UPDATES

ട്രെന്‍ഡിങ്ങ്

മകന്‍ ഹിന്ദുശാക്തീകരണത്തിന്റെ തിരക്കില്‍ നില്‍ക്കുമ്പോഴാണ് അച്ഛന്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങുന്നത്

സംഘപരിവാര്‍ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന ആപത്കരമായ പ്രവര്‍ത്തികളെ തടയാന്‍ വെള്ളാപ്പള്ളി നടേശന്റെ ശബ്ദത്തിന് ഏറെ കരുത്തുണ്ട്. അത് കേരളത്തിന് ഉപയോഗപ്പെടും.

ഹൈന്ദവ ഏകീകരണത്തിനും നവോഥാന മൂല്യ സംരക്ഷണത്തിനും ഒരേ വഴിയില്‍ നടക്കുക പ്രയാസമാണ്. അങ്ങനെയാണെങ്കില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പളിക്കും ഒരുമിച്ച് നടക്കുക അസാധ്യം. അച്ഛനും മകനുമാണെങ്കിലും ഏറ്റെടുത്തിരിക്കുന്ന ലക്ഷ്യത്തിന് വിരുദ്ധ സ്വഭാവമായതുകൊണ്ട് അച്ഛന്റെയും മകന്റെയും ഇനിയുള്ള നീക്കങ്ങള്‍ വീക്ഷിക്കുന്നതില്‍ കൗതുകമുണ്ട്.

ഹിന്ദുവിന്റെ സംരക്ഷണം, ഹൈന്ദവാചാരങ്ങളുടെ സംരക്ഷണം, സകലമാന ജാതിക്കാരായ ഹിന്ദുക്കളെയും ഒന്നിപ്പിക്കല്‍, തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ പോരാടന്‍ ഹിന്ദുവിനെ ഉണര്‍ത്തുക തുടങ്ങിയ ഭഗീരഥപ്രയത്‌നങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. ആചാരസംരക്ഷണത്തിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പം കാസറഗോഡ് നിന്നും പത്തനംതിട്ട വരെ രഥമോടിച്ചെത്തിയിട്ട് അധികം ദിവസം കഴിഞ്ഞിട്ടില്ല. മകന്‍ ഹിന്ദുശാക്തീകരണത്തിന്റെ തിരക്കില്‍ നില്‍ക്കുമ്പോഴാണ് അച്ഛന്‍ നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങുന്നത്. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടായി പരിശ്രമിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗം തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ പോവുകയാണ്. മനുഷ്യമതില്‍ അടക്കം നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് നവോത്ഥാന മൂല്യസംരക്ഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഈ സമതിയുടെ ചെയര്‍മാനാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

അച്ഛനും മകനും വഴി പിരിഞ്ഞ് നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ബിഡിജെഎസ് എന്ന പാര്‍ട്ടിയൊക്കെ മകന്‍ സ്വയം വെട്ടിയ വഴിയില്‍ നട്ട മോഹക്കൊട്ടാരമാണ്. എസ്എന്‍ഡിപി എന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനാകാനുള്ള യോഗം എത്രത്തോളമുണ്ടെന്ന് അറിയാത്തതിനാല്‍ തനിക്കും ഒരു സ്ഥാനമൊക്കെ സമൂഹത്തില്‍ വേണമെന്ന മോഹമാണ് തുഷാറിനെക്കൊണ്ട് പാര്‍ട്ടി ഉണ്ടാക്കുന്നതിലേക്കും ആ പാര്‍ട്ടിയേയും കൊണ്ട് ബിജെപി പാളയത്തിലേക്ക് പോകുന്നതിനും ഇപ്പോള്‍ സംഘപരിവാര്‍ ഭാഷയില്‍ ഹിന്ദു ഐക്യത്തെക്കുറിച്ച് പ്രസംഗിച്ച് നടക്കാനുമൊക്കെ തയ്യാറാക്കുന്നത്. വെള്ളാപ്പള്ളിയുടെ പിന്‍ഗാമിയായി തുഷാര്‍ യോഗത്തിന്റെ തലപ്പത്ത് എത്തുമെന്ന് ഒരുഘട്ടം വരെ സംശയമേതുമില്ലാതെ കരുതിയിരുന്നതാണ്. പിന്നീട് ആ കാര്യത്തില്‍ സംശയങ്ങള്‍ ഉടലെടുത്ത് തുടങ്ങിയത് അച്ഛനും മകനുമിടയിലെ ചില അസ്വാരസ്യങ്ങള്‍ പുറത്തറിഞ്ഞു തുടങ്ങിയതോടെയാണ്.

കരപ്പുറത്തെ ചൊരിമണലില്‍ നിന്നും എസ്എന്‍ഡിപിയുടെ സര്‍വ്വവുമായി തീരാന്‍ വെള്ളാപ്പള്ളി നടേശന്‍ നടന്നു പോന്ന വഴികളിലെ കാഠിന്യത്തിന്റെ ഒരംശംപോലും തുഷാറിന് ഒരു കാര്യത്തിനുവേണ്ടിയും ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ല. കണിച്ചുകുളങ്ങരിയിലെ വീട്ടിലെ പട്ടിക്കുവരെ എസ് എന്‍ ട്രസറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടെന്ന് യോഗത്തിലെ എതിരാളികള്‍ വെള്ളാപ്പള്ളിയെ കളിയാക്കാന്‍ പറയുന്നത് കേട്ടിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ കുടുംബാധിപത്യമാണ് യോഗത്തിലും ട്രസ്റ്റിലും നടക്കുന്നതെന്ന വിമര്‍ശത്തിന്റെ ഭാഗമാണ് ഇത്തരം കളിയാക്കലുകള്‍. ഇതൊക്കെ പരസ്യമായി പറഞ്ഞവരൊക്കെ ഇന്ന് യോഗത്തില്‍ ഇല്ല. ചിലര്‍ പറഞ്ഞതിനൊക്കെയും അപരാധമേറ്റു ചൊല്ലി കൂടെത്തന്നെ നില്‍ക്കുന്നുണ്ട്. ബാക്കിയുള്ളവരൊക്കെയും എന്നും നിശബ്ദരായവരാണ്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും തുഷാറിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന അനിശ്ചിതത്വത്തിന് കാരണം എന്തായിരിക്കും? വെള്ളാപ്പള്ളി നടേശന്‍ എന്ന കാരണത്തെ കടന്ന് മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല.

അവസരവാദത്തിന്റെ തമ്പുരാനെങ്കിലും വെള്ളാപ്പള്ളിക്ക് എവിടെ വീണാലും നാലുകാലില്‍ തന്നെ നില്‍ക്കാനുള്ള കഴിവുണ്ട്. പക്ഷേ, തുഷാറിനതില്ല. അച്ഛന്‍ ആനപ്പുറം കേറിയവനായതുകൊണ്ട് മാത്രം മകന് തഴമ്പ് ഉണ്ടാകണമെന്നില്ലല്ലോ. ബിഡിജെസ് എന്ന പ്രലോഭനത്തില്‍ ആദ്യമൊന്നു വീണെങ്കിലും പിന്നടതിലെ അപകടം തിരിച്ചറിഞ്ഞത് വെള്ളാപ്പള്ളിയുടെ അനുഭവപരിചയവും പ്രായോഗിക ബുദ്ധിയും കൊണ്ടാണ്. ബിഡിജെഎസ്സിന്റെ മോഹങ്ങളും അതിനു തെരഞ്ഞെടുത്തിരിക്കുന്ന വഴികളും എസ്എന്‍ഡിപി പോലൊരു പ്രസ്ഥാനത്തിന്റെ ചരിത്രവും ലക്ഷ്യവുമായി യോജിക്കാത്തതാണ്. ആ ബോധം വെള്ളാപ്പള്ളിക്കൊണ്ട്. തുഷാറിനില്ല. എന്തുകൊണ്ടത് ഉണ്ടാക്കിക്കൊടുക്കുന്നില്ലെന്നു വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്നവര്‍ തുഷാറിനെ ശരിക്കും മനസിലാക്കുമ്പോള്‍ കാര്യം തിരിയും.

നവോഥാന മൂല്യ സംരക്ഷണത്തിന്റെ അമരക്കാരനായി മാറുമ്പോള്‍ വെള്ളാപ്പള്ളി അതിലൂടെയുണ്ടാക്കുന്ന മൈലേജ് തുഷാര്‍ എത്ര കിലോമീറ്റര്‍ രഥമോടിച്ചാലും കിട്ടില്ല. കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങളില്‍ തന്റെ മേലുള്ള പല കറകളും കഴുകി കളഞ്ഞ് കുറച്ചൊന്നു തെളിഞ്ഞ് നില്‍ക്കാന്‍ വെള്ളാപ്പളിക്ക് പുതിയ ദൗത്യങ്ങള്‍ സഹായിക്കും. തന്റെ ഏറ്റവും വലിയ എതിരാളിയായ സുകുമാരന്‍ നായരെ തകര്‍ക്കാനും ഈയവസരം ഉപകാരപ്പെടും, അതിനു തുടക്കവുമിട്ടു കഴിഞ്ഞു. കാറ്ററിഞ്ഞുള്ള തൂറ്റലായും കാണാമെങ്കിലും സംഘപരിവാര്‍ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന ആപത്കരമായ പ്രവര്‍ത്തികളെ തടയാന്‍ വെള്ളാപ്പള്ളി നടേശന്റെ ശബ്ദത്തിന് ഏറെ കരുത്തുണ്ട്. അത് കേരളത്തിന് ഉപയോഗപ്പെടും.

എങ്കിലും നവോഥാന മൂല്യ സംരക്ഷണത്തിനായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ വെള്ളാപ്പള്ളിക്ക് ഒരു നിരാശ തോന്നാതിരിക്കണമെങ്കില്‍ എന്താണ് കേരളമെന്നും ഈ നാടിന്റെ നവോഥാനമെന്നും അത് സൃഷ്ടിക്കാന്‍ എസ്എന്‍ഡിപി യോഗവും ഇന്നാട്ടിലെ ഈഴവ സമുദായവും നടത്തിയ പോരാട്ടങ്ങളും സഹിച്ച ത്യാഗങ്ങളും എല്ലാം തുഷാറിനോട് ഒരിക്കല്‍ കൂടിയൊന്ന് പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കാം. ചിലപ്പോള്‍ പ്രയോജനം ചെയ്താലോ!

ഈ രഥത്തില്‍ ശ്രീനാരായണ ഗുരുവിനെ കെട്ടാന്‍ നോക്കരുത് തുഷാര്‍ വെള്ളാപ്പള്ളി

അഭിമുഖം/വെള്ളാപ്പള്ളി നടേശന്‍; എന്‍എസ്എസ്സും ആര്‍എസ്എസ്സും ഇരട്ട സഹോദരങ്ങള്‍, ശബരിമലയില്‍ നടക്കുന്നത് സവര്‍ണലോബിയുടെ സമരം

‘ചുവപ്പ് കണ്ടാല്‍ കുത്തുന്ന കാള’; നവോത്ഥാനമല്ല, എന്‍എസ്എസിന്റേത് കമ്യൂണിസ്റ്റ് വിരുദ്ധ പാരമ്പര്യമെന്ന് ഓര്‍മിപ്പിച്ച് വെള്ളാപ്പള്ളി

പിണറായിയുടെ ‘അജണ്ട’യില്‍ വീണ് ശ്രീധരന്‍ പിള്ള; സവര്‍ണ രഥത്തില്‍ നവോത്ഥാന നായകരെ പതിച്ചത് ആരെന്നറിഞ്ഞിട്ടു തന്നെയോ?

വിമോചന സമരത്തിന്റെ മേല്‍മുണ്ടും പുതച്ചിരിക്കുന്ന സുകുമാരന്‍ നായര്‍ക്ക് വെള്ളാപ്പള്ളിയെന്ന കേരളത്തിന്റെ മറുപടി

ശബരിമലയില്‍ അവകാശമുണ്ടായിരുന്ന ഈഴവ കുടുംബത്തിന് സംഭവിച്ചത് ഇതാണ്; വിശ്വാസ സംരക്ഷകര്‍ ഓര്‍ക്കേണ്ട ചരിത്രം

ശബരിമലയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്ന ഈഴവരോടാണ്; ആരാണ് ലളിത എന്നറിയാമോ?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍