UPDATES

ജാതികേരളത്തിന്റെ ആക്രോശം: നിങ്ങള്‍ പുറമ്പോക്കുകളിലും പാതയോരത്തും തന്നെ നില്‍ക്കുക

ഇതൊരു ജാതി കൊലപാതകമാണ്; വിനായകന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരികയും തക്ക ശിക്ഷ കൊടുക്കുകയും ചെയ്യേണ്ടതുണ്ട്

ഒരു ദളിത് കീഴാള ശരീരമെന്നത് അനവധിയായ അരികുവത്ക്കരണത്തിന്റെ പ്രതിനിധാനം കൂടിയാണ്. അതായത് തങ്ങളുടെ പരിമിത ഭാവനകള്‍ക്കപ്പുറത്തുള്ള എല്ലാത്തരം നീതിസങ്കല്‍പ്പങ്ങളേയും രണ്ടാംതരമോ അല്ലെങ്കില്‍ പൂര്‍ണമായി തന്നെ അവഗണിച്ചുകൊണ്ടോ ആണ് ആധുനിക കേരളം അതിന്റെ ഭാവനകളെ പൊതുബോധത്തിന്റെ ഭാഗമാക്കുന്നത്. ഈ പൊതുബോധ നിര്‍മ്മിതി എന്ന് പറയുന്നത് കേവലമായ എന്തെങ്കിലും ഒന്നിനെ കയ്യടക്കി എന്നല്ല. മനുഷ്യജീവിതത്തെ നിര്‍ണ്ണയിക്കുന്ന ഭാഷ, വേഷം, ഭക്ഷണം, കല, സാഹിത്യം ഇങ്ങനെ എല്ലാ മേഖലകളേയും ശൂദ്രകേന്ദ്രീകൃമായ ഒന്നിലേക്ക് പരിവര്‍ത്തനപ്പെടുത്തിയതാണ് ആധുനിക കൊളോണിയല്‍ അനുഭവങ്ങള്‍ക്ക് ശേഷമുള്ള കേരളം.

ജാതി എന്നത് ഒറ്റതിരിഞ്ഞ ആക്രമണമോ അല്ലെങ്കില്‍ കൊലപാതകമോ അല്ല. അത് വളരെ സൂക്ഷ്മവും സ്ഥൂലവുമായിട്ടുള്ള, എല്ലാം കൂടിക്കലര്‍ന്നിട്ടുള്ള ഒരു നിത്യജീവിത അനുഭവമാണ്. ഇതിനെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ് കേരളത്തിന്റെ നവോത്ഥാന ഘട്ടം എന്നു വിശേഷിപ്പിക്കുന്ന സന്ദർഭങ്ങളിലും നടന്നിട്ടുള്ളത്.

കേരളത്തിന്റെ നവോഥാന പ്രസ്ഥാനങ്ങളുടെയൊക്കെ തുടക്കത്തില്‍ തന്നെ രണ്ട് പ്രധാന കീഴാള പ്രസ്ഥാനങ്ങള്‍ ഉണ്ടാവുന്നുണ്ട്. നവോഥാന കാലഘട്ടത്തില്‍ കേരളത്തിലെ വിവിധ ജാതിസമൂഹങ്ങളുടെ ആധുനികവത്ക്കരണം നടക്കുന്നുണ്ട്. എല്ലാ സമുദായങ്ങളിലും ഇതുണ്ടാവുന്നുണ്ട്. ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭന്‍, വി.ടി. ഭട്ടതിരിപ്പാട്, ചട്ടമ്പിസ്വാമി, സഹോദരന്‍ അയ്യപ്പന്‍ അങ്ങനെയുള്ളവരെല്ലാം വ്യത്യസ്തമായ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. അരുവിപ്പുറത്ത് ഈഴവശിവനെ പ്രതിഷ്ഠിച്ചുകൊണ്ട് ഹിന്ദുമതത്തിന്റെ തത്വങ്ങളെ പുനര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു നാരായണഗുരു. ഇത് ഇന്ത്യന്‍ ബ്രാഹ്മണിക്കല്‍ നിര്‍മ്മിതികളെ തകര്‍ത്തെറിയുന്ന രാഷ്ട്രീയ സമീപനം തന്നെയായിരുന്നു. അങ്ങനെ കേരളത്തിന്റെ നിരവധിയായിട്ടുള്ള ജാതിസമൂഹങ്ങളുടെ പരിഷ്‌കരണം നടക്കുന്ന സമയത്ത് സാധുജനപരിപാലന സംഘവും പ്രത്യക്ഷ രക്ഷാ ദൈവസഭയും പോലുള്ള കീഴാള പ്രസ്ഥാനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. അതായത് ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി, മനുഷ്യനെ ആധുനിക സ്വത്വത്തിലേക്ക് വഴിനടത്തുന്നതിന് വേണ്ടി ഏറ്റവുമാദ്യം ശബ്ദമുയർത്തിയതും അവകാശ പോരാട്ടങ്ങള്‍ നടത്തിയതും അടിത്തട്ട് ജനതയാണ്.

1919-ല്‍ ഒരു പൗരാവകാശ പ്രസ്ഥാനം ഉണ്ടാവുന്നുണ്ട്. പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ വിജയം നിലനിര്‍ത്തുന്നതിന് വേണ്ടി രാഷ്ട്രീയാധികാരം ലഭ്യമാകേണ്ട ആവശ്യകതയെ മുന്നില്‍ നിര്‍ത്തിയാണ് പൗരാവകാശ പ്രസ്ഥാനം ഉണ്ടാവുന്നത്. പക്ഷെ ഇതില്‍ കീഴാള പ്രസ്ഥാനക്കാര്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഒരു വൈരുധ്യമായി വന്നത്. പകരം ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം നേതൃത്വത്തിലുള്ള പ്രസ്ഥാനങ്ങളായിരുന്നു ഉണ്ടായത്. പിന്നീടുണ്ടായ മലയാളി മെമ്മോറിയലും ഈഴവമെമ്മോറിയലും നിവര്‍ത്തന പ്രക്ഷോഭവുമൊക്കെ ഇതിനെ പിന്തുടരുന്ന കാര്യമാണ് നമ്മൾ മനസിലാക്കുന്നത്. ദളിതരെ പുറത്ത് നിര്‍ത്തുന്ന ഒരു യുക്തി അന്ന് പ്രവര്‍ത്തിച്ചു എന്നുള്ളതാണ്. ഈ യുക്തിയുടെ പിന്നില്‍ ജാതി തന്നെയായിരുന്നു. നവോത്ഥാനം നടന്നു എന്ന് പറയുന്ന കേരളത്തില്‍ ഉണ്ടായ പൗരാവകാശ പ്രസ്ഥാനത്തിലേക്ക്, ഏറ്റവും ആധുനികമായതിനെ കൊണ്ടുവരാന്‍ ശ്രമിച്ച കീഴാള പ്രസ്ഥാനങ്ങള്‍ ഉണ്ടായില്ല എന്നത് ഗൗരവകരമായ കാര്യമാണ്.

ശ്രീനാരായണ ഗുരു സാമൂഹ്യ പരിഷ്‌കരണത്തിന് ചെയ്ത കാര്യമെന്ന് പറയുന്നത് ഹിന്ദുമത പരിഷ്‌കരണം എന്ന ആശയമാണ്. ബ്രാഹ്മണിക്കല്‍ വിരുദ്ധമായ പല ഘടകങ്ങളും അതിലുണ്ടെങ്കിലും അത് ഒരു ഹിന്ദു കോഡിനകത്ത് വരുന്നതാണ്. ഹിന്ദു കോഡിനകത്ത് നമ്മള്‍ പരിഷ്‌കര്‍ത്താക്കളാവുക എന്ന കാര്യമാണത്. എന്നാല്‍ അയ്യങ്കാളി ചെയ്തത്, മതഛായയ്ക്ക് പുറത്ത് ഒരു സാമൂഹ്യ മനുഷ്യരായി ഒരു ജനതയെ കൊണ്ടുപോവുക എന്ന കാര്യമാണ്. അടിസ്ഥാനപരമായി ഹിന്ദു കോഡിനെ, മിത്തോളജിയെ നിഷേധിച്ച ഒരു പാരമ്പര്യമാണ് ദളിത് പരിഷ്‌കരണത്തിനുള്ളത്.

അയ്യങ്കാളി സാമൂഹ്യപരിഷ്‌കരണത്തിന്റെ ഭാഗമായി എല്ലാ ജോലികളും ചെയ്തിട്ടുണ്ട് എന്നത് നമുക്ക് മനസ്സിലാവും. ആധുനികമായി ഒരു സംഘടനയുണ്ടാക്കുക, അതില്‍ പതിനായിരക്കണക്കിന് ആളുകളെ നിരത്തുക, നിയമസഭയില്‍ അംഗമാവുക, ആ അംഗത്വമുപയോഗിച്ചുകൊണ്ട് ജനങ്ങളെ, അവകാശങ്ങളെ പ്രത്യക്ഷമായി അവതരിപ്പിക്കുക, നയതന്ത്രപരമായി കാര്യങ്ങളിലിടപെടുക, വിദ്യാലയങ്ങള്‍ സൃഷ്ടിക്കുക, പത്രം നടത്തുക, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഒരു സമുദായത്തെ പഠിപ്പിക്കുക, ആധുനിക വസ്ത്രധാരണത്തിലേക്ക് നയിക്കുക… ഇങ്ങനെ നോക്കിയാല്‍ ആധുനിക ജീവിതത്തിന് ആവശ്യമായ എല്ലാ കര്‍മ്മമണ്ഡലങ്ങളിലൂടെയും കടന്നുപോയ ആളാണ് അയ്യങ്കാളി. അയ്യങ്കാളി അത്രയും കാപ്പിറ്റല്‍ ഉണ്ടാക്കിയിട്ടും അത് ശരിയായ രീതിയില്‍ ഇന്നും ട്രാന്‍സ്‌ലേറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളത്, ജാതി വളരെ പ്രത്യക്ഷമായി തന്നെ പ്രവർത്തിക്കുന്നു എന്നതുകൊണ്ടാണ്.

“ദളിതരെ നിങ്ങൾ മനുഷ്യരാവൂ” എന്നുള്ള വിഡ്ഢിത്തങ്ങൾ എഴുതാൻ യുക്തിവാദികൾക്ക് കഴിയുന്നതും ഇതേ കാരണത്തിന്റെ വിപരീത വേർഷനാണ്.

ജാതിയുടെ അനുഭവം ഏറ്റവും നെഗറ്റീവ് ആയിരിക്കുന്ന ഒരു സാമൂഹ്യ വിഭാഗത്തിന്റെ ശബ്ദങ്ങളെയും അവകാശപ്പോരട്ടങ്ങളെയും പൂർണമായി തന്നെ റദ്ദുചെയ്തു കൊണ്ടാണ് ഇടതുപക്ഷം നമുക്ക് ജാതിയില്ലെന്ന് പറയുന്ന വലിയൊരു കാൽപ്പനികതയിലേക്ക് ദലിതരെ മുഴുവൻ നയിക്കുന്നത്. ജാതിയില്ല എന്ന് പറയുന്ന വലിയ ഒരു കൂട്ടം, ഇത്തരം കാര്യങ്ങളെ എ്ങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്, ഉള്‍ക്കൊള്ളുന്നത് എന്നു പരിശോധിക്കുമ്പോൾ, മറ്റു സാമൂഹിക വിഭാഗങ്ങളുടെ  പ്രിവിലേജുകളും ദളിതരുടെ ഇല്ലായ്മകളും ജാതിയുമായിട്ട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ പറ്റും. നേരത്തെ പറഞ്ഞ നിവര്‍ത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍ എന്നിങ്ങനെയുള്ളവയിലൂടെ അവര്‍ പലതരം അധികാരങ്ങളിലേക്ക് കടന്നുകയറുമ്പോള്‍ ഇതിലേക്കൊന്നും പ്രവേശിക്കണമെന്ന് തോന്നാത്ത വിധം ദലിതരെ മുഴുവൻ സോഷ്യലിസ്റ്റ് സ്വപനാടകരായ് മാറ്റാൻ ഇടതുപക്ഷത്തിനു കഴിഞ്ഞു.

എന്നാൽ ഈഴവ, നായർ, ക്രിസ്ത്യൻ, മുസ്ലിം നേതൃത്വത്തിൽ ഉണ്ടായ പൗരാവകാശ പ്രസ്ഥാനം രാഷ്ട്രീയ പ്രസ്ഥാനങ്ങളായി മാറുകയും, അതായത് പ്രബല മത സാമുഹ്യ വിഭാഗങ്ങൾ പ്രബലരാഷ്ട്രീയ പാർട്ടികളായി മാറുകയും പല സാമുഹ്യ വിഭാഗങ്ങളും രാഷ്ട്രീയാധികാരം ഉപയോഗിച്ചും മതത്തിന്റെ അധികാരം ഉപയോഗിച്ചും ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരം വക പാട്ടം ഒഴിഞ്ഞ ഭൂമി സ്വന്തമാക്കുകയും ചെയതു എന്നത് ഇടതുപക്ഷ പാർട്ടിക്കകത്ത് എങ്ങനെയാണ് ജാതി പ്രവർത്തിച്ചുകൊണ്ടിരുന്നത് എന്നതിന്റെ തെളിവാണ്. അതായത് ഇന്ത്യയിൽ / കേരളത്തിൽ ഒരു വലിയ വിഭാഗം സമ്പത്തില്ലാതെ, പാവപ്പെട്ടവരായിരിക്കുക എന്നുള്ളതില്‍ ജാതിയും സോഷ്യലിസ്റ്റ് കാൽപനികതയും കൃത്യമായ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പാവപ്പെട്ടവരായിരിക്കുന്ന ഒരു വലിയ വിഭാഗം, ദളിതരും ആദിവാസികളുമായിരിക്കുന്നത്.

”ഒരു തെങ്ങും ചുണ്ടന്‍വള്ളവും കഥകളിത്തലയുമാണ്” സാംസ്‌കാരിക കേരളം എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് വരുന്നത്. ഈ സാംസ്‌കാരിക വ്യവസായത്തിന്റെ ഭാവനയില്‍ പോലും  ഇല്ലാത്ത കുറേ മനുഷ്യരാണ് ദളിതര്‍ എന്നാണ്. എന്നാൽ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം പോലുള്ള പ്രമാദമായ ഒരു കേസിൽ  ശിക്ഷിക്കപ്പെടുന്നത് കെ.സി രാമചന്ദ്രനെ പോലുള്ള ഒരു ദളിതന്‍ മാത്രമാണെന്നുള്ളതാണ് വസ്തുത. അദ്ദേഹം മാത്രമല്ല, രാമചന്ദ്രന്റെ കുടുംബം മുഴുവൻ നിശബ്ദമായ അച്ചടക്കത്തോടെ പാർട്ടിക്കൂറിലേക്ക് അണിനിരക്കുന്നത് നമുക്ക് കാണാം. അതായത് ഒരു ദളിതന്റെ മേല്‍ കുറ്റം ചാര്‍ത്തിക്കൊണ്ട് പാര്‍ട്ടി രക്ഷപെട്ട് നില്‍ക്കുകയാണ്. പാര്‍ട്ടിക്കകത്ത് നില്‍ക്കുന്ന ദലിതരുടെ മേല്‍ ഇപ്പോഴും അച്ചടക്കത്തിന്റെ തോക്ക് ചൂണ്ടി നില്‍ക്കുകയാണ്.

യാതൊരു വിധ രാഷ്ട്രീയ ധാർമ്മികതയുമില്ലാതെ, ജനാധിപത്യത്തെ സംബന്ധിച്ച വ്യാജ ബോധനിർമ്മിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് അരികുവത്ക്കരിക്കപ്പെട്ട മനുഷ്യർക്ക് ഇവിടെ ജീവിതവും രാഷ്ട്രീയവുമൊക്കെ കണ്ടെത്തേണ്ടിയിരിക്കുന്നത്. അതായത് മരണവും ജീവിതവും രാഷട്രീയ പാർട്ടികൾക്ക് വിൽപ്പനയ്ക്കോ ദാനമായോ എഴുതി കൊടുക്കാത്തവർക്ക് സുരക്ഷിതരായിരിക്കാൻ ഈ നാട്ടിൽ അവകാശമില്ല. ബ്യൂട്ടീഷ്യനായ വിനായകിന്റെ കൊലപാതകത്തിന്റെ അതേ യുക്തി തന്നെയാണ് മജിസ്ട്രേറ്റായ വി.കെ ഉണ്ണികൃഷ്ണന്റെ മരണത്തിലും പ്രവർത്തിക്കുന്നത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ഒരു വിനായകനാണ്. ഇന്നുവരെയുള്ള സിനിമാ സൗന്ദര്യ ബോധങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ഒരു മനുഷ്യന്‍ അഭിമാനപൂര്‍വ്വം ഏഷ്യാനെറ്റിന്റെ പോയന്റ് ബ്ലാങ്കിലിരുന്ന് വളരെ ഗൗരവത്തോടെ സംസാരിച്ചത്. താന്‍ പുലയനാണെന്നും മഹാത്മാ അയ്യൻകാളിയുടെ ചിന്തകളെയാണ് ഫോളോ ചെയ്യുന്നത് എന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നുണ്ട്. എനിക്ക് ഫെരാരി കാറില്‍ വരണം, പറ്റുമെങ്കില്‍ സ്വര്‍ണ കിരീടം തന്നെ വയ്ക്കണം എന്ന ഒരു പ്രതീക്ഷയിലേക്ക് ഒരു വിനായകന്‍ വരുമ്പോള്‍ അതേ പാറ്റേൺ പിന്തുടർന്ന കലാകാരനായ, മറ്റൊരു വിനായകനെ കൊല്ലുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. അതായത് വിനായകൻ എന്ന പേര് പോലും അഭിമാനമുള്ള ഒരോർമ്മയായി ദലിതർക്ക് വേണ്ടെന്ന്.

ദളിതരുടെ നേരെയുള്ള പലതരം മുന്‍വിധികളാണ് രജനി എസ്. ആനന്ദിനെ പോലുള്ള മിടുക്കിയായ ഒരു പെൺകുട്ടിയുടെ മരണത്തിന് കാരണമായത്. രജനിയുടേയും രോഹിതിന്റെയുമൊക്കെ മരണം സൃഷ്ടിച്ച രാഷ്ട്രീയം നമ്മളോടിപ്പോഴും കലഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നിരുന്നാലും പൊതുസമുഹത്തിന്റെ ഒരു കുറ്റബോധ പ്രകടനത്തിനപ്പുറം അത് വഴി നടന്നില്ല. നടന്നിരുന്നുവെങ്കിൽ കലാലയങ്ങൾക്കുള്ളിലെ ജാതിപീഡനങ്ങൾ എങ്കിലും കുറഞ്ഞേനെ.

ഒരു കുട്ടിയെ കാണുമ്പോള്‍ അവന്റെ വ്യക്തിത്വം, നീട്ടിവളര്‍ത്തിയ മുടി, താമസസ്ഥലം എന്നിവയൊക്കെ ഒരു പൊതുബോധത്തിന്റെ മാനകം വച്ചുകൊണ്ടാണ് ഭരണകൂടവും ഭരണകൂടസംവിധാനങ്ങളും അളക്കുന്നത്. ഇത് കോളനികളിലെ മാത്രം പ്രശ്‌നമായി ചുരുക്കാനാവില്ല. കാരണം വി.കെ ഉണ്ണികൃഷ്ണന്‍ എന്ന മജിസ്‌ട്രേറ്റ് മാസങ്ങള്‍ക്ക് മുമ്പാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മരണം ഇതുപോലെ വളരെ നിശബ്ദമാക്കപ്പെട്ട കാര്യമാണ്. ഇതെല്ലാം ഒരു വംശത്തെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് എനിക്ക് തോന്നുന്നത്. നിരന്തരമായിട്ട് ദലിത‍രും ആദിവാസികളും കൊല്ലപ്പെടുക, മോഷണക്കുറ്റം ചുമത്തപ്പെട്ട് മർദ്ദിക്കപ്പെടുക… ഇതൊക്കെ ഒരേ ജില്ലയിൽ തന്നെ പലയിടങ്ങളിൽ നിന്ന് നമ്മളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മരണത്തിന്റെ മുറിവ് പതിയെ മങ്ങി വരുമ്പോഴേക്കും അടുത്ത മരണം വന്ന് നമ്മളെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദളിതരെ മുഴുവന്‍ ബോംബിട്ട് കൊന്നുകളയുകയൊന്നുമില്ല. കാരണം ഇവിടെ ദളിതരെക്കൊണ്ട് ആവശ്യങ്ങളുണ്ട്. ദളിതരെ പല ജോലികള്‍ക്കും ഇവിടെ ആവശ്യമുണ്ട്. അതിനപ്പുറത്തേക്ക് നിങ്ങള്‍ പോവേണ്ട എന്ന ഒരു ഭീഷണിപ്പെടുത്തലായിട്ടാണ് വിനായകിന്റേതുള്‍പ്പെടെയുള്ള സംഭവങ്ങളെ വിലയിരുത്താനാവുക.

നിങ്ങള്‍ പുറമ്പോക്കുകളിലും പാതയോരത്തും തന്നെ നില്‍ക്കുക, ഞങ്ങളുടെ അധികാര സ്ഥലങ്ങളിലേക്ക് നിങ്ങള്‍ക്ക് പ്രവേശനമില്ല എന്ന് ഇത്തരം സംഭവങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. അധികാരം കുറഞ്ഞ മനുഷ്യരോട് എല്ലാക്കാലത്തും അധികാരമുള്ളവര്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ തന്നെയാണ്. ദളിതരുടെ മാത്രം കാര്യമല്ല ഇത്. ട്രാന്‍സ്ജെന്‍ഡർ കമ്മ്യൂണിറ്റിയുടെ അവസ്ഥയും ഇതിൽ നിന്ന് വ്യത്യസ്തമല്ല.

മറ്റ് സാമൂഹിക വിഭാഗങ്ങളിലെ കുട്ടികളെപ്പോലെ കൃത്യമായി 5 വയസ്സു മുതൽ ഒരു ഇന്‍ഫ്രാസ്ട്രക്ചറിലൂടെ കടന്നു വരുന്നവരല്ല ദലിതരും ആദിവാസികളും. അവരുടെ രാഷ്ട്രീയം രൂപപ്പെട്ട് വരുന്നത് പോലും ഡിഗ്രിയ്‌ക്കോ പി.ജിയ്‌ക്കോ പഠിക്കുമ്പോഴായിരിക്കും. ഒരു ദളിത്, ആദിവാസി കുട്ടി എം.എ വരെ പഠിക്കുന്നത് ഒരുപാട് സാഹചര്യങ്ങളോട് പൊരുതിയിട്ടാവും. അല്ലെങ്കില്‍ ഡിസൈനറാവുന്നതിനും വിനായകിനെപ്പോലെ ബ്യൂട്ടീഷനാവുന്നതിനും പിന്നില്‍ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പലതരം അസമത്വങ്ങളുടെ ഇടങ്ങളാണ് കോളനികള്‍. അധികാരമില്ലായ്മയുടെ വേറൊരു ലോകമാണത്. രണ്ടാംതരമോ മൂന്നാംതരമോ ആക്കി മാറ്റി നിര്‍ത്തുന്ന മനുഷ്യര്‍ ജീവിക്കാനും നിലനില്‍ക്കാനും വേണ്ടി ഏറ്റവും എളുപ്പത്തിൽ ലഭ്യമാവുന്ന ഒരു തൊഴിൽ തെരഞ്ഞെടുക്കുമ്പോൾ അവർ ഫ്രീക്കന്‍മാരോ അല്ലാതെയോ ആവാം; 19 വയസ്സെ ഉണ്ടായിരുന്നുള്ളൂ വിനായകിന്. ആ പ്രായത്തിലുള്ള ഒരു കുട്ടി സ്വയം സന്തോഷിക്കാനും സ്‌നേഹിക്കാനും ഒരു കാര്യത്തെ, അതും സ്വന്തം തലമുടിയുടെ സ്റ്റൈൽ ഒരു പാഷനായി കൊണ്ടു നടക്കാനും തീരുമാനിച്ചാൽ അതിലെന്തിനാണ് പോലീസിന് ഇത്ര അസഹിഷ്ണുത?

പുറത്തു നിന്ന് ലഭിക്കുന്നത് മുഴുവന്‍ ജാതീയമായ വെറുപ്പിന്റേയും അപമാനത്തിന്റേയും വാക്കുകളും പ്രവൃത്തികളുമാണ്. ഒരാൾക്ക് സ്വയം സ്നേഹിക്കാനും ഇഷ്ടപ്പെടാനും അവകാശമില്ലേ?

സവര്‍ണ പുരുഷന്റെ രൂപം ഭാവനയില്‍ കണ്ടിട്ട് ഇങ്ങനെയായിരിക്കണം ഇവിടുത്തെ ജനങ്ങള്‍ മുഴുവന്‍ എന്ന് പറയുന്നത് ഏകമാനമായ നിര്‍മ്മിതികളുടെ ഭാഗമാണ്. അതിനെ തിരുത്തുന്ന എന്തെങ്കിലും പുതിയ തലമുറ ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രോത്സാഹിക്കപ്പെടണം. പക്ഷെ അത് ദളിത് കുട്ടികള്‍ ചെയ്യുമ്പോഴാണ് മറ്റുള്ളവര്‍ക്ക് സഹിക്കാനാവാത്തത്. ഫ്രീക്കന്‍മാര് കൂടുതലുള്ളത് മറ്റ് സാമൂഹിക വിഭാഗങ്ങളിലാണ്. കാരണം ഫ്രീക്കന്‍മാരായി നടക്കുക എന്നത് കുറച്ച് കാശ് ചെലവുള്ള പണിയാണ്.

വിനായകിന്റെ ആത്മഹത്യയ്ക്ക് കാരണമായത് പോലീസിന്റെ അതിക്രൂരമായ മർദ്ദനമാണ്. ഒരു തെളിവിന്റെയും പിൻബലമില്ലാതെ, വഴിയിൽ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടു നിന്ന ഒരാളെ പിടിച്ചു കൊണ്ടു പോവുക, ക്രൂരമായി മർദ്ദിക്കുക, ശേഷം വീട്ടിൽ നിന്ന് ആളെ വരുത്തിച്ച് മുടി വെട്ടിക്കളയാൻ പറയുക, സ്വന്തം ജീവൻ പോലെ കൊണ്ടു നടന്ന മുടി മുറിച്ചുകളയേണ്ടി വരിക ഇതൊക്കെ ചെയ്യേണ്ട ഒരു ഘട്ടത്തിലേക്ക് തള്ളിവിടുന്നതിന് സാമൂഹികവും സാമ്പത്തികവുമായ  ജാതീയവുമായ താഴ്ന്ന അവസ്ഥ ഒരു കാരണമാണ് എന്നാണ് നമുക്ക് മനസിലാവുന്നത്. ഇതൊരു ജാതി കൊലപാതകമാണെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. വിനായകന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരികയും തക്ക ശിക്ഷ കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. അതിനായ് കേരളത്തിന്റെ പൊതു മന:സാക്ഷി ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.

അതു പോലെ തന്നെ എല്ലാത്തരം വൈവിധ്യങ്ങളേയും, അതിന്റെയൊക്കെ സഹവര്‍ത്തിത്വം സാധ്യമാക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരണം. അത് സാധ്യമാവുന്നത് വരെയെങ്കിലും കരീബിയന്‍ എഴുത്തുകാരി പറഞ്ഞത് പോലെ, പൂച്ചകള്‍ പ്രതീക്ഷിക്കാത്ത വഴികളിലൂടെ നടക്കുന്ന എലികളാവണം നമ്മള്‍ എന്നാണ് എന്റെ വിശ്വാസം.

(തയാറാക്കിയത്- കെ.ആര്‍ ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സതി അങ്കമാലി

സതി അങ്കമാലി

കവി, ദളിത്‌ ആക്റ്റിവിസ്റ്റ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍