UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

ട്രെന്‍ഡിങ്ങ്

ഈ അവമതിപ്പ് മാറ്റാന്‍ സിപിഎം എന്തുചെയ്യണം

കോടിയേരി എന്തൊക്കെ പറഞ്ഞാലും അണികൾകളിൽ പലരും ഇപ്പോഴും അക്രമത്തിനു പിന്നാലെ തന്നെയാണ്

കെ എ ആന്റണി

ലോക്സഭ തിരെഞ്ഞെടുപ്പിൽ എൽ ഡി എഫിനുണ്ടായത് കനത്തതും നാണംകെട്ടതുമായ പരാജയം. കേരളത്തിൽ ആകെയുള്ള 20 സീറ്റിൽ 18ലും വിജയം കൊയ്ത 2004 ഇത്തവണയും ആവർത്തിക്കും എന്ന പ്രഖ്യാപനവുമായി കളത്തിലിറങ്ങിയ എൽ ഡി എഫിന് ലഭിച്ചത് ഒരേയൊരു സീറ്റു മാത്രം. ആലപ്പുഴയിൽ എ എം ആരിഫ് നേടിയ ആശ്വാസ വിജയം കൂടി ഇല്ലായിരുന്നുവെങ്കിൽ ഇക്കുറി എൽ ഡി എഫ് സംപൂജ്യരാകുമായിരുന്നു. ഭരണ നേട്ടങ്ങളും ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സ്വീകരിച്ച ധീരമായ നിലപാടും നവോത്ഥാന മതിലിന്റെ വൻവിജയവുമൊക്കെ വോട്ടായി മാറുമെന്ന് കരുതിയ അവർക്കു തെറ്റി. ഇടതു മുന്നണിയുടെ വിപുലീകരണവും എം പി വീരേന്ദ്രകുമാറിന്റെ എൽ ജെ ഡിയുടെ തിരിച്ചുവരവും ഗുണം ചെയ്യുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ലെന്ന് സൂചിപ്പിക്കുന്നതായി തിരെഞ്ഞെടുപ്പ് ഫലം. ബീഫിന്റെ പേരിലും മറ്റും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ കൈക്കൊണ്ട ശക്തമായ നിലപാടുകളും സംഘപരിവാർ സംഘടനകൾക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും ഈ തിരെഞ്ഞെടുപ്പിൽ തങ്ങൾക്കു അനുകൂലമായ വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല എന്നതും ഇടതുമുന്നണിയെ നയിക്കുന്ന സി പി എമ്മിനെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. കേരളത്തിൽ ആകെയുണ്ടായ നേട്ടം ഇത്തവണയും ഇവിടെ താമര വിരിഞ്ഞില്ലെന്നത് മാത്രം.

തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം തോൽവിയുടെ കാരണങ്ങൾ തേടി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേരുകയും എല്ലാം വിശദമായി തന്നെ പരിശോധിക്കുകയും ചെയ്തു. സംസ്ഥാന സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ ഇടതു മുന്നണിക്കുണ്ടായ പരാജയത്തിന് പ്രധാനമായും കാരണമായതായി ചൂണ്ടിക്കാണിച്ചത് ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ വന്ന വീഴ്ചയും ന്യൂനപക്ഷ വോട്ടുകൾ യു ഡി എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടു എന്നതുമാണ്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കിടയിൽ ആശങ്ക പരത്താൻ കോൺഗ്രസ്സും ബി ജെ പിയും മത്സരിച്ചുവെന്നും അത് വഴി ഹിന്ദു വോട്ടുകൾ ഭിന്നിക്കപ്പെട്ടു. ന്യൂനപക്ഷ വോട്ടിന്റെ കാര്യത്തിലാവട്ടെ മുസ്ലിം ലീഗ് യു ഡി എഫിന് അനുകൂലമാകും വിധം വർഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നും കോടിയേരി ആരോപിച്ചു.

കൂട്ടത്തിൽ മാധ്യമ പ്രവർത്തകരുടെ ഒരു ചോദ്യത്തിന് മറുപടിയായി കേരളത്തിലെ കൊലപാതക രാഷ്ട്രീയവും ചെറിയ തോതിലെങ്കിലും ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണമായി എന്ന് സമ്മതിച്ചും കണ്ടു. തൃശ്ശൂരിൽ നടന്ന സി പി എം സംസ്ഥാന സമ്മളനത്തിൽ ഇക്കാര്യത്തിൽ പാർട്ടി അണികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ഈ സന്ദേശം താഴെ തട്ടിലേക്ക് എത്തിക്കുന്നതിൽ പാർട്ടി ഘടകങ്ങൾക്ക് വീഴ്ച സംഭവിച്ചുവെന്നും കോടിയേരി പറഞ്ഞു. ഇതൊക്കെ പറയുമ്പോഴും സി പി എം ഒരു കൊലയാളി പാർട്ടിയാണെന്നു വരുത്തിത്തീർക്കാൻ എതിരാളികൾ നടത്തിയ ശ്രമത്തെക്കുറിച്ചായിരുന്നു കോടിയേരിയുടെ പ്രധാന ആക്ഷേപം എന്നതിൽ നിന്ന് തന്നെ ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാട് എത്രകണ്ട് ആശാവഹമാണെന്ന കാര്യത്തിൽ ആശങ്ക ഉയരുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതുക്കൾ നിൽക്കുന്ന വേളയിലായിരുന്നു കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകം. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി പി എം നേതൃത്വം ആവർത്തിക്കുമ്പോഴും മുഖ്യ പ്രതി സി പി എമ്മിന്റെ ഒരു പ്രാദേശിക നേതാവ് തന്നെയാണ്. മറ്റൊരു പ്രാദേശിക നേതാവും ഇതേ കേസിൽ പ്രതിയാണ്. ഇരുവരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നു കോടിയേരി അവകാശപ്പെടുമ്പോഴും ജനങ്ങൾക്ക് മുൻപിൽ സ്വാഭാവികമായും പ്രതിക്കൂട്ടിലാവുന്നത് സി പി എം തന്നെയാണ്. ഈ യാഥാർഥ്യം കോടിയേരി മറന്നുകൂടാ. പെരിയ ഇരട്ടക്കൊലപാതകം സി പി എമ്മിനെതിരെ എതിരാളികൾ പരമാവധി പ്രയോജനപ്പെടുത്തി എന്നത് ശരി തന്നെ. അപ്പോഴും അതിനു അവസരം ഉണ്ടാക്കികൊടുത്ത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന വസ്തുതയും കോടിയേരി കാണാതിരുന്നുകൂടാ.

സി പി എമ്മിന് എന്തൊക്കെ നന്മകൾ ഉണ്ടായിരുന്നാലും അതിനെല്ലാം മീതെ ശക്തമായ അവമതിപ്പു ഉണ്ടാക്കാൻ പോന്ന ഒന്നായിരുന്നു പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ശരത്‌ലാലിന്റെയും കൃപേഷിന്റേയും കൊലപാതകം. കേസിലെ ഒന്നാം പ്രതി പീതാംബരനെ ഇവർ നേരത്തെ ആക്രമിച്ചിരുന്നുവെന്നും ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നുമൊക്കെയുള്ള ന്യായീകരണത്തിനു ജനം നിന്നുകൊടുക്കില്ലെന്നതിന്റെ തെളിവുകൂടിയായിരുന്നു കാസർകോട് ഉൾപ്പെടെയുള്ള വടക്കേ മലബാറിലെ കനത്ത തോൽവിയുടെ പ്രധാന കാരണങ്ങളിൽ ഒന്നെന്ന യാഥാർഥ്യം ഇനിയെങ്കിലും പാർട്ടി അംഗീകരിച്ചേ മതിയാവൂ. എതിരാളികൾ ഇരട്ടക്കൊലപാതകത്തെ എങ്ങനെ അവർക്കു അനുകൂലമായ വിധത്തിൽ ഉപയോഗപ്പെടുത്തി എന്നതിന് വലിയ പ്രസക്തിയില്ല. അത് തികച്ചും സ്വാഭാവികം മാത്രമാണ്. അപ്പോൾ പിന്നെ സി പി എമ്മിന് മുൻപിലുള്ള ഏക മാർഗം ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ ജാഗരൂകരാവുക എന്നത് മാത്രമാണ്.

എന്നാൽ പെരിയക്ക് ശേഷം തലശ്ശേരിയിലെ സി പി എം വിമതനും വടകരയിൽ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന സി ഓ ടി നസീറിന് നേരെയുണ്ടായ വധ ശ്രമവും ഇന്നലെ കൊല്ലത്തു നിന്നുള്ള നിയുക്ത എം പി എൻ കെ പ്രേമചന്ദ്രന്റെ വാഹന വ്യൂഹത്തിനു നേർക്കുണ്ടായ ആക്രമണവുമൊക്കെ കാണിക്കുന്നത് കോടിയേരി എന്തൊക്കെ പറഞ്ഞാലും അണികൾകളിൽ പലരും ഇപ്പോഴും അക്രമത്തിനു പിന്നാലെ തന്നെയാണെന്നാണ്. ഇത്തരക്കാരെ നിലക്ക് നിര്‍ത്താത്തിടത്തോളം കാലം സി പി എമ്മിനുമേൽ വന്നു പതിച്ചിട്ടുള്ള അവമതിപ്പിൽ നിന്നും രക്ഷപ്പെടുക എന്നത് അത്ര എളുപ്പമാകില്ല.

Read More: ക്വാറി മാഫിയ ഇടിച്ചു തകര്‍ക്കുന്ന മുണ്ടത്തടത്തെ ആദിവാസി ജീവിതം; കൂട്ടിന് പോലീസും

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍