UPDATES

ഡോ. അനില്‍ കെ

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ഡോ. അനില്‍ കെ

ഹെല്‍ത്ത് / വെല്‍നെസ്സ്

നിരാശഭരിതരായ രണ്ടോ മൂന്നോ ഡോക്ടര്‍മാരുടെ വെറും തോന്നല്‍ മാത്രമല്ല ഈ വിമര്‍ശനങ്ങള്‍; ഹോമിയോപ്പതിയെ വികലമായി ചിത്രീകരിക്കാനുള്ള സംഘടിത ശ്രമം

ഹോമിയോപ്പതി ബിരുദ കോഴ്സുകളിൽ പ്രവേശനം നേടരുതെന്ന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഉപദേശിക്കുന്ന പ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ ഏറെ സജീവമായിക്കണ്ടിരുന്നു.

ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഫലസിദ്ധി, ശാസ്ത്രീയത എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങൾക്കും നല്ല ‘മാര്‍ക്കറ്റ്’ ഉള്ളതുകൊണ്ടാവാം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വിവിധ തരത്തിലുള്ള വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. ഹോമിയോപ്പതി ബിരുദ കോഴ്സുകളിൽ പ്രവേശനം നേടരുതെന്ന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഉപദേശിക്കുന്ന പ്രചരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടുത്തിടെ ഏറെ സജീവമായി കണ്ടിരുന്നു. കേരളത്തിലെ ഒരു സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥികൾക്ക് ഒരു ഏജൻസി തയ്യാറാക്കി നൽകിയ ഇംഗ്ലീഷ് ചോദ്യകടലാസിലെ പാസ്സേജിൽ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തെ വികലമായി അവതരിപ്പിച്ചുകൊണ്ടുള്ള ഭാഗം ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയ സംഭവവും ഉണ്ടായി. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തെ പൊതുസമൂഹത്തിനു മുന്നിൽ വികലമായി ചിത്രീകരിക്കാനുള്ള സംഘടിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകളിലൊന്നായി ഇത് അവശേഷിക്കുന്നു.

ഹോമിയോ ഡോക്ടര്‍മാരായ ഏതാനും പേരെ ഉദ്ധരിച്ചു കൊണ്ട് അഴിമുഖത്തിൽ ജിഷ ജോര്‍ജ് എഴുതിയ റിപ്പോര്‍ട്ട് ഇത്തരം പ്രചാരങ്ങളുടെ ഫലമാണെന്നാണ് കരുതുന്നത്.

ബാലിശമായ ആരോപണങ്ങൾ

ഡോക്ടറാവാന്‍ പഠിച്ചു മറ്റു തൊഴില്‍ മേഖലകളിലേക്ക് പല കാരണങ്ങളാൽ ചേക്കേറിയവരുടെ ഉദാഹരണങ്ങള്‍ പറഞ്ഞുകൊണ്ടുള്ള വിമര്‍ശനം ചിരി ഉണര്‍ത്തുന്നു. എന്‍ജിനിയറിങ്ങ് പഠനം പൂര്‍ത്തിയാക്കിയ ഒട്ടേറെ പേര്‍ ജോലിസുരക്ഷിതത്വം അടക്കം വിവിധ കാരണങ്ങളാല്‍ ബാങ്കിങ്ങ് മേഖലകളിലും മറ്റും ജോലിഎടുക്കുന്നത് സാധാരണമാണ്. അതിനര്‍ഥം എന്‍ജിനിയറിങ്ങ് മേഖല ഒരുപരാജയമാണെന്നാണോ? എം.ബി.ബി.എസ്, ബി.ഡി. എസ് തുടങ്ങിയ മെഡിക്കല്‍ബിരുദങ്ങള്‍ നേടിയവര്‍ ഹെല്‍ത്ത് മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളിലേയ്ക്ക്വഴി മാറുന്നതും സാധാരണമാണ്. മാനവിക വിഷയത്തില്‍ ബിരുദം നേടിയ ചിലർ സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായി ക്യാബിനെറ്റ് സെക്രട്ടറി, റിസര്‍വ്ബാങ്ക് ഗവര്‍ണർ തുടങ്ങിയ പദവികള്‍ വരെ എത്തുന്നുണ്ട്. അതേ സമയം മറ്റ് ചിലര്‍ ക്ലര്‍ക്ക് ആയോ സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടന്‍റ് ആയോ ജോലിചെയ്യുന്ന സാഹചര്യവുമുണ്ട്. മിടുക്കും കഠിനാദ്ധ്വാനവും അനുകൂലസാഹചര്യങ്ങളും അനുസരിച്ചു പഠിച്ച മേഖലകളില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം.

നിരാശഭരിതരായ രണ്ടോ മൂന്നോ ഡോക്ടര്‍മാരുടെ കേവലം തോന്നലുകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇവരുടെ പ്രൊഫഷണല്‍ വൈദഗ്ദ്യവും, പ്രൊഫഷണൽ പരിചയവുമടക്കമുള്ള കാര്യങ്ങള്‍ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടി വരും. ഹോമിയോപ്പതിയുടെ ശാസ്ത്രീയത ചോദ്യം ചെയ്യുന്നവര്‍ മൂന്നോ നാലോ പേരുടെ വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നതിലെ സാംഗത്യം പിടികിട്ടുന്നില്ല.

ഡോക്ടർ ആവാൻ പഠിച്ചിട്ട് ക്ലർക്കായി ജോലി ചെയ്യേണ്ടി വരുന്ന ഗതികേടിന് ഉത്തരവാദിയാര്? ഹാനിമാന് ശേഷം ശാസ്ത്രം വളര്‍ന്നു, ഹോമിയോപ്പതിയോ?

ഹോമിയോ കോളേജുകള്‍ ചെയ്യുന്നത്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഹോമിയോപ്പതി ചികില്‍സ ഇന്ത്യയില്‍ പ്രചാരത്തില്‍ വന്നത്. കല്‍ക്കട്ടയില്‍ കോളറ പടര്‍ന്ന് പിടിച്ചപ്പോള്‍ ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി പ്രതിരോധിക്കുകയും ചികില്‍സിക്കുകയും ചെയ്ത ജോണ്‍ മാര്‍ട്ടിന്‍ ഹൊണിങ് ബെര്‍ഗെര്‍ (കോളറ ഡോക്ടര്‍ എന്ന പേരില്‍ -പ്രസിദ്ധനായിരുന്നു അദ്ദേഹം) ആണ് ഇന്ത്യയിലെ ആദ്യ കാല ഹോമിയോ പ്രാക്ടീഷണര്‍മരില്‍ പ്രമുഖന്‍. പിന്നീട് ഹോമിയോപ്പതി ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം നേടുകയും. 1881ല്‍ രാജ്യത്തെ ആദ്യത്തെ ഹോമിയോ മെഡിക്കല്‍ കോളേജ് കല്‍ക്കട്ടയില്‍ ആരംഭിക്കുകയും ചെയ്തു. ചികില്‍സാ സമ്പ്രദായമെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരം വര്‍ധിച്ചതോടെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍കൂടുതല്‍ കോളേജുകളും ഡിസ്പെന്‍സറികളും തുടങ്ങി. സര്‍ക്കാര്‍ ഹോമിയോപ്പതിയ്ക്ക് പ്രാധാന്യം നൽകിത്തുടങ്ങും മുമ്പു തന്നെ സ്വകാര്യപ്രാക്ടീഷനർമാര്‍, സാമൂഹ്യ സംഘടനകള്‍, മിഷനറികള്‍ എന്നിവയിലൂടെ ഹോമിയോപ്പതി കേരളത്തിലടക്കം പ്രചാരം നേടിയിരുന്നു.

വ്യക്തമായ സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനമാണ് ഹോമിയോ കോളേജുകളില്‍ നടക്കുന്നത്, ഓതിക്കൊടുക്കലല്ല. അനാറ്റമി, ഫിസിയോളജി, പത്തോളജി, സർജറി, ഗൈനക്കോളജി, ഓബ്സ്റ്റട്രിക്സ്, പ്രാക്ടീസ് ഓഫ് മെഡിസിന്‍ തുടങ്ങിയ വിഷയങ്ങള്‍ ആധികാരിക പുസ്തകങ്ങളില്‍ നിന്നു നാലരവർഷം പഠിച്ചാണ് ഹോമിയോ ഡോക്ടര്‍മാർ പുറത്തിറങ്ങുന്നത്. രോഗിയുടെ മുടി മരുന്നില്‍ മുക്കി വെക്കുന്നതു പോലുള്ള ചില കാര്യങ്ങള്‍ ഹോമിയോപ്പതിയുടെ പേരില്‍ നടത്തുന്നതിനെ ഹോമിയോ ഡോക്ടര്‍മാര്‍ ആരും അംഗീകരിക്കുന്നില്ല. ഇത്തരക്കാരും ഹോമിയോപ്പതിക്കെതിരെ അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ‍ഡോ. ആരിഫിനെപ്പോലുള്ളവരും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ്.

ലാൻസെറ്റും ഹോമിയോപ്പതിയും

ഹോമിയോപ്പതിയുടെ അന്ത്യം (End Of Homeopathy) എന്ന Lancet റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 2005 ലാണ്. ഏകദേശം ഒന്നരപതിറ്റാണ്ടു കഴിഞ്ഞിട്ടും ഹോമിയോപ്പതിയുടെ ജനപ്രീതി വര്‍ധിക്കുകയേ ചെയ്തിട്ടുള്ളൂ. ലാൻസെറ്റ് നടത്തിയ വിശകലനത്തിലെ അപാകതകൾ അവർ തന്നെ പിന്നീട് തുറന്നു സമ്മതിക്കുകയും ചെയ്തു. ശാസ്ത്രാവബോധമുള്ള കേരളത്തില്‍ 25 ശതമാനം പേരോളം ഹോമിയോ ചികില്‍സയെ ആശ്രയിക്കുന്നുണ്ട്. വന്ധ്യത ചികില്‍സാരംഗത്ത് കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ പൊതു സമൂഹത്തിനും സര്‍ക്കാറിനും ബോധ്യമായിട്ടുണ്ട്. IVF പോലുള്ള ചികില്‍സാ രീതികള്‍ പരാജയപ്പെട്ട ഒട്ടേറെ കേസുകളില്‍ ഹോമിയോ ചികില്‍സയിലൂടെ സന്താന ലബ്ധിയുണ്ടായതു ‘പ്ലാസെബോ എഫെക്ട്’ (Placebo effect)ആണെന്ന് വ്യാഖ്യാനിക്കുമോ.

ലോകാരോഗ്യ സംഘടന അംഗീകരിച്ച ഹോമിയോപ്പതി എങ്ങനെ ശാസ്ത്ര വിരുദ്ധമാകും? വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി

പുതിയ പഠനങ്ങളിലെ കണ്ടെത്തലുകൾ

ഐ.ഐ.ടി മുംബെയിലെ ഗവേഷകര്‍നടത്തിയ പഠനം ഹോമിയോപ്പതിക്കെതിരെയുള്ള ചില വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. Transmission Electron Microscopy, Selected Area Elctron Diffraction, Inductively Coupled Plasma Atomic Emission SpectroScopy തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഈ പഠനം നടന്നത്. നിരന്തരമായ ആവര്‍ത്തന പ്രക്രിയയിലൂടെയാണ് ഹോമിയോ മരുന്നുകള്‍ നിര്‍മിക്കുന്നത്. 30സി, 200സി എന്നീ പൊട്ടെൻസിയുള്ള ഹോമിയോ മരുന്നുകൾ യഥാക്രമം 10 ന്റെ 60 ഗുണിതങ്ങളും, 400 ഗുണിതങ്ങളും തവണ ആവത്തന പ്രക്രിയക്ക് വിധേയമായതാണ്. അതിനാല്‍ സാധാരണ പരീക്ഷണങ്ങളിലൂടെ ഹോമിയോ മരുന്നുകളില്‍ മരുന്നു നിര്‍മ്മിക്കാനുപയോഗിച്ച അടിസ്ഥാന വസ്തുവിന്റെ (Starting Materials) അംശം കണ്ടെത്തുക സാധ്യമല്ല. എന്നാല്‍ ഐഐടിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലൂടെ അടിസ്ഥാന വസ്തുവിന്റെ അംശം ഹോമിയോ മരുന്നുകളില്‍ കണ്ടെത്തുകയുണ്ടായി. (https://www.ncbi.nlm.nih.gov/pubmed/20970092) ഇതോടെ ഹോമിയോ മരുന്നുകളില്‍ മരുന്നിന്റെ അംശമില്ലെന്നും, അത് വെള്ളത്തിന്റെയും ആൽക്കഹോളിന്റെയും മിശ്രിതം മാത്രമാണെന്നും, ഹോമിയോ മരുന്ന് കൊണ്ടുണ്ടാകുന്ന രോഗ ശമനം രോഗിക്ക് ഡോക്ടറില്‍ ഉള്ള വിശ്വാസം കൊണ്ടുണ്ടാകുന്ന മാനസികമായ തോന്നല്‍ (Placebo effect) മാത്രമാണെന്നും മറ്റുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കുന്നു.

ഹോമിയോപ്പതിയുടെ ശാസ്ത്രീയത

ആധുനികശാസ്ത്രത്തിനു അടിത്തറപാകിയ ശാസ്ത്രീയ രീതികൾ സമ്മാനിച്ച സർ ഫ്രാൻസിസ് ബേക്കന്റെ രീതികളിലൂടെ നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോമിയോപ്പതി വൈദ്യം പിറവിയെടുക്കുന്നതു തന്നെ. ഹോമിയോപ്പതിയുടെ പിതാവായ ഡോ.സാമുവൽ ഹാനിമാൻ സ്വന്തം ശരീരത്തിലും സഹപ്രവർത്തകരിലും നടത്തിയ കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷം മാത്രമാണ് 99 ഹോമിയോപ്പതി മരുന്നുകളുടെ ഔഷധവീര്യം രേഖപ്പെടുത്തിയിട്ടുളളത്. ഇതേ രീതിയിലും ശാസ്ത്രം വികസിച്ചതിനനുസരിച്ചുള്ള നൂതന പ്രക്രിയയിലൂടെയും നാളിതുവരെ ഏകദേശം നാലായിരത്തിൽ പരം ഹോമിയോപ്പതി ഔഷധങ്ങൾ നിലവിലുണ്ട്. ലോകവ്യാപകമായി ഒരേ തത്വത്തിൽ ഉപയോഗിക്കപ്പെടുന്ന തികച്ചും ശാസ്ത്രീയമായ ചികിത്സ സംവിധാനമാണ് ഹോമിയോപ്പതി.

ഇസ്രയേലുമായുള്ള ധാരണപത്രം

ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ 9 ധാരണാപത്രങ്ങളില്‍ ഒപ്പു വെച്ചത്. പ്രതിരോധം, കാര്‍ഷികം, സൈബര്‍ സുരക്ഷ,ഹോമിയോപ്പതി വൈദ്യശാസ്ത്രം, ശാസ്ത്രസാങ്കേതിക രംഗം തുടങ്ങിയ മേഖലകളിലായിരുന്നു ഈ ധാരണ. ശാസ്ത്രീയതയുടെ പേരിൽ ഹോമിയോപ്പതി വൈദ്യശാസ്ത്രം വിവിധ സ്ഥലങ്ങളിൽ വിമർശിക്കപ്പെടുകയും സമൂഹമാധ്യമങ്ങളിലൂടെ ഇതൊരു കപട ശാസ്ത്രമാണെന്ന പ്രചരണം ശക്തി പ്രാപിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ഇന്ത്യയിലെ ഹോമിയോപ്പതി ഗവേഷണവകുപ്പുമായി ഇസ്രയേൽ ഇത്തരത്തിലൊരു ധാരണപത്രം ഒപ്പിടുന്നത്. അവനവന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ ഓരോ വ്യക്തിയും ശ്രദ്ധ പുലർത്തുന്നത് സ്വാഭാവികമാണ്. രാജ്യത്തെ പൗരൻമാരുടെ ആരോഗ്യ സംരക്ഷണത്തിന് ഫലപ്രദവും താരതമ്യേന ചിലവുകുറഞ്ഞതുമായ മികച്ച ചികിത്സരീതികൾ നൽകാൻ സർക്കാരിനു ബാധ്യതയുമുണ്ട്. മനുഷ്യശരീരത്തെ ശരിയായ രീതിയിൽ മനസ്സിലാക്കുകയും, ആരംഭം മുതൽത്തന്നെ മനുഷ്യശരീരത്തിൽ പരീക്ഷിച്ച് സുരക്ഷിതത്വം തെളിയിക്കുകയും, കഴിഞ്ഞ എട്ടു തലമുറകളിലായി ലോകത്താകമാനം ഉപയോഗിക്കുകയും ചെയ്യുന്ന ഹോമിയോപ്പതി വൈദ്യശാസ്ത്രം പൊതുസമൂഹത്തിന് എന്നും ഒരു മുതൽക്കൂട്ടാണ്.

ഹോമിയോപ്പതിയെ കുറിച്ച് തുറന്നെഴുതിയതിന് വ്യക്തിഹത്യയെന്ന് ഹോമിയോ ഡോക്ടര്‍

ഡോ. അനില്‍ കെ

ഡോ. അനില്‍ കെ

ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ബി.ആർ.സുർ ഹോമിയോപ്പതി മെഡിക്കൽ കോളേജ്, മോത്തിബാഗ്, ഡൽഹി സർക്കാർ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍