UPDATES

ട്രെന്‍ഡിങ്ങ്

മാത്യു ടി. തോമസ്‌ വര്‍ഗീയവാദിയാണോ? പ്രചരിപ്പിക്കുന്നത് സ്വന്തം പാര്‍ട്ടിയാണ്; ജെഡി(എസ്) അടുത്ത പിളര്‍പ്പിലേക്ക്?

കേരളത്തിൽ ജെ ഡി (എസ്) ന് ലഭിച്ച ഏക മന്ത്രിസ്ഥാനം (ജലവിഭവ വകുപ്പ്) കൈയ്യാളുന്നത് പാര്‍ട്ടിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന മാത്യു ടി. തോമസാണ്.

കെ എ ആന്റണി

കെ എ ആന്റണി

2014 ഫെബ്രുവരി 5-ന് പാലക്കാട് കോട്ട മൈതാനിയിൽ നടന്ന ലയന സമ്മേളനത്തിൽ വെച്ച് എസ്ജെഡി (സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക്‌) വിമത വിഭാഗം നേതാവ് കെ കൃഷ്ണൻ കുട്ടിയേയും അനുയായികളെയും തന്റെ പാർട്ടിയായ ജെ.ഡി-എസ് (ജനതാദൾ സെക്കുലർ) ലേക്ക് കൈപിടിച്ച് ആനയിക്കുന്ന വേളയിൽ പാർട്ടി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഇത് ലയനമല്ല; തറവാട്ടിലേക്കുള്ള തിരിച്ചു വരവാണ്. ഇവരുടെ ഈ മടങ്ങി വരവ് അടുത്ത് നടക്കാനിരിക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ ജെ ഡി (എസ്)ന്റെ കരങ്ങൾക്ക് ശക്തി പകരും.”

എം പി വീരേന്ദ്രകുമാറുമായി തെറ്റിപ്പിരിഞ്ഞ കൃഷ്ണന്‍ കുട്ടിയുടെയും അനുയായികളുടെയും തിരിച്ചുവരവ് കേരളത്തിൽ 2016-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജെ ഡി (എസ്) നും എൽഡിഎഫിനും മാത്രമല്ല കെ കൃഷ്ണൻകുട്ടിക്കും ഏറെ ഗുണം ചെയ്തു. നീണ്ട ഒരു ഇടവേളയ്ക്കു ശേഷം കെ കൃഷ്ണൻകുട്ടി എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ കേരള നിയമ സഭയിലേക്കുള്ള തിരിച്ചു വരവിനു കൂടി കളമൊരുക്കുന്നതായി അന്നത്തെ ആ ലയനം. എന്നാൽ ദേവഗൗഡ അന്നു പറഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് ഇങ്ങു പടിവാതില്‍ക്കൽ എത്തി നിൽക്കെ കേരളത്തിലെ ജെ ഡി (എസ്) മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ഏതാണ്ട് ഒരു പിളർപ്പിന്റെ വക്കിലാണ് ഇപ്പോള്‍ എത്തി നിൽക്കുന്നത്.

കേരളത്തിൽ ജെ ഡി (എസ്) ന് ലഭിച്ച ഏക മന്ത്രിസ്ഥാനം (ജലവിഭവ വകുപ്പ്) കൈയ്യാളുന്നത് പാര്‍ട്ടിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന മാത്യു ടി. തോമസാണ്. മാത്യു ടി. തോമസ് രാജി വെച്ച് മന്ത്രിസ്ഥാനം നിലവിൽ സംസ്ഥാന അധ്യക്ഷനായ കെ കൃഷ്ണൻകുട്ടിക്ക് നൽകണമെന്നാണ് ഇപ്പോൾ പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിക്കുന്നവർക്ക് നേതൃത്വം നൽകുന്നത് അദ്ദേഹം സമ്മതിച്ചാലും ഇല്ലെങ്കിലും കെ കൃഷ്ണൻകുട്ടി തന്നെയാണ്.

ജെ ഡി (എസ്) നേതാക്കളിൽ കൃഷ്ണൻ കുട്ടിക്ക് മാത്രമാണ് ഇതുവരെ മന്ത്രി യോഗം തരപ്പെടാത്തതെന്നും അതുകൊണ്ട് നിലവിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന് ഒരു അവസരം നല്‍കണം എന്ന മട്ടിൽ ആരംഭിച്ച കൃഷ്ണൻകുട്ടി അനുകൂല കാമ്പയിന്‍ മാത്യു ടി. തോമസിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന അവസ്ഥയിലേക്ക് വളർന്നിരിക്കുന്നു. പാർട്ടിക്കുള്ളിൽ നിന്നുള്ള സമ്മർദ്ദത്തിനു പുറമെ മാത്യു ടി. തോമസിനും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും ഫേസ്ബുക് പ്രചാരണവും നടക്കുന്നുണ്ട്. ഇതിനു നേതൃത്വം നല്‍കുന്നതാവട്ടെ കൃഷ്ണൻ കുട്ടിയുടെ പി എ ആണെന്നും ആരോപണമുണ്ട്.

മാർത്തോമാ സഭയിലെ ഒരു വൈദികന്റെ മകനായ മാത്യു ടി. തോമസ് ഒരു തികഞ്ഞ വർഗീയവാദിയാണെന്നും പ്രസ്തുത സഭയുമായുള്ള ബന്ധം ഉപയോഗിച്ചാണ് അദ്ദേഹം മന്ത്രിസ്ഥാനം നേടിയെടുത്തതെന്നും അതേ ബന്ധം ഉപയോഗിച്ചാണ് ഇപ്പോൾ മന്ത്രിസ്ഥാനം നിലനിര്‍ത്താൻ ശ്രമിക്കുന്നതെന്നും ഒക്കെയുള്ള ആരോപണങ്ങൾക്കൊപ്പം രണ്ടര വര്‍ഷം തികയുമ്പോൾ മന്ത്രിസ്ഥാനം മറ്റൊരു എംഎൽഎയ്ക്കു നൽകാമെന്ന് മന്ത്രിയാക്കുന്ന വേളയിൽ സമ്മതിച്ചിരുന്നു എന്നും കൃഷ്ണൻ കുട്ടി വിഭാഗം പറയുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു ഉടമ്പടി ഉണ്ടായിരുന്നില്ലെന്നാണ് മാത്യു ടി. തോമസ് പറയുന്നത്.

അടുത്തിടെ കൊച്ചിയിൽ നടന്ന ജെ ഡി (എസ്) നേതൃയോഗത്തിൽ ഈ വിഷയം ചർച്ചയായെങ്കിലും ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലിയുടെ നിർണായക ഇടപെടൽ കൃഷ്ണൻ കൂട്ടി വിഭാഗത്തിന് തിരിച്ചടിയായി. പ്രശ്നം പാർട്ടി ദേശീയ അധ്യക്ഷൻ ദേവഗൗഡയ്ക്കു വിടാനായിരുന്നു ഒടുവിൽ തീരുമാനമെങ്കിലും മാത്യുവിനെ മാറ്റി കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കിയേ അടങ്ങൂ എന്ന പിടിവാശിയിൽ തന്നെയാണ് കൃഷ്ണൻകുട്ടി അനുകൂല വിഭാഗം. ഈ പിടിവാശി എവിടെ ചെന്ന് അവസാനിക്കുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

ഒരു കാര്യം ഉറപ്പാണ്. ആർക്കും കീഴടങ്ങാൻ കൂട്ടാക്കാത്ത പോരാളിയാണ് ചിറ്റൂർ എംഎൽഎ കൃഷ്ണൻകുട്ടി. അതുകൊണ്ട് തന്നെ ജെ ഡി (എസ്) ലെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം അത്ര എളുപ്പത്തിലൊന്നും കെട്ടടങ്ങുമെന്നു കരുതേണ്ടതില്ല.

വീരേന്ദ്ര കുമാറിന്റെ മുന്നണി പ്രവേശം; ഇറക്കാനും തുപ്പാനുമാവാതെ മാത്യു ടി തോമസ്‌, ഇരു പാര്‍ട്ടികളിലും ഭിന്നിപ്പ്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍