UPDATES

ട്രെന്‍ഡിങ്ങ്

ഡല്‍ഹിയില്‍ സമ്പത്തുണ്ടാകുന്നത് നല്ലതാണ്, പക്ഷേ ധൂര്‍ത്ത് എങ്ങനെ പരിഹരിക്കാം?; ഇരുമ്പ് പിള്ള, മരുമകന്‍ ബാലകൃഷ്ണന്‍, ശ്രീവാസ്തവ എന്നിവരെ പിരിച്ചുവിടുക

ക്യാബിനറ്റ് റാങ്കിൽ സമ്പത്തിനെ നിയമിക്കുന്നത് ഒരാവശ്യകതയും എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നു എന്ന അവസ്ഥ ഒരു യാഥാർഥ്യവും ആയി വരുമ്പോൾ ചെയ്യാവുന്ന പ്രധാന കാര്യം മറ്റുമേഖലകളിലെ അനാവശ്യ ചെലവുകൾ ഇല്ലാതാക്കി ഈ നിയമനത്തിന് വേണ്ടി വരുന്ന പണം കണ്ടെത്തുകയെന്നതാണ്

കെ.എ ഷാജി

കെ.എ ഷാജി

ഏത് മാനദണ്ഡം അനുസരിച്ച് നോക്കിയാലും ഇന്ത്യൻ പാർലമെന്റ് കണ്ട മികച്ച അംഗങ്ങളിൽ ഉൾപ്പെടുന്നവരാണ്‌ എം ബി രാജേഷും എ സമ്പത്തും കെ എൻ ബാലഗോപാലും പി രാജീവും. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ അവർക്കു വിജയിക്കാൻ കഴിയാതെ പോയത് അപ്പോൾ രൂപപ്പെട്ടതും ഇപ്പോഴും നിലനിൽക്കുന്നതുമായ സവിശേഷമായ രാഷ്ട്രീയ സാഹചര്യം ഒന്നുകൊണ്ട് മാത്രമാണ് എന്ന് അവരുടെ ശത്രുക്കൾ പോലും സമ്മതിക്കും. ഇവർ ആരുടെയും വ്യക്തിഗതമായ പ്രകടനം മോശമായതിന്റെ ഫലം ആയിരുന്നില്ല തെരഞ്ഞെടുപ്പ് ഫലം. നിലവിലെ അവസ്ഥയിൽ അവരിലൊരാളെ ക്യാബിനറ്റ് പദവിയിൽ ഡൽഹിയിൽ നിയമിച്ച് സംസ്ഥാന സർക്കാരിന് കേന്ദ്രവുമായുള്ള ഏകോപന പ്രവർത്തനങ്ങൾ കാര്യക്ഷമം ആക്കണം എന്ന് തോന്നിയാൽ അതിൽ തെറ്റൊന്നുമില്ല.

നിലവിൽ ഇത്തരം ഏകോപനങ്ങൾ നടത്തി വരുന്നത് കേരളാ ഹൌസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്. പൊതുപ്രവർത്തനത്തിൽ തിളങ്ങുകയും ലോക്‌സഭാംഗം എന്ന നിലയിൽ വിപുലമായ അനുഭവ സമ്പത്തും പരിചയവും കർമ്മശേഷിയുമുള്ള സമ്പത്ത് രാഷ്ട്രീയ നിയമനത്തിലൂടെ അങ്ങനെ ഒരു പദവിയിൽ എത്തിച്ചേരുമ്പോൾ വരും നാളുകളിൽ അത് സർക്കാരിനും ജനങ്ങൾക്കും ഗുണമേ ചെയ്യൂ എന്ന് ചിന്തിക്കുന്നതാണ് ന്യായം. കേന്ദ്രവുമായും ഇതര സംസ്ഥാനങ്ങളുമായും തലസ്ഥാനത്തുള്ള വ്യത്യസ്ത സ്ഥാപനങ്ങളും വിദേശ എംബസികളുമായും എല്ലാം തന്നെ ബന്ധപ്പെട്ട് നിരവധിയായ കാര്യങ്ങൾ സംസ്ഥാനത്തിന് നേടിയെടുക്കേണ്ടതുണ്ട്. പ്രതിഭയുള്ള ഒരു രാഷ്ട്രീയക്കാരൻ ഇത്തരം കാര്യങ്ങളിൽ സിവിൽ സർവീസുകാരേക്കാൾ ഗുണം ചെയ്യും. നിലവിൽ ലോക്‌സഭയിൽ കേരളത്തിലെ ഭരണകക്ഷിക്ക് ഒരേയൊരു അംഗമാണ് ഉള്ളത്. വലിയ സ്വാധീന ശക്തിയുള്ളതായി അദ്ദേഹം ഇനിയും അവകാശപെട്ടിട്ടില്ല. സ്വന്തം പാർട്ടിയുടെ തമിഴ്‌നാട്ടിൽ നിന്നുള്ള എം പിമാർ ആരൊക്കെ എന്നറിയില്ലെന്നും അവരോടു മിണ്ടാൻ തമിഴ് പഠിക്കേണ്ടി വരുമോ എന്ന് പേടിയുണ്ടെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് ജയിച്ച ഉടൻ പറഞ്ഞിരുന്നു.

രാജ്യസഭയിലെ നിലവിലുള്ള കനല്‍ത്തരികളിലും സർക്കാരിന് ഇക്കാര്യത്തിൽ വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലെന്നു വേണം മനസ്സിലാക്കാൻ. ക്യാബിനറ്റ് റാങ്കിൽ ഒരാളെ ഡൽഹിയിൽ നിയമിക്കുന്നത് വലിയ പണച്ചെലവ് വരുത്തും എന്നും സംസ്ഥാനം വലിയ കടക്കെണിയിൽ ആയ വർത്തമാനകാല അവസ്ഥയിൽ അത് യുക്തിപൂർവ്വമായ തീരുമാനം അല്ലെന്നുമാണ് ഒരു വിമർശനം. വലിയ നിലയിൽ ഉള്ള ഏകോപനങ്ങൾക്ക് ക്യാബിനറ്റ് റാങ്ക് ഗുണം തന്നെയാണ്. കിട്ടാനിരിക്കുന്ന നേട്ടങ്ങൾ വച്ച് നോക്കുമ്പോൾ അതിനായി ഒരുപാട് വലുതല്ലാത്ത ചെലവുകൾ വരുന്നതിലും തെറ്റൊന്നുമില്ല. ക്യാബിനറ്റ് റാങ്കിൽ സമ്പത്തിനെ നിയമിക്കുന്നത് ഒരാവശ്യകതയും എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നു എന്ന അവസ്ഥ ഒരു യാഥാർഥ്യവും ആയി വരുമ്പോൾ ചെയ്യാവുന്ന പ്രധാന കാര്യം മറ്റുമേഖലകളിലെ അനാവശ്യ ചെലവുകൾ ഇല്ലാതാക്കി ഈ നിയമനത്തിന് വേണ്ടി വരുന്ന പണം കണ്ടെത്തുകയെന്നതാണ്. സമ്പത്തിനെ നിയമിച്ചതിനെതിരെ വിമർശനം ഉയർത്തുന്ന മുഖ്യധാരാ മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും കാണാതെ പോകുന്ന നിരവധിയായ എത്ര അനാവശ്യ ചെലവുകൾ ആണ് സംസ്ഥാനത്ത് ഉള്ളത്. വി എസ് അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചത് അനാവശ്യ ചെലവാണ് എന്ന് പറഞ്ഞു വിമർശിച്ചവർ ആരും ആർ ബാലകൃഷ്ണ പിള്ള ക്യാബിനറ്റ് റാങ്കിൽ തലപ്പത്തുള്ള മുന്നോക്ക സമുദായ വികസന കോർപറേഷനെയും അതിലെ പ്രതിമാസം വൻതുക ചെലവഴിക്കുന്ന ഉന്നതജാതിക്കാരായ അംഗങ്ങളെയും കുറിച്ചു മിണ്ടുന്നില്ല. സാമ്പത്തിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നവർ തന്നെയാണ് ബാലകൃഷ്ണ പിള്ളയുടെ മരുമകൻ ടി ബാലകൃഷ്ണനെ പുതിയ തസ്തികയിൽ മാസം ഏതാണ്ട് രണ്ടര ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചതിൽ ഒരക്ഷരം മിണ്ടാതിരിക്കുന്നത്. രണ്ടു തീരുമാനങ്ങളും ഒരേ ദിവസം തന്നെയാണ് എടുത്തത്. സമ്പത്തിനു കൊടുക്കുന്ന ശമ്പളം തൊണ്ണൂറായിരം രൂപയോളമേ വരൂ എന്നാണ് അറിവ്.

യു ഡി എഫ് സർക്കാരിന് കീഴിൽ ഐ എ എസ് ഉദ്യോഗസ്ഥനായി വിരമിച്ച ടി ബാലകൃഷ്ണൻ കേരളം കണ്ട പല വിവാദ വ്യവസായ പദ്ധതികളിലും പ്രധാന തലച്ചോർ ആയിരുന്നു. ഇരു മുന്നണികൾക്കും വലിയ തലവേദനകൾ സൃഷ്‌ടിച്ച വ്യക്തി. ഇന്നും രണ്ടു മുന്നണികൾക്കും ബി ജെ പി യ്ക്കും പ്രിയങ്കരനായി തുടരുന്നു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന ബാലകൃഷ്ണനെ റിട്ടയർ ചെയ്ത ശേഷം പല തസ്തികകളിൽ പ്രവർത്തിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഒടുവിൽ തലസ്ഥാന നഗരവികസന പദ്ധതിയിൽ സ്‌പെഷൽ ഓഫീസർ തസ്തിക സൃഷ്ടിച്ചാണ് നിയമിച്ചിരിക്കുന്നത്. നിലവിലുള്ള ഏതെങ്കിലും മിടുക്കരായ ഐ എ എസ് ഉദ്യോഗസ്ഥർക്ക് അഡീഷണൽ ചുമതല കൊടുത്താൽ ബാലകൃഷ്ണന് കൊടുക്കുന്ന രണ്ടര ലക്ഷം ലാഭിക്കാം. അതുകൊണ്ട് ഡൽഹിയിലെ ഏകോപനം നടത്താം.

സംസ്ഥാന പൊലീസിന് ഉപദേശകനായി രമൺ ശ്രീവാസ്തവ തുടരുന്നുണ്ട് എന്നാണറിവ്. ഇത്രയേറെ ഉപദേശിച്ചിട്ടും കസ്റ്റഡി മരണങ്ങളും പോലീസ് അതിക്രമങ്ങളും കൂടുന്നുണ്ട് എങ്കിൽ ആ ഉപദേശകനെ ഇനിയും വച്ചുകൊണ്ടിരിക്കരുത്. ആ നിലയിൽ ലാഭിക്കുന്ന പണവും ഡൽഹിയിലെ ഏകോപനത്തിനു വിനിയോഗിക്കാം. ബാലകൃഷ്ണ പിള്ള കോര്‍പ്പറേഷനിലേക്കു തന്നെ വരാം. ഏറ്റവും അടിസ്ഥാനപരമായി നോക്കിയാൽ ഭരണഘടനാ വിരുദ്ധമാണ് ആ കോർപ്പറേഷൻ. സമുന്നതി എന്ന് വിളിപ്പേരുള്ള സവർണ്ണ കോർപ്പറേഷൻ. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടിയുള്ള സംവരണം അടക്കമുള്ള സമാശ്വാസ നടപടികളെ പരസ്യമായി അവഹേളിക്കുകയും അവയിൽ വെള്ളം ചേർക്കണം എന്നാവശ്യപ്പെടുകയും ബ്രാഹ്മണ മാഹാത്മ്യം വിളമ്പുകയും ചെയ്യുന്ന സവര്‍ണ്ണരാണ് അതിലെ അംഗങ്ങൾ. അഗ്രഹാരങ്ങളും മറ്റു സവർണ്ണ ബിംബങ്ങളും സർക്കാർ ചെലവിൽ പുനരുദ്ധരിക്കുകയാണ് മുഖ്യ ജോലി. പിള്ള കോൺഗ്രസ്സ് മുന്നണിയിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശല്യം ഒഴിവാക്കി ആവാഹിച്ചിരുത്താൻ ഉമ്മൻ ചാണ്ടി തട്ടിക്കൂട്ടിയ ഈ സ്ഥാപനം അതെ മട്ടിൽ തുടരാൻ അനുവദിക്കുകയാണ് പിണറായി ചെയ്തത്. നല്ലൊരു വെള്ളാനയാണിത്. ഇതിനായി പ്രതിമാസം മുടക്കുന്ന കോടികൾ ഡൽഹിയിൽ ഏകോപന പ്രവർത്തനങ്ങൾക്ക് ചെലവാക്കിയാലും ബാക്കി ഉണ്ടാകും. ബ്രാഹ്മണർക്കും പിളളമാർക്കും നായന്മാർക്കും വാർധക്യ കാല പെൻഷനും വിധവാ പെൻഷനുമൊക്കെ വിതരണം ചെയ്യാൻ സാമൂഹിക ക്ഷേമ വകുപ്പ് മതി. സമുന്നതി വേണ്ട. ചെറിയാൻ ഫിലിപ്പിനെ കുടിയിരുത്തിയിരിക്കുന്ന മിഷനുകളുടെ ഉദ്ദേശ്യം അദ്ദേഹത്തിന് പോലും മനസ്സിലാകാത്ത അവസ്ഥയിൽ അവയെയും പിരിച്ചു വിട്ട് സമ്പത്തിനു ഡൽഹിയിൽ പ്രവർത്തിക്കാൻ പണമുണ്ടാക്കാം.

കരയുന്ന കുട്ടികൾക്കെ പാലുള്ളൂ. കേന്ദ്രം ഭരിക്കുന്നവർക്ക് ഒരു സീറ്റു പോലും നൽകാതെ പുറത്തു നിർത്തുന്ന ഒരു സംസ്ഥാനത്തോടുള്ള അവഗണനയും ചിറ്റമ്മ നയവും അതിഭീകരമായിരിക്കും. അവിടെ കൃത്യമായ ഏകോപനവും നയതന്ത്രവും ആവശ്യമാണ്.

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍