UPDATES

ട്രെന്‍ഡിങ്ങ്

പദ്മനാഭ സ്വാമി ക്ഷേത്രപരിസരത്തെ പട്ടിണി കിടക്കുന്ന പശുക്കളും സുരേഷ് ഗോപി കേരളത്തിനുണ്ടാക്കുന്ന ‘ഗോശാപ’വും

ഗോക്കളെ പട്ടിണിക്കിട്ട ട്രസ്റ്റിലെ പ്രമുഖർ സുരേഷ് ഗോപിയും മറ്റു ചില സംഘപരിവാർ സഹയാത്രികരുമാണ്.

കെ.എ ഷാജി

കെ.എ ഷാജി

അട്ടപ്പാടിയിലെ ഗോഞ്ചിയൂർ ആദിവാസി ഗ്രാമത്തിനും തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുതിര മാളികയുടെ സമീപമുള്ള സ്വകാര്യ ട്രസ്റ്റിന്റെ ഗോശാലയ്ക്കും തമ്മിൽ പ്രത്യക്ഷാർത്ഥത്തിൽ ബന്ധമൊന്നുമില്ല. എന്നാൽ അവ രണ്ടിനും പൊതുവായുള്ള ഘടകം രണ്ടും ഏറ്റെടുത്തിരിക്കുന്ന ആള്‍ ഒരേ ആള്‍ തന്നെയാണ് എന്നതാണ്. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഇപ്പോള്‍ ഏറ്റെടുത്തവര്‍ തന്നെ മൊത്തത്തിൽ കയ്യൊഴിയുകയോ മറന്നു കളയുകയോ ചെയ്തു എന്നതാണ് ഗോഞ്ചിയൂരിലെ ആദിവാസികളും കുതിരമാളികയുടെ സമീപത്തെ പശുക്കളും നേരിടുന്ന പ്രശ്നം. ഒരിടത്ത് കടുത്ത തിരസ്‌കാരം ആണെങ്കിൽ അടുത്തയിടത്ത് കടുത്ത അവഗണയാണ് എന്നൊരു വ്യത്യാസം മാത്രം.

ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണനിക്ഷേപം ഉണ്ടെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിനു സമീപമുള്ള ഗോശാലയിലെ പശുക്കള്‍ പട്ടിണിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഗോശാല നടത്തുന്ന ട്രസ്റ്റിന്റെ പ്രധാനികളിൽ ഒരാളാണ് സുരേഷ് ഗോപി. അട്ടപ്പാടി ഷോളയൂരിലെ ഒരു സ്‌കൂളിൽ ഏതോ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോള്‍ കൊച്ചുകുട്ടികൾ കള്ളച്ചാരായം വിറ്റിരുന്ന ഗോഞ്ചിയൂരിനെക്കുറിച്ച് സുരേഷ് ഗോപി അറിയുകയും അവിടെ പോവുകയും തുടര്‍ന്ന് അവിടം ദത്തെടുക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുട്ടികൾക്ക് മുഴുവൻ ബിരുദാനന്തര ബിരുദം വരെ പഠിക്കാൻ അവസരം, ഗ്രാമീണ കുടുംബങ്ങൾക്ക് മുഴുവൻ പുനരധിവാസം, തൊഴിൽ പദ്ധതികൾ, വരുമാനം വർധിപ്പിക്കാൻ ഉതകുന്ന ഇതര സൗകര്യങ്ങൾ എന്നിവയെല്ലാം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ വര്‍ഷം ഏഴായി. താരം പിന്നെ അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് ആരോപണം. ഗോഞ്ചിയൂരിനാകട്ടെ സ്വന്തം പേരുപോലും നഷ്ടമായി. സുരേഷ് ഗോപി ഗ്രാമം എന്നാണ് ഗോഞ്ചിയൂർ ഇപ്പോൾ അറിയപ്പെടുന്നത്. [ഓര്‍മ്മയുണ്ടോ ഈ ഗോഞ്ചിയൂര്‍? പാലക്കാട് ദത്തെടുക്കുന്നതിന് മുന്‍പ് സുരേഷ് ഗോപിയോട് ഒരു ചോദ്യം]

കുതിരമാളികയുടെ സമീപത്തെ ഗോശാലയിലേക്ക് വരാം. കേരളം പോലെ കമ്മ്യൂണിസ്റ്റുകാർ ഭരിക്കുകയും കോൺഗ്രസ്സുകാർ മുഖ്യപ്രതിപക്ഷമായിരിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തു നിരവധിയായ ഗോമാതാക്കൾ കൊടും പട്ടിണിയിൽ മരണം കാത്ത് കിടക്കുന്നു എന്നത് സ്വാഭാവികമായും രാജ്യം ഭരിക്കുന്ന ബിജെപിയെ പ്രകോപിപ്പിക്കേണ്ടതാണ്. സംഘപരിവാർ പക്ഷപാതിത്വമുള്ള മാധ്യമങ്ങൾ അത് രാജ്യവ്യാപകമായി വലിയ ചർച്ച ആക്കേണ്ടതുമാണ്. അർണാബ് ഗോസ്വാമിമാർ മണിക്കൂറുകൾ നീളുന്ന ചർച്ചകളും സംഘടിപ്പിക്കണം. എന്നാൽ ഇവിടെ അതൊന്നുമല്ല സംഭവിക്കുന്നത്. പൊതുവിൽ ഗോമാതാ ഘാതകരും പശു ഇറച്ചി ഭക്ഷിക്കുന്നവരും ആയ കേരളീയരുടെ രണ്ടു മന്ത്രിമാരാണ് ഇപ്പോൾ അവിടെ ഗോരക്ഷ നടത്തുന്നത്. ഇടതുസർക്കാർ അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നും കാലിത്തീറ്റ ലഭ്യമാക്കിയാണ് സ്വകാര്യ ട്രസ്റ്റിന്റെ ഗോശാലയെ പരിപാലിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയെല്ലാം മാറി മറിഞ്ഞതിന് ഒരു കാരണമേയുള്ളൂ. ഗോക്കളെ പട്ടിണിക്കിട്ട ട്രസ്റ്റിലെ പ്രമുഖർ സുരേഷ് ഗോപിയും മറ്റു ചില സംഘപരിവാർ സഹയാത്രികരുമാണ്.

ആദ്യത്തെ മോദി സർക്കാരിന്റെ കാലം മുതൽ തന്നെ രാജ്യത്തെ ഒരു അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് പശു രക്ഷ. കോടികളാണ് കേന്ദ്രവും ബിജെപിയുടെ സംസ്ഥാന സർക്കാരുകളും അതിനായി നീക്കി വയ്ക്കുന്നത്. രാഷ്ട്രീയ കാമധേനു ആയോഗ് എന്നൊരു സംവിധാനം തന്നെ പശുരക്ഷയ്ക്കായി കേന്ദ്രം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് പശുക്കളെ കൊല്ലുന്നതിനും പശു മാംസം വീട്ടിൽ സൂക്ഷിക്കുന്നതിനും പശുക്കളെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതിനും എല്ലാമെതിരെയുള്ള കാവി തൊപ്പിയിട്ട ഗോരക്ഷകരുടെ വിളയാട്ടം. കേന്ദ്രം പശുരക്ഷയ്ക്ക് പ്രതിവർഷം എഴുന്നൂറ്റി അമ്പത് കോടി രൂപ ചെലവിടുമ്പോൾ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥിന്റെ സർക്കാർ ചെലവിടുന്നത് മാത്രം അറുനൂറ് കോടി രൂപയാണ്.

2003-ൽ കുതിരമാളികയുടെ അടുത്ത് ഗോശാല തുടങ്ങുമ്പോൾ സുരേഷ് ഗോപിയും കൂട്ടരും പറഞ്ഞത് കലർപ്പില്ലാത്ത ശുദ്ധമായ പാൽ ക്ഷേത്രത്തിലെ അനുഷ്ടാനങ്ങൾക്കു ലഭ്യമാക്കുകയാണ് ലക്‌ഷ്യം എന്നായിരുന്നു. നിലവിൽ മുപ്പതു പശുക്കളും പന്ത്രണ്ടു കിടാവുകളും ഗോശാലയിൽ ഉണ്ട്. നാളുകളായി വേണ്ട അളവിൽ ഭക്ഷണവും വെള്ളവും കിട്ടാതെ അവ പട്ടിണിക്കോലങ്ങളായി മാറിയിരിക്കുന്നു. ഒരു കിടാവിനെ പട്ടി കടിച്ചു കൊന്നതോടെയാണ് അത്യന്തം വൃത്തിഹീനമായി നടത്തിയിരുന്ന ഗോശാലയെക്കുറിച്ചു നാട്ടുകാർ സർക്കാരിൽ പരാതിപ്പെടുന്നത്. പരിശോധനയ്ക്കു പോയ ഉദ്യോഗസ്ഥർ പറയുന്നത് പശുക്കളിൽ പലതിനും എഴുന്നേറ്റു നില്ക്കാൻ പോലുമുള്ള ശേഷി ഇല്ലെന്നാണ്. ടാർപ്പായ് വലിച്ചു കെട്ടിയതിനു കീഴിലാണ് പശുക്കളെ പാർപ്പിക്കുന്നത്. പശുക്കള്‍ മഴയും വെയിലും കൊള്ളുന്ന, കീറിയ ടാർപായകൾക്കു കീഴിൽ നരകിക്കുന്ന ട്രസ്റ്റിന്റെ പേരാണ് രസാവഹം; പൈതൃക സംരക്ഷണ സമിതി.

സുരേഷ് ഗോപിയുമായി സംസാരിക്കുമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. അദ്ദേഹത്തിന് ഓർമകാണുമോ എന്തോ? സ്വകാര്യ ട്രസ്റ്റിന്റെ പശുക്കൾക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കുക ഇപ്പോൾ മതേതര സർക്കാരിന്റെ ഉത്തരവാദിത്വം ആയിരിക്കുന്നു.

ഒരർത്ഥത്തിൽ മോദി ഭരണത്തിന് കീഴിൽ ഗോമാതാക്കൾ നേരിടുന്ന ദുരവസ്ഥയുടെ ഒരു പ്രതീകമാണ് സുരേഷ് ഗോപിയുടെ ഗോശാല. 2012-ൽ കണക്കു പ്രകാരം രാജ്യത്ത് അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ എണ്ണം അൻപത്തി രണ്ടു ലക്ഷം ആയിരുന്നു. അതിനു ശേഷം നാളിതുവരെ ആ കണക്ക് എടുത്തിട്ടില്ല എന്നിടത്താണ് കാര്യങ്ങളുടെ ഗൗരവം കിടക്കുന്നത്. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 1821 ഗോശാലകള്‍ മാത്രമാണ് ഇപ്പോൾ രാജ്യത്തുള്ളത്. അയ്യായിരത്തിൽ അധികം എണ്ണം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ബോർഡ് സമ്മതിക്കുന്നു. മിക്ക ഗോശാലകളിലും വൃത്തിയില്ല. വേണ്ട തീറ്റ ലഭ്യമല്ല. കന്നുകാലി രോഗ വിദഗ്ധരുടെ സേവനവും ലഭ്യമല്ല.

രാജസ്ഥാനിലെ ഗോശാലകളിൽ അവിടുത്തെ പഴയ ബിജെപി സർക്കാരിന്റെ കീഴിൽ വിശന്നു മരിച്ചത് 74,016 പശുക്കൾ ആയിരുന്നു എന്ന് ആരോപിച്ചത് ഇപ്പോഴത്തെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആയിരുന്നു. ഛത്തീസ്ഗഡിലെ ദുർഗിലെ ഒരു ഗോശാലയിൽ മാത്രം ഒറ്റത്തവണ ബിജെപി ഭരണത്തിന് കീഴിൽ വിശന്നു മരിച്ചത് ഇരുന്നൂറു പശുക്കൾ ആയിരുന്നു. ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിൽ ഇക്കഴിഞ്ഞ ജനുവരി രണ്ടിന് രാത്രി ജനം അവിടുത്തെ സ്കൂൾ കുത്തി തുറന്നത്, അലഞ്ഞു തിരിയുന്ന കന്നുകാലികൾ വിള നശിപ്പിക്കുന്നത് തടയാൻ അവയെ കെട്ടിയിടാൻ വേണ്ടിയായിരുന്നു. ആ സ്കൂളിൽ അങ്ങനെ നിരവധി നാളുകൾ അധ്യയനം മുടങ്ങി. അലിഗഡിലും ആഗ്രയിലും എല്ലാം അനേകം സ്കൂളുകളിൽ പഠനം മുടക്കി കന്നുകാലികളെ കെട്ടിയിട്ടിരുന്നു.

കേരളത്തിലേക്ക് ഗോശാപം വരുന്നത് സുരേഷ് ഗോപി വഴിയാണ് എന്നതാണ് വിചിത്രം. അതും ലോകത്തിൽ ഏറ്റവുമധികം സ്വർണ നിക്ഷേപമുള്ള ക്ഷേത്രത്തിലെ പൂജയ്ക്കു പാൽ കൊടുക്കുന്ന പശുക്കൾക്കാണ് ആഹാരം നിഷേധിക്കപ്പെട്ടത്.

Read Azhimukham: 28 വര്‍ഷം ചെയ്ത അടിമവേലയ്ക്ക് കൂലി 8.86 ലക്ഷം രൂപ; ശിവാളിന് ഇന്നും തിരിച്ചറിയല്‍ കാര്‍ഡ് പോലുമില്ല, അട്ടപ്പാടിയിലെ ആദിവാസി യുവതിയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍