UPDATES

പ്രമോദ് പുഴങ്കര

കാഴ്ചപ്പാട്

ഫലശ്രുതി

പ്രമോദ് പുഴങ്കര

ട്രെന്‍ഡിങ്ങ്

നെഹ്‌റു കുടുംബം എന്ന മിത്ത്; കോൺഗ്രസിന് പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ഒരുത്തരമല്ല

എന്നാൽ പ്രിയങ്കയുടെ വരവ് രണ്ടും കല്പിച്ചുള്ള ഒരു പോരാട്ടത്തിനാണ് കോൺഗ്രസ് തയ്യാറായത് എന്ന പ്രതീതി രാജ്യത്താകെ കോൺഗ്രസ് സംഘടനയിൽ ഉണ്ടാക്കാൻ സഹായിക്കും.

ഒരു രോഗം ഏറെക്കാലം കഴിയുമ്പോൾ ഒരു സ്വഭാവവും ഒരു സ്വാഭാവികതയുമായി രോഗിക്ക് തോന്നുന്ന പോലെയാണ് കോൺഗ്രസിന് നെഹ്‌റു കുടുംബം. രോഗാവസ്ഥയുമായി ആ ശരീരം പൊരുത്തപ്പെടുന്നതുകൊണ്ടോ രോഗം ആ ശരീരത്തെ ദുർബലമാക്കാത്തതുകൊണ്ടോ അല്ല അങ്ങനെ തോന്നുന്നത്, മറിച്ച് അതിന്റെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനരഹിതമായിട്ട് ഏറെ നാളായതുകൊണ്ട് ആരോഗ്യം എന്താണെന്ന് ആ ശരീരം മറന്നിരിക്കുന്നു എന്നതുകൊണ്ടാണ്. ചിലപ്പോൾ അതൊരു phantom limb പോലെയാകാം. ശരീരത്തിൽ നിന്നും നഷ്ടപ്പെട്ടിട്ടും നിങ്ങളുടെ തലച്ചോറിൽ ആ അവയവം നിലനിൽക്കുന്നതുപോലെ. അതിലുള്ള കുഴപ്പം ആ അവയവം നിങ്ങളുടെ മാത്രം തോന്നലായി അവശേഷിക്കുകയും അതിന്റെ വേദനകളും സംവേദനങ്ങളും നിങ്ങൾക്കുള്ളിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഒന്നായി മാറുകയും അത് ചുറ്റിലും ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കാൻ പാകമല്ലാതെ വരികയും ചെയ്യുന്നു എന്നാണ്. നെഹ്‌റു കുടുംബത്തിന് കോൺഗ്രസ് എന്ന സംഘടനാ സംവിധാനത്തിനെയോ ഇന്ത്യൻ ജനാധിപത്യത്തെയോ സംബന്ധിച്ച് ഇപ്പോഴുള്ളത് അനിവാര്യമായും ഇത്തരത്തിലൊരു അവസ്ഥയുടെ സാമാന്യമായ സ്വഭാവമാണ്.

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഏതാണ്ടിത്തരത്തിലുള്ള ഒരു ചലനം മാത്രമാണ് സൃഷ്ടിക്കുക. കോൺഗ്രസിന്റെ സംഘടനാ സംവിധാനം ദയനീയമായ വിധം ദുര്‍ബലമായ ഉത്തർപ്രദേശിൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് തന്റെ താരപ്പൊലിമ മൂലം നേടാവുന്നതെന്തൊക്കെ എന്നത് വലിയ അവകാശവാദങ്ങളില്ലാതെ തന്നെയാണ് കോൺഗ്രസ് നേതൃത്വവും കാത്തിരിക്കുന്നത് എന്നുവേണം കരുതാൻ. തങ്ങളുടെ കുടുംബ മണ്ഡലങ്ങൾ എന്ന് കരുതുന്ന റായ് ബറേലിയും അമേത്തിയും നിലനിർത്തുക എന്നതിനപ്പുറമാണ് ഇത്തവണ പ്രിയങ്ക ഗാന്ധിയുടെ ചുമതല. എന്നാൽ അതൊട്ടും എളുപ്പമല്ല.

സമീപകാലത്തെ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഉത്തർപ്രദേശിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് 2009-ലാണ്. അന്ന് കോൺഗ്രസിന് കിട്ടിയത് 18.25 ശതമാനം വോട്ടും 21 സീറ്റുമാണ്. ബി ജെ പിക്ക് 17.50 ശതമാനം വോട്ടും 10 സീറ്റും കിട്ടി. വോട്ടു ശതമാനത്തിലും സീറ്റിലും മുന്നിൽ നിന്ന ബി എസ് പിക്കും സമാജ്‌വാദി പാർട്ടിക്കും യഥാക്രമം 27.42 ശതമാനം വോട്ട്, 20 സീറ്റ്, 23.26 ശതമാനം വോട്ട്, 23 സീറ്റ് എന്നും ലഭിച്ചു. ആ നേട്ടം നിലനിർത്താൻ 2014-ൽ കഴിഞ്ഞില്ലെന്നു മാത്രമല്ല വീണ്ടും അതിദയനീയമായ നിലയിലേക്ക് കോൺഗ്രസ് മടങ്ങിപ്പോയി. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ 7.5 ശതമാനം വോട്ടും സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും വിജയിച്ച രണ്ടു കുടുംബ സീറ്റുകളുമാണ് കോൺഗ്രസിന് ലഭിച്ചത്. ബി ജെ പിയും സഖ്യകക്ഷികളും കൂടി 42.30 ശതമാനം വോട്ടും 71 സീറ്റും നേടിയ ആ തെരഞ്ഞെടുപ്പിലും സീറ്റുകൾ വെറും അഞ്ചെണ്ണമായി കുറഞ്ഞ എസ് പിയും ഒരൊറ്റ സീറ്റുപോലും വിജയിക്കാതെ പോയ ബി എസ് പിയും തങ്ങളുടെ പ്രതിബദ്ധ വോട്ടുകളുടെ ഭൂരിഭാഗവും ഒരു പരിധിവരെ പിടിച്ചു നിർത്തി, യഥാക്രമം 22.3 ശതമാനവും 19.8 ശതമാനവും.

അവിടെ നിന്നും 2019-ലെ തെരഞ്ഞെടുപ്പിലേക്ക് കഷ്ടി രണ്ടര മാസം അവശേഷിക്കെ ഉത്തർപ്രദേശിലെ രാഷ്ട്രീയ ബലാബലത്തിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. 2014-ലെ മോദി തരംഗത്തിലും യുപിഎ വിരുദ്ധ തരംഗത്തിലും, സംസ്ഥാനത്തെ എസ് പി സർക്കാരിനെതിരായ വികാരത്തിലെല്ലാമായി ബിജെപി തൂത്തുവാരിയ തെരഞ്ഞെടുപ്പിലെ ഏറ്റവും മോശം പ്രകടനത്തിൽ പോലും ഒന്നിച്ചുകൂട്ടിയാൽ ബിജെപിയോളമോ അതിലേറെയോ വോട്ടുകൾ വാങ്ങാന്‍ കഴിയുന്ന ബി എസ് പി-എസ് പി സഖ്യം സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോവുകയാണ്.

ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് നടന്ന 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തെ എസ് പി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും വലിയ തോതിൽ ഹിന്ദുത്വ വർഗീയതയും ഉപയോഗിച്ചുകൊണ്ട് ബി ജെ പി 39.7 ശതമാനം വോട്ടുകൾ നേടി അധികാരത്തിലെത്തി. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുമായി. ഈ തെരഞ്ഞെടുപ്പിലും എസ് പി, ബി എസ് പി കക്ഷികൾക്ക് സീറ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായെങ്കിലും അവരുടെ പ്രതിബദ്ധ വോട്ടുകൾ ഒരു പരിധി വരെ ചോരാതെ നിർത്തി എന്ന് കാണാം. എസ് പി 21.8 ശതമാനം, ബി എസ് പി 22.8 ശതമാനം എന്നായിരുന്നു വോട്ടു നില. നിലവിലെ ഭരണകക്ഷി എന്ന നിലയിൽ എസ് പി കടുത്ത ഭരണവിരുദ്ധ പ്രഹരം ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പായിരുന്നു എന്നുകൂടി ഓർക്കണം. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടിയത് 6.2 ശതമാനം വോട്ടുകൾ. എസ് പി-ബി എസ് പി വോട്ടുകൾ ഒന്നിച്ചുചേർത്താൽ ബി ജെ പിയേക്കാളും വലിയ വോട്ടു ശതമാനം ആ തെരഞ്ഞെടുപ്പിലും കാണാം. വോട്ടുകൾ ഭിന്നിച്ചു പോയതുകൊണ്ടാണ് ബിജെപിക്ക് ആ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ വിജയം ലഭിച്ചത്. ഇത്തരത്തിൽ വോട്ടുകൾ ഭിന്നിക്കാത്ത ഒരു സഖ്യമുണ്ടാക്കി എന്നതുകൊണ്ടാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു പിയിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മറികടക്കാനാകാത്ത ഒരു തെരഞ്ഞെടുപ്പ് ഗണിതത്തിനു മുന്നിൽ ബിജെപി അന്തിച്ചു നിൽക്കാൻ പോകുന്നത്.

സംസ്ഥാനത്തെ ദളിത്, ഒബിസി, മുസ്ളീം, സവർണ വോട്ടു ബാങ്കുകളിലൊന്നും പ്രതിബദ്ധ വോട്ടുകളില്ലാത്ത കോൺഗ്രസിനാകട്ടെ സഖ്യത്തിൽ ഇടം കിട്ടാത്ത ഇപ്പോഴത്തെ നിലയിൽ ചില മണ്ഡലങ്ങളിൽ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് എന്തെങ്കിലും സാധ്യതയുണ്ടാക്കുക എന്ന ഗതികേട് മാത്രമേ ബാക്കിയുള്ളൂ. 2009-ൽ ബിജെപി വിരുദ്ധ മുസ്‌ലിം വോട്ടുകളിൽ ഒരു പങ്ക് കോൺഗ്രസിന് ലഭിച്ചിരുന്നു. ഒപ്പം ഒബിസികളിൽ ഒരു വിഭാഗവും ബിജെപിക്കും കോൺഗ്രസിനും ഇടയിൽ മാറിക്കളിച്ചിരുന്ന കുറെ സവർണ, ബ്രാഹ്മണ വോട്ടുകളും. എന്നാൽ കോൺഗ്രസ് പോലും പ്രതീക്ഷിക്കാതെ ലഭിച്ച ആ സീറ്റു നേട്ടത്തിന്റെ രാഷ്ട്രീയ സാഹചര്യം പാടെ മാറിയിരിക്കുന്നു ഇപ്പോൾ. 2009-ലെ ബിജെപിയല്ല ഇപ്പോഴുള്ളത്. രാജ്യത്താകെയും പ്രത്യേകിച്ച് ഉത്തർപ്രദേശിലും മുസ്ലീങ്ങൾ വളരെ കൃത്യമായി ദിനംപ്രതി എന്നരീതിയിൽ ഹിന്ദുത്വ ഭീകരതയുടെ അധികാരരൂപത്തിന്റെ ആക്രമണം പല രീതിയിലും നേരിടുകയാണ്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണെന്ന് ഉത്തർപ്രദേശിലെ മുസ്‌ലീങ്ങൾ ഒരു സംശയവുമില്ലാതെ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ അപൂർവം മണ്ഡലങ്ങളിലൊഴിച്ച് മറ്റെല്ലായിടത്തും അവർ ബിജെ പിയെ തോൽപ്പിക്കാൻ ഏറ്റവും സാധ്യതയുള്ള സ്ഥാനാർത്ഥിക്കോ കക്ഷിക്കോ സഖ്യത്തിനോ തന്നെയാകും വോട്ടു ചെയ്യുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മിക്ക മണ്ഡലങ്ങളിലും അത് എസ് പി-ബി എസ് പി സഖ്യമാണ്.

ദളിത് വോട്ടുകളുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയം പ്രകടിപ്പിച്ച ദളിത് വിരുദ്ധത വടക്കേ ഇന്ത്യയിൽ ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച ഗണ്യമായ ദളിത് വോട്ടുകൾ നഷ്ടപ്പെടും എന്നുറപ്പാക്കുന്നു. ബി എസ് പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ദളിത് വോട്ട് ചോർച്ചയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തവണ രാഷ്ട്രീയ ആത്മഹത്യ ഒഴിവാക്കാൻ മായാവതി സഖ്യത്തിന് തയ്യാറായത് പോലും.

നിലവിൽ ബിജെപിക്ക് കിട്ടുന്ന സവർണ വോട്ടുകൾ പത്തു ശതമാനം സാമ്പത്തിക സംവരണമെന്ന തട്ടിപ്പും ദളിത്-മുസ്‌ലിം-ഒബിസി കേന്ദ്രീകരണമെന്ന പരമ്പരാഗത ഹിന്ദുത്വ സവർണ വെപ്രാളവുമൊക്കെയായി സംഘപരിവാർ പിടിച്ചുനിർത്താനാണ് സാധ്യത. അതുകൊണ്ടുതന്നെ ഉത്തർപ്രദേശിൽ വലിയ അത്ഭുതങ്ങളൊന്നും പ്രിയങ്ക ഗാന്ധിയുടെ വരവോടെ കോൺഗ്രസ് പ്രതീക്ഷിക്കേണ്ടതില്ല.

എന്നാൽ പ്രിയങ്കയുടെ വരവ് രണ്ടും കല്പിച്ചുള്ള ഒരു പോരാട്ടത്തിനാണ് കോൺഗ്രസ് തയ്യാറായത് എന്ന പ്രതീതി രാജ്യത്താകെ കോൺഗ്രസ് സംഘടനയിൽ ഉണ്ടാക്കാൻ സഹായിക്കും. വാസ്തവവും അത് തന്നെയാണ്.

Also Read: എന്തുകൊണ്ടാണ് യു പിയിൽ കോൺഗ്രസ് ഒറ്റയ്ക്കു നിൽക്കുന്നത്? ഈ കണക്കുകള്‍ ബിജെപിയുടെ ഉറക്കം കെടുത്തും

നെഹ്‌റുവിനു ശേഷമുള്ള കോൺഗ്രസും നെഹ്‌റു കുടുംബവും ആ കക്ഷിയുടെ തെരഞ്ഞെടുപ്പ് പ്രകടനങ്ങളും വളരെ ഉപരിപ്ലവമായ രീതിയിലാണ് നെഹ്‌റു കുടുംബത്തിന്റെ മാസ്മരികത എന്ന വ്യാജബിംബത്തിൽ കൊണ്ട് ചാർത്തുന്നത്. നെഹ്രുവിന്റെ കാലത്ത് എന്തായാലും നെഹ്‌റു കുടുംബം എന്ന ആകർഷകത്വം ഇല്ല. സ്വാതന്ത്ര്യ സമരാനന്തര രാഷ്ട്രീയവും അതിൽ കോൺഗ്രസിന്റെ ചരിത്രം അതിനു നൽകിയ സാധുതയും അക്കാലത്ത് കോൺഗ്രസിന്റെ അപ്രമാദിത്വം നിലനിർത്തി. നെഹ്രുവിനെപ്പോലെ അത്രയും ദേശീയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ നേതാവ് പ്രതിപക്ഷത്ത് ഉണ്ടായിരുന്നുമില്ല. മാത്രവുമല്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആഭ്യന്തര പ്രതിപക്ഷം എന്ന സങ്കല്പം നയങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും രൂപത്തിൽ ശക്തിപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുമുള്ളൂ. കമ്മ്യൂണിസ്റ്റുകാരെ മാറ്റി നിർത്തിയാൽ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രതിപക്ഷവും രൂപപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ദേശീയ തലത്തിലും മിക്ക സംസ്ഥാനങ്ങളിലും ഇതായിരുന്നു അവസ്ഥ.

നെഹ്‌റുവിന്റെ കാലത്തു തന്നെ ഉയർന്നുവരാൻ തുടങ്ങിയ ജനകീയ അസംതൃപ്തികളും പ്രക്ഷോഭങ്ങളും നെഹ്രൂവിയൻ കാലത്തിനു ശേഷം ശക്തിപ്രാപിക്കാനും കോൺഗ്രസിന്റെ പതനം തുടങ്ങി. 1964-ൽ നെഹ്രുവിന്റെ മരണത്തെത്തുടർന്ന് ലാൽ ബഹാദൂർ ശാസ്ത്രിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതുതന്നെ അതിനകം കോൺഗ്രസിൽ രൂപപ്പെട്ട തീർത്തും ജനാധിപത്യവിരുദ്ധമായ പ്രവണതകളുടെ തുടർച്ചയായായിരുന്നു. നെഹ്രുവിന്റെ മരണത്തിനു മുമ്പായാണ് നിരവധി മുതിർന്ന മന്ത്രിമാർ രാജിവെച്ചുകൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കാമരാജ് പദ്ധതി (1963) അവതരിപ്പിക്കപ്പെട്ടത്. ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ പരാജയവും ജനങ്ങളിൽ നിന്നും ഒറ്റപ്പെടുകയാണെന്ന വാസ്തവുമായിരുന്നു ഇതിനു കാരണം. കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന ആറു മന്ത്രിമാരുടെ രാജി നെഹ്‌റു സ്വീകരിക്കുകയും ചെയ്തു. പിന്നീട് പലതവണ കോൺഗ്രസ്സിൽ ആവർത്തിക്കപ്പെട്ടിട്ടുള്ള ഒരു പ്രഹസനമായിരുന്നു അത്.

കാമാരാജ്, നിജലിംഗപ്പ, എസ് കെ പാട്ടീൽ, അതുല്യ ഘോഷ്, സഞ്ജീവ റെഡ്‌ഡി എന്നിവരുടെ നേതൃത്വത്തിലുള്ള ‘സിൻഡിക്കേറ്റ്’ മൊറാര്‍ജി ദേശായിയെ നീക്കിനിർത്തി ശാസ്ത്രിയെ പ്രധാനമന്ത്രിയാക്കാൻ മുൻകയ്യെടുത്തു. ശാസ്ത്രിയുടെ മരണശേഷം ദേശായി വീണ്ടും ശ്രമിച്ചെങ്കിലും സിൻഡിക്കേറ്റ് വൃദ്ധന്മാർ ദേശായിയെ വീണ്ടും മുക്കി. ദേശായിയെ വെട്ടാൻ പാകത്തിൽ ഒരു അടവായാണ് ഇന്ദിരാ ഗാന്ധിയെ അവർ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വെച്ചത്. അതിനുവേണ്ടുന്ന തരത്തിൽ ഇന്ദിരാ ഗാന്ധിക്ക് പാർട്ടിക്കുള്ളിലും സർക്കാരിലും നെഹ്‌റു അവസരം നൽകുകയും ചെയ്തിരുന്നു എന്നത് മറ്റൊരു കാര്യം.

പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ 1966 ജനുവരി 19-ന് കോൺഗ്രസ് പാർലമെന്ററി സമിതിയിൽ വോട്ടെടുപ്പ് നടന്നു. കോൺഗ്രസിന്റെ 14-ൽ 12 മുഖ്യമന്ത്രിമാരും ഇന്ദിരയെ പിന്തുണച്ചു. 169-നെതിരെ 365 വോട്ടുകൾക്ക് മൊറാർജി ദേശായിയുടെ സ്വപ്നം 1977-ലേക്ക് വീണ്ടും മാറ്റിവെക്കപ്പെട്ടു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി. നെഹ്‌റു കുടുംബം എന്നത് ഒരു അധികാരപ്രയോഗമായി.

1967-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും താഴേക്കു പോയി. ലോക്സഭയിലെ ഭൂരിപക്ഷം 520-ൽ 284 എന്ന നിലയിലെത്തി. ഒപ്പം 8 സംസ്ഥാനങ്ങളിലെ ഭരണവും അവർക്കു നഷ്ടമായി. പ്രാദേശിക കക്ഷികളും മറ്റ് ദേശീയ പ്രതിപക്ഷവും രാജ്യത്ത് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന് വിവിധ തലങ്ങളിൽ സംഘടിത രൂപം നൽകുന്നതിൽ വിജയിക്കാൻ തുടങ്ങിയിരുന്നു. രാജ്യത്ത് ഉയർന്നുവന്ന നിരവധിയായ ബഹുജന സമരങ്ങളും സിൻഡിക്കേറ്റ് വൃദ്ധന്മാരുടെ വലതുപക്ഷ സാമ്പത്തിക നയങ്ങളും ബാങ്ക് ദേശസാത്കരണം പോലുള്ള , ഒരു തരത്തിൽ ഇന്ത്യൻ ബൂർഷ്വാസിയുടെ സാമ്പത്തിക സഹായത്തിന് ആവശ്യമായ, അതേസമയം വിപണി നിയന്ത്രണത്തിനുള്ളതെന്ന പുരോഗമന നിലപാടുകൂടിയായി അവതരിപ്പിക്കാവുന്ന പരിപാടികളോടെ ഇന്ദിരാ ഗാന്ധി നടപ്പാക്കിയ പല നയങ്ങളും രാജ്യത്തെ ഇടതുപക്ഷത്തിന്റെയടക്കമുള്ള പല പ്രതിപക്ഷ കക്ഷികളുടെയും പിന്തുണ, കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ നേടാൻ അവരെ സഹായിച്ചു. എന്നാലും അവസാനം മൊറാർജി ദേശായി എന്ന പഴയ ശത്രുവിനെയും കൂട്ടി സിൻഡിക്കേറ്റ് വൃദ്ധന്മാർ പൊരുതിയെങ്കിലും സംഘടന കോൺഗ്രസ് എന്ന പേരിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സംഘടനയുടെ സിംഹഭാഗവുമായി ഇന്ദിര പിളർന്നുപോയി.

ഗരീബി ഹഠാവോ മുദ്രാവാക്യവും പുരോഗമന പ്രതിച്ഛായയും സിൻഡിക്കേറ്റ് വൃദ്ധരെ അതിജീവിച്ച കെങ്കേമിയുമായി ഇന്ദിരാഗാന്ധി 1971-ൽ സിപിഐയെപ്പോലുള്ള ഇടതുപക്ഷ സംഘടനകളുടെ വരെ പിന്തുണയോടെ 518-ൽ 352 സീറ്റുമായി വിജയിച്ചു. പക്ഷെ അതൊന്നും ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യാനന്തര വഞ്ചനയുടെ ആഴത്തെ നികത്താൻ പ്രാപ്തമായിരുന്നില്ല. പുറംപൂച്ചുകൾക്കും ബംഗ്ളാദേശ് യുദ്ധവിജയത്തിനുമപ്പുറം കടുത്ത വിലക്കയറ്റവും ഭക്ഷ്യക്ഷാമവുമെല്ലാം ജനത്തെ കോൺഗ്രസിന്റെ വർഗ്ഗരാഷ്ട്രീയം എന്താണെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

ഗുജറാത്ത്, ബിഹാർ പ്രക്ഷോഭങ്ങൾ, ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവാഹ്വാനം, രാജ്യത്തെങ്ങും പല രൂപത്തിൽ നടന്നിരുന്ന ഇടതുപക്ഷ രാഷ്ട്രീയ സമരങ്ങൾ, 1975 ജൂൺ 12-ന് തെരഞ്ഞെടുപ്പ് കേസിൽ ഇന്ദിരാ ഗാന്ധിയെ ശിക്ഷിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധി ഇതെല്ലാം താത്ക്കാലികമായി വിജയത്തിൽ നിന്നും കോൺഗ്രസ് അതിന്റെ അനിവാര്യമായ പതനത്തിലേക്ക് പോകുന്നതിന്റെ അരങ്ങൊരുക്കിയിരുന്നു. ജൂൺ 13-ന് ഗുജറാത്ത് തെരഞ്ഞെടുപ്പിലെ തോൽവിയും ജൂൺ 25-ന് 29 മുതൽ ഇന്ദിരാ ഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള നിയമലംഘനസമരം ആരംഭിക്കുമെന്നുമുള്ള പ്രതിപക്ഷ ജാഥയിലെ പ്രഖ്യാപനവുമായതോടെ 1975 ജൂൺ 26-ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഇന്ദിരാഗാന്ധിയും കോൺഗ്രസ് പാർട്ടിയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തെ അടിയന്തരാവസ്ഥക്കു മുമ്പും ശേഷവും എന്നാക്കി വിഭജിച്ചു.

വി സി ശുക്ലമാരും കരുണാകരന്മാരും ജയറാം പടിക്കൽമാരും പുലിക്കോടൻമാരും അതുപോലുള്ള അനവധി പീഡകന്മാരും അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ നിലനിൽക്കുന്നില്ല എന്ന് വിധിച്ച സ്വേച്ഛാധിപതിയുടെ കാൽക്കീഴിൽ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെ അടിയറവെച്ച സുപ്രീ കോടതിയും നാട് വാണ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ രാജ്യഭരണം ഒരു കുടുംബ പ്രസ്ഥാനമായി മാറിക്കൊണ്ടിരുന്നു. സ്നേഹലത റെഡ്‌ഡിയും രാജനും പേരറിയാത്ത മറ്റനേകം മനുഷ്യരും ജനാധിപത്യ സമരങ്ങളുടെ രക്തസാക്ഷികളായി. ഇളയ മകൻ സഞ്ജയ് ഗാന്ധിയും അനുചരവൃന്ദങ്ങളും ചേരികളിൽ മാത്രമല്ല, രാജ്യത്തെ ജനാധിപത്യത്തെക്കൂടി എന്നെന്നേക്കുമായി വന്ധ്യംകരിക്കാനുള്ള ശ്രമത്തിലായിരുന്നു. വാസ്തവത്തിൽ നെഹ്‌റു കുടുംബമെന്ന പ്രതീകം തീർത്തും ജനാധിപത്യവിരുദ്ധമായ ഒരു സ്ഥാപനമായി രൂപാന്തരം പ്രാപിച്ച കാഴ്ച.

അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷം നടന്ന ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ജനം തൂത്തെറിഞ്ഞ കോൺഗ്രസ്, വലതുപക്ഷ ഹിന്ദുത്വ വാദികളുടെയടക്കമുള്ള തർക്കങ്ങളിൽ നിലം പൊത്തിയ ജനതാ പരീക്ഷണത്തിനുശേഷം 1980 ജനുവരിയിൽ 529-ൽ 353 സീറ്റുമായി ഇന്ദിരാ ഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും അത് കോൺഗ്രസിനൊരു ബദലില്ലാതെ പോയതിന്റെ നിരാശയായിരുന്നു ഏറെയും. സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദുർബലമായികൊണ്ടിരുന്നു . സംസ്ഥാന രൂപവത്കരണത്തിന് ശേഷം ആദ്യമായി ആന്ധ്രാ പ്രദേശിലും കർണാടകത്തിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 1983 ജനുവരിയിൽ കോൺഗ്രസ് പരാജയപ്പെട്ടു. 1984 ഒക്ടോബർ 31-ന്, മതരാഷ്ട്രീയം കളിച്ച് താത്ക്കാലിക അധികാര നേട്ടങ്ങളുണ്ടാക്കാൻ അവർ തന്നെ നടത്തിയ ശ്രമങ്ങളുടെ അന്തരഫലം എന്ന് പറയാവുന്ന തരത്തിൽ, ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ പ്രതിഷേധിച്ച് സിഖുകാരായ രണ്ട് അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു.

അപക്വമായ ഒരു ജനാധിപത്യത്തിൽ 543-ൽ 415 സീറ്റുകളുടെ വിജയിക്കാൻ അവരുടെ മകൻ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗസ് പാർട്ടിക്ക് ആ മരണം ധാരാളമായിരുന്നു. പക്ഷെ അത് ഇന്ത്യയിലെ രാഷ്ട്രീയ അസംതൃപ്തിയെയെയോ അതിന്റെ ആഭ്യന്തര വൈരുധ്യങ്ങളെയോ പ്രതിനിധാനം ചെയ്തിരുന്നില്ല. അതുകൊണ്ടാണ് 415-ൽ നിന്നും 197 സീറ്റിലേക്ക് കോൺഗസ് 1989-ൽ കൂപ്പു കുത്തിയത്. നെഹ്‌റു കുടുംബത്തിന്റെ പേരിൽ മാത്രം വന്ന രാജീവ് ഗാന്ധിയുടെ ആദ്യത്തെ പരീക്ഷണമായിരുന്നു ആ തെരഞ്ഞെടുപ്പ്. അയാളതിൽ ഭംഗിയായി പരാജയപ്പെട്ടു. നെഹ്‌റു കുടുംബം എന്നത് ഒരു ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ആയുധമാണ് എന്ന് കോൺഗ്രസിലെ അനുചര വൃന്ദങ്ങളും, പഴയ മാതൃകയിലെ ചില കൊട്ടാരം കവികളുമല്ലാതെ മറ്റുള്ളവർ കരുതിയതേയില്ല പിന്നീടൊരിക്കലും. അതൊരു പ്രചാരണ വിഷയമാകാം എങ്കിലും.

ശേഷം കാലം, മുന്നണി ഭരണത്തിന്റെയും കോൺഗ്രസിന്റെ തന്നെ മുന്നണി പരീക്ഷണ കേന്ദ്രരണത്തിന്റെയുമൊക്കെ കാലമാണ്. ഒരു കാലത്തും നെഹ്‌റു കുടുംബത്തിനൊന്നുമല്ല ജനം വോട്ടു ചെയ്തതും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാധീനം, നിരവധിയായ ജനകീയ പ്രശ്നങ്ങൾ, ഇന്ത്യ എന്ന ആശയത്തിന്റെ കെട്ടുറപ്പിനെ താങ്ങിനിർത്താൻ ഈ റിപ്പബ്ലിക്കിലെ സ്ഥാപന സംവിധാനങ്ങൾക്കുള്ള പോരായ്മ, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഉത്പന്നമായ ‘ഇന്ത്യ എന്ന ഏകശില’ എന്ന ആശയത്തിൽ നിന്നും ഉപദേശീയതകളുടെയും സംസ്ഥാന കേന്ദ്രീകൃതമായ രാഷ്ട്രീയകക്ഷികളുടെയും വളർച്ച, മണ്ഡൽ അനന്തര രാഷ്ട്രീയ മാറ്റങ്ങൾ, ആഗോളീകരണ സാമ്പത്തിക നയങ്ങൾ, എന്നിങ്ങനെ നാനാവിധ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളും പ്രക്രിയകളുമാണ് ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിച്ചതും നിശ്ചയിച്ചതും. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിൽ നിന്നും ഇപ്പോഴും തുടരുന്ന ഭ്രഷ്ടിലേക്ക് ഒതുക്കപ്പെട്ടു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമൊക്കെ കോൺഗ്രസ് നേതൃത്വത്തിൽ വന്നെങ്കിലും അതൊന്നും രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടില്ല എന്ന് വളരെ ഗൗരവമായും സൂക്ഷ്മമായും ഇന്ത്യൻ രാഷ്ട്രീയത്തെയും കോൺഗ്രസിന്റെ ചരിത്രത്തേയും പഠിക്കുന്ന ആർക്കും മനസിലാകും. തുടർച്ചയുള്ള ഒരു പതനമാണ് കോൺഗ്രസിന്റേത്.

നെഹ്‌റു കുടുംബമെന്ന മരുന്ന് കോൺഗ്രസിന്റെ സംഘടനയ്ക്ക് പോലും ഇനി ഏറെ പ്രയോജനമൊന്നും ചെയ്യില്ല എന്ന് കോൺഗ്രസുകാർക്കും അറിയാം. 2019-ലെ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ ഭാവി എന്താകണം എന്ന ചോദ്യത്തിലാണ്. ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയം ഈ രാജ്യത്തിന്റെ ബഹുസ്വരതയെയും ജനാധിപത്യ സമരങ്ങളെയും ഇല്ലാതാക്കുന്നതിനെതിരെയാണ്. ആയിരക്കണക്കിനായ കർഷക ആത്മഹത്യകളുടെ ഗതികേട് കർഷക സമരങ്ങളായി മാറുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ്. നോട്ടു നിരോധനം എന്ന ഇന്ത്യയിലെ സാധാരണ മനുഷ്യർക്ക് നേരെ നടത്തിയ സാമ്പത്തിക യുദ്ധത്തിന്റെ പേരിലാണ്. ഹിന്ദുത്വ ഭീകരതയുടെ വർഗീയ അജണ്ടകൾ തെരഞ്ഞെടുപ്പ് ചർച്ചകളെ വഴിതിരിച്ചുവിടുന്നതിനെ എങ്ങനെ ചേര്‍ക്കാം എന്നതിലാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ അർബൻ നക്സൽ എന്നക്കെ വിളിച്ചുകൊണ്ട് പൗരാവകാശ രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് തടവിലടക്കുന്നതിനെക്കുറിച്ചാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സൈന്യവും അടക്കമുള്ള ഈ രാജ്യത്തെ ഓരോ സംവിധാനത്തെയും ഹിന്ദുത്വ ഭീകരതയുടെ ഏറാൻ മൂളികളാക്കുന്ന ആക്രമണത്തിനെതിരെയാണ്. അതൊക്കെയാണ് തെരഞ്ഞെടുപ്പുകളിൽ വിഷയമാകുന്നതും വിഷയമാകേണ്ടതും.

പകരം തെരഞ്ഞെടുപ്പിന് രണ്ടര മാസം മുമ്പ് ഇറങ്ങിവരുന്ന പ്രിയങ്ക ഗാന്ധിക്ക് ഇന്ദിരാ ഗാന്ധിയുടെ ഛായയുണ്ടെന്നും അതുകൊണ്ട് ജനം ഉത്സാഹിച്ചു വോട്ടു ചെയ്യുമെന്നുമൊക്കെയാണ് കോൺഗ്രസ് നേതൃത്വം കരുതുന്നതെങ്കിൽ ഹാ, കഷ്ടം!

കോൺഗ്രസിലെ കുടുംബ വാഴ്ചയെന്നുമൊക്കെ പറഞ്ഞ് നരേന്ദ്ര മോദി തനതായ ശൈലിയിൽ നടത്താൻ പോകുന്ന വ്യക്തിപരമായ ആക്രമണങ്ങൾ നിറഞ്ഞ സംസ്കാരശൂന്യമായ നിരവധിയായ പ്രസംഗങ്ങളുടെ ദുർഗന്ധം വരും മാസങ്ങളെ മലീമസമാക്കുമെങ്കിലും മോദി നേരിടാൻ പോകുന്ന ഒരു വെല്ലുവിളി അയാൾത്തന്നെ ഉപയോഗിക്കുന്ന ഈ പ്രചാരണായുധമായിരിക്കും. കോൺഗ്രസ് മുക്ത ഭാരതമെന്നും രാഹുൽ അഥവാ യുവരാജാവ് അഥവാ പപ്പുമോൻ എന്നുമൊക്കെയുള്ള മോദി ഭാഷണങ്ങൾക്ക് പഴക്കനാറ്റമുള്ളതിനാൽ പ്രിയങ്ക ഗാന്ധിയുടെ നേർക്ക് തുറന്നുവെക്കുന്ന അയാളുടെ ജീർണവർത്തമാനങ്ങളിലൂടെ അയാൾ അത്രയേറെ മാധ്യമ ഇടവും ശ്രദ്ധയും പ്രിയങ്ക ഗാന്ധിക്കും നൽകും. വാസ്തവത്തിൽ ഈ സഹായം അയാൾ രാഹുൽ ഗാന്ധിക്കും ചെയ്തിട്ടുണ്ട്. നെഹ്‌റു കുടുംബം ആ സേവനം ഒരിക്കലും മറക്കില്ല. മറ്റെല്ലാം നിശ്ചയിക്കുന്നത് രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങളാണ് എന്ന് ഒന്നുകൂടി ഓർമ്മിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍