UPDATES

അശോകന്‍ ചരുവില്‍

കാഴ്ചപ്പാട്

Guest Column

അശോകന്‍ ചരുവില്‍

പശു, കാര്‍ഷിക വ്യവസ്ഥ: അമര്‍ത്യ സെന്‍ മിണ്ടിയാല്‍ സംഘപരിവാരം പേടിക്കുന്നതെന്തിന്?

രാഷ്ട്രീയ ഹിന്ദുത്വവാദികള്‍ കരുതുന്നത് പോലെ തങ്ങളുടെ അധികാരാരോഹണത്തിനുള്ള ഉപകരണമാവുക എന്നതല്ല പശുവിന്റെ ഇന്ത്യന്‍ ദൗത്യം.

‘പശു’ എന്ന വാക്ക് അമര്‍ത്യാസെന്‍ മിണ്ടരുതെന്ന് ഇന്ത്യന്‍ ഭരണനേതൃത്വം ശഠിക്കുമ്പോള്‍ ‘പശുപ്രശ്‌നം’ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ എത്രകണ്ട് നാണം കെടുത്തിയിരിക്കുന്നു എന്ന് വ്യക്തമാവുകയാണ്. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകര്‍ക്കുള്ള പഠനക്ലാസിലാണ് ഇന്ത്യയുടെ സാമ്പത്തികാവസ്ഥയുമായി ബന്ധപ്പെടുത്തി അദ്ദേഹം പശുവിനെക്കുറിച്ച് സംസാരിക്കുന്നത് (‘The Argumentative Indian’ – Suman Gosh).

സാമ്പത്തികശാസ്ത്രത്തില്‍ തന്നെ വെല്‍ഫെയര്‍ എക്കണോമിക്‌സാണ് അമര്‍ത്യ സെന്നിന്റെ ലോകം. ലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടിണി കിടന്ന് മരിച്ച ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് ഏറ്റവും മികച്ച പഠനങ്ങള്‍ അദ്ദേഹത്തിന്റേതാണ്. പൂര്‍വ ബംഗാളില്‍ ജനിച്ച സെന്നിന്റെ ഗൃഹാതുര സ്മരണയായിരിക്കും ആ ക്ഷാമത്തിന്റെ അവശേഷിപ്പുകള്‍. ഇന്ത്യയിലെ ക്ഷാമകാലങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ പശു ഒരു പ്രധാന വസ്തുതയായി ഗവേഷകരുടെ മുന്നില്‍ വരും.

Also Readപശുവിനെക്കുറിച്ച് ഒരക്ഷരം പറയരുത്, അമര്‍ത്യ സെന്‍ ആയാലും: ഡോക്യുമെന്ററിക്ക് വിലക്ക്‌

രാഷ്ട്രീയ ഹിന്ദുത്വവാദികള്‍ കരുതുന്നത് പോലെ തങ്ങളുടെ അധികാരാരോഹണത്തിനുള്ള ഉപകരണമാവുക എന്നതല്ല പശുവിന്റെ ഇന്ത്യന്‍ ദൗത്യം. സഹസ്രാബ്ദങ്ങളായി അത് ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ മുഖ്യ അവലംബമാണ്. കാര്‍ഷികവ്യവസ്ഥയുടെ നട്ടെല്ലാണ്. ഇന്നും അത്തരം ഒരവസ്ഥയ്ക്ക് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. പശുവിനെ സമ്പത്തും ധനവുമായാണ് കര്‍ഷകര്‍ കരുതുന്നത്. കറന്‍സിക്ക് പകരമായും പശുവിനെ കണക്കാക്കിയിരുന്നു. ഗ്രാമീണന്റെ വിലപിടിച്ച ഈ സമ്പത്ത് തട്ടിയെടുക്കാനാണ് ‘ഗോദാനം’ പുണ്യപ്രവര്‍ത്തിയായി ബ്രാഹ്മണര്‍ ചിത്രീകരിച്ചത്. പുരാണത്തിലെ പുണ്യമൃഗമായതുകൊണ്ടല്ല പശുവിനെ കര്‍ഷകന്‍ അവലംബമായി സ്വീകരിച്ചത്. മറിച്ച് മനുഷ്യന്റെ മുഖ്യ ജീവിതോപാധി ആയതു കൊണ്ട് പശു പുണ്യമൃഗമാവുകയായിരുന്നു.

യഥേഷ്ടം വില്‍ക്കാനും വാങ്ങാനും കഴിയുന്ന സമ്പത്ത് എന്നതാണ് പശു നല്‍കുന്ന സൗകര്യം. ‘മാതാവ്’ ആണെന്നു കരുതി ആരും പശുവിനെ വില്‍ക്കാതിരിക്കാറില്ല. ‘അമ്മ’യെ കയറടക്കം കൈമാറുന്നു. ഇന്നും ഗ്രാമീണ കര്‍ഷകര്‍ ഓരോ വിളവെടുപ്പു കഴിയുമ്പോഴും മാടുകളെ ക്രയവിക്രയം ചെയ്യുന്നുണ്ട്. വീട് നിര്‍മ്മാണത്തിനും മകളുടെ കല്യാണത്തിനും രോഗചികിത്സക്കു പണം കണ്ടെത്താന്‍ പശുവിനെ വില്‍ക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ കൃത്യമായ വിലനിലവാരമുണ്ട് എന്നതാണ് പ്രധാന സൗകര്യം. ഇങ്ങനെ കൃത്യമായ വിലയുണ്ടാകുന്നതിന് കാരണം പശു പാല്‍ തരുന്നു എന്നതു മാത്രമല്ല. ചാണകം ഉണ്ട് എന്നതുമല്ല. പാല്‍ ഉത്പ്പാദന സാധ്യത നിലച്ചാല്‍ പശുവിനെ ഭക്ഷണമാക്കാം എന്നത് കൂടിയാണ്. കശാപ്പ് ഉരുവിന് കേരളത്തില്‍ ശരാശരി ഇരുപതിനായിരം രൂപ വിലയുണ്ട്. മാംസം എക്കാലത്തും എല്ലാ ദേശത്തും മനുഷ്യന്റെ പ്രധാന പോഷകാഹാരമായിരുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. യാഗങ്ങളില്‍ പശുക്കളെ കൊന്നിരുന്നത് സോമരസവും കൂട്ടി ഇറച്ചി ഭക്ഷിക്കാനായിരുന്നു. വനവാസകാലത്ത് ഉണക്കാനിട്ട പശു മാംസത്തിന് സീത കാവലിരിക്കുന്നതിനെക്കുറിച്ച് രാമായണത്തില്‍ വിവരിക്കുന്നുണ്ട്.

കശാപ്പും യഥേഷ്ടമായ കൈമാറ്റ സൗകര്യവും നിലച്ചാല്‍ പശുവിന്റെ വില്‍പ്പന മൂല്യം ഇല്ലാതാവും. ഫലത്തില്‍ പശുവളര്‍ത്തല്‍ തന്നെ ഇല്ലാതാവും. പുണ്യമൃഗമാണ് എന്നതുകൊണ്ട് മാത്രം ആരെങ്കിലും പശുവിനെ വളര്‍ത്തുമോ? ചാണകവും വൈക്കോലും കൃഷിയുടെ അനുബന്ധ ഘടകങ്ങളാണ്. കൃഷി പാടെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. ഗ്രാമീണ സാമ്പദ് വ്യവസ്ഥ തകരും. കൊടുംക്ഷാമം ഇന്ത്യന്‍ ഗ്രാമങ്ങളെ ബാധിക്കും. ബംഗാള്‍ ക്ഷാമത്തെക്കുറിച്ചുള്ള വസ്തുതകളും ഓര്‍മ്മകളുമുള്ള അമര്‍ത്യാസെന്‍ ‘പശു’ എന്ന വാക്ക് മിണ്ടരുത് എന്നു വിലക്കുന്നതിന്റെ പേടിയും രാഷ്ട്രീയവും അവിടെയാണ്.

തങ്ങളെ അധികാരത്തിലെത്താന്‍ സഹായിച്ച അവശിഷ്ട ഫ്യൂഡല്‍ ജീര്‍ണ വൈകാരികതയെ പ്രീണിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ എന്തും ചെയ്യും എന്ന അവസ്ഥയാണ്. രാജ്യത്തിന്റെ തകര്‍ച്ചയും ജനങ്ങളുടെ ദുരിതവും അവര്‍ക്കു പ്രശ്നമല്ല. അത്ര സാധാരണമല്ലാത്ത നോട്ടു പിന്‍വലിക്കല്‍ നടപടിയെ യാതൊരു മുന്നൊരുക്കവുമില്ലാതെ ഒരു രാത്രിയില്‍ പ്രഖ്യാപിച്ചു നടപ്പാക്കി മാസങ്ങളോളം സാമാന്യ ജനങ്ങളെ നരകത്തീയിലിട്ട് വലച്ച ഭരണാധികാരികളില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്?

ഗോവധ നിരോധത്തിന്റെ പിന്നാമ്പുറങ്ങള്‍ നമ്മുടെ ആനന്ദ് ഒരു കൃതിയില്‍ ചിത്രീകരിക്കുന്നുണ്ട്. നിരോധനം നിലവിലുള്ള ഉത്തരദേശത്തെ രംഗമാണ്. കറവ വറ്റി പ്രസവം നിലച്ച പശുക്കള്‍. എല്ലും തോലും മാത്രമാണ് അവ. ഗോശാലയിലെ ബ്രാഹ്മണ പുരോഹിതര്‍ അവക്ക് വെള്ളം കൊടുക്കുന്നില്ല. പകരം മാവിലകള്‍ മാത്രം തീറ്റിക്കുന്നു. അങ്ങനെ പുറത്തു വരുന്ന മൂത്രം പാത്രത്തില്‍ ശേഖരിക്കുന്നു. ഗോരോചനം ഉണ്ടാക്കാനാണത്രെ! അവസാന തുള്ളിയും ഇറ്റുവീണു കഴിഞ്ഞാല്‍ പശുവിനെ കുന്നിന്‍ മുകളിലേക്ക് ആട്ടിത്തെളിക്കുന്നു. കുന്നിനപ്പുറം ആഴമുള്ള കൊല്ലിയാണ്. പശു അപ്പുറത്തേക്ക് വീണു എന്ന് ഉറപ്പാവുമ്പോള്‍ ‘ഞാനൊന്നും അറിഞ്ഞില്ല, രാമനാരായണ’ എന്ന ഭാവത്തില്‍ പുരോഹിതര്‍ മടങ്ങുന്നു. വീഴുന്ന പശുവിനെ കാത്ത് താഴെ കൊല്ലിയില്‍ പറയന്‍മാര്‍ നില്‍പ്പുണ്ട്. സാധുക്കള്‍. അവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിന് വകയായി.

അശോകന്‍ ചരുവില്‍

അശോകന്‍ ചരുവില്‍

ചെറുകഥാകൃത്ത്, നോവലിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍