UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

ട്രെന്‍ഡിങ്ങ്

16ൽ പന്ത്രണ്ടു പേരുടെ പേരെങ്കിലും പ്രഖ്യാപിക്കാൻ കഴിഞ്ഞല്ലോ..! കോണ്‍ഗ്രസില്‍ അതുതന്നെ വലിയ കാര്യം

ഗ്രൂപ്പുകളും ഗ്രൂപ്പുകൾക്കുള്ളിൽ ഗ്രൂപ്പുകളും ഉള്ള ഒരു പാർട്ടിയാവുമ്പോൾ ഇതൊക്കെ തികച്ചും സ്വാഭാവികം

കെ എ ആന്റണി

സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതും മണ്ഡലത്തിൽ ചുവരെഴുത്തു തുടങ്ങിയതിനു ശേഷം സ്ഥാനാർത്ഥിയെ മാറ്റുന്നതുമൊന്നും കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുതിയ കാര്യമൊന്നുമല്ല. ഗ്രൂപ്പുകളും ഗ്രൂപ്പുകൾക്കുള്ളിൽ ഗ്രൂപ്പുകളും ഉള്ള ഒരു പാർട്ടിയാവുമ്പോൾ ഇതൊക്കെ തികച്ചും സ്വാഭാവികം. കേരളത്തിൽ ആകെ 20 സീറ്റേ ഉള്ളൂ എന്നതും അതിൽ പതിനാറിടത്തു മാത്രമേ കോൺഗ്രസ് മത്സരിക്കുന്നുള്ളു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ ഗ്രൂപ്പ്, മതം, ജാതി, വിധേയത്വം എന്നിങ്ങനെ എന്തെല്ലാം ഘടകങ്ങൾ തലനാരിഴ കീറി പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം എടുപിടീന്ന് നടത്താൻ പറ്റുന്ന കാര്യങ്ങളല്ലോ. അപ്പോൾ പിന്നെ ഇന്നലെ രാത്രിയെങ്കിലും കേരളത്തിൽ നിന്നും മത്സരിക്കേണ്ട 16 കോൺഗ്രസ് സ്ഥാനാര്‍ത്ഥികളുടെയും പേരുകൾ ഒറ്റയടിക്ക് പ്രഖ്യാപിച്ചില്ലെന്നു പറഞ്ഞു കോൺഗ്രസ് ഹൈക്കമാൻഡിനെ കുറ്റം പറയുന്നതിൽ കാര്യമില്ലല്ലോ. ചുരുങ്ങിയ പക്ഷം 16ൽ പന്ത്രണ്ടു പേരുടെ പേരെങ്കിലും പ്രഖ്യാപിക്കാൻ കഴിഞ്ഞത് ഒരു വലിയ കാര്യമായി തന്നെ കാണണം.

ഇനിയിപ്പോൾ യു പിയും ബീഹാറുമൊക്കെ പോലെ ഒരു വലിയ സംസ്ഥാനമായിരുന്നു കേരളം എന്ന് കരുതുക. അങ്ങനെയായിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥ എന്നാലോചിച്ചു കുണ്ഠിതപ്പെടാനോ ഊറിച്ചിരിക്കാനോ വരട്ടെ. ഗോവയും ത്രിപുരയുമൊക്കെ പോലെ വെറും രണ്ടു സീറ്റോ അല്ലെങ്കിൽ നാഗാലാണ്ട്, മിസോറം തുടങ്ങിയിടങ്ങളിലേതുപോലെ കേവലം ഒരൊറ്റ സീറ്റോ മാത്രമേ കേരളത്തിൽ ഉള്ളുവെന്ന് തന്നെ വെക്കുക. അപ്പോഴും സ്ഥാനാർഥി പ്രഖ്യാപനം ഇതേപോലെ ഒക്കെ തന്നെയേ നടക്കാനിടയുള്ളു എന്ന് കേരളത്തിലെ കേരളത്തിലെ കോൺഗ്രസ്സുകാരെ നന്നായി മനസ്സിലാക്കിയിട്ടുള്ള ആരും സമ്മതിക്കുന്ന കാര്യമാണ്.

എന്തായാലും അവശേഷിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ വൈകാതെ തന്നെ പ്രഖ്യാപിക്കും എന്ന കാര്യത്തിൽ തർക്കമില്ല. അത് എത്രയും എളുപ്പത്തിലായാൽ അത്രയും നന്ന്. ഇക്കഴിഞ്ഞ ദിവസം ഒരു ചാനലില്‍ ഒരു യുവ കോൺഗ്രസ് നേതാവ് പറഞ്ഞത് സ്ഥാനാർത്ഥിയെ എത്ര വൈകി പ്രഖ്യാപിച്ചാലും ഓട്ടം എത്ര വൈകി തുടങ്ങിയാലും കോൺഗ്രസ് സ്ഥാനാർത്ഥികൾ കുതിച്ചു പായുമെന്നും അവസാന ലാപ്പും ഓടി വിജയ രേഖ കടക്കുമെന്നുമാണ്. പ്രതീക്ഷ. അതല്ലേ എല്ലാം. അതില്ലെങ്കിൽ പിന്നെ ഏതു മത്സരം?

ആകെയുള്ള 16 ൽ പന്ത്രണ്ടിടത്ത്‌ വൈകിയാണെങ്കിലും ഇന്നലെ രാത്രിയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷെ പ്രഖ്യാപനം വന്നു കഴിഞ്ഞപ്പോൾ ചിലയിടങ്ങളിൽ നിന്നും പതിവുപോലെ കരച്ചിലും പല്ലുകടിയുമൊക്കെ ഉയർന്നു കേട്ടു. കരച്ചിൽ പ്രധാനമായും ഉയർന്നത് എറണാകുളം, കാസർകോട് മണ്ഡലങ്ങളിൽ നിന്നാണ്.

കേരളത്തിൽ നിന്നുള്ള മുഴുവൻ സിറ്റിംഗ് എം പിമാരെയും മത്സരിപ്പിക്കും എന്നതായിരുന്നു നേരത്തെ കോൺഗ്രസ് നേതൃത്വം നടത്തിയ പ്രഖ്യാപനം. ഇത് വിശ്വസിച്ചു പ്രൊഫ. കെ വി തോമസ് സ്വന്തം മണ്ഡലമായ എറണാകുളത്ത്‌ ചെറിയ തോതിൽ പ്രചാരണവും ആരംഭിച്ചിരുന്നു. യുവ എം എൽ എ ഹൈബി ഈഡനെ എറണാകുളം മണ്ഡലത്തിൽ പരിഗണിക്കുന്നുവെന്ന വാർത്തകൾ അറിഞ്ഞിരുന്നെങ്കിലും തോമസ് മാഷ് അതൊന്നും കാര്യമാക്കിയില്ല. സീറ്റു തനിക്കുതന്നെ എന്ന ഉറച്ച വിശ്വാസത്തിൽ നിൽക്കുമ്പോഴാണ് ദേ വരുന്നു ഹൈബിയുടെ പേര്. മാഷ് എങ്ങിനെ നടുങ്ങാതിരിക്കും?

ഏതാണ്ട് ഇതേ അനുഭവം തന്നെയാണ് കാസർകോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു പ്രഖ്യാപനം എന്ന സാങ്കേതിക കടമ്പക്കു മുന്നിൽ ഹൃദയമിടിപ്പോടെ കാത്തിരുന്ന സുബ്ബയ്യ റൈക്കും ഉണ്ടായത്. ഏതാണ്ട് മുഴുവൻ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളും ശിപാർശ ചെയ്ത ഏക സ്ഥാനാർഥി ആയിരുന്നിട്ടും പ്രഖ്യാപനം വന്നപ്പോൾ കോൺഗ്രസ്സിനുവേണ്ടി പലതവണ കാസർകോട് മണ്ഡലത്തിൽ മത്സരിച്ചു ജയിക്കുകയും തോൽക്കുകയും ഒക്കെ ചെയ്ത ഐ രാമറൈയുടെ പുത്രന് സീറ്റില്ല. എങ്ങിനെ കരയാതിരിക്കും?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍