UPDATES

ലജിത്ത് വി എസ്

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ലജിത്ത് വി എസ്

ട്രെന്‍ഡിങ്ങ്

എല്ലായ്പ്പോഴും രാഷ്ട്രീയമായി ശരിയായിരിക്കണം എന്ന ബാധ്യത രമ്യ ഹരിദാസില്‍ മാത്രം കെട്ടിവെക്കേണ്ടതില്ല

ദളിത് സ്ത്രീ പ്രാതിനിധ്യവും രമ്യാ ഹരിദാസും: യോജിപ്പും വിയോജിപ്പും

ലോകസഭയിലെ സ്ത്രീ പ്രാതിനിധ്യ പ്രശ്‌നം പരക്കെ അംഗീകരിക്കപ്പെടുമ്പോഴും ആദിവാസി-ദളിത് സ്ത്രീ പ്രാതിനിധ്യ പ്രശ്‌നത്തെപ്പറ്റി കാര്യമായ ചര്‍ച്ചകളൊന്നും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേതായി വന്നിട്ടില്ല. പൊതുവേ മതേതരരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള ഇടമാണ് കേരളം. മാത്രമല്ല രാഷ്ട്രീയ പ്രബുദ്ധതയുള്ള സ്ത്രീജനങ്ങള്‍ ദളിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്നായി കേരളത്തില്‍ ധാരാളമുണ്ട് എന്നതും അതില്‍ ഭൂരിഭാഗവും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വെളിയില്‍ വിശാലമായ ദളിത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നവരുമാണ് എന്നതാണ് വസ്തുത. ശബരിമലയുടെ പശ്ചാത്തലത്തില്‍ ദളിത് ആദിവാസി സ്ത്രീകളും ഇടതുപക്ഷവും ദളിത് കോണ്‍ഗ്രസ് നേതൃത്വവുമൊക്കെ ചേര്‍ന്ന് ഒരു വിശാല ജനാധിപത്യചേരി വിഷയാധിഷ്ഠിതമായി രൂപപ്പെട്ടിട്ടും വനിതാ മതില്‍ സംഘടിപ്പിക്കപ്പെട്ടിട്ടും അതിന്റെയൊരു തുടര്‍ച്ചയെന്നോണമെങ്കിലും ദളിത്-ആദിവാസി സ്ത്രീകളുടെ പ്രാതിനിധ്യപ്രശ്‌നം ലോകസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഫലിക്കേണ്ടതായിരുന്നു. പക്ഷേ അത് ഉണ്ടായില്ല.

എന്‍ഡിഎ വിട്ട് വന്ന സി.കെ. ജാനുവിനെയോ (സി.കെ.ജാനു എന്‍ഡിഎയിലേക്ക് പോയത് പോലും ഇടതുപക്ഷമോ കോണ്‍ഗ്രസോ അവരെ അക്കോമഡേറ്റ് ചെയ്യാത്തത് കൊണ്ടാണ്. അത് ജാനുവിന്റെ വീഴ്ച്ച എന്നതിനെക്കാള്‍ ഇവിടത്തെ മുഖ്യധാരാ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വീഴ്ച്ചയായി വേണം കണക്കാക്കപ്പെടേണ്ടത്. ജാനുവിനെ സംബന്ധിച്ച് അത് അവരുടെ പരിമിതി മാത്രമാണ്) പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയേയോ ഫാസിസത്തിനെതിരെയുള്ള യോജിച്ചുള്ള പോരാട്ടത്തിന്റെ ഭാഗമായെങ്കിലും അക്കൊമഡേറ്റ് ചെയ്യാമായിരുന്നു. അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രമ്യാ ഹരിദാസിനെ ദളിത് സംവരണ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. പക്ഷേ അപ്പോഴും ദളിത് സ്ത്രീ പ്രാതിനിധ്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കണക്കിലെടുത്തിരുന്നില്ല. എന്നാല്‍ ആലത്തൂരിലെ മത്സരം രാഷ്ട്രീയ മര്യാദയുടെ സീമകള്‍ ലംഘിച്ച് വ്യക്തിഹത്യയുടെ തരത്തിലേക്ക് മാറിയ സാഹചര്യത്തിലാണ് ദളിത് സ്ത്രീ പ്രാതിനിധ്യത്തിന്റെ തലത്തിലേയ്ക്ക് ചെറിയ തോതിലെങ്കിലും രമ്യയുടെ സ്ഥാനാര്‍ത്ഥിത്വം കണക്കാക്കപ്പെട്ട് തുടങ്ങിയത്. വിജയരാഘവനെ പോലുള്ളവര്‍ വളരെ മ്ലേശ്ചമായി അവരെ demoralize ചെയ്ത് സംസാരിച്ചു. ശശികലയെ പോലുള്ള സംഘിനികള്‍ക്കെതിരെ ഇത്തരം അധിക്ഷേപം നടത്താന്‍ വിജയരാഘവന്മാര്‍ക്ക് നാവ് പൊങ്ങുമോ?

മറുഭാഗത്ത് കഷ്ടപ്പെട്ട് ഗവേഷണ ബിരുദം നേടിയ പി.കെ. ബിജുവിന്റെ വിദ്യാഭ്യാസ യോഗ്യതയെ അനില്‍ അക്കരെയെ പോലുള്ളവര്‍ അടിസ്ഥാനരഹിതമായി ചോദ്യം ചെയ്തു. സിബി മാത്യൂസ് ജാതീയ അധിക്ഷേപം നടത്തി. കക്ഷിരാഷ്ട്രീയ മറയില്‍ ഒളിച്ച് കടത്തുന്ന ദളിത് വിരുദ്ധതയാണ് അവിടെ പ്രകടമായത്. സ്ത്രീയെന്ന നിലയിലും ദളിത് എന്ന നിലയിലും ഇത് ഏറ്റവും ദോഷകരമായി ബാധിച്ചത് രമ്യയെയാണ്. അത്തരമൊരു സാഹചര്യത്തെ അതിജീവിച്ച് രമ്യ ഹരിദാസ് വിജയക്കൊടി പാറിക്കുന്നത് കേരളത്തിലെ ദളിത് സമൂഹത്തെ സംബന്ധിച്ചും വിശേഷിച്ച് ദളിത് സ്ത്രീ സമൂഹത്തെ സംബന്ധിച്ചും അഭിമാനകരവും സന്തോഷകരവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 33% സ്ത്രീ സംവരണ വിഷയത്തില്‍ വൃന്ദാ കാരാട്ടും സ്മൃതി ഇറാനിയുമൊക്കെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ അണിനിരക്കാന്‍ തയ്യാറാവുകയും എന്നാല്‍ ദളിത് സ്ത്രീ പ്രതിനിധാനത്തിന്റെ പ്രശ്‌നത്തില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍ത്തി ഭേദിക്കാന്‍ തയ്യാറാവാത്ത വളരെ hypocritical ആയ നിലപാട് പുലര്‍ത്തുന്ന സാഹചര്യത്തിലാണ് രമ്യാ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ദളിത് സമൂഹത്തെ സംബന്ധിച്ച് പ്രസക്തിയേറുന്നത്.

എന്നിരിക്കിലും രമ്യാ ഹരിദാസിനെ കേരളത്തിലെ ദളിത് സമൂഹത്തിന്റെയോ ദളിത് സ്ത്രീ സമൂഹത്തിന്റെയോ താത്പര്യ സംരക്ഷണ പോരാളിയായി കേരളത്തിലെ ദളിത് സമൂഹം കണക്കാക്കുകയോ അവരില്‍ നിന്ന് അത് പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. അതില്‍ ദളിതര്‍ക്ക് അവരോട് പരാതിയുമില്ല. ദളിതര്‍ക്കില്ലാത്ത പരാതി മറ്റുള്ളവര്‍ ഏറ്റെടുക്കേണ്ടതുമില്ല. രമ്യാ ഹരിദാസിനെയെന്ന് മാത്രമല്ല, പി.കെ. ബിജു, എ.കെ. ബാലന്‍, പന്തളം സുധാകരന്‍, എ.പി. അനില്‍കുമാര്‍ അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ദളിതരെ പൊതുവേ ദളിത് സമൂഹം അവരുടെ മിശിഹ മാരായി കാണുന്നില്ല. കാരണം എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ദളിതരെ പ്രതിനിധാനം ചെയ്യുന്നവര്‍ക്ക് ദളിത് സമൂഹത്തിന്റെ താത്പര്യത്തെക്കാള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ താത്പര്യത്തിന് മുന്‍തൂക്കം നല്‍കി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. സ്വാഭാവികമായും പൊതു സമൂഹത്തിലെ ജാതിബോധം പ്രസ്ഥാനങ്ങളുടെ നിലപാടുകളില്‍ പ്രതിഫലിക്കുകയും ദളിത് താത്പര്യത്തിന് വിരുദ്ധമാകുകയും ചെയ്യും. ഇത്തരം സാഹചര്യത്തിലാണ് അംബേദ്ക്കറിന്റെ Separate electorate എന്ന സങ്കല്പം ഒരനിവാര്യതയായി തീരുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായ വനിതാ സംഘടനകള്‍ക്ക് പൊതുവെ സ്ത്രീ താത്പര്യത്തെ മാത്രം മുന്‍നിര്‍ത്തി നിലപാട് സ്വീകരിക്കുന്നതിലുള്ള പരിമിതി പോലെ ദളിത് താത്പര്യം മുന്‍നിര്‍ത്തി നിലപാട് സ്വീകരിക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ദളിതര്‍ക്കും പരിമിതിയുണ്ട്. രമ്യാ ഹരിദാസ് എന്ന ദളിത് വനിതയ്ക്കും ആ പരിമിതിയുണ്ട്. അതു കൊണ്ട് ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാതെ അവരുടെ ഉത്തരവാദിത്വത്തെ പര്‍വ്വതീകരിച്ച് ചിത്രീകരിച്ച ശേഷം പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലയെന്നൊക്കെ പറഞ്ഞ് ആണിയടിക്കാന്‍ മുതിരേണ്ടതില്ല. മറ്റാര്‍ക്കും ബാധകമാകാത്ത എല്ലായ്‌പ്പോഴും politically corrected ആയിരിക്കണമെന്ന ബാദ്ധ്യത രമ്യയുടെ മേല്‍ മാത്രം കെട്ടി വെയ്‌ക്കേണ്ടതില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തറയില്‍ നിന്ന് നിലപാടെടുക്കാനേ അവര്‍ക്ക് കഴിയൂ. ഇന്ന് പോലും നെന്മാറയില്‍ അവര്‍ പങ്കെടുത്ത ചടങ്ങുമായി ബന്ധപ്പെട്ട അനൗണ്‍സ്‌മെന്റില്‍ മറ്റൊരാള്‍ നടത്തിയ പരാമര്‍ശം അവര്‍ നടത്തിയെന്ന് തെറ്റായി വാര്‍ത്തയുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ഒന്ന് രണ്ട് ‘പൊങ്കാലകള്‍’ പ്രത്യക്ഷപ്പെട്ടിരുന്നു. അത്തരക്കാര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബി.ജെ.പിയുടെ ശബരിമല പണി ഏറ്റെടുത്ത വാര്‍ത്ത വന്നപ്പോള്‍ മൗനവ്രതത്തിലുമായിരുന്നു. രമ്യക്കെതിരെ പൊങ്കാലയിടാനുള്ള ആവേശം ഉണ്ണിത്താനെതിരെ കണ്ടില്ല. പറഞ്ഞ് വന്നത് ജാതിസമൂഹത്തിലെ ദളിത് വിരുദ്ധ മനോഭാവത്തില്‍ നിന്ന് മുക്തമല്ല മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും എന്നാണ്.

രമ്യ വളര്‍ന്ന് വന്ന സാമൂഹിക സാംസ്‌ക്കാരിക സാഹചര്യങ്ങളും മുഖ്യധാരാ പ്രസ്ഥാനത്തിനുളളിലെ ഒരു ദളിത് സ്ത്രീയുടെ പരിമിതിയും കണക്കിലെടുത്ത് വേണം അവരുടെ നിലപാടുകളെ അളക്കേണ്ടത്. ശബരിമലയില്‍ ready to wait എന്ന അവരുടെ നിലപാട് (അതിനോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്) ചെന്നിത്തല- സുധാകരന്‍ – ഉണ്ണിത്താന്‍മാരുടേതില്‍ നിന്നും എത്രയോ ഭേദമാണ്. ഇന്ന് തന്നെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരിക അവരോട് ചോദിക്കുന്ന ചോദ്യം പോലും പാട്ടും പാടി കൂളായി ജയിച്ച് വന്നതാണോ എന്നാണ്. വിജയരാഘവന്മാരെയും ദീപാ നിശാന്തുമാരെയും ഓര്‍മിപ്പിക്കുന്ന demoralize ചെയ്യുന്ന ഇത്തരം മുന്‍വിധികളെയും ചോദ്യശരങ്ങളെയും നേരിടേണ്ടി വരുന്ന ഗതികേടാണ് രമ്യാ ഹരിദാസുമാര്‍ക്കുള്ളത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Explainer: കാലാവസ്ഥാ വ്യതിയാനം: പഠിപ്പു മുടക്കി സമരത്തിനിറങ്ങുന്ന വിദ്യാർത്ഥികൾ; പിന്തുണ കൊടുത്ത് അന്താരാഷ്ട്രസമൂഹം

ലജിത്ത് വി എസ്

ലജിത്ത് വി എസ്

ശാസ്താംകോട്ട ഡിബി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍