UPDATES

പ്രളയം 2019

മാധ്യമമേലാളന്മാരേ, ക്യാമ്പിലേക്ക് അരിയെത്തിക്കാന്‍ ഓട്ടോക്കൂലിക്ക് 70 രൂപ കൊടുക്കാനില്ലാതെ പോയ ഓമനക്കുട്ടനെക്കുറിച്ച് എന്തുകൊണ്ട് നിങ്ങളോര്‍ത്തില്ല?

വെറുക്കപ്പെടേണ്ട ചില മാധ്യമ സദാചാരങ്ങള്‍

കെ.എ ഷാജി

കെ.എ ഷാജി

പിരിവെടുക്കുന്നത് വാർത്തയാണ്. ദുരിതാശ്വാസ ക്യാമ്പിൽ പിരിവെടുക്കുന്നത് തീർച്ചയായും വാർത്തയാണ്. പക്ഷെ ഇത്തരം വാർത്തകൾ വാർത്തകളാകുന്നത് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുത്ഭവിക്കുന്ന ചില ചോദ്യങ്ങളിൽ നിന്നായിരിക്കണം. നിശിതമായ ചോദ്യങ്ങൾ. നമ്മുടെ തന്നെ ബോധ്യങ്ങളെയും മുൻവിധികളേയും അടിമുടി കീറിമുറിക്കുന്ന ചോദ്യങ്ങൾ. അയൽവക്കത്തെ മനോരോഗി മൊബൈലിൽ ഷൂട്ട് ചെയ്ത് എത്തിച്ചുകൊടുത്ത ദൃശ്യങ്ങൾ അതേപടി ചവറ്റുകുട്ടയിൽ എറിയുന്നതും അതേപടിയെടുത്ത് ബ്രേക്കിങ് ന്യൂസ് ആക്കുന്നതും ഒരേപോലെ അനഭിലഷണീയമാണ്. ലഭ്യമായ ദൃശ്യങ്ങളോട് മനുഷ്യത്വത്തിൻെറയും മനഃസാക്ഷിയുടെയും ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാന്‍ അവ ഉപയോഗപ്പെടുത്തിയ മാധ്യമപ്രവർത്തകർക്കായില്ല എന്നിടത്താണ് നമ്മുടെ സംവേദനങ്ങളിലെ ലജ്ജാകരമായ പരിമിതികൾ പുറത്തുവരുന്നത്. ദൃശ്യങ്ങൾ എത്തിച്ചു കൊടുത്തവർ അതിലുൾപ്പെടുന്ന മനുഷ്യന്റെ രാഷ്ട്രീയപാർട്ടിയുടെ പേര് പറഞ്ഞപ്പോൾ ചാനലുകളിലെ പ്രമുഖർക്ക് അത് മാത്രം മതിയായിരുന്നു. സിപിഎം അല്ല മറ്റേതെങ്കിലും പാർട്ടി ആയിരുന്നു ഓമനക്കുട്ടന്റെതെങ്കിൽ കുറേകൂടി വസ്തുതകൾ പരിശോധിച്ചു ചെയ്യുമായിരുന്നു എന്ന് ആ പാർട്ടിക്കാർ പറയുന്നതിൽ കഴമ്പുണ്ട്. മാധ്യമ മുൻവിധികളിൽ പലപ്പോഴും സ്വാഭാവികനീതിപോലും നഷ്ടപ്പെടുക ഇടതുപക്ഷക്കാർക്കാണ്.

ഹൃദയത്തിന്റെ ഭാഷയിൽ ചോദ്യങ്ങൾ ഉയരുന്ന ഏതെങ്കിലും ന്യൂസ്‌റൂമുകൾ ഉണ്ടായിരുന്നു എങ്കിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്ന വാർത്തകള്‍ വിഭിന്നമാകുമായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാ മാന്യതകളും ലംഘിക്കുന്ന പങ്കുകച്ചവടങ്ങളും നടക്കുന്ന ഒരു നാട്ടിൽ എഴുപത് രൂപ തികച്ചെടുക്കാൻ ഇല്ലാത്ത ഒരു പൊതുപ്രവർത്തകൻ. ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടുവന്ന ഓട്ടോയുടെ കൂലി പിരിച്ചെടുക്കേണ്ടി വന്ന ഒരു പൊതുപ്രവർത്തകൻ. അവയെല്ലാം അപൂർവതകളാണ്. അതുകൊണ്ട് അവയെല്ലാം തന്നെ വാർത്തകളാണ്. ഓമനക്കുട്ടൻ അതേ ദുരിതാശ്വാസ ക്യാമ്പിലെ അംഗമാണ്. അംബേദ്കറുടെ പേരിലുള്ള കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ്. അഭയാർത്ഥികൾ ഏതാണ്ട് മുഴുവനും ദളിതർ. ഓരോ മഴയത്തും അഭയാർത്ഥികളാകാൻ വിധിക്കപ്പെട്ടവർ. ഓമനക്കുട്ടനെ വഞ്ചനാകുറ്റത്തിന് അറസ്റ്റു ചെയ്യിച്ചവർക്ക് വര്‍ഷം തോറും ഈ മനുഷ്യരുടെ ജീവിതങ്ങളിൽ വിരുന്നു വരുന്ന ദുരിതം വാർത്തയായില്ല. സമൂല പരിവർത്തനത്തിന്റെയും പുരോഗതിയുടെയും ബസ് എന്തുകൊണ്ട് അവർക്ക് മിസ്സായി എന്ന് ആരും ചോദിച്ചില്ല. ഓട്ടോ കൂലി കൊടുക്കാൻ പിരിവെടുക്കേണ്ടി വന്ന പൊതുപ്രവർത്തകനാണ് വാർത്ത. അയാളിൽ നിന്നും ആ ദിശയിൽ തുടങ്ങുന്ന അന്വേഷണങ്ങളിലാണ് കാഴ്ചകൾക്ക് അർത്ഥവും അന്വേഷണങ്ങൾക്ക് ദിശയും ഉണ്ടാകുന്നത്.

പ്രസ്സ് ക്ലബ്ബ് ജേർണലിസം കോഴ്‌സുകളിലും സ്വാശ്രയ സ്ഥാപനങ്ങളിലും വലിയ ഫീസ് നൽകി മാധ്യമ പ്രവർത്തനം പഠിച്ചു വരുന്നവരുടെ സംവേദനങ്ങളിലെ പരിമിതി ഒരു നാടിന്റെ പരിമിതിയായി പോകുന്നതിൽ അത്ഭുതമില്ല. അതുകൊണ്ടാണ് കേട്ടപാതി കേൾക്കാത്തപാതി തഹസിൽദാർ അയാൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കാൻ ഉത്തരവിടുന്നത്. അയാളെ പറഞ്ഞിട്ട് കാര്യമില്ല. എഴുപത് രൂപ ഓട്ടോ കൂലി കൊടുക്കാൻ ഇല്ലാത്ത പൊതുപ്രവർത്തകൻ അയാൾക്കും വാർത്തയാണ്. ശ്രീറാം വെങ്കിട്ടരാമന്‌ കൊലപാതക കേസിൽ നിന്നും ഊരിപ്പോരാൻ പുതിയ പുതിയ വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ പോലീസുകാർക്കും ഓമനക്കുട്ടൻ വാർത്തയാണ്. അതുകൊണ്ടവർ കേട്ടപാതി കേൾക്കാത്തപാതി ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തു. പണമില്ലാത്തവന്, പ്രതാപമില്ലാത്തവന്, ശുപാർശ പറയാൻ ആളില്ലാത്തവന് ലോകനാഥ് ബഹ്റയുടെ പോലീസ് നൽകുന്ന പ്രിവിലേജ് ആണ് ജാമ്യമില്ലാ വകുപ്പുകൾ. അയാളെ തള്ളിപ്പറയാൻ ക്യാമ്പിൽ നേരിട്ടെത്തിയ മന്ത്രി. അയാളെ ഉടൻ സസ്‌പെൻഡ് ചെയ്ത അയാളുടെ പ്രസ്ഥാനം. സംശയത്തിന്റെ ആനുകൂല്യം പോലും നല്‍കാൻ ഇവരാരും തയ്യാറായില്ല. നൂറുരൂപ തികച്ചെടുക്കാൻ ഇല്ലാത്തവരോടുള്ള പരമമായ പുച്ഛത്തിലേക്ക് നമ്മുടെ സാമൂഹിക ബോധവും പൗരബോധവും വളർന്നു കഴിഞ്ഞു. നൂറു രൂപ തികച്ചെടുക്കാൻ ഇല്ലാത്തവർ പോലും അതില്ലാത്ത മറ്റുള്ളവരെ പുച്ഛിക്കുന്ന അപകടകരമായ അവസ്ഥ.

മാധ്യമ പ്രവർത്തകരിലേക്ക് തിരിച്ചു വരാം. ക്യാമ്പിൽ അരിയെത്തിക്കേണ്ട വില്ലേജ് ഓഫീസറെ നിങ്ങൾ എന്തുകൊണ്ട് അന്വേഷിച്ചു പോയില്ല? ക്യാമ്പിൽ എത്തിച്ചു കൊടുക്കേണ്ട അരി ഓട്ടോ വിളിക്കാൻ പണമില്ലാത്ത അവിടുത്തെ ഒരംഗം പോയി വാങ്ങേണ്ടി വന്നു എന്നത് നിങ്ങള്‍ക്ക്  എന്തുകൊണ്ട് വർത്തയായില്ല. വാർത്തകളുടെ ലോകത്തെ വരേണ്യവത്കരണത്തിന്റെ ഇരകൂടിയാണ് ഓമനക്കുട്ടൻ. അടിമുടി മനുഷ്യവിരുദ്ധമായ ഒരു സംവിധാനം മൊത്തത്തിൽ നിമിഷങ്ങൾക്കകം അയാൾക്കെതിരെ ഗൂഢാലോചന നടത്തി. എന്തൊരു വേഗതയാണിവിടെ. ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ ഇല്ലാത്ത വേഗത. ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകൾക്ക് ആവശ്യമായ അടിവസ്ത്രങ്ങൾ എത്തിക്കണം എന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ട സാമൂഹിക പ്രവർത്തകനും അട്ടപ്പാടിയിലെ ആദിവാസി കോളനികളിൽ പ്രളയാനന്തരം ഭക്ഷ്യപ്രതിസന്ധിയുണ്ട് എന്ന് വിളിച്ചു പറഞ്ഞ ഗോത്രവർഗക്കാരനായ യുവാവിനും അനുഭവിക്കേണ്ടി വന്നതിന് സമാനമാണ് ഇവിടുത്തെയും മനുഷ്യത്വമില്ലായ്മ.

പാവപ്പെട്ടവര്‍ എത്രവേഗമാണ് നമ്മുടെ പൊതുബോധങ്ങൾക്ക് പുറത്താകുന്നത്. അവരുടെ വേദനകൾ എത്ര അനായാസമായാണ് നിസ്സാരവത്കരിച്ചുകളയുന്നത്. എത്ര ലജ്ജാവഹമായാണ് മാധ്യമങ്ങളും പോലീസും ഭരണസംവിധാനവും ദുർബലരെ അപമാനിക്കുന്നതും തള്ളിപ്പറയുന്നതും. ഇത് കേവലം ഒരു വീഴ്ചയല്ല. മനുഷ്യർ എന്ന നിലയിലുള്ള നമ്മുടെ എല്ലാം പരാജയമാണ്. അംബേദ്‌കർ കോളനികളിൽ, ലക്ഷം വീടുകളിൽ, പുറമ്പോക്കുകളിൽ, ചേരികളിൽ, കടലോരങ്ങളിൽ, വനാന്തർഭാഗങ്ങളിൽ നമ്മുടെയെല്ലാം വിവേചനം നിത്യേന അനുഭവിക്കുന്ന ഒരുപാട് നിസ്സഹായരായ മനുഷ്യരുണ്ട്. അവരിലേക്ക്‌ എത്താത്ത മാധ്യമ സദാചാരങ്ങൾ പരിഹാസ്യമാണ്. വെറുക്കപ്പടേണ്ടതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍