UPDATES

ബ്ലോഗ്

രാഹുല്‍ ഗാന്ധിക്ക് വയനാട്ടിലേക്ക് സ്വാഗതം, അതിനുമുമ്പ് ഇവിടുത്തെ കര്‍ഷകര്‍ക്ക് ചില മറുപടികള്‍ വേണം

വയനാട്ടിലെ കര്‍ഷകരോട് ആസിയാന്‍ കരാര്‍ തെറ്റായിപ്പോയെന്ന് രാഹുല്‍ ഗാന്ധി പറയുമോ? ആസിയാന്‍ കരാര്‍ ഒഴിവാക്കണമെന്ന് പറയാന്‍ രാഹുലിന് ധൈര്യമുണ്ടോ?

യുപിഎ സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാരിന്റെ ആദ്യ ഉത്തരവുകളിലൊന്ന് രാജ്യത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നതായിരിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രിക അടിവരയിടുന്നുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരുകളുടെ കര്‍ഷകരോടുള്ള സമീപനം പരിശോധിച്ചാൽ ഈ വാഗ്ദാനം തൊണ്ട തൊടാതെ വിഴുങ്ങാൻ പ്രയാസമുണ്ട്. നോട്ട് നിരോധനം അടക്കം നരേന്ദ്ര മോദി സർക്കാർ കർഷകരെ കഴിഞ്ഞ അഞ്ചു വര്‍ഷം ദ്രോഹിക്കുക മാത്രമാണ് ചെയ്തതെന്ന യാഥാർത്ഥ്യം നിലനിൽക്കെ തന്നെ കോൺഗ്രസ് സർക്കാരുകളുടെ കർഷക സമീപന ചരിത്രം പുനഃ പരിശോധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് വയനാട് പോലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള ഒരു മണ്ഡലത്തിൽ
കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് മത്സരിക്കാൻ എത്തുമ്പോൾ.

കോൺഗ്രസും നരസിംഹ റാവുവും തൊണ്ണൂറുകളുടെ ആരംഭത്തിൽ നടപ്പിലാക്കിയ നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഏറ്റവും പ്രധാന ഇരകൾ കർഷകരായിരുന്നു. ആഗോള വിപണിയുടെ വാതിലുകൾ കർഷകർക്ക് മുന്നിൽ തുറന്നിടുന്നതോടെ നാണ്യ വിളകൾക്ക് മികച്ച വില കിട്ടുമെന്ന പ്രചരണമായിരുന്നു വലതുപക്ഷം അന്ന് വയനാട് അടക്കമുള്ള ഇന്ത്യയിലെ കാര്‍ഷിക മേഖലകളില്‍ നടത്തിയത്. ആദ്യകാലത്ത് ഇതിന്റെ ചില ലക്ഷണങ്ങൾ കാണുകയും ചെയ്തു. എന്നാൽ ആഗോള വിപണിയുടെ ചാഞ്ചാട്ടങ്ങൾക്ക് കാർഷിക മേഖലയെ തുറന്നു കൊടുത്തതിന്റെ ദുരിതം വയനാട്ടുകാർ അനുഭവിക്കാൻ തുടങ്ങിയത് 2000-ത്തിന്റെ തുടക്കം മുതലാണ്‌. 1998-ൽ കിലോയ്ക്ക് 67 രൂപയുണ്ടായിരുന്ന കാപ്പിക്ക് 2003-ൽ കിലോയ്ക്ക് 16 രൂപയായി കൂപ്പുകുത്തി, ഇതേ കാലയളവിൽ കുരുമുളകിന്റെ വില 210 രൂപയിൽ നിന്നും 70 രൂപയായി കൂപ്പുകുത്തി. എന്നാൽ രാസവളങ്ങളുടെയും കീടനാശിനികളുടെയും വില ക്രമാതീതമായി ഉയരുകയും ചെയ്തു. ഇത് വയനാട്ടിലെ കാർഷിക സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ 453 കർഷകരാണ് വയനാട്ടിൽ ആത്മഹത്യ ചെയ്തത്.

മുത്തങ്ങ സമരത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് ധാരണയോ ഓര്‍മയോ ഉണ്ടാകാന്‍ വഴിയില്ല. പക്ഷേ, കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവ് എ.കെ ആന്റണി മറ്റെന്തു മറന്നാലും മുത്തങ്ങയെ മറക്കാൻ സാധ്യതയില്ല. ആദിവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി 2001-ൽ സെക്രട്ടറിയേറ്റിന് മുന്നിൽ സി.കെ ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസി ഗോത്ര മഹാസഭ കുടിൽ കെട്ടി സമരം നടത്തിയതിന്റെ തുടർച്ചയെന്നോണം വയനാട്ടിലെ മുത്തങ്ങയില്‍ വനഭൂമി കൈയേറി കുടില്‍ കെട്ടിയ സംഭവമുണ്ടായത് 2003-ലായിരുന്നു. ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന ധാരണയില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നുണ്ടായ സമരമാണ് മുത്തങ്ങ സമരം. 2003 ജനുവരി മൂന്നിന് സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ മുത്തങ്ങയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് മുത്തങ്ങയില്‍ സമരം നടത്തിയിരുന്ന ആദിവാസികള്‍ക്കു നേരെ ആന്റണി സര്‍ക്കാര്‍ ഫെബ്രുവരി 19-ന് നരനായാട്ട് നടത്തി. വെടിവെപ്പിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും സമരപ്രവര്‍ത്തകനും ഒരു പോലീസ് കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു. ജോഗി എന്ന ആദിവാസി യുവാവാണ് 2003 ഫെബ്രുവരി 9-ന്റെ ആ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. അന്നത്തെ പോലീസ് മർദ്ദനത്തെത്തുടർന്ന് തുടർന്നുള്ള ദിവസങ്ങളിൽ വേറെയും ആദിവാസികൾ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.

വരും ദിവസങ്ങളിൽ വയനാടിന്റെ ചരിത്രം പഠിക്കാനിറങ്ങുമ്പോൾ മുത്തങ്ങ എന്ന അധ്യായം രാഹുലിനും കൂട്ടർക്കും തീർച്ചയായും നീറ്റൽ ഉണ്ടാക്കും. ഈ മുത്തങ്ങ ഉൾപ്പെടുന്ന പ്രദേശങ്ങളിലുള്ള മനുഷ്യരോട് മാപ്പ് ചോദിച്ചിട്ടു വേണമായിരുന്നു രാഹുൽ പത്രിക പോലും സമർപ്പിക്കാൻ. എതിരാളിയും മുഖ്യ ശത്രുവുമായ നരേന്ദ്ര മോദിയെ പാർലമെന്റിൽ പരസ്യമായി ആലിംഗനം ചെയ്യാൻ സൗമനസ്യം കാണിച്ച രാഹുലിൽ നിന്നും അത് പ്രതീക്ഷിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

ഇന്ത്യയിലെ കാര്‍ഷിക – മത്സ്യ മേഖലകള്‍ക്ക് കടുത്ത ആഘാതമേല്‍പിച്ച ആസിയാന്‍ കരാര്‍ 2010 ജനുവരി 1-നാണ് പ്രാബല്യത്തില്‍ വന്നത്. ഈ കരാര്‍ അനുസരിച്ച് പല കാര്‍ഷികോത്പന്നങ്ങളുടെയും ചരക്കുകളുടെയും ഇറക്കുമതി തീരുവ പൂജ്യംവരെ കുറച്ചു. 2013-ല്‍ 71 ശതമാനം ഉത്പന്നങ്ങളുടെ തീരുവ പൂജ്യമായി. 2016-ഓടെ 9 ശതമാനം ഉത്പന്നങ്ങളുടെ കൂടി തീരുവ പൂജ്യമാക്കാമെന്നും കുരുമുളകിന്റെ തീരുവ 2019-ഓടെ 50 ശതമാനം കുറയ്ക്കാമെന്നതും ഇന്ത്യ അംഗീകരിച്ചു. കാപ്പി, തേയില ഉത്പന്നങ്ങളുടെ തീരുവ 45 ശതമാനം കുറച്ചു. 2003-ല്‍ വാജ്‌പേയ് സര്‍ക്കാരാണ് ആസിയാന്‍ കരാറിന്റെ കരട് ഒപ്പിട്ടത്. അതില്‍ യാതൊരു മാറ്റവും വരുത്താതെയാണ് യുപിഎ ഗവണ്‍മെന്റ് കരാര്‍ പ്രാബല്യത്തില്‍ വരുത്തിയത്.

ആസിയാന്‍ കരാര്‍ നടപ്പാക്കുന്നത് ഏറ്റവും ദോഷകരമായി ബാധിക്കുക കേരളത്തെയായതുകൊണ്ട് കരാറിനെതിരെ വന്‍തോതില്‍ പ്രക്ഷോഭമുയര്‍ന്നിരുന്നു. അതൊന്നും കണക്കിലെടുക്കാതെ യുപിഎ സര്‍ക്കാര്‍ കരാര്‍ നടപ്പാക്കുകയായിരുന്നു. കേരളത്തിലെ കൃഷിയില്‍ ഭക്ഷ്യവിളകള്‍ 16 ശതമാനം മാത്രമാണ്. പ്രധാനകൃഷി നാണ്യവിളകളാണ്. 489 ഇനം ഉത്പന്നങ്ങളെ കരാറിലെ സംരക്ഷിത പട്ടികയില്‍ പെടുത്തുമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും കേരളത്തിലെ പ്രധാനപ്പെട്ട ഉത്പന്നങ്ങളൊന്നും അതിലില്ല. കാപ്പി, തേയില, നാളികേരം, റബ്ബര്‍ എന്നിവയെ സംരക്ഷിത പട്ടികയിലുള്‍പ്പെടുത്തിയില്ല. ഇത് കേരളത്തെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത് – പ്രത്യേകിച്ചും കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ. റബ്ബറിന്റെ ഇറക്കുമതി തീരുവ 20 ശതമാനമായി നിലനിന്നപ്പോഴും ലോകത്തിലെ മികച്ച ഉത്പാദകരായ തായ്‌ലണ്ടിനും മലേഷ്യയ്ക്കും ഇന്ത്യ വലിയ വിപണിയായി മാറിയിരുന്നു. വിദേശ മാര്‍ക്കറ്റില്‍ ആഭ്യന്തര കമ്പോളത്തിലേതിനേക്കാള്‍ കിലോയ്ക്ക് 20 രൂപ അന്നു തന്നെ കുറവായിരുന്നു. റബറിന്റെ തീരുവ 7.5 ശതമാനം കണ്ട് കുറച്ചത് ഇന്ത്യയുടെ റബര്‍ ഉത്പാദനത്തിന്റെ 90 ശതമാനവും ഉത്പാദിപ്പിക്കുന്ന കേരളത്തെത്തന്നെയാണ് ബാധിച്ചത്. റബറുത്പന്നങ്ങളും കൃത്രിമറബറും തടസ്സമില്ലാതെ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞത് റബര്‍ മേഖലയെ അപ്പാടെ തകിടം മറിച്ചു. ഇതുമൂലം കടക്കെണിയിലായ ഭൂരിഭാഗം റബര്‍ കര്‍ഷകരും മറ്റു മേഖലകളിലേക്ക് തിരിഞ്ഞു.

വയനാട് ഏതാനും വർഷംമുമ്പ‌് എത്രമാത്രം ദുരിതത്തിലാണ്ട നാടായിരുന്നു എന്നും ആ നാട്ടിലെ കർഷകർ അനുഭവിച്ച ദുരിതങ്ങളെന്തൊക്കെയെന്നും സ്വാഭാവികമായും ഇപ്പോൾ ചർച്ച ഉയരും. കർഷകർക്കായി പ്രത്യേക ബജറ്റ് എന്ന മോഹനസുന്ദര വാഗ്ദാനം പ്രകടന പത്രികയിൽ അവതരിപ്പിക്കുന്നവർ, ആസിയാൻ കരാർ, ഗാട്ട് കരാർ അടക്കം കൊണ്ടുവന്ന് കർഷകരെയും ചെറുകിട ഉല്പാദകരെയും തീരാ ദുരിതത്തിലാക്കിയതിന‌് മറുപടി പറയേണ്ടിവരും. 2001- 06 കാലത്തെ യുഡിഎഫ് സർക്കാരിന്റെ കർഷക ദ്രോഹംമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന കർഷകരുടെ കുടുംബങ്ങൾ ഇന്നും വയനാട്ടിൽ ഉണ്ട് എന്ന ഓർമ കോൺഗ്രസിനുണ്ടാകുന്നതും നല്ലതാണ്.

ആസിയാൻ കരാറിന്റെ ദുരിത മുഖങ്ങൾ അനുഭവിച്ചവരുടെ കൂട്ടത്തിൽ വയനാട്ടുകാരും ഉണ്ട്. വയനാട്ടിലെ കര്‍ഷകരോട് ആസിയാന്‍ കരാര്‍ തെറ്റായിപ്പോയെന്ന് രാഹുല്‍ ഗാന്ധി പറയുമോ?ആസിയാന്‍ കരാര്‍ ഒഴിവാക്കണമെന്ന് പറയാന്‍ രാഹുലിന് ധൈര്യമുണ്ടോ?

രാഹുൽ ഗാന്ധിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഒരു സംഭവം കൂടി ഓര്‍മിപ്പിക്കേണ്ടതുണ്ട്. 2009 -ൽ രാഹുല്‍ഗാന്ധി വിദര്‍ഭയിലെ കര്‍ഷക സ്ത്രീ കലാവതിയെപ്പറ്റി ഏറെ പറയുകയുണ്ടായി. കലാവതിയെപ്പോലുള്ളവരാണ് ഇന്ത്യയുടെ അഭിമാനം എന്നും രാഹുല്‍ പറഞ്ഞു. ആണവ കരാറുകൊണ്ടുണ്ടാകുന്ന നേട്ടം വിദര്‍ഭയിലെ കലാവതിയെപ്പോലുള്ളവര്‍ക്ക് നല്ല ഭാവിയുണ്ടാക്കും എന്ന് രാഹുല്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചു.

ആ കലാവതിയുടെ മകളുടെ ഭര്‍ത്താവ് 25-കാരനായ സഞ്ജയ് കടസ്‌ക്കല്‍ അതേ വര്‍ഷം ഡിസംബര്‍ മാസം ആത്മഹത്യ ചെയ്തു. നാലര ഏക്കര്‍ കൃഷിസ്ഥലവും ഒരു ഓട്ടോറിക്ഷയുമുള്ള കൃഷിക്കാരനായിരുന്നു കടസ്‌ക്കല്‍. കടക്കെണിയും വിലത്തകര്‍ച്ചയും കാരണമാണ് കടസ്‌ക്കല്‍ ആത്മഹത്യ ചെയ്തത്. രാഹുൽ തിരിഞ്ഞു നോക്കിയതായി അറിവില്ല! തങ്ങളുടെ കണ്മുന്നിൽ ഇത്തരം മരണങ്ങൾ പെരുകിയിട്ടും നയങ്ങളോ നിലപാടുകളോ തിരുത്താൻ രാഹുലിനും കോൺഗ്രസിനും കഴിഞ്ഞില്ല.

ആന്ധ്രാ പ്രദേശാണല്ലോ രാജ്യത്തെ ഏറ്റവും വലിയ കാര്‍ഷികമേഖലകളില്‍ ഒന്ന്. നമുക്ക് അരിയും മുളകുമെല്ലാം തരുന്നത് അവരാണ്. അവിടെ 2008-ല്‍ പതിനാറായിരത്തില്‍പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. 1999-നുശേഷം 12 വര്‍ഷത്തിനിടയില്‍ രണ്ട് ലക്ഷത്തി അമ്പത്തോരായിരത്തി മുന്നൂറ്റി നാല്‍പ്പത്തിമൂന്ന് കൃഷിക്കാരാണ് ആന്ധ്രയില്‍ ആത്മഹത്യ ചെയ്തത്. കോൺഗ്രസ്സ് ആണ് ഇക്കാലയളവിൽ അവിടെ ഭരിച്ചിരുന്നത്.

ആസിയാൻ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട കാലത്ത് അന്നത്തെ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം കൂടി ഓര്‍മിക്കേണ്ടതാണ്. ആസിയന്‍ ഉടമ്പടികൊണ്ട് ഒരു പ്രശ്നവുമുണ്ടാകില്ലെന്നും അഥവാ ഉണ്ടായാല്‍ത്തന്നെ 2019-ലേ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉടമ്പടികൊണ്ട് കേരളത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമെന്നും അത് അറിഞ്ഞുകൊണ്ടാണ് 2009 ഒക്ടോബറില്‍ അന്തിമകരാര്‍ ഒപ്പിട്ടതെന്നും വ്യക്തം.

വലിയ കർഷക സ്നേഹം പ്രസംഗിക്കുന്ന കേരള കോൺഗ്രസ്സും മുസ്ലിം ലീഗും മൗനം പാലിച്ചപ്പോൾ കരാർ നടപ്പിലായി. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ശരിക്കും ആത്മാര്‍ഥമായ സഹതാപം അര്‍ഹിക്കുന്ന ഒരു വിഭാഗമാണ്. കേന്ദ്രം കൈക്കൊള്ളുന്ന എല്ലാ ജനദ്രോഹനയങ്ങള്‍ക്കും അറിഞ്ഞുകൊണ്ട് ജയ ജയ പാടാന്‍ പണ്ട് മുതലേ വിധിക്കപ്പെട്ടവരാണവര്‍! അറിഞ്ഞു കൊണ്ട് അവനവന്റെ തന്നെ കൊമ്പു മുറിക്കുന്ന അപൂർവ വർഗ്ഗങ്ങൾ.

135 കോടി ഇന്ത്യക്കാര്‍ക്കും ഭക്ഷണത്തിനുള്ള കാര്‍ഷിക വിളകള്‍ ഉത്പാദിപ്പിക്കുന്നവരെന്ന നിലയില്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയ്ക്ക് സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണുള്ളത്. സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും ഇന്ത്യയിലെ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും വിവിധങ്ങളായ സംഭാവനകളുണ്ട്.

ചരിത്രയാഥാര്‍ഥ്യം അംഗീകരിക്കപ്പെടുന്നില്ലെന്നു മാത്രമല്ല ഏറ്റവുമധികം നഷ്ടം സഹിക്കുന്നത് കാര്‍ഷിക മേഖലയാണ്. എന്നാല്‍ കഴിഞ്ഞ ഒരു ദശകത്തിലധികമായി നയരൂപീകരണം നടത്തുന്നവര്‍ ഈ കാര്‍ഷിക മേഖലയെ കുറിച്ച് ചിന്തിച്ച് തുടങ്ങുകയും മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ തേടുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എങ്ങനെയാണ് ഈ നയങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നതെന്നത് ചോദ്യമായി നില്‍ക്കുന്നുവെങ്കിലും. അഖിലേന്ത്യ കിസാന്‍സഭയുടെ തുടര്‍ച്ചയായ സമരങ്ങള്‍ കാരണമാണ് കാര്‍ഷിക – സഹകരണ വകുപ്പെന്ന പേരില്‍ അറിയപ്പെട്ടിരുന്ന വകുപ്പിനെ കാര്‍ഷിക-സഹകരണ- കര്‍ഷക ക്ഷേമ വകുപ്പെന്ന് പുനര്‍നാമകരണം നടത്തിയത്. കര്‍ഷക ക്ഷേമം എന്നുകൂടി ചേര്‍ത്തതോടെ ഗ്രാമീണകാര്‍ഷിക ജീവിതത്തിനും കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമത്തിനും പ്രത്യേക ശ്രദ്ധ പുലര്‍ത്താമെന്ന സ്ഥിതിയുണ്ടായി. പക്ഷേ അതിനനുസൃതമായി കര്‍ഷകക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ആസിയാൻ കരാറിനെതിരെ ഉയർന്ന ഏറ്റവും വലിയ ശബ്ദം ഇടതുപക്ഷത്തിന്റേത് ആയിരുന്നു. ‘ആസിയന്‍ കരാര്‍ അറബിക്കടലില്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി 2009 ഒക്‌ടോബര്‍ രണ്ടിന് കാസര്‍കോട് മുതല്‍ രാജ്ഭവന്‍ വരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല, സമരതീക്ഷ്ണമായ കേരളത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന കനലായി. ലോകം കണ്ട ഏറ്റവും വലിയ ആഗോളവത്ക്കരണവിരുദ്ധ ബഹുജന അണിചേരലായി മനുഷ്യച്ചങ്ങല നീണ്ടു. കാസര്‍കോട്ടുനിന്ന് രാജ്ഭവന്‍വരെ ദേശീയപാതയില്‍ 660 കിലോമീറ്ററും വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അനുബന്ധച്ചങ്ങലകളിലായി 117 കിലോമീറ്ററുമാണ് മനുഷ്യര്‍ കൈകോര്‍ത്തത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ബഹുജന മുന്നേറ്റങ്ങളിൽ ഒന്ന്.

ചരിത്രം ഇപ്പോഴും ഓർമിച്ചു കൊണ്ടാണ് കമ്മ്യുണിസ്റ്റുകാർ മുന്നോട്ടു പോകുന്നത്, മറ്റുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നും അവരെ വ്യത്യസ്തരാക്കുന്നതും അതു തന്നെയാണ്. അതുകൊണ്ട് രാഹുൽ ഗാന്ധി, താങ്കളോടുള്ള ചോദ്യങ്ങളും പ്രതിഷേധങ്ങളും ഇവിടെ അവസാനിക്കുകയില്ല, മറിച്ച് ഇവിടെ ആരംഭിക്കുകയാണ്. ഇത് അമേത്തിയില്ല; വരണാസിയല്ല; വയനാടാണ്; കേരളമാണ്. ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് ചോദ്യങ്ങളും സംശയങ്ങളും പ്രതിഷേധങ്ങളുമാണ്. അപ്പോള്‍ സ്വാഗതം രാഹുൽ; സമരങ്ങളുടെ, ചോദ്യോത്തരങ്ങളുടെ, സംവാദങ്ങളുടെ സ്വന്തം നാട്ടിലേക്ക്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍