UPDATES

ട്രെന്‍ഡിങ്ങ്

സുധാകരന്‍ അമിത് ഷായുടെ ചാക്കിലായോ? ആയെന്ന് സിപിഎം, ചാക്കുമായി വന്നെന്ന് സുധാകരന്‍

സി പി എം ഇതാദ്യമായല്ല സുധാകരനിൽ കാവി ബന്ധം ആരോപിക്കുന്നത്; എന്നാല്‍ തന്നെ ബിജെപി നേതാക്കള്‍ വന്നു കണ്ടിരുന്നെന്ന് സുധാകരന്‍ വെളിപ്പെടുത്തുന്നത് ആദ്യമായാണ്

കെ എ ആന്റണി

കെ എ ആന്റണി

കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തിൽ മാത്രമല്ല കടുത്ത രാഷ്ട്രീയ പോർവിളികളുടെ കാര്യത്തിലും ഏറെ മുന്നിലാണ് കണ്ണൂർ. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ സുധാകരന്റെ ‘ബി ജെ പി – ആർ എസ് എസ്’ ബന്ധമാണ് കണ്ണൂരിലെ ഏറ്റവും പുതിയ രാഷ്ട്രീയ വിവാദം. സി പി എം ഇതാദ്യമായല്ല സുധാകരനിൽ കാവി ബന്ധം ആരോപിക്കുന്നത്. സുധാകരൻ കണ്ണൂർ ഡി സി സി യുടെ അമരക്കാരനായ കാലം മുതൽക്കേ അവർ ഉന്നയിച്ചുപോരുന്ന ആരോപണമാണിത്. സി പി എം നേതാവ് ഇ പി ജയരാജന് നേരെ വധ ശ്രമം ഉണ്ടായതിനു പിന്നാലെ ഈ ആരോപണം കൂടുതൽ ശക്താമായെങ്കിലും സുധാകരന്റെ കാവി ബന്ധത്തിന് മതിയായ തെളിവ് നിരത്താൻ സി പി എമ്മിന് കഴിഞ്ഞിരുന്നില്ല. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കണ്ണൂർ കളക്ടറേറ്റിന് മുൻപിൽ നിരാഹാരം കിടന്ന സുധാകരനെ ബി ജെ പിയുടെയും ആർ എസ് എസ്സിന്റെയും നേതാക്കൾ സന്ദർശിച്ചതും സി പി എം നേതൃത്വം വലിയ വിവാദമാക്കാൻ ശ്രമിച്ചെങ്കിലും അതിനും വേണ്ടത്ര പിന്തുണ കിട്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ സി പി എം ഉയർത്തുന്ന സുധാകരന്റെ കാവി ബാന്ധവത്തിനു വഴിമരുന്നിട്ടത്‌ സുധാകരൻ തന്നെ എന്നതാണ് ഏറെ കൗതുകകരം. തന്നെ ചില നേതാക്കൾ ബി ജെ പിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ബി ജെ പിയിൽ ചേരാൻ തനിക്കു ആരുടേയും അനുവാദം ആവശ്യമില്ലെന്നുമൊക്കെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞതിനെ അടിസ്ഥാനപ്പെടുത്തിയാണ് സി പി എം നേതൃത്വം ഇപ്പോൾ സുധാകരനെതിരെ ആഞ്ഞടിക്കുന്നത്.

സുധാകരന്റെ വിവാദ അഭിമുഖം സംപ്രേഷണം ചെയ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് സുധാകരനെതിരെ പി ജയരാജൻ രംഗത്ത് വന്നത്. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷാ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ചക്ക് ക്ഷണിച്ചുകൊണ്ട് ചില ദൂതന്മാർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നു സുധാകരൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇതോടൊപ്പം തനിക്കു ബി ജെ പി യിൽ പോകണമെങ്കിൽ പി ജയരാജന്റെയോ ഇ പി ജയരാജന്റെയോ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ഈ രണ്ടു വാചകങ്ങളാണ് സി പി എം ഇപ്പോൾ സുധാകരനെതിരെ ആയുധമാക്കിയിരിക്കുന്നത്. ഇരുമെയ്യാണെങ്കിലും സുധാകരനും ബി ജെ പിക്കും ഒരേ മനസ്സാണെന്നും ബി ജെ പിയിലേക്ക് കോൺഗ്രസ്സുകാരെ ചേർക്കുന്ന റിക്രൂട്ടിങ് ഏജന്റാണ് സുധാകരനെന്നുമാണ് ഇതേക്കുറിച്ചു പി ജയരാജൻ പ്രതികരിച്ചത്. കേരളത്തിന് വെളിയിൽ വെച്ച് സുധാകരൻ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും ജയരാജൻ തന്റെ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. റീത്താ ബഹുഗുണ, നജ്മ ഹെപ്തുള്ള, എസ് എം കൃഷ്ണ തുടങ്ങി കോൺഗ്രസ് വിട്ടു ബി ജെ പിയിൽ ചേർന്ന പല നേതാക്കളെയും പോലെ സുധാകരനും ബി ജെ പിയിലേക്ക് തന്നെയാണെന്ന് പറയാനും ജയരാജൻ മറന്നില്ല.

നിരാഹാരം കിടന്ന് സുധാകരനങ്ങനെ കേമനാവണ്ടെന്ന് ചെന്നിത്തല തീരുമാനിച്ചത് എന്തിനാവും?

ആറു മാസം മുൻപ് സുധാകരനടക്കം കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കാൻ ബി ജെ പി കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ടെന്നു വാർത്തകൾ വന്നിരുന്നു. എന്നാൽ അന്ന് ഇക്കാര്യം നിഷേധിച്ച സുധാകരൻ ഇപ്പോൾ ചിലർ തന്നെ സമീപിച്ചിരുന്നവെന്നു വെളിപ്പെടുത്തിയത് കോൺഗ്രസിനും തലവേദനയായിട്ടുണ്ട്. അതേസമയം അഭിമുഖത്തിലെ തന്റെ വാക്കുകൾ ജയരാജൻ വളച്ചൊടിക്കുകയാണെന്നാണ് സുധാകരന്റെ ആക്ഷേപം. ബി ജെ പിയെയും സി പി എമ്മിനെയും ഒരേപോലെ ഫാസിസ്റ്റ് ശക്തികളെയാണ് കാണുന്നതെന്നും ബി ജെ പി യിലേക്ക് പോകുന്നതിനെക്കുറിച്ചു ചിന്തിക്കുകപോലും ചെയ്തിട്ടില്ലെന്നും ആണ് സുധാകരന്റെ വാദം. എന്തായാലും സുധാകരന്റെ വിവാദ അഭിമുഖവും അതിന്റെ അടിസ്ഥാനത്തിൽ സുധാകരനെതിരെ സി പി എം മുന്നോട്ടുവെക്കുന്ന സുധാകരന്റെ ബി ജെ പി ബാന്ധവവും വരും ദിവസങ്ങളിലും സജീവ ചർച്ച വിഷയം തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

കാറില്ലാത്ത എകെജിയുടെ മൊയ്ദു ഡ്രൈവറും കെ സുധാകരന്റെ ഉഡായിപ്പുകളും

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍