UPDATES

എന്‍ കെ ഭൂപേഷ്

കാഴ്ചപ്പാട്

വരട്ടുവാദം

എന്‍ കെ ഭൂപേഷ്

സി.കെ ശശീന്ദ്രന്റെ ജീവിതം: ആഡംബരത്തെക്കുറിച്ചാവാമെങ്കില്‍ ലാളിത്യത്തെക്കുറിച്ചും പറയാം

കല്‍പ്പറ്റ എംഎല്‍എയുടെ ലാളിത്യം ആരിലാണ് അസ്വാസ്ഥ്യം സൃഷ്ടിക്കുന്നത്?

കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്റെ വ്യക്തി ജീവിതം അദ്ദേഹം സിപിഎമ്മിന്റെ വയനാട് ജില്ലാ സെക്രട്ടറിയായതു മുതല്‍ മാധ്യമങ്ങളിലെ കൗതുക വാര്‍ത്തകളിലൊന്നാണ്. ചെരിപ്പിടാതെയും പശുവിനെ പോറ്റിയും അദ്ദേഹം തുടരുന്ന ജീവിതം ഒരു അത്ഭുതമായാണ് മാധ്യമങ്ങളില്‍ അവതരിപ്പിച്ചത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം കൂടിയായ ശശീന്ദ്രന്റെ ജീവിതം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരിക്കയാണ്.

അരിയും വാങ്ങി വീട്ടിലേക്ക് വരുന്ന ശശീന്ദ്രന്റെ ചിത്രം മാധ്യമ പ്രവര്‍ത്തകനായ ഷഫീഖ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കിട്ടതാണ് ഇപ്പോഴത്തെ ചര്‍ച്ചയുടെ അടിസ്ഥാനം. അതോടൊപ്പം വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. സി.കെ ശശീന്ദ്രന്റെ ലളിത ജീവിതം ചര്‍ച്ചയാവുന്നത് തന്നെ അദ്ദേഹം അനുഭവിക്കുന്ന പ്രിവിലേജിന്റെ ഭാഗമാണെന്നാണ് ഉന്നയിക്കപ്പെടുന്ന വിമര്‍ശനം. ആദിവാസികള്‍ കൂടുതലായുള്ള ജില്ലയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന ശശീന്ദ്രന്റെ രാഷ്ട്രീയ നിലപാടുകള്‍ മറച്ചുപിടിച്ച് അദ്ദേഹത്തിന്റെ വ്യക്തി ജീവിതം ചര്‍ച്ചയാക്കുന്നത് ചില താത്പര്യങ്ങളുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പലര്‍ക്കും ലളിത ജീവിതമെന്നത് ഒരു ഓപ്ഷനല്ല, അവരുടെ സാധ്യമായ ജീവിതം തന്നെയാണ്. മറ്റ് ചില പ്രവിലേജുകള്‍ ഉള്ളവരുടെ ലളിത ജീവിതം അവര്‍ക്ക് ഒരു സാമൂഹ്യ മൂലധനമായി ഉപയോഗിക്കാനും കഴിയുന്നു. ഇക്കാര്യത്തിലും തര്‍ക്കമില്ല. അങ്ങനെ തന്റെ ലളിത ജീവിതം ഒരു സാമൂഹ്യ മൂലധനമാക്കി മാറ്റാനുള്ള സാഹചര്യം ഒരു മുഖ്യധാര രാഷ്ട്രീയ നേതാവെന്ന നിലയില്‍ സി.കെ ശശീന്ദ്രനുണ്ടെന്നത് സത്യമാണ്.

എന്നാല്‍ ഇങ്ങനെ നിലനില്‍ക്കുന്ന വര്‍ഗീകരണങ്ങളില്‍ ഒതുക്കാന്‍ കഴിയുന്നത്ര എളുപ്പത്തിലുള്ളതാണോ സമകാലിക സമൂഹം എന്നതാണ് പ്രശ്‌നം. അല്ലെന്നതു കൊണ്ടാണ് രാഷ്ട്രീയ നേതാക്കളുടെ വ്യക്തി ജീവിതം ഇപ്പോഴും വ്യാപകമായി ചര്‍ച്ചയാവുന്നത്. ചില നേതാക്കളുടെ ആഡംബര ജീവിതം, പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതം ചര്‍ച്ചയാകുന്നത് ഇതുകൊണ്ടുകൂടിയാണ്. ആഡംബര ജീവിതം ചര്‍ച്ചയാകുമ്പോള്‍ അത് സ്വാഭാവികവും, ലളിത ജീവിതം ചര്‍ച്ചയാകുമ്പോള്‍ അത് പ്രിവിലേജിന്റെ ഭാഗമാകുന്നതും സമീപനത്തിലെ വൈരുദ്ധ്യങ്ങളാണ്. ഇ.പി ജയരാജനും കോടിയേരി ബാലകൃഷ്ണനും ആഡംബര കാറുപയോഗിക്കുമ്പോള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും നേതാക്കള്‍ മറ്റേതെങ്കിലും രീതിയില്‍ ആഡംബര ജീവിതം നയിക്കുമ്പോള്‍ അതെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അവരുടെ രാഷ്ട്രീയം തന്നെയാണ് കടന്നുവരുന്നത്. കമ്മ്യൂണിസ്‌റ്റെന്ന് അവകാശപ്പെടുമ്പോഴും അവരുടെ ജീവിതം ആ രാഷ്ട്രീയത്തിന് നിരക്കുന്നതല്ലെന്നതാണ് പൊതുവില്‍ ഉയര്‍ന്നുവരുന്ന ജനപ്രിയ വിമര്‍ശനം.

ഇത് വ്യക്തമാക്കുന്നത് രാഷ്ട്രീയം എന്നത് വ്യക്തിജീവിതത്തില്‍നിന്ന് അടര്‍ത്തി മാറ്റി കാണുന്ന പ്രൊഫഷണല്‍ പരിപാടിയല്ലെന്ന ബോധ്യം കൂടിയാണ്. വ്യക്തി ജീവിതത്തില്‍ എന്തുമാകാം, അത് രാഷ്ട്രീയക്കാരന്റെ വ്യക്തിപരമായ താത്പര്യമാത്രമാണെന്നത് ഒരു പ്രത്യേക ചിന്തഗതിയുടെ ഭാഗമായി ഉയര്‍ന്നുവരുന്നതാണ്. വ്യക്തിപരമായത് രാഷ്ട്രീയമല്ല എന്നതാണ് ഇതിന്റെ അടിസ്ഥാനം. ശശീന്ദ്രന്‍ ആഘോഷിക്കപ്പെടുന്നത് സ്വാഭാവികമാണ്. ആ ജീവിതത്തില്‍ ഇന്നത്തെ നാട്ടുനടപ്പില്‍നിന്നൊരു വൈരുദ്ധ്യമുണ്ട്. ആ വൈരുദ്ധ്യം കൂടുതല്‍ തീവ്രമാകുന്നത് അദ്ദേഹം സിപിഎമ്മിന്റെ നേതാവായാതുകൊണ്ടുകൂടിയാണ്. ആശയതലത്തില്‍ ഇപ്പോഴും അടിസ്ഥാന ജനവിഭാഗത്തിന്റെ മോചനമെന്ന വിഷയം ഉന്നയിക്കുമ്പോഴും പ്രായോഗികതലത്തില്‍ മറ്റേതൊരു ഭരണ പാര്‍ട്ടിയേയും പോലുളള പ്രവര്‍ത്തനമാണ് അത് നടത്തുന്നത്. അതുകൊണ്ടുതന്നെ വ്യക്തി ജീവിതത്തിലെ ശശീന്ദ്രന്റെ ലാളിത്യമെന്നത് ഇന്നത്തെ കാലത്ത് ഒരു അസ്വാഭാവികതയാണ്, സിപിഎം രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് അതുകൊണ്ട് അത് ചര്‍ച്ചയാകുന്നു, വാര്‍ത്തയാകുന്നു. ഇതൊന്നും തന്നെ സിപിഎം നേതാവെന്ന നിലയില്‍ അദ്ദേഹം സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ അസാധുവാക്കുകയോ നീര്‍വീര്യമാക്കുന്നോ ഇല്ല. സ്വാഭാവികമായും ആദിവാസി ഭൂ പ്രശ്നത്തില്‍ അടക്കം അദ്ദേഹത്തിന്റെ പാര്‍ട്ടി പിന്തുടരുന്ന സമീപനത്തിനെതിരായ വിമര്‍ശനം മറ്റ് നേതാക്കളെക്കാള്‍ കൂടുതല്‍ സികെ ശശീന്ദ്രന് കേള്‍ക്കേണ്ടിയും വരും.

ലാളിത്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവിതം ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ്; വ്യക്തിപരമായത് രാഷ്ട്രീയമാണെന്ന അര്‍ത്ഥത്തില്‍. വംശീയ അധീശത്വത്തിനായി നിഷ്‌കാമമായി പ്രവര്‍ത്തിക്കുന്ന സ്വയം സേവകനും പാര്‍ട്ടി പരിപാടിയിലെങ്കിലും അടിസ്ഥാന വിഭാഗത്തിന്റെ മോചനം പറയുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേതാവിന്റെ ലാളിത്യവും ഒരേ തലത്തില്‍ രാഷ്ട്രീയ നിരപേക്ഷമാണെന്ന് പറയുന്നത് മറ്റൊരു രാഷ്ട്രീയ യുക്തിമാത്രമാണ്.

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ എന്തുകൊണ്ടാവും ഇന്ത്യന്‍ രാഷ്ട്രീയം കോടിശ്വരന്മാരാല്‍ നിറഞ്ഞത്? അതിന്റെ കാരണം ആ നേതാക്കളുടെയോ സാമാജികരുടെയോ കേവലമായ ഉയര്‍ച്ചയായി കാണാന്‍ കഴിയില്ല. ഇന്നത്തെ ആഗോളവത്ക്കരണ സാഹചര്യത്തിലെ രാഷ്ട്രീയം തങ്ങള്‍ക്ക് കൂടുതല്‍ ഇണങ്ങുന്നതാണെന്ന ബോധ്യമാണതിന് കാരണം. അവിടെ പണച്ചാക്കുകള്‍ വരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും പി.വി അന്‍വറിനെയും ജോയ്‌സ് ജോര്‍ജ്ജുമാരെയും  സ്ഥാനാര്‍ത്ഥികളാക്കും. അത്തരമൊരു ഘട്ടത്തില്‍ നടപ്പ് രീതിയില്‍നിന്ന് ഭിന്നമായ കാര്യങ്ങള്‍ വ്യക്തി ജീവിതത്തില്‍ പുലര്‍ത്തുന്നവരുടെ ജീവിതം അക്കാരണം കൊണ്ടെങ്കിലും പ്രസക്തമാണ്. അവരുടെ മറ്റ് രാഷട്രീയ നിലപാടുകളെ ആ വ്യക്തിജീവിതം കൊണ്ട് പ്രതിരോധിക്കാന്‍ കഴിയില്ലെങ്കിലും.

ചിത്രം: ഷഫീഖ് താമരശ്ശേരി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Azhimukham Read: കേരളത്തിലെ തമിഴ് ബ്രാഹ്മണർകളുടെ അതിജീവന സമരങ്ങളും ഇരുമ്പ് പിള്ള വികസന കോർപ്പറേഷനിലെ തുരുമ്പും

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍