവരെക്കുറിച്ച് എന്താണ് പറയാനുള്ളത്? പ്രളയം ആചാരമോ ദുരിതാശ്വാസ ക്യാമ്പ് അനുഷ്ടാനമോ അല്ല. പാരമ്പര്യം ലംഘിക്കുന്നതിലെ വിമുഖത കൊണ്ടല്ല വീണ്ടും വീണ്ടും അവർ അരിയും വൈദ്യുതിയും ആവശ്യസാധനങ്ങളും ലഭ്യമാകാൻ പിരിവു നടത്തേണ്ടുന്ന ക്യാമ്പിൽ കൊല്ലം കൊല്ലം വന്നുകൊണ്ടിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ അവർക്കു പുതിയ അനുഭവം അല്ലെന്നും അവശ്യ സാഹചര്യങ്ങളിൽ അതുകൊണ്ട് തന്നെ അവർ ഒന്നിച്ചു ഒന്നായ് പ്രവർത്തിക്കുന്നു എന്നും ദുരന്ത നിവാരണ വിഭാഗം തലവൻ കൂടിയായ റവന്യൂ സെക്രട്ടറി പറയുമ്പോൾ അതിൽ വലിയ ആവേശമൊന്നും തോന്നാത്തതും അതുകൊണ്ടാണ്.

സി പി എം കുറുപ്പൻകുളങ്ങര ലോക്കൽ കമ്മറ്റി അംഗം എൻ എസ് ഓമനക്കുട്ടൻ നേരിട്ടത് വാസ്തവത്തിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ല. അദ്ദേഹവും അദ്ദേഹത്തിന്റെ ദളിത് കോളനിക്കാരും നേരിട്ടത് കേരളത്തെ സംബന്ധിച്ചിടത്തോളം വാസ്തവത്തിൽ ഒരു രോഗമല്ല മറിച്ചു രോഗലക്ഷണമാണ്. സംശയം ഉണ്ടെങ്കിൽ ചേർത്തലയിൽ നിന്നും അധികം അകലെയല്ലാതെ കുട്ടനാട്ടിലെ കൈനകരി പഞ്ചായത്ത് ഐലൻഡ് വാർഡിലേക്ക് പോകാം. എങ്ങനെയാണ് ഒരു ദളിത് ഗ്രാമം പ്രതിവർഷം എട്ടുമാസത്തോളം കാലം പ്രളയ ജലത്തിൽ ആണ്ട് കിടക്കുന്നതെന്ന് കാണാം. അവരെ വെള്ളത്തിൽ നിന്നുയർത്തിയെടുക്കാൻ വിദഗ്ദർ കാലങ്ങളായി സമർപ്പിച്ച പഠന റിപ്പോർട്ടുകൾ എലികരണ്ട് പോയോ പൊടിപിടിച്ചു പോയോ അതോ മഴ കൊണ്ടുപോയോ എന്നുപോലും ആർക്കും അറിയില്ല. ഓരോ പ്രളയകാലത്തും അവർ കാലാവസ്ഥാ വ്യതിയാനത്തിന്റെ രക്തസാക്ഷികൾ ആകുന്നു. ദൂരത്തുള്ള ഏതെങ്കിലും സർക്കാർ സ്‌കൂളിൽ അവർ മാറ്റി പാർപ്പിക്കപ്പെടുന്നു. വെള്ളം പൂർണ്ണമായും ഇറങ്ങും മുൻപ് തന്നെ തിരികെ കൊണ്ടുവിടപ്പെടുന്നു. വീണ്ടും ആവർത്തിക്കപ്പെടുന്ന ചെറുകിട പ്രളയങ്ങളിൽ അവരുടെ ജീവിതങ്ങൾ മുങ്ങിപ്പൊങ്ങുന്നു. റവന്യൂ സെക്രട്ടറി പറയുന്ന വിശാലമാപ്പിന്റെ പരിധിയിൽ കൈനകരി ഐലൻഡ് വാർഡ് പെടുമോ എന്നറിയില്ല.

മേലെ കുട്ടനാട്ടിലെ പെരിങ്ങറയിൽ റവന്യൂ സെക്രട്ടറി പോയി നോക്കണം. രണ്ടായിരത്തി പതിനാലിന് ശേഷം നാളിതുവരെയുള്ള വെള്ളപ്പൊക്കങ്ങളിൽ നൂറ്റി തൊണ്ണൂറ്റിയാറ് കുടുംബങ്ങൾക്ക് അന്തിയുറങ്ങാനും ഭക്ഷണം പാകം ചെയ്തു കഴിക്കാനും ഉള്ളത് കോമങ്കേരി കനാലിനു കുറുകെ ഉയരത്തിൽ പണിതിട്ടുള്ള പാലമെന്നോ കലുങ്കെന്നോ വിളിക്കാവുന്ന ഒരു സിമന്റ് നിർമ്മിതിയാണ്. അതിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് ഇത്രയധികം ആളുകൾ കോരിച്ചൊരിയുന്ന മഴയെ പ്രതിരോധിക്കുന്നത്. ഇവിടെയെല്ലാം ദുരിതാശ്വാസ ക്യാമ്പുകൾ മനുഷ്യർക്കു പുതിയ അനുഭവങ്ങൾ അല്ല. ഒന്നിച്ചു ഒന്നായി പ്രവർത്തിക്കുന്ന നവോത്ഥാന പാത തെരഞ്ഞെടുക്കുയല്ലാതെ അവർക്കു മുൻപിൽ പോംവഴികളും ഇല്ല. ശാശ്വത പരിഹാരങ്ങളുടെ വാഗ്ദാനങ്ങൾക്ക് എത്ര വയസ്സായിരുന്നു എന്നിവർക്ക് ഒന്നും നിശ്ചയമില്ല. ഇത് കുട്ടനാട്ടിലും ആലപ്പുഴയിലും മാത്രമല്ല. കായൽ നികത്തിയും അശാസ്ത്രീയമായി ബണ്ടുകെട്ടിയും വലിയ തോതിലുള്ള മണ്ണൊലിപ്പുകൾ സൃഷ്ടിച്ചും മുഖ്യധാരയിലെ വികസിത സമൂഹം കാലാവസ്ഥാ രക്തസാക്ഷികൾ ആക്കിയ നിരവധിയായ മനുഷ്യർ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. മുഖമില്ലാത്തവർ. മേൽവിലാസം കലുങ്ക് എന്നോ സ്കൂൾ എന്നോ കമ്യൂണിറ്റി ഹാൾ എന്നോ മാറ്റാൻ നിര്‍ബന്ധിതർ ആക്കപ്പെടുന്നവർ. പട്ടികവർഗക്കാർ. പട്ടികജാതിക്കാർ.

ഇവരുടെ ശിരസുകളിൽ കയറി താണ്ഡവ നൃത്തം ചവിട്ടിയാണ് മലയോര മാർക്സ് ബാവാ വാദി കയ്യേറ്റ കോൺഗ്രസ്സുകാർ കയ്യേറ്റങ്ങൾക്കും ആവാസവ്യവസ്ഥകളെ തകർക്കലിനും താത്വികം ചമയ്ക്കുന്നത്. ഈ മനുഷ്യരെ മറന്നാണ് വിപ്ലവ കേരളത്തിന്റെ ശുഭ്രനക്ഷത്രങ്ങളിൽ ഒന്ന് വരൂ ഈ അഗ്രഹാര തെരുവുകളിലെ ദുഃഖം കാണൂ എന്ന് പറഞ്ഞു വിലപിക്കുന്നത്. ബ്രാഹ്മണ ശാപത്തിൽ നാട് കരിഞ്ഞുപോകാതിരിക്കാൻ അവർക്കായി പൈതൃക ഭവന ബലപ്പെടുത്തലുകളും ഉന്നത സർക്കാർ ജോലികളും കുടുംബം ഒന്നിന് അയ്യഞ്ച് ലക്ഷം രൂപയുടെ സഹായങ്ങളും വീതം പ്രഖ്യാപിക്കുന്നത്.

ചതുപ്പുകളിലെ മൂന്ന് സെന്റ് കോളനികളിൽ കൊതുകും വെള്ളക്കെട്ടും റേഷൻ കഞ്ഞിയുമായി തങ്ങളുടേതല്ലാത്ത തെറ്റുകൾക്ക് നരകജീവിതം നയിക്കുന്ന ഒരു വലിയ ജനത നിങ്ങളുടെ ദൃഷ്ടിപഥങ്ങളിൽ വരുന്നില്ല. കുറ്റബോധത്തിൽ നിന്നുണ്ടാകുന്ന കാരുണ്യത്തിന്റെ ഉത്പന്നങ്ങളായ ചോറ് പൊതികൾക്കും പഴം തുണികൾക്കും അപ്പുറം ഇവർക്കെല്ലാം ശാശ്വതമായ പുനരധിവാസങ്ങൾ ആവശ്യമുണ്ട്. അവർക്കു വേണ്ടത് അവരുടെ അവകാശങ്ങളാണ്. അവരുടെ അധ്വാനത്തിൽ നിര്‍മ്മിച്ചുയർത്തിയ ഒരു അധികാര സംവിധാനത്തിന് കീഴിലെ തുല്യ നീതിയാണ്. ചുരുങ്ങിയത് വെള്ളം കയറാത്ത വീടുകൾ എങ്കിലുമാണ്. അവർ പുരോഗമന കേരളാ മോഡലുകൾക്ക് പുറത്തുള്ളവരാണ്. വെള്ളം കയറൽ ഒരു പ്രധാന വശം മാത്രമാണ്. സമഗ്രമായി കാലാവസ്ഥാ അഭയാർഥികളുടെ അതിജീവന പ്രശ്നങ്ങൾ അറിയാൻ സംസ്ഥാനത്തെ ഇരുപത്തേഴായിരം ദളിത് കോളനികൾ സന്ദർശിക്കണം. അപ്പോൾ പുതിയൊരു ദിശാബോധം കിട്ടും. പരിപ്രേക്ഷ്യം കിട്ടും. അപ്പോൾ മാത്രമേ മാപ്പു പറച്ചിലുകൾക്കു അർത്ഥമുണ്ടാകൂ. നീതിയെക്കുറിച്ചു വൈകി വന്ന ബോധങ്ങളിൽ കൃത്യത ഉണ്ടാകൂ.

വികസനങ്ങളുടെ രക്തസാക്ഷികൾ, കുടിയൊഴിക്കപ്പെട്ടവർ, ബഹിഷ്‌കൃതർ, പുറമ്പോക്കുകളിലെ കുടിലുകളിൽ തളച്ചിടപ്പെടുന്നവർ, നിങ്ങളുടെ സാമൂഹിക സുരക്ഷിതത്വ പദ്ധതികളിൽ കടന്നു കൂടാൻ പോലും യോഗ്യതയില്ലാത്തവർ. അവർക്കു മുന്നിൽ ചോദ്യങ്ങൾക്കു ക്ഷാമമില്ല. നിങ്ങൾക്ക് ഞങ്ങൾ അത് തന്നില്ലേ ഇത് തന്നില്ലേ എന്ന മട്ടിലുള്ള ചോദ്യങ്ങൾ. ഇവയൊക്കെ തരുന്ന നിങ്ങൾ ആരുടെ അധ്വാനത്തിൽ ജീവിക്കുന്നു എന്നതാണ് പരമമായ ചോദ്യം. അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത വലിയ മുതലാളിയുടെ മനുഷ്യ സ്നേഹം നമ്മൾ അവർത്തിച്ചു ചർച്ച ചെയ്യുമ്പോഴാണ് പ്രളയം ബാധിച്ച സാധാരണ ജനം അയാൾ നടത്തിയ തോട് കയ്യേറ്റം പൊളിച്ചു കളഞ്ഞു കാലാവസ്ഥാ നീതി നടപ്പാക്കുന്നത് എന്നത് വരാനിരിക്കുന്ന കാലത്തേക്കുള്ള മുന്നറിയിപ്പാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍