UPDATES

ട്രെന്‍ഡിങ്ങ്

ഈ അച്ഛനും മോനും അറിയുന്നുണ്ടോ കുമ്മനംജിയുടെ സങ്കടങ്ങള്‍?

മന്ത്രിയാകാന്‍ കണ്ണന്താനവും വിറകുവെട്ടാനും വെള്ളംകോരാനും മറ്റുള്ളവരുമെന്ന് കുമ്മനംജിയും കൂട്ടരും സങ്കടപ്പെടുന്നുണ്ടാവണം. വരും ദിവസ്സങ്ങളില്‍ ഈ സങ്കടം കൂടുതല്‍ മൂര്‍ച്ഛിക്കാനാണ് സാധ്യത.

കെ എ ആന്റണി

കെ എ ആന്റണി

താനും ഉമ്മന്‍ ചാണ്ടിയുമൊക്കെ ഒരു കാലത്തു വലിയ തുഴയെറിയലുകാരായിരുന്നുവെന്ന് കെഎം മാണിയും തുടര്‍ന്നും ഒരുമിച്ചു തുഴയെറിയുന്നതിനെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയും സ്വപനങ്ങള്‍ പങ്കുവെച്ചത് ഒരാഴ്ച മുന്‍പാണ്. ഏറെക്കാലത്തിനുശേഷം ഇരു നേതാക്കളും വേദി പങ്കിടാന്‍ ഇടയാക്കിയതാവട്ടെ കോട്ടയംകാരുടെ സ്വന്തം മീനച്ചിലാറിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും. കോട്ടയം ജില്ലക്കാരായ കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും പരസ്പരം തമാശകള്‍ പറഞ്ഞു പൊട്ടിചിരിച്ചപ്പോള്‍ പുളകിതമായ മനസ്സോടെ മറ്റൊരു കോട്ടയംകാരന്‍ നേതാവുകൂടി വേദിയില്‍ ഉണ്ടായിരുന്നു – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

തുഴയെറിച്ചിലുകാര്‍ ഒരുമിച്ചു തുഴയെറിയുന്നതിനെക്കുറിച്ചു പിന്നീടൊന്നും പറഞ്ഞുകണ്ടില്ല. മലപ്പുറം ഉപതിരെഞ്ഞെടുപ്പില്‍ കുഞ്ഞാപ്പായ്ക്കുവേണ്ടി വോട്ടുപിടിക്കാന്‍ ഒറ്റയ്ക്കുപോയ കുഞ്ഞുമാണി വേങ്ങരയിലെ നിലപാട് ഇതേവരെ പ്രഖ്യാപിച്ചിട്ടുമില്ല. വേങ്ങരയിലേക്കു കുഞ്ഞുമാണിയെ ക്ഷണിക്കുന്ന കാര്യം മുസ്ലിം ലീഗ് ഇനിയും ആലോചിച്ചിട്ടില്ലെന്നാണ് ഇത് സംബന്ധിച്ച് ചില ലീഗ് നേതാക്കള്‍ പറഞ്ഞത്. ഇനിയിപ്പോള്‍ വേങ്ങരയില്‍ മാണി കോണ്‍ഗ്രസിന് ആളില്ലാഞ്ഞിട്ടാണോ ഇതെന്നറിയില്ല. അങ്ങനെയാണെങ്കില്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പിലും കുഞ്ഞുമാണിയുടെ പിന്തുണ ആവശ്യമുണ്ടായിരുന്നവെന്നു തോന്നുന്നില്ല. മലപ്പുറം ലോക്‌സഭ മണ്ഡലത്തിലും മാണിപ്പാര്‍ട്ടിയുടെ ശക്തി അത്ര വലുതൊന്നുമല്ലല്ലോ! പാര്‍ട്ടിയുടെ ശക്തിയോ സ്വാധീനമോ ആയിരുന്നില്ല, മറിച്ച് കുഞ്ഞുമാണിയും തനിക്കൊപ്പം ഉണ്ടെന്നു വരുത്തി തീര്‍ക്കണമായിരിന്നു കുഞ്ഞാപ്പയ്ക്ക്. എന്നാല്‍ ഇപ്പോഴതല്ല സ്ഥിതി; തന്റെ സ്ഥാനാര്‍ത്ഥിയുടെ പേരുവെട്ടിച്ചു രംഗത്തുവന്ന കെഎന്‍എ ഖദറുടെ കാര്യത്തില്‍ അതിന്റെയൊന്നും ആവശ്യമില്ലെന്നു കരുതുന്നുണ്ടാകണം.

വേങ്ങരയില്‍ മാണിയുടെ അസാന്നിധ്യം പോലെ തന്നെ ശ്രദ്ധേയമാണ് വെള്ളാപ്പള്ളി നടേശന്റേയും അദ്ദേഹം ജന്മം നല്‍കിയ ബി ഡി ജെ എസ് എന്ന പാര്‍ട്ടിയുടെയും കാര്യം. കഴിഞ്ഞ മലപ്പുറം ഉപതിരഞ്ഞെടുപ്പിന് മുന്‍പുതന്നെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ഇല്ലെന്നു വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അച്ഛനല്ല ബി ഡി ജെ എസ് എന്നും താനാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നുമായിരുന്നു മകന്‍ തുഷാര്‍ വെള്ളാപ്പള്ളി അന്ന് പറഞ്ഞത്. ഇക്കഴിഞ്ഞ ദിവസം വേങ്ങരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി സംഘടിപ്പിച്ച എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്നും തുഷാറും കൂട്ടരും വിട്ടുനിന്നു. തങ്ങള്‍ക്കു വാഗ്ദാനം ചെയ്തിരുന്ന സ്ഥാനമാനങ്ങള്‍ തന്നിട്ടാവാം സഹകരണം എന്ന നിലപാടിലാണ് ഇപ്പോള്‍ ബി ഡി ജെ എസ്.

കേരളത്തില്‍ എന്‍ ഡി എ എന്ന് പറഞ്ഞാല്‍ പ്രധാനമായും ബിജെപിയും ബിഡിജെഎസ്സുമാണ്. സി കെ ജാനുവിന്റെ ജെ ആര്‍ എസ്സും പി സി തോമസ്സിന്റെ കേരള കോണ്‍ഗ്രസ്സും മേമ്പൊടിയായി ഉണ്ടെങ്കിലും ആദ്യം പറഞ്ഞ രണ്ടു പാര്‍ട്ടികള്‍ തന്നെയാണ് പ്രധാന കക്ഷികള്‍. ബി ഡി ജെ എസ് വിട്ടുനിന്ന വേങ്ങര കണ്‍വെന്‍ഷനില്‍ ജാനുവിന്റെ ജെ ആര്‍ എസം പിസിയുടെ കേരള കോണ്‍ഗ്രസും പങ്കെടുത്തതായി അറിവില്ല. എന്തായാലും കുമ്മനംജിയുടെ കഷ്ടകാലം തീര്‍ന്ന മട്ടില്ല.

മന്ത്രിയാകാന്‍ കണ്ണന്താനവും വിറകുവെട്ടാനും വെള്ളംകോരാനും മറ്റുള്ളവരുമെന്നു കുമ്മനംജിയും കൂട്ടരും സങ്കടപ്പെടുന്നുണ്ടാവണം. വരും ദിവസങ്ങളില്‍ ഈ സങ്കടം കൂടുതല്‍ മൂര്‍ച്ഛിക്കാനാണ് സാധ്യത. കേരളത്തില്‍ ബിജെപിക്കൊപ്പം നിന്നിട്ടു കാര്യമില്ലെന്ന് ഒറ്റ തിരഞ്ഞെടുപ്പോടെ മനസ്സിലാക്കിയ വെള്ളാപ്പള്ളി ബിഡിജെഎസ്സിനെ തൊഴുത്തുമാറ്റിക്കെട്ടാന്‍ കൊണ്ടുപിടിച്ച ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. ആദ്യം മുട്ടിയത് എല്‍ ഡി എഫ് വാതില്‍. കടന്നുകൂടുക അല്പം വിഷമം എന്ന് തോന്നിയപ്പോള്‍ യു ഡി എഫ് വാതിലിലും ഒന്ന് തട്ടാതിരുന്നില്ല. വേണമെങ്കില്‍ ബി ഡി ജെ എസിനെ കൂട്ടാം എന്ന ചിന്തയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം നീങ്ങിത്തുടങ്ങിയ ഘട്ടത്തിലാണ് കഴിഞ്ഞ ആഴച നടേശ ഗുരു, മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടതും ചര്‍ച്ച നടത്തിയതും. പിണറായി ഒന്നും വ്യക്തമായി പറഞ്ഞില്ലെങ്കിലും പുനര്‍വിചിന്തനം നടത്തിയ ബി ഡി ജെ എസിനെ തള്ളിക്കളയേണ്ടതില്ലെന്ന നിലപാടിലാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മറ്റേതു പാളയത്തിലേക്ക് പോയാലും എന്‍ ഡി എ യില്‍ നില്‍ക്കില്ല എന്ന് അച്ഛന്‍ വെള്ളാപ്പള്ളിയും മകന്‍ വെള്ളാപ്പള്ളിയും ഇങ്ങനെ തറപ്പിച്ചു പറഞ്ഞാല്‍ പാവം കുമ്മനംജി കുഴങ്ങിയതുതന്നെ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍