ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിപക്ഷത്തിന്റെ റോള്‍ ആരാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ കോണ്‍ഗ്രസിന് അല്‍പമൊന്ന് പരിഭ്രമിക്കേണ്ടി വരും.
കേരള സംസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ഒരു കോടതി വിധി പുറത്തു വന്നത് വിശ്വാസികളായ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്നാണ്; പക്ഷെ കോൺഗ്രസ്സിലെ പല നേതാക്കളും വ്യാപകമായി തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ. ഈ കോടതി വിധിക്ക് ശേഷം കോൺഗ്രസിലെ പ്രമുഖരായ പല നേതാക്കളും ബിജെപിയിലേക്ക് പ്രവേശനം ആരംഭിച്ചത് എന്ത് കണ്ടിട്ടാണെന്ന് ഇപ്പോഴും വ്യക്തമല്ല.
കുട്ടികളുടെ എണ്ണം തികയ്ക്കാൻ കഷ്ടപ്പെടുന്ന സ്‌കൂൾ അധികൃതരെ പോലെ കൂടെ വന്നവരുടെ പ്രായമോ പശ്ചാത്തലമോ പരിശോധിക്കാതെ ബിജെപി ഏവരെയും സ്വാഗതം ചെയ്തു. കെപിസിസി നിര്‍വാഹക സമിതി അംഗവും ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റുമായ ജി. രാമന്‍നായര്‍, മുന്‍ വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീള ദേവി, പാലക്കാട് കൗൺസിലർ ശരവണൻ എന്നിവർ ഇതിനോടകം ബിജെപി പാളയത്തിൽ എത്തി, ഈ ലിസ്റ്റ് അപൂർണ്ണമാണ്, ഇത് തുടരുകയും ചെയ്യും. കെ.എസ് രാധാകൃഷ്ണൻ അടക്കമുള്ള ഒരുപിടി നേതാക്കൾ ഇനിയും കോൺഗ്രസ്സിൽ നിന്ന് വന്നേക്കും എന്ന് സൂചനകളും ഉണ്ട്.
ശബരി മല സ്ത്രി പ്രവേശന വിധിയോടെ കേരളത്തിന്റെ ജനാധിപത്യ സമൂഹത്തിൽ ഒരു ചേരിതിരിവ് ഉണ്ടാകും എന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. പ്രതിപക്ഷത്ത് ബിജെപി ആയിരിക്കുമെന്നും ഊഹിക്കാമായിരുന്നു. എന്നാൽ രാഷ്ട്രീയ കേരളത്തിന്റെ എല്ലാ പ്രതീക്ഷകളും ചിന്തകളും പാടേ തകിടം മറിഞ്ഞത് വിഷയത്തിലെ കോൺഗ്രസ്സിന്റെ നിലപാടുകൾക്ക് സാക്ഷ്യം വഹിച്ചപ്പോഴാണ്.
ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിപക്ഷത്തിന്റെ റോള്‍ ആരാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ കോണ്‍ഗ്രസിന് അല്‍പമൊന്ന് പരിഭ്രമിക്കേണ്ടി വരും. എന്തെന്നാല്‍ തങ്ങളാണ് പ്രതിപക്ഷമെന്ന് തെളിയിക്കാനുള്ള തിടുക്കത്തിലാണ് രമേശ് ചെന്നിത്തലയും കൂട്ടരും. കാലാകാലങ്ങളായി നിലനിൽക്കുന്ന ഒരു വിവേചനത്തിനെതിരെ ഭരണഘടനയെ പിന്തുടർന്ന് സുപ്രീം കോടതി നടത്തിയ സുപ്രധാന വിധി യോട് സോഷ്യലിസത്തിലും മതേതരത്തിലും ഊന്നിയ രാഷ്ട്രീയ ദർശനങ്ങൾ മുന്നോട്ടു വെച്ച ജവാഹർലാൽ നെഹ്രുവിന്റെ പിന്‍തലമുറക്കാർ പുറം തിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് രാജ്യം വീക്ഷിക്കുന്നത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വമാകട്ടെ വിധിക്കെതിരായി നിലകൊണ്ടു. വിടി ബല്‍റാം, ബിന്ദുകൃഷ്ണ പോലുള്ള നേതാക്കള്‍ തങ്ങളുടെ നിലപാട് ആദ്യ ഘട്ടത്തില്‍ പരസ്യമായി അഭിപ്രായപ്പെടുത്തിയെങ്കിലും പിന്നീട് നിശബ്ദത പാലിക്കുകയും ചെയ്തു.
1989 മുതലുള്ള ഓരോ ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴും ഈ മന്ത്രിസഭ കാലാവധി തികയ്ക്കുമോ എന്നായിരുന്നു ജനം ചോദിച്ചതെങ്കില്‍, നരേന്ദ്ര മോദി അധികാരമേറ്റപ്പോള്‍ ആരുമത് ചോദിച്ചില്ല. ഏവരുടെയും ചോദ്യം കോണ്‍ഗ്രസ്സിനു തിരിച്ചു വരാനാകുമോ എന്നതായിരുന്നു. കാരണം കോൺഗ്രസ്സ് അത്രമേൽ രാഷ്ട്രീയമായി ജീർണത നേരിട്ടിരുന്നു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മാത്രം ഉദാഹരണമായി എടുക്കുക. കര്‍ണാടകത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത രാഷ്ട്രീയ അനിശ്ചിതാവസ്ഥ വന്നതോടെ സ്വന്തം എംഎല്‍എമാരെ കൂടെ നിർത്താൻ കോൺഗ്രസിന് വിയർപ്പൊഴുക്കേണ്ടി വന്നത് ചില്ലറ നാണക്കേടല്ല. രാഷ്ട്രീയനാടകങ്ങള്‍ക്കും കുതിരക്കച്ചവടത്തിനുമൊക്കെ കര്‍ണാടകം എന്നും മുന്നിലാണ്. ജനപ്രതിനിധികളെ റിസോര്‍ട്ടിലും ഹോട്ടലിലുമൊക്കെ പാര്‍പ്പിച്ചുകൊണ്ടുള്ള വിലപേശല്‍ പതിവുകാര്യവുമാണ്. 74 എംഎൽമാരെ റിസോർട്ടിൽ പാർപ്പിക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ അതിനർത്ഥം സ്വന്തം ജനപ്രതിനിധികളിൽ നേതൃത്വത്തിന് അത്രയേ വിശ്വാസമുള്ളൂ എന്നു തന്നെയാണ്.
ശബരിമലയില്‍ സ്ത്രീ പ്രവേശനം നടപ്പാക്കിയതിൽ ബിജെപിയുടെ പ്രതിഷേധം പൂർണമായും മാറ്റി നിർത്താം. കാരണം ബിജെപി പ്രതിഷേധിച്ചില്ലെങ്കിൽ മാത്രമേ അത്ഭുതം തോന്നേണ്ട കാര്യമുള്ളൂ. ശബരിമല വിഷയം സംഘപരിവാറിന് വീണുകിട്ടിയ ആയുധമാണ്. അതുകൊണ്ട് കേരളത്തില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് അവര്‍ ഉദ്ദേശിക്കുന്നതും. ബാബരി മസ്ജിദ് വിഷയം കൃത്യമായി ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയില്‍ അവര്‍ ഭരണം പിടിച്ചത്. ബാബരി മസ്ജിദ് വിഷയത്തില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ല എന്നതാണ് കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടാന്‍ തന്നെ കാരണം. മൃദു ഹിന്ദ്വത്വം എന്നത് ഒരു നിലപാടായി കോണ്‍ഗ്രസ്സ് സ്വീകരിച്ചപ്പോള്‍ കടുത്ത രീതിയില്‍ അതേറ്റെടുത്ത സംഘപരിവാര്‍ കാര്യം നേടി എന്നത് ചരിത്ര യാഥാർഥ്യമാണ്.
ഗുരുവായൂർ, വൈക്കം ക്ഷേത്ര പ്രവേശന സത്യഗ്രഹങ്ങളിൽ കോൺഗ്രസ്സിന്റെ നേതൃത്വവും നിലപാടുമാണ് ചരിത്രത്തിൽ ഇടം നേടിയ വലിയൊരു സാമൂഹ്യ പുരോഗതിക്കു വഴി വെച്ചത്. അന്ന് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതൃ നിരയിലുണ്ടായിരുന്ന കോൺഗ്രസ്സ് നേതാക്കളായ എകെജിയും കേളപ്പനുമെല്ലാം ഇതിന്റെ പേരിൽ മർദ്ദനമേറ്റിരുന്നു. ആ ചരിത്രം മറന്നുകൊണ്ടാണ് നിലയ്ക്കലില്‍ നടന്ന പ്രതിഷേധ സമരത്തിൽ കോൺഗ്രസ് സംഘപരിവാറിനൊപ്പം പങ്കാളികളായത്.
ഈ സമരത്തിലൂടെ ഒരു ശതമാനമെങ്കിലും വോട്ട് കോണ്‍ഗ്രസ്സിന് കൂടുമോ എന്ന് ചോദിച്ചാല്‍ സാധ്യത കുറവാണ് എന്നേ ഇപ്പോള്‍ പറയാന്‍ പറ്റൂ. കോണ്‍ഗ്രസിന് അപ്പുറം ബിജെപിയും അനുബന്ധ സംഘടനകളുമാണ് ശബരിമല സംരക്ഷണ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. അവര്‍ പിടിച്ച കൊടിയുടെ പിന്നില്‍ അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഏറ്റുവിളിക്കുന്നതിലുടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിയിൽ വരുന്നത്.
ശബരിമല പ്രതിഷേധത്തെ മുൻ നിർത്തി രാമൻ നായരിൽ ആരംഭിക്കുന്ന ബിജെപിയുടെ ചാക്കിട്ടുപിടുത്തം എവിടെ ചെന്ന് നിൽക്കും എന്ന് ഇനിയും പറയാൻ കഴിയില്ല, പാർട്ടി വിട്ട് പാർട്ടി മാറുന്നത് ഇന്ത്യയിൽ ഒരു പുതിയ കാഴ്ചയല്ല, പക്ഷെ ഗാന്ധിയന്മാർ ഗാന്ധി ഘാതകരുടെ സുവർണ കാലത്ത് തന്നെ അങ്ങോട്ട് ചേക്കേറുന്നത് ഒരു പിടി രക്തസാക്ഷികളുടെയും മഹാരഥന്മാരുടെയും ചെവിക്കല്ലിൽ ആഞ്ഞടിക്കുന്നതിനു തുല്യമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും (രണ്ടു പേരും കോൺഗ്രസ്സിൽ തുടരും എന്ന പ്രതീക്ഷയോടെ ) അടിയന്തിരമായി ചെയ്യേണ്ടത് നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം കൃത്യമായി അണികളോടും പ്രതിനിധികളോടും കമ്മ്യൂണിക്കേറ്റ് ചെയ്യുക, ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റുകയാണ്, മറിച്ച് അടുപ്പിക്കുകയല്ല തങ്ങളുടെ ധർമം എന്ന എഐസിസിയുടെ പ്രഖ്യാപിത നിലപാട് ആവർത്തിച്ചു ക്യാമ്പയിൻ ചെയ്യുക. അതിന് ശബരിമലയിൽ ചിലവഴിക്കുന്ന ഊർജത്തിന്റെ നാലിലൊന്നു മതിയാകും. അതല്ല, ഈ പോക്ക് തുടർന്നാൽ താമസിയാതെ കേരളത്തിലും റിസോർട്ട് തപ്പി നടക്കേണ്ടി വരുന്നത് കാണാൻ അധികം താമസമുണ്ടാവില്ല.
രാജീവ് ഗാന്ധിയുടെ കാലം മുതല്‍ക്ക് കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോയ പ്രബലരായ സംസ്ഥാന നേതാക്കളെ തിരികെ കൊണ്ടുവരാന്‍ ചെറിയ ശ്രമംപോലും പാര്‍ട്ടി നടത്താതിരുന്നത് വിവിധ സംസ്ഥാനങ്ങളില്‍ ജനകീയാടിത്തറയുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടിക്കുണ്ടാക്കി. നെഹ്‌റുവും ഇന്ദിരയും അതിപ്രതാപത്തോടെ ദേശീയ രാഷ്ട്രീയം അടക്കിവാണ കാലത്ത് കേന്ദ്ര നേതൃത്വത്തിന്റെ ജനപിന്തുണകൊണ്ടുമാത്രം കോണ്‍ഗ്രസ് വോട്ട് നേടിയിട്ടുണ്ടാവാം. എന്നാല്‍ ഇന്നിപ്പോള്‍ നെഹ്‌റുവിനോടോ ഇന്ദിരയോടോ തുലനം ചെയ്യാവുന്ന കരുത്തുറ്റ കേന്ദ്ര നേതൃത്വം പാര്‍ട്ടിക്കില്ലെന്ന യാഥാര്‍ത്ഥ്യം നിരാകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടു കാര്യമില്ല. ശക്തമായ ദേശീയ നേതൃത്വത്തിന്റെ അഭാവത്തില്‍, അതിശക്തരും വ്യാപക ജനപിന്തുണയുമുള്ള സംസ്ഥാന നേതാക്കളുണ്ടെങ്കിലേ പെട്ടിയില്‍ വോട്ടു വീഴൂ എന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടി ഉള്‍ക്കൊള്ളണം.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
പിള്ളയുടെ രഥ യാത്രയും ശരവണന്‍മാരുടെ പദയാത്രയും; ഒറ്റ വേദിയില്‍ അവസാനിക്കുമോ എന്ന് കാത്ത് കേരളം