UPDATES

ഓഫ് ബീറ്റ്

പകയുടെ രാഷ്ട്രീയത്തിന് അറുതിയില്ല, കൊലക്കത്തികള്‍ക്കു വിശ്രമമില്ല; ‘ഹാ, രക്തസാക്ഷികളുടെ അനശ്വര ഗോത്രമേ, മാപ്പ്.. മാപ്പ്’

കേവലം ഒരു തിരഞ്ഞെടുപ്പ് പ്രചാരണായുധം എന്നതിലുപരി പെരിയയിലേതടക്കമുള്ള എല്ലാ രാഷ്ട്രീയ കൊലപാതങ്ങള്‍ക്കുമെതിരെ ജനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കെ എ ആന്റണി

കെ എ ആന്റണി

പകയുടെ രാഷ്ട്രീയത്തിന് അറുതിയില്ലെന്നും കൊലക്കത്തികള്‍ക്കു വിശ്രമമില്ലെന്നും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതായി ഇന്നലെ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ അരങ്ങേറിയ ഇരട്ടക്കൊലപാതകം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പതിവുപോലെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കുകയാണ്. കൊല്ലപ്പെട്ടവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആകയാല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് തന്നെ. പ്രതിഷേധ യോഗങ്ങളും സമാധാന യോഗങ്ങളും ഉറപ്പ്. സത്യത്തില്‍ അരുംകൊല നടത്തിയ ശേഷം വിളിച്ചുചേര്‍ക്കുന്ന സമാധാന യോഗങ്ങള്‍ക്കു എന്നേ പ്രസക്തി നഷ്ടമായിരിക്കുന്നു.

പെരിയ പ്രദേശത്തു കുറച്ചുനാളായി കോണ്‍ഗ്രസ് – സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍. കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും ഇന്നലെ കൊല ചെയ്യപ്പെട്ട കൃപേഷും (19) ശരത്ലാലും (24), സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍, കേരള പ്രവാസി സംഘം വില്ലജ് സെക്രട്ടറി സുരേന്ദ്രന്‍ എന്നിവരെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ കൂടി ആകയാല്‍ കൊലപാതകത്തില്‍ സിപിഎം പ്രതിക്കൂട്ടിലാവുന്നത് തികച്ചും സ്വാഭാവികം.

ആര് കൊന്നു? എന്നതിനേക്കാള്‍ ആശങ്ക വിതക്കുന്ന കാര്യം കൊലപാതങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുന്നു എന്നത് തന്നെയാണ്. പൊതുതിരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കുന്ന വേളയിലാണ് ഒരു ഇരട്ടക്കൊലപാതകം നടന്നതെന്നത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവെക്കുന്നു. കാനം രാജേന്ദ്രന്‍ നയിക്കുന്ന ഇടതു മുന്നണിയുടെ വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ് ജില്ല പിന്നിടുന്നതിന് മുന്‍പ് തന്നെ കൊലപാതകം, അതും ഒരു ഇരട്ടക്കൊലപാതകം അരങ്ങേറി എന്നത് മലബാര്‍ മേഖലയിലെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്കു പ്രാധാന ഉത്തരവാദിയെന്ന് കോണ്‍ഗ്രസ്സും ബിജെപി – ആര്‍എസ്എസും ഒരേ സ്വരത്തില്‍ ആരോപിക്കുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയൊരു നാണക്കേടും അതിലേറെ തീരാത്ത തലവേദനയും ആണെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

പെരിയയിലെ ഇരട്ടക്കൊലപാതകം കോണ്‍ഗ്രസ് എങ്ങനെ പ്രചാരണായുധമാക്കും എന്നതിന്റെ എല്ലാ സൂചനയും നല്‍കുന്നതായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇന്നത്തെ പ്രതികരണം. കൊലപാതങ്ങള്‍ക്കു പിന്നില്‍ സി പി എം ആണെന്ന് തറപ്പിച്ചു പറഞ്ഞ മുല്ലപ്പള്ളി കൊലപാതകികളുടെ നാണംകെട്ട പാര്‍ട്ടി എന്നാണ് സിപിഎമ്മിനെ വിശേഷിപ്പിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒഴിഞ്ഞുമാറാനാവില്ലെന്നും തിരെഞ്ഞെടുപ്പില്‍ പൊതുജനം ഇത്തരം നിഷ്ടൂര കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി.

കേവലം ഒരു തിരഞ്ഞെടുപ്പ് പ്രചാരണായുധം എന്നതിലുപരി പെരിയയിലേതടക്കമുള്ള എല്ലാ രാഷ്ട്രീയ കൊലപാതങ്ങള്‍ക്കുമെതിരെ ജനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉയര്‍ന്ന സാക്ഷരത അവകാശപ്പെടുമ്പോഴും കേരളം പ്രാകൃത യുഗത്തിലേക്കാണ് തിരിഞ്ഞു നടക്കുന്നതെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഇന്നലെ നടന്നതടക്കമുള്ള എല്ലാ രാഷ്ട്രീയ കൊലപാതങ്ങളും. ഓരോ കൊലപാതകവും അതാതു രാഷ്ട്രീയ പാര്‍ട്ടിക്ക് രക്തസാക്ഷികളെ നേടിക്കൊടുക്കും. പക്ഷെ ഓരോ മരണവും കൊല്ലപ്പെട്ടവന്റെ കുടുംബത്തിന് വരുത്തിവെക്കുന്ന തീരാത്ത നഷ്ടവും ലോകത്തിനു മുന്നില്‍ കേരള സമൂഹത്തിന് ഉണ്ടാക്കിവെക്കുന്ന ദുഷ്‌പ്പേരും കാണാതെ ഇരുന്നുകൂടാ.

ഈ അരുംകൊലകള്‍ ഇനിയും തുടരുന്ന പക്ഷം, ലിയോപോള്‍ഡ് സെഡര്‍ സെങ്കോര്‍ എന്ന സെനഗല്‍ കവി ‘ മരിച്ചവര്‍’ എന്ന തന്റെ കവിതയില്‍ കുറിച്ചതുപോലെ ‘ ഹാ, രക്തസാക്ഷികളുടെ അനശ്വര ഗോത്രമേ, മാപ്പ്, മാപ്പ് ‘ എന്ന് വിലപിക്കുക മാത്രമേ വഴിയുള്ളു.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍