UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspectives

കെയ് ബെനഡിക്ട്

ട്രെന്‍ഡിങ്ങ്

കോൺഗ്രസ് മൃദുഹിന്ദുവായാല്‍ എന്താ കുഴപ്പം?

ബി ജെ പിയുടെ തീവ്രവാദ സ്വഭാവവും അഴിമതി നിറഞ്ഞതുമായ ഹിന്ദുത്വത്തെ നേരിടാൻ ഹിന്ദുമതത്തെ ചേർത്തുനിർത്തുമ്പോഴും അതിനു എല്ലാവരെയും ഉൾക്കൊള്ളാനും മതേതരമാകാനും കഴിയും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിലും കർണാടകയിലും നടത്തിയ ക്ഷേത്ര ദർശനങ്ങൾക്കും അമർനാഥ് യാത്രയ്ക്കും പിന്നാലെ പാർട്ടിയുടെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഗോ ശാലകളും, ഗോമൂത്രത്തിനെയും ചാണകത്തിന്റെയും വാണിജ്യാടിസ്ഥാനത്തിലുള ഉത്പാദനവും, രാം വൻ ഗമന്‍ പഥ വികസനവും, പുണ്യനദികളെ സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മ്മാവുമെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന നേതാവ് സി പി ജോഷി ഒരു പടികൂടി മുന്നിൽക്കടന്ന് കോൺഗ്രസ് പ്രധാനമന്ത്രിക്ക് മാത്രമേ അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കാനാകൂ എന്നും പറഞ്ഞു. ഹിന്ദുത്വയെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നതിനും ബി ജെ പിയുടെ ഒരു പകർപ്പാകുന്നതിന്റെയും പേരിൽ കോൺഗ്രസിനെ ഇടതുപക്ഷ, ഉദാര ചേരിയിലുള്ള ബുദ്ധിജീവികൾ ആക്രമിക്കുന്നുണ്ട്. ഈ വിമർശനം ന്യായീകരിക്കാവുന്നതാണോ? കോൺഗ്രസ് മതേതരത്വത്തെ കയ്യൊഴിഞ്ഞോ? ഇടതു ഉദാര നിരീക്ഷകർ മതേതര മൂല്യങ്ങളെ വഞ്ചിച്ചതിന്റെ പേരിൽ കോൺഗ്രസിനെ പഴിക്കുമ്പോഴും എന്തുകൊണ്ടാണ് കോൺഗ്രസ് തങ്ങളുടെ ഹിന്ദു പിന്തുണ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിൽ ബി ജെ പിയും ചില പ്രാദേശിക കക്ഷികളും അസ്വസ്ഥരാകുന്നത്?

ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിൽ പ്രസക്തമായിരിക്കണമെങ്കിൽ, തങ്ങളുടെ അടിസ്ഥാനപരമായി സാമൂഹ്യ-ഉദാര-മതേതര പ്രത്യയശാസ്ത്രവും ഇടതു-മധ്യ നിലപാടുകളും കയ്യൊഴിയാതെതന്നെ കോൺഗ്രസ് അവരുടെ നൂറ്റാണ്ടു പഴക്കമുള്ള അടവുകളും തന്ത്രങ്ങളും മെച്ചപ്പെടുത്തണം. ബി ജെ പിയുടെ തീവ്രവാദ സ്വഭാവവും അഴിമതി നിറഞ്ഞതുമായ ഹിന്ദുത്വത്തെ നേരിടാൻ ഹിന്ദുമതത്തെ ചേർത്തുനിർത്തുമ്പോഴും അതിനു എല്ലാവരെയും ഉൾക്കൊള്ളാനും മതേതരമാകാനും കഴിയും. 2014-നു ശേഷം രാഷ്ട്രീയം സാധാരണമല്ല. കോൺഗ്രസിന് അതിന്റെ പതിവ് രാഷ്ട്രീയം വെച്ച് ജയിക്കാനുമാകില്ല. കോൺഗ്രസിന്റെ ‘മുസ്‌ലിം പ്രീണനമെന്ന’ കള്ളപ്രചാരണം ബി ജെ പി വിജയകരമായി നടത്തുകയും കോൺഗ്രസിനതിനെ പ്രതിരോധിക്കാൻ കഴിയാതെ വരികയും ചെയ്തു. ഇപ്പോൾ ഒരു തിരുത്തലിനെന്ന രീതിയിൽ ഹിന്ദു പ്രീണനം പരീക്ഷിക്കുകയാണ് കോൺഗ്രസ്. എല്ലാവരെയും ഉൾക്കൊള്ളലും മനുഷ്യാവകാശങ്ങളും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുകയും തെരഞ്ഞെടുക്കപ്പെട്ടാൽ വിഭാഗീയ ശക്തികളെ ഉരുക്കുമുഷ്ടിയോടെ നേരിടുകയും ചെയ്യുന്ന കാലത്തോളം അതിനു ഇക്കാര്യത്തിൽ മുഖം കുനിക്കേണ്ട കാര്യമില്ല.

ഹിന്ദി ഹൃദയഭൂമിയിൽ മുസ്ലീങ്ങൾക്കിടയിലെ കോൺഗ്രസ് വിരുദ്ധതയാണ് 2014-ൽ ബി ജെ പിക്ക് കേവല ഭൂരിപക്ഷം നേടിക്കൊടുത്തതെന്ന് ചില കോൺഗ്രസ് നേതാക്കൾ കരുതുന്നു. 2013-ൽ യു പി, ബിഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, അസം , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി 20 മുതൽ 50 ശതമാനം വരെ മുസ്‌ലിം ജനസംഖ്യയുള്ള 180 ലോക്സഭാ മണ്ഡലങ്ങൾ കോൺഗ്രസ് തന്ത്രജ്ഞന്മാർ നോക്കിവെച്ചു. വിഭാഗീയ പ്രതിച്ഛായയുള്ള മോദിയെ പോലൊരു നേതാവിനെ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതോടെ ന്യൂനപക്ഷ സമുദായം ഒന്നടങ്കം കോൺഗ്രസിന് പിന്നിൽ അണിനിരക്കുമെന്നും അവർ കണക്കുകൂട്ടി. എന്നാലത് സംഭവിച്ചില്ല. പല സംസ്ഥാനങ്ങളിലും മുസ്ലീങ്ങൾ പ്രാദേശികകക്ഷികൾക്കൊപ്പം നിന്നു.

രണ്ടു കക്ഷികൾ തമ്മിൽ ഏറ്റുമുട്ടുന്ന, ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പല കാരണങ്ങൾകൊണ്ടുമാണ് കോൺഗ്രസ് തകർന്നുപോയത്. ഈ ഇരുകക്ഷി ഏറ്റുമുട്ടൽ സംസ്ഥാനങ്ങളിലെല്ലാം ഇപ്പോൾ ബി ജെ പിക്ക് സഹായകരമാകുന്ന വിധത്തിൽ മറ്റു ചെറുകക്ഷികൾക്കൂടി മത്സര രംഗത്തുണ്ട്. ഛത്തീസ്ഗഡിൽ മുൻ കോൺഗ്രസുകാരനായ അജിത് ജോഗിയും ബി എസ് പി നേതാവ് മായാവതിയും ചേർന്നുണ്ടാക്കിയ മൂന്നാം മുന്നണി കോൺഗ്രസിന്റെ വിജയസാധ്യതയെ അട്ടിമറിക്കാൻ പ്രാപ്തിയുള്ളതാണ്. കാവി രാഷ്ട്രീയത്തിന്റെ നിർലോഭ പിന്തുണയോടെ മധ്യപ്രദേശിലും ഒരു മൂന്നാം കക്ഷിയായി ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി എസ് പി. മറ്റു ചില സംസ്ഥാനങ്ങൾക്കൊപ്പം രാജസ്ഥാനിലും ഹരിയാനയിലും ആം ആദ്മി പാർട്ടിയും കണ്ണുവച്ചിട്ടുണ്ട്. വൈ എസ് ആർ കോൺഗ്രസിന്റെ വരവോടെ ആന്ധ്രയിലും മൂന്നാം കക്ഷിയായി. ഇപ്പറഞ്ഞ കക്ഷികൾക്കൊന്നും തന്നെ അടുത്ത ഭാവിയിലൊന്നും രാജ്യത്താകെ സ്വാധീനമുണ്ടാക്കാനുള്ള ഒരു സാധ്യതയുമില്ല. പ്രാദേശിക കക്ഷികൾ എത്രയും കൂടുന്നുവോ അത്രയുമത് രാഷ്ട്രീയ ഭീമനായ ബി ജെ പിക്ക് നല്ല വാർത്തയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ട പ്രളയത്തിൽ നിന്നും രക്ഷപ്പെടാൻ ഒന്നിച്ചുചേരുന്ന ‘പാമ്പുകളും കീരികളും, നായ്ക്കളും പൂച്ചകളും’ ആയാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ബി ജെ പി അധ്യക്ഷൻ അമിത് ഷാ പ്രതിപക്ഷ കക്ഷികളെ ഉപമിച്ചത്. ആറു മാസത്തിനു ശേഷം തങ്ങളുടെ ഹിന്ദു മുഖം വെച്ച് എം പി, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ബി ജെ പിക്ക് പോരാട്ടം കടുപ്പമാക്കിയപ്പോൾ പ്രധാനമന്ത്രി മോദിക്ക് ഷായുടെ മൃഗശാല ഒന്നു ചെറുതാക്കേണ്ടി വന്നു. നിസാമാബാദിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്ത മോദി പറഞ്ഞത്, മായാവതി(ബി എസ് പി), മമത (ടി എം സി) , ഇടതുപക്ഷം, അഖിലേഷ് (എസ് പി) എന്നതൊക്കെ കുഴപ്പമില്ല…നമ്മുടെ രാജ്യത്തുനിന്നും എന്നെന്നേക്കുമായി ഇല്ലാതാക്കേണ്ട ഏകകക്ഷി കോൺഗ്രസാണ്” എന്നാണ്. കോൺഗ്രസിനെ ഒറ്റപ്പെടുത്താനായി പ്രാദേശിക കക്ഷികളെ പുകഴ്ത്തിയ പ്രധാനമന്ത്രിയുടെ രാഷ്ട്രീയക്കെണി പക്ഷെ വിചാരിച്ച സ്വാധീനമേയല്ല ഉണ്ടാക്കുന്നത്. മുസ്‌ലിം വോട്ടുകൾ ധാരാളമായി ലഭിക്കുന്ന ഈ കക്ഷികൾക്ക് പ്രധാന്മന്ത്രിയുടെ പ്രശംസ രാഷ്ട്രീയമായി അത്ര നല്ല സന്ദേശമല്ല. വിശ്വസിക്കാൻ കൊള്ളാത്ത പ്രാദേശിക കക്ഷികൾ പലപ്പോഴും ബി ജെ പിയുമായി കൂടെക്കൂടിയിട്ടുണ്ടെന്നും മോദിയുടെ സാക്ഷ്യപത്രം 2019-ലേക്കുള്ള വാതിലുകൾ തുറന്നിടുന്നതിന്റെ ഭാഗമാണെന്നും മുസ്ലീങ്ങളെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗസ്.

ബി ജെ പിയെ ഭരണത്തിലേറ്റിയതിൽ കോൺഗ്രസിന് എത്രയും പങ്കുണ്ടോ അത്രയുംതന്നെ പങ്ക് ഇടത്, ഉദാര, ബുദ്ധിജീവി, പ്രാദേശിക നേതാക്കൾക്കുമുണ്ട്. അഴിമതി നിറഞ്ഞ കോൺഗ്രസിനെതിരെ എന്ന മട്ടിൽ അണ്ണാ ഹസാരെയുടെ ആൾക്കൂട്ടത്തിൽ ചേർന്നുകൊണ്ട് അവരും ബി ജെ പിക്കുള്ള കളമൊരുക്കിക്കൊടുത്തു. കൂറ്റൻ അഴിമതിയായ 2ജി കേൾക്കാനില്ലാതായി. മുഖ്യധാരാ മാധ്യമങ്ങൾ ഭരണകൂടത്തിനെ പിന്താങ്ങുകയോ അല്ലെങ്കിൽ നിശബ്ദമാവുകയോ ചെയ്യുന്നു. പല മുതിർന്ന മാധ്യമ പ്രവർത്തകരും ടെലിവിഷൻ അവതാരകരും സാസ്കാരിക ദേശീയതയുടെ ആർപ്പുവിളിക്കാരാകുന്നു.

ഈ പാശ്ചാത്തലത്തിലാണ് ഹിന്ദുക്കളെ തിരിച്ചുപിടിക്കാനുള്ള കോൺഗ്രസിന്റെ പിന്തിരിപ്പൻ അടവ് പ്രസക്തമാകുന്നത്. ഗുജറാത്ത് (80% ഹിന്ദുക്കൾ) തെരഞ്ഞെടുപ്പിൽ 27 തവണ ക്ഷേത്രസന്ദർശനം നടത്തി രാഹുൽ ഗാന്ധി ഈ സന്ദേശം നൽകി. ഈ മേഖലകളിൽ കോൺഗ്രസ് 18 സീറ്റുകളും നേടി. മധ്യപ്രദേശിൽ 80% ഹിന്ദുക്കളാണ്. രാജസ്ഥാനിൽ 88 ശതമാനത്തിനും ഛത്തീസ്ഗഡിൽ 87 ശതമാനത്തിനും മുകളിൽ. എം പിയിൽ വലിയൊരു നീക്കത്തിൽ കമ്പ്യൂട്ടർ ബാബാ എന്നറിയപ്പെടുന്ന സ്വാമി നാംദേവ് ത്യാഗിയടക്കമുള്ള പല മതനേതാക്കളും നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. “അവർക്ക് (ബി ജെ പി) 15 കൊല്ലം നൽകണമെങ്കിൽ കോൺഗ്രസിന് എന്തായാലും അഞ്ചു കൊല്ലം നൽകാൻ ഞങ്ങൾക്കാവും,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏതാണ്ട് 60 മണ്ഡലങ്ങളിൽ നിന്നുള്ള പ്രതികൂല വാർത്തകളുടെ പശ്ചാത്തലത്തിൽ ശിവരാജ് സിംഗ് ചൗഹാൻ സംഘ് നേതാക്കളുമായി നവംബർ 21-നു അർദ്ധരാത്രി 90 മിനിറ്റു നീണ്ട ചർച്ച നടത്തിയെന്നും പ്രചാരണം ഊർജിതമാക്കാൻ സഹായം തേടിയെന്നും ടൈംസ് ഓഫ് ഇന്ത്യ വാർത്ത നൽകി.

ഹിന്ദുക്കളെ ഒപ്പം നിർത്തുമ്പോഴും മുസ്ലീങ്ങളുടെ താത്പര്യങ്ങൾ ബലി കഴിക്കില്ലെന്നു കോൺഗ്രസ് അവർക്ക് ഉറപ്പു നൽകേണ്ടതുണ്ട്. ബുദ്ധിജീവികൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നില്ല, മിക്കപ്പോഴും ജയിക്കുന്നവർക്കൊപ്പവുമാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ അവരുടെ പാപങ്ങളെല്ലാം കഴുകിപ്പോകും. കോൺഗ്രസിന്റെ ഹിന്ദു തന്ത്രം ഈ സംസ്ഥാനങ്ങളിൽ ഫലിച്ചോ എന്നറിയാൻ ഒരാഴ്ച കൂടി കാത്തിരുന്നാൽ മതി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കോണ്‍ഗ്രസാണോ ബിജെപിയാണോ മികച്ച ഹിന്ദു പാര്‍ട്ടി എന്നതാണോ ഈ രാജ്യം നേരിടുന്ന പ്രശ്നം?

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; കോൺഗ്രസിനെ കാത്തിരിക്കുന്നത് ഗുജറാത്തോ?

രാഹുൽ ഗാന്ധിക്ക് അടവുകൾ പിഴയ്ക്കുന്നോ?

2019-ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ കാത്തിരിക്കുന്ന സംഘര്‍ഷങ്ങള്‍

ഇല്ലാതായ മോദി തരംഗത്തിലും പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന പ്രതിപക്ഷം, വീണ്ടും വല നെയ്യുന്ന ബിജെപി

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍